കീറിയ ജീൻസുമിട്ട് കുനിഞ്ഞു കിടന്ന് ബൈക്കിൽ വാണം വിട്ടത് പോലുള്ള പോക്കാണ് റോഡിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥയായിട്ടുണ്ട്

EDITOR

ഇപ്പോൾ റോഡിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥയായിട്ടുണ്ട്, കീറിയ ജീൻസുമിട്ട് കുനിഞ്ഞു കിടന്ന് ബൈക്കിൽ വാണം വിട്ടത് പോലുള്ള പോക്കാണ്, ഇങ്ങനത്തെ ചില റൈഡോളികൾ കാരണം വയസ്സായ ആളുകൾക്ക് പോലും പ്രഭാത സവാരിക്ക് പുറത്തിറങ്ങാൻ പേടിയാണ്. ഗൾഫ് രാജ്യങ്ങൾ ചെയ്യുന്നതുപോലെ ഇവർ കാരണം ജീവൻ നഷ്ടപ്പെട്ട ആളുകൾക്ക് നിരപരാധികൾക്ക് ബ്ലഡ് മണി ഏർപ്പെടുത്തണം, ഇവനൊക്കെ എത്ര കുടുംബങ്ങളെയാണ് അനാഥമാക്കുന്നത്. സ്വന്തം മകൻ അമിതവേഗത്തിൽ പോകുന്നു എന്ന് നാട്ടുകാർ പരാതി പറഞ്ഞപ്പോൾ മകനു വാങ്ങിച്ചു കൊടുത്ത ഡ്യൂക്ക് ബൈക്ക് സ്വന്തം പോർച്ചിലിട്ടു കത്തിച്ചു കളഞ്ഞ പിതാവിനെ ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു.

ബൈക്ക് നിർമാതാക്കൾ ഇറക്കുന്ന അവരുടെ ചില മോഡലുകൾ കണ്ടാൽ തന്നെ ഒറ്റനോട്ടത്തിൽ അറിയാം ഇത് ഒരിക്കലും സാധാരണ യാത്രയ്ക്കായി രൂപകല്പന ചെയ്തതല്ല എന്ന്, ഈ മക്കൾ ഏത് കാലത്തേക്കാണ് പോകുന്നത്, നാട്ടുകാരെ പേടിയില്ല വീട്ടുകാരെ പേടിയില്ല അദ്ധ്യാപകരെ പോലും പേടിയില്ല, പണ്ട് സ്കൂളിൽ നിന്നാണ് പരസ്പര ബഹുമാനവും സ്നേഹവും ഒക്കെ പഠിക്കുന്നത്, ഇന്നത്തെ കാലത്ത് ഏതെങ്കിലും ഒരു അധ്യാപകൻ ഒന്ന് കണ്ണുരുട്ടി നോക്കിയാൽ മതി അയാളുടെ പേരിൽ കേസായി. ബൈക്ക് മേടിച്ചു തന്നില്ലെങ്കിൽ പോയി തൂങ്ങും എന്ന ഭീഷണി അതിന്റെ മുന്നിൽ ചില മാതാപിതാക്കൾ പെട്ടുപോകും.റോഡിൽ ഹോൺ മുഴക്കി പായുന്ന ടോറസ് ലോറികളും ഈജാതി വാണങ്ങളെയും കൊണ്ട് സഞ്ചരിക്കാൻ പറ്റാതായിട്ടുണ്ട്. ഇനിയും കുറച്ചു ദിവസത്തേക്ക് റോഡിൽ ചെക്കിങ് കാണും, ക്യൂ നിൽക്കുന്നവർക്ക് പെറ്റി അടിക്കാൻ കാണിക്കുന്ന ഉത്സാഹം പോലീസ് ഇക്കാര്യത്തിൽ കാണിച്ചിരുന്നുവെങ്കിൽ കുറച്ചു ജീവൻ നിലനിർത്താം.

വിനോദ് പണിക്കർ