സംരംഭകത്വം ഇഷ്ടപ്പെടുന്നവർ എന്ന് കരുതി റിക്വസ്റ്റുകൾ അക്‌സെപ്റ്റ് ചെയ്തു ശേഷം മെസഞ്ചറിൽ നിറയെ കോട്ടിട്ട പൂവൻകോഴികളുടെ കൂവലുകൾ കുറിപ്പ്

EDITOR

യുവ സംരംഭക അന്ന സൂസൻ എഴുതുന്നു .എന്റെ ചാനലായ SPARK Stories ന്റെ രണ്ടാം വർഷത്തെ ആഘോഷത്തോടനുബന്ധിച്ചാണ് ബിസിനസ്സ് പാർട്നെർസായ Renku Khനും ഷമീമിനുമൊപ്പം ഒരു ഫോട്ടോ സ്പാർക്കിന്റെ ഫേസ്ബുക് പേജിൽ ഇടുന്നത്..രണ്ടു ദിവസംകൊണ്ട് എനിക്ക് ഒരുപാട് ഫ്രണ്ട് റിക്വസ്റ്റ് വന്നു.ഇതിന്റെ പുറകിൽ ഒരു പെൺകുട്ടികൂടി ഉണ്ടായിരുന്നോ എന്ന ചോദ്യവുമായി ഒരുപാട് അഭിനന്ദന മെസ്സേജുകൾ വന്നു. അതുവരെ എന്റെ ഫേസ്ബുക് ഫ്രണ്ട് ലിസ്റ്റിൽ എനിക്ക് വളരെ അടുത്തറിയാവുന്നവരും കുടുംബക്കാരുമൊക്കെയായിരുന്നു കൂടുതൽ.എന്നാൽ ജീവിതത്തിൽ ആദ്യമായി ആ പതിവ് തെറ്റിച്ചുകൊണ്ട് കഴിഞ്ഞ ഒരാഴ്ച്ച വന്ന റിക്വസ്റ്റുകൾ ഞാൻ അക്‌സെപ്റ്റ് ചെയ്തു. സംരംഭകത്വം ഇഷ്ടപ്പെടുന്നവരായിരിക്കും എന്ന എന്റെ ധാരണയെ മാറ്റിമറിച്ചുകൊണ്ട് എന്റെ മെസഞ്ചറിൽ നിറയെ കോട്ടിട്ട പൂവൻകോഴികളുടെ കൂവലുകളും കുറുകലുകളുമായിരുന്നു.

പ്രിയപ്പെട്ട സുഹൃത്തുക്കളെ,നിങ്ങളുടെ ബയോ എടുത്തുനോക്കിയാൽ എല്ലാവരും തന്നെ നല്ല പൊസിഷനുകളിൽ ജോലി ചെയ്യുന്നവരും കച്ചവടം ചെയ്യുന്നവരുമാണ്… ഒരു മെസ്സേജ് അയച്ചു റിപ്ലൈ തന്നില്ലേൽ ഒരുപാട് മെസ്സേജുകൾ അയച്ചു എന്തിനാണ് നിങ്ങളുടെ വില നിങ്ങൾ തന്നെ കളയുന്നത് എന്ന് സ്വയം ആലോചിച്ചു നോക്കൂ… ബ്രാൻഡ് പൊസിഷനിംഗ് വളരെ പ്രാധാന്യമുള്ളതാണ്.നിങ്ങളുടെ ബ്രാൻഡ് വാല്യൂ എവിടെയും ഇടിയാതിരിക്കട്ടെ.

NB : സംരംഭക ആയതുകൊണ്ടും സംരംഭകത്വം ഇഷ്ടമായതുകൊണ്ടും ബന്ധങ്ങൾ സൂക്ഷിക്കുവാനും കണക്റ്റഡ് ആയിട്ടിരിക്കുവാനും എക്കാലവും സന്തോഷത്തോടെ ശ്രദ്ധിച്ചിട്ടുണ്ട്. സ്ത്രീ എന്ന പരിഗണയ്‌ക്ക്‌ പകരം ഒരു സംരംഭക എന്ന വിശേഷണത്തിൽ അറിയപ്പെടാനായിരിക്കും എന്നെപ്പോലെ എല്ലാ വനിതാ സംരംഭകരും ആഗ്രഹിക്കുന്നത്.അതിനുള്ള അവസരം നൽകുമ്പോഴാണ് നിങ്ങൾ ഓരോരുത്തരും പുരുഷന്മാരാകുന്നത്.സമാന സാഹചര്യത്തിലൂടെ കടന്നു പോകുന്ന ഒരുപാട് വനിതാ സംരംഭകരെ ജീവിതത്തിൽ കണ്ടുമുട്ടാറുണ്ട്.എനിക്കും അവർക്കും വേണ്ടിയുള്ള ഒരു പ്രതികരണം മാത്രമാണിത്.