നല്ല തിരക്കുള്ള ജോലി ഉപേക്ഷിച്ചു വയ്യാതായ അച്ഛനെയും അമ്മയെയും നോക്കാൻ ഞാൻ നാട്ടിലെത്തി ശേഷം സംഭവിച്ചത് ഹൃദ്യം ഇ കുറിപ്പ്

EDITOR

Updated on:

ഞാൻ സാമാന്യം തിരക്കുള്ള ഒരു കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ചിട്ടു അമ്മയേയും അച്ഛനേയും നോക്കാനായി അരീക്കര എത്തിയിട്ടു ഇപ്പോൾ അഞ്ചുകൊല്ലം ആയിരിക്കുന്നു‌.ഒരു ദിവസം പെട്ടന്നു എടുത്ത ഒരു തീരുമാനം ആയിരുന്നില്ല അതു ‌ഒരു വർഷത്തോളം എന്നെ സദാസമയവും അലട്ടിയിരുന്ന ഒരു വിഷയം ആയിരുന്നു അരീക്കര വീട്ടിൽ അമ്മയും അച്ഛനും ഒറ്റക്കാണല്ലോ അമ്മക്കു മിക്കവാറും മാസത്തിൽ ഒരിക്കൽ എങ്കിലും പനിയോ ചുമയോ മറ്റു ചില്ലറ അസുഖങ്ങളും ആയി ആശുപത്രിയിൽ ആക്കും .നല്ലവരായ അയൽക്കാർ ഉള്ളതിനാൽ അമ്മയെ ആശുപത്രിയിലാക്കാനോ അമ്മക്കു കൂട്ടിരിക്കാനോ ഒന്നും ഒരു വിഷമവും ഉണ്ടാകില്ല അച്ഛൻ തന്നെയാണു കാർ സ്വയം ഓടിച്ചു അമ്മയെ ആശുപത്രിയിൽ ആക്കുന്നതും‌. അച്ഛനു ഇത്ര നല്ല ആരോഗ്യസ്ഥിതി ഉണ്ടായിരുന്നതു കൊണ്ടാണു അരീക്കര വീട്ടിൽ മക്കൾ എല്ലാം വിദേശത്തും ദൂരെ സ്ഥലങ്ങളിലും ജോലി ആയിട്ടും വീട്ടിൽ കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെ വളരെക്കാലം മുന്നോട്ടു പോയതും‌.

മുംബയിലെ എന്റെ ജോലി ധാരാളം യാത്രകൾ നിറഞ്ഞതായിരുന്നു ഇന്ത്യക്കു അകത്തുള്ള യാത്രകൾക്കു പുറമെ ഞങ്ങളുടെ എം.ആർ.ഐ നിർമ്മാതാക്കളുടെ ഓഫീസുകളും ഫാക്ടറിയും പ്രധാനമായും ജപ്പാനിലും ചൈനയിലും ദക്ഷിണ കൊറിയയിലും ആയിരുന്നതിനാൽ ചില യാത്രകളും മെഡിക്കൽ ഉപകരണങ്ങളുടെ പ്രദർശനങ്ങൾക്കായി കുറെ വിദേശ യാത്രകളും ഇടക്കിടെ ഉണ്ടാകുമായിരുന്നു.ആ സമയങ്ങളിൽ അമ്മ ആശുപത്രിയിൽ ആയപ്പോൾ അതു ഉണ്ടാക്കിയ മാനസിക സമ്മർദ്ദങ്ങൾ ചെറുതായിരുന്നില്ല പലപ്പോഴും അമ്മയുടെ ഷുഗർ ലെവൽ വളരെ ഉയർന്നു പോകുന്നതാണു ആശുപത്രിയിൽ എത്തിക്കാൻ കാരണമാകുന്നതു ‌‌‌ചുരുക്കത്തിൽ മാസത്തിൽ ഒരു തവണ എങ്കിലും എന്തെങ്കിലും ഒക്കെ കാരണത്താൽ അമ്മയെ ഡോക്ടറെ കാണിക്കേണ്ട ആവശ്യം വന്നു ചേരുമായിരുന്നു‌.

അങ്ങിനെ ഞാൻ കുറച്ചു നാൾ ഒരു ലോംഗ് ലീവ് എടുത്തു നാട്ടിൽ പോകാൻ തീരുമാനിച്ചു ഭാഗ്യവശാൽ എന്റെ കമ്പനി സീ.ഈ.ഓ രതീഷ് നായർ സർ അമ്മയുടെ പ്രശ്നങ്ങൾ ഒക്കെ മനസ്സിലാക്കി മൂന്നു മാസം നാട്ടിൽ പോയിവരാൻ പറഞ്ഞു‌. അതായിരുന്നു തുടക്കം.അതു ആറു മാസം ആയി ഒരു വർഷം ആയി ഒടുവിൽ അഞ്ചു വർഷം ആയി കഴിഞ്ഞ അഞ്ചു വർഷം കൊണ്ടു അമ്മക്കു ഒരു പാട് മാറ്റങ്ങൾ ഉണ്ടായി അവയിൽ സന്തോഷം തരുന്ന മാറ്റങ്ങളും സങ്കടം തരുന്ന മാറ്റങ്ങളും തുല്യമായി ഉണ്ടു അഞ്ചു വർഷങ്ങൾക്കു മുൻപു അമ്മക്കു നന്നായി സംസാരിക്കും വീട്ടിനുള്ളിലും മുറ്റത്തും സ്വയം നടക്കും‌സ്വയം ബാത്ത് റൂമിൽ പോകും സ്വയം മിക്ക കാര്യങ്ങളും ചെയ്യും‌.മിക്ക പേരുകളും ഓർക്കും‌.സ്വന്തമായി മണിയോർഡറിൽ സ്വന്തം ഒപ്പിട്ടു പെൻഷൻ വാങ്ങും.മക്കളുടെ കാര്യവും മരിച്ചു പോയ ബന്ധുക്കളുടെ കാര്യവും എല്ലാം ഓർമ്മിച്ചു പറയും‌.

എന്നാൽ കഴിഞ്ഞ അഞ്ചു കൊല്ലം കൊണ്ടു അമ്മയെ മറവിരോഗം കൂടുതൽ കൂടുതൽ കീഴടക്കി ഇന്നു അരെയും പേർ പറഞ്ഞാലും തിരിച്ചറിയാതെ ആയി എപ്പോഴും കാണുന്ന എന്നെ മകനാണെന്നു ഒരു പക്ഷേ മനസ്സിൽ അറിയാമായ്രിക്കും‌.അച്ഛനെ കണ്ടാൽ മുഖത്തു ഒരു പ്രകാശം ഉണ്ടാവും എന്നാൽ അതാരാണമ്മെ ?എന്നു ചോദിച്ചാൽ ഉത്തരം ഇല്ല.സംസാരിക്കാൻ പറ്റുന്നതു മൂന്നോ നാലോ വാക്കുകൾ അവയുടെ മോഡുലേഷൻ കൊണ്ടു അമ്മ എന്താണു ഉദ്ദേശിക്കുന്നതെന്നു ഞാൻ ഊഹിച്ചെടുക്കുന്നതാണു വിശക്കുന്നു എന്നു പറയാൻ അറിയില്ല ‌എനിക്കു മൂത്രം ഒഴിക്കണം എന്നോ ടോയ്ലെറ്റിൽ പോകണം എന്നോ പറയാൻ അറിയില്ല.അതിലൊന്നും അമ്മക്കു ഒരു നിയന്ത്രണവും ഇല്ല എന്നാൽ അമ്മയെ കൂടുതൽ കൂടുതൽ പഠിച്ചു അവയെല്ലാം സമയക്രമം അനുസരിച്ചു അമ്മക്കു പ്രയാസം കുറക്കാൻ ഞാൻ നന്നായി പരിശ്രമിക്കുന്നു‌.

ഏറ്റവും ഒടുവിൽ അമ്മക്കു സ്വന്തം കാലിൽ നിൽക്കാനുള്ള കരുത്തു നഷ്ടപ്പെട്ടു‌.പക്ഷേ ഞങ്ങൾ നിരാശരായില്ല അമ്മക്കു വീൽ ചെയർ സഹായം കൊണ്ടു വീട്ടിനുള്ളിലെ യാത്രകൾ സുഗമമാക്കി സമയം കിറുകൃത്യമാക്കി അമ്മക്കു മരുന്നും ഭക്ഷണവും നൽകുന്നു എല്ലാ മാസവും രക്തത്തിലെ പഞ്ചസാര അളവ് വീട്ടിൽ വന്നു ഷുഗർ ലെവൽ പരിശോധിച്ചു കൃത്യ സമയം പാലിച്ചു കൃത്യ അളവിൽ ഇൻസുലിൻ നൽകി ഷുഗർ ലെവൽ കൂടാതെ നോക്കുന്നു‌.ഈ അഞ്ചു കൊല്ലവും ഞാൻ ഏറ്റവും അധികം ശ്രദ്ധിച്ചതു അമ്മക്കു എല്ലാ കാര്യങ്ങളും സമയ ബന്ധിതം ആക്കാനാണു അടുത്തതു അമ്മയെ സദാസമയവും വൃത്തിയായും സുന്ദരിയായും സൂക്ഷിക്കാനാണു ചിലപ്പോൾ നാലോ അഞ്ചോ തവണ വസ്ത്രം മാറ്റും പക്ഷേ അഞ്ചു തവണയും അമ്മയുടെ ദേഹം ഡെറ്റോൾ ചേർത്ത ചൂടു വെള്ളത്തിൽ നനച്ചു പിഴിഞ്ഞ തുണി കൊണ്ടു തുടച്ചു പൗഡർ ഇട്ടു ചന്ദനവും സിന്ദൂരവും ഇട്ടു മുടി ചീകി ഒതുക്കി മിടുക്കിയാക്കും‌.അമ്മയെ എപ്പോഴും സുന്ദരിയാക്കുക എന്നതു എന്റെ ലക്ഷ്യവും മാർഗ്ഗവും ആക്കിയിട്ടു അഞ്ചു കൊല്ലം കഴിഞ്ഞു‌.അമ്മയുടെ സന്തോഷത്തിന്റെ രഹസ്യം ഈ സുന്ദരിയാക്കലും സമയത്തിനു ഭക്ഷണവും മരുന്നും അമ്മയെ ഇഷ്ടപ്പെടുന്നവരുടെ സാമിപ്യവും ആണു അതിൽ കൂടുതൽ ഭാഗ്യം എനിക്കു ലഭിച്ചു എന്നു മാത്രം‌.അതു ഒരിക്കൽ തല തിരിഞ്ഞവനായിരുന്ന ഞാൻ ബോധം വന്നപ്പോൾ ചോദിച്ചു വാങ്ങിയതാണു.

കഴിഞ്ഞ അഞ്ചു കൊല്ലത്തിലെ ഏറ്റവും സന്തോഷകരമായ കാര്യം എന്താണെന്നു ചോദിച്ചാൽ ഈ അഞ്ചു കൊല്ലത്തിൽ ഒരിക്കൽ പോലും അമ്മക്കു ആശുപത്രി വാസം വേണ്ടി വന്നില്ല എന്നതാണുഒരു ഓ.പീ വിസിറ്റ് പോലും അമ്മക്കു വേണ്ടി വന്നിട്ടില്ല ചുരുക്കമായി ചില ടെലി കൺസൽടിംഗ് നടന്നിട്ടുണ്ടു അതിനു കാരണം നിരവധി ഘടകങ്ങൾ ഉണ്ടാകാം‌.പക്ഷേ ഏറ്റവും പ്രധാനം അമ്മയുടെ അരികത്ത് അമ്മക്കു വേണ്ടി സമയം ചിലവഴിക്കാൻ ഭർത്താവും ഒരേ സമയം അല്ലെങ്കിൽ കൂടി മക്കളും കൂടെ ഉണ്ടു എന്നതാണു ഒറ്റപ്പെടൽ ആണു പ്രായം ചെന്നവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി .അതു എത്ര കുറക്കാമോ അത്രയും അവർക്കു ആരോഗ്യവും സന്തോഷവും ഉന്മേഷവും നൽകും.

അമ്മക്കു ചലനശേഷി നഷ്ടപ്പെട്ടതോടെ അമ്മയെ വീൽ ചെയറിൽ നിന്നും കട്ടിലേക്കും തിരിച്ചും മാറ്റാൻ നല്ല അദ്ധ്വാനം വേണം‌.അമ്മയുടെ ഭാരം ഒറ്റക്കു ഉയർത്തുന്നതു ഒരാൾക്കു ശ്രമകരമാണു.എങ്കിലും ഞാൻ അതു മിക്കപ്പോഴും ഒറ്റക്കു തന്നെ ചെയ്യാൻ ചില സ്കിൽ നേടിക്കഴിഞ്ഞു എന്നതു ചിലപ്പോൾ എന്നെ അൽഭുതപ്പെടുത്താറുണ്ടു അമ്മ എനിക്കു ഒരു ഭാരമെ അല്ല എന്ന തോന്നൽ മനസ്സിൽ ശക്തമായതു കൊണ്ടായിരിക്കാംഒരിക്കൽ രണ്ടാമത്തേ മകൻ കൈവിട്ടു പോകുമോ എന്നു ഒരുപാടു ഭയന്നു നെഞ്ചുരുകി സകല മതത്തിലെയും ദൈവങ്ങളേ വിളിച്ചു പ്രാർഥിച്ചപ്പോൾ നിറഞ്ഞൊഴുകിയ എന്റെ അമ്മയുടെ കണ്ണുകൾ ആണു എന്റെ ജീവിതത്തിലെ എക്കാലത്തെയും‌ വെളിച്ചംഇപ്പോൾ നാലു വയസ്സുള്ള ഒരു കുഞ്ഞായി മാറിയ അമ്മയുടെ കണ്ണുകളിൽ നോക്കിയിരുന്നാൽ എന്റെ ബാല്യം കാണാം ആ കുഞ്ഞിനെ ഒന്നു എടുക്കുന്നതു എനിക്കു ഒരു ഭാരമേ അല്ല.

കടപ്പാട് : സോമരാജ പണിക്കർ