ഒന്നും രണ്ടുമല്ല പത്തു മക്കൾ റോയി സൂസമ്മ ദമ്പതികൾ ഈ മാസം അവരുടെ മൂന്നാമത്തെ മകൾ നഴ്സായ പ്രിയങ്കയുടെ വിവാഹം കുറിപ്പ്

EDITOR

ചെറിയ കുടുംബം, സന്തുഷ്ട കുടുംബം.വലിയ കുടുംബം സ്വർഗ്ഗീയ ഭവനം.2011 ലെ ഒരു ഇടവപ്പാതി രാത്രി. ഇടഞ്ഞ കൊമ്പനെ പോലെ ഇടിയും മഴയും തകർക്കുന്നു. വീടിൻറെ സിറ്റൗട്ടിൽ നനഞ്ഞു കിടന്ന ഒരു ന്യൂസ് പേപ്പറിലെ ഒരു ഫോട്ടോ എൻറെ കണ്ണിൽ പെട്ടു.ഒരു ചെറിയ നഴ്സറി സ്കൂളിലേത് എന്നു തോന്നിപ്പിക്കും വിധം, പത്തു കുഞ്ഞുങ്ങൾ, ഒപ്പം മാതാപിതാക്കളും.ഒരു സാമ്പത്തിക സഹായ അഭ്യർത്ഥനയാണ്.ഇങ്ങനെയാണ് കൊല്ലം കുണ്ടറയിലെ, Roy-Susamma ദമ്പതികളും ആയി എൻറെ കുടുംബം സൗഹൃദത്തിൽ ആകുന്നത്.

തൊഴിലും വരുമാനവും ഇല്ലാതെ, ദാരിദ്ര്യത്തിൽ മറ്റുള്ളവരെ ആശ്രയിച്ചു കഴിയേണ്ടിവരുന്ന ദമ്പതികൾ കുത്ത് വാക്കുകളുടെ അപമാനഭാരത്താൽ ഉദരത്തിലുള്ള കുഞ്ഞുങ്ങളെ അബോർഷൻ ചെയ്തിട്ടുള്ള ധാരാളം സംഭവങ്ങൾ ഉണ്ടാകും. അങ്ങനെയുള്ളവരുടെ മുഖത്തേക്ക് ദാക്ഷിണ്യമില്ലാതെ ചൂണ്ടുന്ന ചൂണ്ടുവിരൽ ആണ് റോയി -സൂസമ്മ ദമ്പതികൾ.2001ൽ, ഉണ്ടായിരുന്ന തൊഴിൽ കൂടി നഷ്ടപ്പെട്ട്, ഉടനെ തന്നെ ഉണ്ടായ രണ്ടാമത്തെ കുഞ്ഞിനെ സ്വീകരിക്കാനാവാതെ ക്രിസ്തീയ വിരുദ്ധമായി ചെയ്തുപോയ തിന്മയുടെ തിരിച്ചറിവിൻറെ വെളിച്ചത്തിൽ, വൈദികൻ നിർദ്ദേശിച്ച പ്രായശ്ചിത്ത പ്രയാണത്തിൻറെ നാൾ വഴികളായിരുന്നു ഞങ്ങൾക്ക് ആ കാലം.

പിറ്റേ ദിവസം തന്നെ ആ കുടുംബത്തെ അന്വേഷിച്ചു ഞങ്ങൾ അവിടെ കടന്നു ചെന്നു.നീണ്ട ഒറ്റയടിപ്പാത അവസാനിക്കുന്നിടത്ത് കല്ലുകെട്ടി സിമൻറ് പൂശാത്ത ഒരു കൊച്ചു വീട്.അവിടെ റോയിയും സുസമ്മയും 10 മക്കളും.അവർക്ക് അവിടം സന്തോഷം നിറഞ്ഞ ഭവനമാണ്.ആറ് ആൺകുട്ടികളും , നാല് പെൺകുട്ടികളും. ഏറ്റവും മുതിർന്ന മകൻ 14 വയസ്സുകാരൻ പ്രമോദും,ഏറ്റവും ഇളയമകൻ മകൻ നാലുവയസ്സുകാരൻ പ്രവീണും.അവരുടെ പേരുകൾ എല്ലാം പ്ര – യിൽ ആണ് തുടങ്ങുന്നത്.ഒന്നോ രണ്ടോ പ്രസവം ഭാരവും ബാധ്യതയും ആകുന്ന ലോകത്ത്,ഇവരുടെ വീട്ടിൽ ഓരോ പ്രസവവും ഓരോ ആഘോഷങ്ങളായിരുന്നു.

ഹോട്ടൽ തൊഴിലാളിയായിരുന്ന റോയിക്ക് തൻറെ അസുഖം മൂലം തൊഴിൽ നഷ്ടപ്പെട്ടു.സൂസമ്മ അംഗനവാടിയിലെ ഒരു പാചകക്കാരിയും.ഇതായിരുന്നു അന്നത്തെ അവരുടെ വരുമാന പശ്ചാത്തലം.ദാരിദ്ര്യത്തിൻറെ പേര് പറഞ്ഞു ഉദരത്തിൽ ഉള്ള കുഞ്ഞുങ്ങളെ ഇല്ലാതാക്കുന്നതിൻറെയും, കുഞ്ഞുങ്ങൾ ഉടനെ വേണ്ട എന്ന് വയ്ക്കുന്നതിൻറെയും യഥാർത്ഥ പ്രശ്നം, സാമ്പത്തിക പ്രശ്നം അല്ല മറിച്ച്, ചുമന്നു കൊണ്ടു നടക്കുന്ന കപടമായ ദുരഭിമാനം മാത്രമാണെന്ന് അന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു.മുതിർന്ന കുട്ടികൾക്ക് ഇളയ കുഞ്ഞുങ്ങളെ പരിപാലിക്കുന്നത് ഒരു ഹോബിയായി മാറിയപ്പോൾ കൂടുതൽ കുഞ്ഞുങ്ങളെ പരിപാലിക്കുന്നത് മാതാപിതാക്കൾക്ക് ഒരു പ്രയാസമല്വാതായി.

10 മക്കളിലേക്കുള്ള തീരുമാനത്തെ കുറിച്ച് ചോദിക്കുമ്പോൾ സൂസമ്മ പറയുന്നത്, ദൈവം തന്നത് ദൈവത്തിനുവേണ്ടി വളർത്തി എന്നു തന്നെയാണ്.തൻറെ അമ്മയുടെ 16 മക്കളിൽ 4 മത്തെ ആളായ സൂസമ്മയ്ക് വലിയ കുടുംബം ഒരു പുത്തരിയല്ല. അതുതന്നെയാണ് വയനാട്ടുകാരനായ, സൂസമ്മയുടെ ഭർത്താവ് റോയിയുടെയും അഭിപ്രായം.5 കുട്ടികൾ കഴിഞ്ഞ്, 6 മത്തെ കുട്ടിയെ ഉദരത്തിൽ വഹിക്കുന്ന സമയത്ത്, പഞ്ചായത്തിൽ നിന്നും, ഹെൽത്ത് സെൻറ്ററിൽ നിന്നും ഉദ്യോഗസ്ഥർ എത്തി ഭീഷണിപ്പെടുത്തി.ഗവൺമെൻറ് നയം ആയ നാം രണ്ട് നമുക്ക് ഒന്ന് — കുടുംബാസൂത്രണ യജ്ഞം ലംഘിച്ചു എന്നതാണ് കുറ്റം.സ്വല്പം തൻറ്റേഡി ആയ റോയി അതിനെതിരെ നടത്തിയ വെല്ലുവിളിയാണ്, 7 മത്തെ പ്രകാശും, 8 മത്തെ പ്രീതയും, 9 മത്തെ പ്രദീപും, 10 മത്തെ പ്രവീണും.

സത്യത്തിൽ അവർക്ക് ഒരു കൈത്താങ്ങ് ആവശ്യമായിരുന്നു.സഭയും സമൂഹവും ചെറുതും വലുതുമായ സഹായങ്ങൾ ചെയ്തിരുന്നു എങ്കിലും, വളരുന്ന, പഠിക്കുന്ന കുട്ടികളെ സംബന്ധിച്ച് കുടുംബത്തിൽ കാര്യമായ ഒരു വരുമാനവും ഇല്ലാതിരിക്കുമ്പോൾ, അതൊന്നും പര്യാപ്തമായിരുന്നില്ല.ഇതിനിടയിലാണ് ചിലരുടെ രോഗങ്ങൾ, 2 മത്തെ മകനായ പ്രശാന്തിന് പറ്റിയ ഒരു കാർ ആക്സിഡൻറ്.ഇതൊക്കെ ആ കുടുംബത്തെ വല്ലാതെ ഉലച്ചു കളഞ്ഞു.ഈ സാഹചര്യങ്ങളിൽ കൂടെ നിന്ന് ആശ്വസിപ്പിക്കാനും, ചില ഇടപെടലുകൾ നടത്താനും ദൈവം എന്നെ ഉപയോഗപ്പെടുത്തി.അങ്ങനെ സൗദിയിലുള്ള ബ്ര: അലോഷ്യസ് മുഖാന്തിരം ക്രിസ്ത്യൻ കൂട്ടായ്മകളിൽ നിന്ന്ചില സഹായങ്ങൾ ലഭിച്ചിരുന്നു.അതിന് അവർ ഇപ്പോഴും നന്ദി പറയുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട്.

തിരിഞ്ഞുനോക്കുമ്പോൾ ദൈവം നടത്തിയ വഴികൾ അത്ഭുതാവഹമാണ്.ഇന്ന് 2021 ആഗസ്റ്റ് 1- തീയതി.ഈ മാസം അവരുടെ മൂന്നാമത്തെ മകൾ നഴ്സായ പ്രിയങ്കയുടെ വിവാഹം നടത്താൻ തീരുമാനം ആയിരിക്കുന്നു.കത്തോലിക്കാ സഭയിൽ ദൈവവിളി യിലേക്ക് ഇതുവരെ മൂന്നുപേരാണ് തെരഞ്ഞെടുക്കപ്പെട്ടത്. 1മത്തെ മകൻ പ്രമോദ് രണ്ടു വർഷം കൂടി കഴിയുമ്പോൾ വൈദികനായി അഭിഷിക്തനാകും.4 മത്തെ ആൾ പ്രിൻസി, വിമലഹൃദയ സന്യാസിനി സമൂഹത്തിലും, 6 മത്തെ ആൾ പ്രിയ ഹോളി ഏഞ്ചൽസ് സന്യാസി സമൂഹത്തിലും സിസ്റ്റേഴ്സ് ആയി സേവനം അനുഷ്ഠിക്കുന്നു.

ബാക്കിയുള്ള കുഞ്ഞുങ്ങൾ പരിമിതമായ സാഹചര്യങ്ങളിൽ പഠിക്കുന്നു.ഇപ്പോൾ പോലും, അവർ സഹായങ്ങൾക്ക് അർഹരാണ്.പ്രസ്തുത കുടുംബം, ദൈവത്തെ മാത്രം മുന്നിൽ കണ്ടുകൊണ്ട്,വിശ്വാസത്തെ പ്രതി എടുത്ത തീരുമാനം,എന്തുകൊണ്ടും പ്രസക്തമാണ്.ഈ കാലഘട്ടം അത് ആവശ്യപ്പെടുന്നു.അതുകൊണ്ടുതന്നെ വലിയ കുടുംബങ്ങൾക്ക് സഭയുടെ, സഹായവും പ്രോത്സാഹനവും ആണ് ആവശ്യം.
കാരണം ദാരിദ്ര്യത്തെ പ്രതി എത്ര ക്രിസ്തീയ വിശ്വാസികൾ അബോർഷൻ ക്ലിനിക്കിന് മുൻപിൽ Q നിൽക്കുന്നു എന്ന് ആർക്കറിയാം..

സജി മുഖത്തല