വിവാഹ ഉടമ്പടി ചെയ്ത അവർക്ക് പിരിയാനും അവകാശം ഉണ്ട് അതിനു നാട്ടുകാർക്ക് ഇത്ര ചൊറിച്ചിൽ എന്തിനു കുറിപ്പ്

  0
  3583

  രണ്ടുപേർ വിവാഹമെന്ന ഉടമ്പടി അവസാനിപ്പിക്കാൻ തീരുമാനിക്കുന്നു.ആ ഉടമ്പടി ഉണ്ടാക്കാൻ തീരുമാനിച്ചത് അവരാണെങ്കിൽ അത് ഇനി വേണ്ട എന്ന് തീരുമാനിക്കാനും അവർക്കധികാരമുണ്ട്. അതിൽ എന്തിനാണ് നാട്ടുകാർക്ക് ഇത്ര ചൊറിച്ചിൽ?! അവർ രണ്ട് പേരും സെലിബ്രിറ്റികൾ ആയത് കൊണ്ടാണോ? അത് കൊണ്ടെന്താ അവരുടെ സ്വകാര്യ ജീവിതം എല്ലാവർക്കും കൊട്ടാൻ വെച്ച ചെണ്ട ആകണമെന്നാണോ? കഷ്ടമാണ് നമ്മുടെ ഈ ഒളിഞ്ഞുനോട്ട സംസ്കാരം!
  ആദ്യം ഈ ചെളി വാരിയെറിയാൻ വരുന്നവർ സ്വന്തം കുടുംബങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുക.അവിടെ പറ്റിയിരിക്കുന്ന ചെളി ഒക്കെ ആദ്യമൊന്നു കഴുകിക്കളയുക. എന്നിട്ട് ആവാം നാട് നീളെ നടന്നുള്ള സേവനവാരാചരണം.

  നിങ്ങൾക്ക് ഒരാളോട് ഏതെങ്കിലും കാര്യത്തിൽ എതിരഭിപ്രായമുണ്ടെങ്കിൽ അത് പറയേണ്ട സന്ദർഭത്തിൽ,പറയേണ്ട സമയത്, പറയേണ്ട രീതിയിൽ, പറയേണ്ട ഭാഷയിൽ പറയുക. അതാണ് മാന്യത, അതാണ് പക്വത. അല്ലാതെ അത് തീർക്കേണ്ടത് അവർ വ്യക്തിപരമായി ഒരു വിഷമഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ ചൊറിഞ്ഞിട്ടല്ല. അവരുടെ സ്വകാര്യതയെ പൊതുജനമധ്യത്തിലേക്ക് വലിച്ചിഴച്ചിട്ടല്ല.
  ഈ സമൂഹ വിചാരണകൾ ഭയന്നാണ് ഇന്നും പലരും പല ബന്ധങ്ങളിലും മനസ്സില്ലാതെ കടിച്ചു തൂങ്ങി നിക്കുന്നത്. അതുകൊണ്ടുള്ള നഷ്ടവും അവർക്ക് മാത്രമാണ്.
  സ്വന്തം ജീവിതത്തിൽ എന്ത് ചെയ്യണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം, അല്ലെങ്കിൽ ആ പേർസണൽ സ്‌പേസ് മറ്റുള്ളവർക്ക് കൊടുക്കാൻ ഇനി എന്നാണ് നാം പഠിക്കുക?

  ഡോ. സൗമ്യ സരിൻ