മിസ്സ്‌ എന്നെ ക്ലാസ്സിൽ വെച്ചു അഗ്ലി ബോയ് എന്ന് വിളിച്ചു കുളിച്ചു വൃത്തിയാട്ടാണല്ലോ ഞാൻ സ്കൂളിൽ പോകുന്നത് കുറിപ്പ്

EDITOR

അഗ്ലി എന്നു പറഞ്ഞാൽ ബ്യൂട്ടിഫുൾ ന്റെ ഓപ്പോസിറ്റ് അല്ലേ?.സ്കൂളിൽ നിന്നും വീട്ടിലേക്കുള്ള യാത്രയിൽ സ്കൂട്ടറിന്റെ പുറകിൽ ഇരിക്കുന്ന മകന്റെ ചോദ്യം. മൂത്ത മകൻ നാലാം ക്ലാസ്സിൽ ആണ്.കോട്ടയം ജില്ലയിലെ പ്രശസ്തമായ ഒരു ICSE സ്കൂളിലെ വിദ്യാർഥി ആണ്. പെട്ടന്ന് ഒരു ട്രാൻസ്ഫർ കിട്ടി കോട്ടയം നഗരത്തിലേക്കു ചേക്കേറിയപ്പോൾ ഈ സ്കൂൾ തന്നെ തിരഞ്ഞെടുത്തതു നന്നായി ആലോചിച്ചു തന്നെ.ലോകമെമ്പാടും ശാഖകൾ ഉള്ള സ്കൂൾ.വൃത്തികെട്ടവൻ എന്നർത്ഥം ഉണ്ടോ? വീട്ടിൽ വന്നു കുളിയും ചായകുടിയും കഴിഞ്ഞു പഠിക്കാനിരിക്കുമ്പോഴാണ് വീണ്ടും ഈ ചോദ്യം. “നാലിൽ ആയിട്ടും ഈ വാക്കിനർത്ഥം അറിയില്ലേ ” ഞാനൊന്നു ചൂടായി.അതല്ല ഞാനെന്നും കുളിച്ചു വൃത്തിയായിട്ടല്ലേ സ്കൂളിൽ പോകുന്നെ.അപ്പൊ ugly അല്ലല്ലോ.

സംശയം പിന്നെയും തുടർന്നു.”ഏയ്‌ അല്ല.നീ പഠിക്കാൻ നോക്കു സമയം പോകുന്നു ഞാൻ ധൃതിയിൽ നോട്സ് നോക്കി ഹോം വർക്ക്‌ എഴുതിക്കാൻ ശ്രമിക്കുമ്പോഴാണ് അവൻ ഓരോരോ ചോദ്യങ്ങൾ ആവർത്തിക്കുന്നത്.സ്കൂൾ കഴിഞ്ഞു വന്നാൽ 5.30നെ ങ്കിലും പഠിക്കാനും എഴുതാനും തുടങ്ങും. രാത്രിയിലും തീർന്നില്ലെങ്കിൽ വെളുപ്പിന് എഴുന്നേൽപ്പിച്ചു സ്കൂളിൽ പോകും മുന്നേ തീർക്കണം.കളിക്കാനും tv കാണാനും വേണ്ടത്ര സമയം കൊടുക്കാൻ സാധിക്കാറില്ല.വലിയ ക്ലാസ്സുകളിൽ ചെല്ലുമ്പോൾ ഇതിലും കഠിനം ആകും .പഠിക്കാൻ ആള് മിടുക്കനാണ്.പക്ഷെ എഴുത്താണ് പ്രശ്നം.എഴുതാൻ അല്പം സ്ലോ ആണ്.Lkg യിൽ ചേർക്കും മുന്നേ കളിക്കുടുക്കയിൽ എഴുതിയ കാലം തന്നെ എനിക്ക് ബോധ്യമായി. ചെറുക്കന് ഇടംകൈ ആണ് വശം വരയ്ക്കാനും എഴുതാനും.സ്കൂളിൽ പ്രത്യേകം പറഞ്ഞതുമാണ്.പക്ഷെ അദ്ധ്യാപികയായ സിസ്റ്ററുടെ വഴക്കും, ഇടക്ക് അടിയും കിട്ടി വലത്തേ കൈയിലേക്ക് മാറാൻ ശ്രമിച്ച്,ഇടതും വലതും അല്ലാത്ത രീതിയിൽ ആയി. എഴുത്തിനു സ്പീഡും ഇല്ല. ഭംഗിയും ഇല്ല.

കിടക്കാൻ നേരം വീണ്ടും ugly എന്ന വാക്കിനെക്കുറിച്ച് അവൻ പറയാൻ തുടങ്ങി. എന്താടാ കാര്യം? ഞാൻ അല്പം കഷ്മയോടെ കാര്യമറിയാൻ ശ്രമിച്ചു.അമ്മ സ്കൂളിൽ പോയി ചോദിക്കരുത് ഇല്ലെന്ന് വാക്ക് കൊടുത്തത് കൊണ്ടു മാത്രം അവൻ അക്കാര്യം തുറന്നു പറയാൻ തയ്യാറായി.മോറൽ സയൻസ് പഠിപ്പിക്കുന്ന ചന്ദ്രിക മിസ്സ്‌ ഇന്നെന്നെ ക്ലാസ്സിൽ വെച്ചു ugly boy എന്ന് വിളിച്ചു.കുളിച്ചു വൃത്തിയാട്ടാണല്ലോ ഞാൻ സ്കൂളിൽ പോകുന്നത്. ഞാൻ കറുത്തിട്ടല്ലേ അതോണ്ടാണോ ടീച്ചർ അങ്ങനെ പറഞ്ഞെ”
കുഞ്ഞു മുഖത്തെ സങ്കടം പ്രകടമായി.കൂടുതൽ ചോദിച്ചു വന്നപ്പോഴാണ് മനസ്സിലായത് നോട്ട് ബുക്ക്‌ പരിശോധനക്കിടയിൽ ടീച്ചറിന്റെ ഈ പദപ്രയോഗം . “അക്ഷരം മോശമായിട്ടാകും നീയത് വിട്ടേക്ക് കാര്യാക്കണ്ട. ഇനി മുതൽ നന്നായി എഴുതിയാൽ മതി “ഞാനവനെ ആശ്വസിപ്പിച്ചു.

അങ്ങനെ ആണേൽ ugly boy എന്നാണോ പറയണ്ടേ. അത് ഞാൻ ugly ആണെന്നല്ലേ.
കുട്ടികൾ ഒക്കെ ചിരിച്ചു.അമ്മ ആകാശിനോടും ഗൗതമിനോടും ചോദിച്ചു നോക്ക് അവർ കേട്ടതാണ്”.അവന്റെ സങ്കടങ്ങൾ ഓരോന്നായി പുറത്തെടുത്തു.സ്കൂളിൽ പോയി ചോദിക്കില്ലെന്നു ഉറപ്പ് വാങ്ങിയാണ് അവൻ ഉറങ്ങിയത്.പാവം കുട്ടി.വൈകിട്ടു കണ്ടയുടനെ അവൻ എന്നോട് ഇക്കാര്യം പങ്കുവെച്ചെങ്കിലും, തീരെ ശ്രദ്ധിച്ചില്ല അവന്റെ വാക്കുകൾ.ക്ഷമയോടെ നേരത്തെ കേൾക്കേണ്ടതായിരുന്നു.ആ വാക്ക് കേട്ട നിമിഷം മുതൽ കുഞ്ഞു മനസ്സ് എത്ര നൊന്തിട്ടുണ്ടാകും.ഇതിപ്പോ ചോദിച്ചാൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ മുൻകൂട്ടി കണ്ടാണ് അവൻ ടീച്ചറിനോട് ചോദിക്കരുതെന്നു ഉറപ്പ് വാങ്ങിയത്.

അഞ്ചാം ക്ലാസ്സിൽ ആനി ടീച്ചറിന്റെ ഹിന്ദി പീരിയഡ് ഞാനോർത്തു . ക്ലാസ്സ്‌ ടെസ്റ്റിനിടയിൽ ആണ് നോക്കുമ്പോ,അപ്പൻ ക്ലാസിനു മുന്നിൽ. കൈയിൽ ആനി ടീച്ചർ കീറി കളഞ്ഞ ഹിന്ദി പകർത്തു ബുക്കിന്റെ പേജുകൾ. രാവിലെ ബുക്കിൽ പുതുതായി എഴുതി,കീറിയ പേജുകൾ വീട്ടിൽ വെച്ചപ്പോൾ അമ്മയോട് പറഞ്ഞാരുന്നു കാര്യം. “എവിടെയാണ് തെറ്റീത്‌…ന്നറിയില്ല. ടീച്ചർ അതൊന്നും പറയാതെ ദേഷ്യപ്പെട്ടു പേജ് കീറിയെറിഞ്ഞു.ഉച്ചക്ക് ഉണ്ണാനിരുന്നപ്പോൾ കീറിയ നോട്ട് ബുക്ക്‌ പേപ്പറുകൾ കണ്ടു,കാരണമറിഞ്ഞ ഉടനെ ചോറുണ്ണാതെ സ്കൂളിലേക്ക് വെച്ചു പിടിച്ചു കക്ഷി.അപ്പന്റെ ശബ്ദം ഉയരുന്നു. ദേഷ്യത്തോടെ വിറയ്ക്കുന്ന വാക്കുകൾ.”ചോര വെള്ളമാക്കി അധ്വാനിച്ചാണ് ഇതൊക്കെ വാങ്ങാനുള്ള കാശുണ്ടാക്കണത്. തെറ്റിയാൽ അത് തിരുത്തണം വേണ്ടി വന്നാൽ ഒരു അടി ആയ്ക്കോ.അല്ലാതെ പേപ്പർ വലിച്ചു കീറി എറിയല്ല വേണ്ടത്”.ക്ലാസിനുള്ളിൽ ഉരുകി ഞാനിരുന്നു.

അപ്പനും ഞാനും ക്ലാസ്സ്‌ ടീച്ചർ സിസ്റ്റർ ഔറെലിയയെ പോയി കണ്ടിട്ട് വന്നയുടൻ ആനി ടീച്ചർ എന്റെ പേപ്പർ മാത്രം പരിശോധിച്ചു.അതിൽ കുറ്റമൊന്നും കണ്ടില്ല. “കൃത്യമായി എന്റെ ക്ലാസ്സിന്റെ സമയത്തു തന്നെ വീട്ടിൽ നിന്നാളെ വരുത്തീല്ലോ.ഇനി മുതൽ ഞാൻ ചോദ്യം ചോദിക്കുകയുമില്ല വഴക്കു പറയുകയുമില്ല.ഇഷ്ടമുണ്ടെൽ പഠിച്ചോ”. ടീച്ചറുടെ വാക്കുകളും സഹപാഠികളുടെ പുച്ഛഭാവവും മാത്രമല്ല പിന്നീടുണ്ടായ അവഗണനയും എന്നെ വല്ലാണ്ട് സങ്കടപ്പെടുത്തി.
എപ്പഴും ഓർക്കും, ഞാൻ പറഞ്ഞിട്ടല്ല അപ്പൻ സ്കൂളിൽ വന്നതെന്ന് ടീച്ചറോട് പറയണമെന്ന്. ധൈര്യമില്ല ഇനിയും വഴക്കു പറഞ്ഞാലോ?ഹിന്ദി വിഷയത്തോട് തന്നെ വെറുപ്പായി. മുഴുവൻ മാർക്ക് ഹിന്ദിക്കു വാങ്ങിയിരുന്ന ഞാൻ പത്താം ക്ലാസ്സിൽ 21 മാർക്ക് കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു.ഹിന്ദി പഠനം പത്തിൽ അവസാനിപ്പിച്ചു.

മലയാളം എടുത്തു.ഇന്നും ഹിന്ദി ഒരു തലവേദനയാണ്.പിള്ളേരെ പഠിപ്പിക്കുമ്പോൾ ഹിന്ദി വായന കഷ്ടപ്പെട്ട് ആണ് . മുക്കി മൂളി ഒപ്പിക്കും.പഠിക്കാൻ ശ്രമിക്കാറുമില്ല. അക്ഷരമാലയിലെ ക്ഷ, ത്ര, ഞ്ജ അക്ഷരങ്ങൾ പിള്ളേരെകൊണ്ടു എഴുതി പഠിപ്പിക്കും. പക്ഷെ എനിക്കറിയില്ല.അന്ന് പ്രിൻസിപ്പാൾ ഗ്രൗണ്ടിൽ നിൽക്കുന്നത് കണ്ടതു കൊണ്ടു ഇക്കാര്യം ഞാൻ സൂചിപ്പിച്ചു. . ഇനി ഒരു കുഞ്ഞിനേയും ഇങ്ങനെ മോശം വാക്കുകൾ വിളിച്ചു വേദനിപ്പിക്കാൻ ഇടവരരുത്.വീട് വിട്ടാൽ പിന്നെ അവരുടെ അമ്മ സ്കൂളിലെ അദ്ധ്യാപികയാണ്.ഇന്നത്തെ കാലത്തു ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെ പോലും പഠിപ്പിച്ചു പ്രാപ്തരാക്കുന്ന മിടുക്കികളായ അധ്യാപികമാർ നമുക്ക് ചുറ്റും ഉണ്ട്.അമ്മയേക്കാൾ കരുതലുള്ള അധ്യാപികമാർ.അദ്ദേഹം കാര്യങ്ങൾ ശ്രദ്ധിക്കാമെന്നു വാക്ക് തന്നു.അടുത്ത ദിവസം ക്ലാസ്സിൽ ഇത് ചർച്ചആയി.
കുട്ടികളെയെല്ലാം ആ അധ്യാപിക ചോദ്യം ചെയ്തു.ക്ലാസ്സ് മുറിയിലെ അന്തരീക്ഷം കോടതിക്ക് സമാനമായി.കണ്ടതും കേട്ടതുമായ കാര്യങ്ങൾ വിസ്തരിച്ചു , കുട്ടികൾടീച്ചറെ പേടിച്ചു ഒന്നും മിണ്ടാതെ നിന്നു.പക്ഷെ

പിന്നീട് ക്ലാസ്സ്‌ ടീച്ചറോട് അവർ സത്യം തുറന്നു പറയാൻ ധൈര്യം കാണിച്ചു.
നിങ്ങളുടെ മകൻ നുണയനാണ്. അത് കേട്ടു എടുത്തു ചാടുന്ന അമ്മയും.ടീച്ചർ എന്നെ വഴിയിൽ തടഞ്ഞു ചോദ്യം ചെയ്തു.ഒരിക്കലും ഇല്ല. എന്റെ മകൻ കള്ളം പറയില്ല.”അഥവാ പറഞ്ഞാലും കള്ളമാണെന്ന് എനിക്ക് തിരിച്ചറിയാൻ കഴിയും. ഒരു നോട്ടം മതി.ഞാൻ ആത്മ വിശ്വാസത്തോടെ പറഞ്ഞു.കുഞ്ഞുനാൾ മുതൽ കൊച്ചു കുസൃതികൾ കാണിക്കുമ്പോഴൊക്കെ ഞാൻ പറയാറുണ്ട്,തെറ്റ് ചെയ്താലും അമ്മയോട് സത്യം പറയണം.ഒരു നുണ തിരുത്താൻ ഒരായിരം നുണകൾ പറയേണ്ടി വരും.
അധ്യാപികയുടെ അവഗണനയും പരിഹാസവും സഹിക്കാൻ വയ്യെന്ന് അവന്റെ സംസാരത്തിൽ നിന്നു മനസ്സിലായി.അഞ്ചാം ക്ലാസ്സിൽ ഇവിടെ തുടർന്നു പടിക്കണ്ടെന്നും അക്ഷരനഗരിയിൽ ഒരുപാട് സ്കൂളുകൾ വേറെ ഉണ്ടെന്നും പറഞ്ഞു ഞാനവനെ ആശ്വസിപ്പിച്ചു.

അതിനിടയിൽ Dr. സൈലേഷ്യയുടെ നിർദ്ദേശ പ്രകാരം കുറച്ചു ആക്ടിവിറ്റീസ് ചെയ്യിക്കാൻ തുടങ്ങി. ബ്രെയിൻ ജിം ചെയ്യാനും രണ്ടു കൈകൾ ഉപയോഗിച്ചുകൊണ്ടു ചിത്രങ്ങളും പാറ്റേ ണു കളും വരയ്ക്കാനും പരിശീലിപ്പിച്ചു.
അത്യാവശ്യം അടുക്കളയിൽ കയറി പാചകത്തിനും സഹായിക്കാൻ തുടങ്ങിയതോടെ ശ്രദ്ധിച്ചു കാര്യങ്ങൾ ചെയ്യാൻ പഠിച്ചു.കത്തിയും കുക്കിംഗ്‌ ഗ്യാസും ഉപയോഗിക്കുവാനും,കരിയാതെ പൊടിയാതെ ശ്രദ്ധയോടെ പാചകം ചെയ്യാനും പരിശീലിപ്പിച്ചു.ആ ശ്രദ്ധ പഠനത്തിലും എഴുത്തിലും കാണാൻ തുടങ്ങി.കൊക്കോ അടങ്ങിയ ഭക്ഷണങ്ങളും ബിസ്‌ക്കറ്റുകളും ഡാർക്ക്‌ ചോക്ലേറ്റും പൂർണ്ണമായും ഉപേക്ഷിച്ചു.lkg കാരനായ അനിയനോടൊപ്പം ഫോർ ലൈൻ, ടു ലൈൻ ബുക്ക്കളിൽ എഴുതി പരിശീലിക്കാൻ തുടങ്ങി.ഓരോ കുഞ്ഞു കാര്യങ്ങൾക്കും പ്രോത്സാഹനമായി ഞാനവന് നല്ല പുസ്തകങ്ങൾ സമ്മാനമായി നൽകി.പുസ്തകങ്ങളോട് കൂട്ട് കൂടാൻ പഠിപ്പിച്ചു വേറെ രണ്ടു സ്കൂളുകളിൽ നിന്നു ഞങ്ങൾ അഡ്മിഷനു അപ്ലിക്കേഷൻ വാങ്ങി.ഒരു സ്കൂളിൽ ഇന്റർവ്യൂ കഴിഞ്ഞു പിന്നീട് അറിയിക്കാമെന്നു പറഞ്ഞെങ്കിലും.

വിവരമൊന്നും അറിയിച്ചില്ല. തിരക്കി ചെന്നപ്പോൾ അവിടെയും കുട്ടിയുടെ അക്ഷരം ആണ് പ്രശ്നം. അഡ്മിഷൻ തരാം പക്ഷെ 9വരെ നോക്കും.അപ്പോൾ തൃപ്തികരമല്ലെങ്കിൽ വേറെ സ്കൂളിൽ ചേർക്കേണ്ടി വരും.സ്കൂളിന്റെ വിജയ ശതമാനം ആണ് അവർക്കു മുഖ്യം.മോശം അക്ഷരം മാർക്ക്‌ കുറയ്ക്കും അപ്പൊ 100 ശതമാനം വിജയം എന്ന സൽപ്പേര് നിലനിർത്താൻ കഴിഞ്ഞില്ലെങ്കിലോ എന്ന ആശങ്ക.ആ സ്കൂളിൽ നിന്നു ഇറങ്ങുമ്പോൾ അവിടെ പഠിക്കണ്ടെന്നു എന്നേക്കാൾ മുന്നേ അവൻ തീരുമാനമെടുത്തിരുന്നു. ആ വർഷം ആ സ്കൂളിലെ ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്തതു പത്രത്തിലെ പ്രധാന വാർത്ത ആയിരുന്നു.അടുത്ത ക്ലാസ്സിലേക്കുള്ള പ്രൊമോഷൻ നൽകാതെ സ്കൂൾ മാറാനുള്ള മാനേജ്മെന്റ് നിർദ്ദേശം ആയിരുന്നു കുട്ടിയുടെ മരണത്തിന് കാരണം.മനസ്സ് നിറയെ ആകുലതയായിരുന്നു അടുത്ത സ്കൂളിലേക്ക് ഇന്റർവ്യൂവിനു പോകുമ്പോൾ. ഇന്റർവ്യൂ കഴിഞ്ഞു എഴുത്തു പരീക്ഷയും കഴിഞ്ഞു.പ്രിൻസിപ്പാൾ റൂമിലേക്ക്‌ വിളിപ്പിച്ചു.അഡ്മിഷൻ എഴുതിയ കുറിപ്പ് ഓഫീസിൽ കൊടുക്കാനായി തന്നിട്ട് അവധിക്കാലം കുറച്ചു സമയം എഴുതി പരിശീലിക്കണമെന്ന് സ്നേഹത്തോടെ നിർദ്ദേശിച്ചു.

കുറിപ്പ് ശ്രദ്ധിച്ചപ്പോൾ കണ്ടു അദ്ദേഹം അഡ്മിഷൻ എഴുതിയിരിക്കുന്നത് ഏഴാം ക്ലാസ്സിലേക്ക് ആണ്.ഞാനതു അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി.മോന് അഞ്ചാം ക്ലാസ്സിലേക്കാണ്അഡ്മിഷൻ വേണ്ടതെന്ന്.ഉടനെ സീറ്റിൽ നിന്നെണീറ്റു അദ്ദേഹം മകനെ അഭിനന്ദിച്ചു.ഏഴാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ ചോദ്യപ്പേപ്പറാണ് അറിയാതെ അഞ്ചിലേക്കുള്ള അഡ്മിഷന് വേണ്ടി അവനു മാറി കൊടുത്തത്.ഹിന്ദിക്കു മാത്രം മാർക്കു കുറഞ്ഞെങ്കിലും ബാക്കിയെല്ലാ വിഷയത്തിൽ നിന്നുമുള്ള ചോദ്യങ്ങൾക്കു നന്നായി ഉത്തരമെഴുതിയിരുന്നു.
നിറഞ്ഞ മനസ്സോടെയാണ് ഞങ്ങളവിടെ നിന്നു വീട്ടിലേക്കു മടങ്ങിയത്. ബുദ്ധിയും കഴിവും ഉണ്ടായിട്ടും കുറവുകളിലേക്ക് വിരൽ ചൂണ്ടി അപമാനം സഹിച്ച കുഞ്ഞിന് , ഈ ഒരു പ്രോത്സാഹനം മാത്രം മതി മുന്നോട്ടുള്ള പഠനത്തിന്.

ഇന്നവൻ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ്.എവിടെയും ഒന്നാമനാക്കാൻ ശ്രമിക്കാറില്ല. കുറവുകളിലേക്ക് വിരൽ ചൂണ്ടാതെ, എന്ത് കഴിവുണ്ടോ അത്‌ വളർത്താൻ പ്രോത്സാഹിപ്പിക്കാറുണ്ട്.പുസ്തകങ്ങൾ ആണ് അവന്റെ ചങ്ങാതിമാർ. പഠനത്തിനിടയിലും വായനക്ക് ധാരാളം സമയം കണ്ടെത്താറുണ്ട്.എന്തെങ്കിലും അല്ലറ ചില്ലറ സഹായം ചെയ്തു തന്നിട്ട് കണക്കു പറഞ്ഞു കാശുമേടിച്ചു ഏതോ രഹസ്യ സാങ്കേതത്തിൽ ഒളിപ്പിച്ചു വെക്കും.വായ്പയായി വല്ലപ്പോഴും അതിൽ നിന്ന് വാങ്ങിയാൽ പലിശയടക്കം പിടിച്ചു വാങ്ങും.പുസ്തകങ്ങൾ വാങ്ങാനുള്ള തുകയാണത്.അധ്യാപകരായാലും രക്ഷിതാക്കളായാലും കുട്ടികളെ പഠിപ്പിക്കുന്നതിനു മുൻപ് കുട്ടികളെ ഒന്ന് പഠിക്കുന്നത് നല്ലതായിരിക്കും. കഴിവുകളും കുറവുകളും എല്ലാവരിലും ഉണ്ട്.കഴിവുകൾ വളർത്തിയെടുക്കാൻ, കുറവുകളിൽ കൂടെ നിന്ന് കൈ പിടിച്ചു നടത്താൻ.ചെറിയ കാര്യങ്ങളിൽ പോലും അഭിനന്ദിക്കാൻ.തെറ്റുകൾ ചൂണ്ടി കാട്ടി തിരുത്താൻ.കൂടുതൽ ഒന്നും വേണ്ട നമ്മുടെ ‘സാരമില്ല ‘എന്ന ഒറ്റ വാക്ക് മാത്രം മതിയാകും വീണു പോയ ഓരോ വിദ്യാർത്ഥിയും എഴുന്നേറ്റു ലക്ഷ്യത്തിലേക്കു നടക്കാൻ.
ബിന്ദു ജോസഫ്