മക്കൾ തമ്മിൽ കൂട്ട അടി ഒഴിവാക്കാം കിടപ്പിലാകും മുൻപ് ഇങ്ങനെ ഒരു വിൽപ്പത്രം എഴുതി വെച്ചാൽ

EDITOR

വിൽപ്പത്രം: അറിയേണ്ട കാര്യങ്ങൾ ആർക്കും എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം എന്നതിന്റെ തെളിവുകൾ നമ്മൾ ദിനംപ്രതി കാണുകയാണ്. കാലശേഷം നമ്മുടെ ആസ്തി ബാധ്യതകൾ എന്താണെന്നോ അത് എന്ത് ചെയ്യണമെന്നോ നമ്മുടെ ഉറ്റവർക്ക് അറിയില്ലെങ്കിൽ അത് പ്രായോഗികവും നിയമപരവുമായ പല പ്രശ്നങ്ങളുമുണ്ടാക്കും. ഇത്തരം സാഹചര്യം നമ്മുടെ ചുറ്റും സ്ഥിരം കാണുന്നതാണെങ്കിൽ പോലും കേരളത്തിൽ വിൽപത്രം എഴുതുന്നവരുടെ എണ്ണം പൊതുവിൽ വളരെ കുറവാണ്. ആയിരത്തിൽ ഒരാൾ എങ്കിലും വിൽപത്രം എഴുതുന്നുണ്ടോ എന്നത് സംശയമാണ്. അതുകൊണ്ടാണ് ഞാനും എൻറെ സുഹൃത്ത് അഡ്വക്കേറ്റ് അനിൽകുമാറും ചേർന്ന് ഈ ലേഖനം എഴുതാൻ തീരുമാനിച്ചത്.

1. എന്താണ് വിൽപത്രം?മരണശേഷം ഒരാളുടെ ആസ്തി – ബാധ്യതകൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിൽ അയാളുടെ താല്പര്യങ്ങൾ എഴുതിയ പ്രമാണത്തിനാണ് വിൽപത്രം എന്ന് പറയുന്നത്.എന്തിന് ആളുകൾ വിൽപത്രം എഴുതണം?കേരളത്തിലെ ഭൂരിഭാഗം കുടുംബങ്ങളിലും കുടുംബാംഗങ്ങളുടെ, പ്രത്യേകിച്ചും ഗൃഹനാഥന്റെ ആസ്തി – ബാധ്യതകൾ എന്തൊക്കെയാണെന്ന് മറ്റ് അംഗങ്ങൾക്ക് (പങ്കാളികൾക്ക് പോലും) പലപ്പോഴും ശരിയായ ധാരണയില്ല. ഒരാൾ പെട്ടെന്ന് മരിച്ചാൽ അയാളുടെ ആസ്തി – ബാധ്യതകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ലെന്ന് മാത്രമല്ല, അവ എന്തൊക്കെയാണെന്ന് പോലും അറിയാത്തത് ജീവിച്ചിരിക്കുന്നവർക്ക് നിയമക്കുരുക്കുകൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങളുണ്ടാക്കുന്നു. ബന്ധുക്കൾ സ്വത്തിന് വേണ്ടി തമ്മിൽത്തല്ലുകയും കേസുകൊടുക്കുകയും ചെയ്യുന്ന സാഹചര്യം വരെയുണ്ടാകുന്നു. വിൽപത്രം എഴുതുന്നതിലൂടെ ഇതെല്ലാം ഒഴിവാക്കാം.

3. വിൽപത്രം എഴുതിയില്ലെങ്കിൽ നമ്മുടെ ആസ്തികൾക്ക് എന്ത് സംഭവിക്കും?
ആസ്തികൾ എങ്ങനെ വിഭജിക്കപ്പെടുമെന്നത് ലിംഗം, മതം, പ്രായം, വിവാഹിതരാണോ കുട്ടികൾ ഉണ്ടോ ഉണ്ടെങ്കിൽ ആൺകുട്ടികളാണോ പെൺകുട്ടികളാണോ, എന്നതിനെ ഒക്കെ ആശ്രയിച്ചിരിക്കും. സ്ത്രീയുടെയും പുരുഷന്റെയും സ്വത്തുക്കൾ വിഭജിക്കപ്പെടുന്നതും ഭിന്നമായിട്ടാണ്. ഹിന്ദു – മുസ്ലിം – ക്രിസ്ത്യൻ വിഭാഗങ്ങൾ തമ്മിലും വ്യത്യാസമുണ്ട്. ഹിന്ദുക്കളിൽ തന്നെ കേരളത്തിലെ നിയമമല്ല മറ്റു സംസ്ഥാനങ്ങളിൽ നിലവിലുള്ളത്. കേരളത്തിൽ 1976 നവംബർ 30 ന് മുൻപും ശേഷവും ജനിച്ച കൂട്ടുകുടുബ ഹിന്ദുക്കൾക്ക് വ്യത്യസ്ത അവകാശങ്ങളാണുള്ളത്.

ബഹുഭൂരിപക്ഷം ആളുകൾക്കും ഈ നിയമങ്ങളെപ്പറ്റി അറിവില്ല എന്നതാണ് വസ്തുത. മരണ ശേഷം ആസ്തികൾ പങ്കാളിക്കും മക്കൾക്കും സ്വാഭാവികമായി വന്നുചേരുമെന്ന് നമ്മൾ കരുതുന്നു. പക്ഷെ നിയമം അങ്ങനെയല്ല.നമ്മുടെ മരണശേഷം നിയമപരമായി അവകാശമുള്ളവർ ആ അവകാശംഉന്നയിക്കും, അത് ലഭിച്ചില്ലെങ്കിൽ അവർ കോടതിയെ സമീപിക്കും. അതോടെ നമ്മുടെ കുട്ടികൾക്കും പങ്കാളികൾക്കും സ്വത്ത് ലഭിക്കില്ലെന്ന് മാത്രമല്ല ബന്ധുക്കളുമായി കേസുണ്ടാകുകയും നല്ല ബന്ധങ്ങൾ തകരുകയും ചെയ്യും. അതുകൊണ്ട് വിൽപത്രം എഴുതിവെക്കേണ്ടത് സ്വത്തിന് മാത്രമല്ല കുടുബ സമാധാനത്തിനും പ്രധാനമാണ്.

4. നമ്മുടെ ബാങ്ക് ഡെപ്പോസിറ്റുകളിൽ നോമിനിയെ വെച്ചിട്ടുണ്ടെങ്കിൽ പിന്നെ അതിനായി വിൽപത്രമെഴുതേണ്ട കാര്യമുണ്ടോ ?ഉണ്ട്, കാരണം ബാങ്കിലെ നോമിനിക്ക് നമ്മുടെ പണം എടുത്ത് ഉപയോഗിക്കാനുള്ള അധികാരമില്ല. നമ്മുടെ മരണശേഷം ആ പണം നിയമപരമായ അവകാശികൾക്ക് പങ്കുവെച്ചു കൊടുക്കുക എന്നതുമാത്രമാണ് നോമിനിയുടെ ഉത്തരവാദിത്തം. നോമിനി അത്തരത്തിൽ ഒരു അവകാശി ആണെങ്കിൽ ആ അവകാശത്തിനനുസരിച്ചുള്ള വിഹിതമേ അയാൾക്ക് കിട്ടൂ.

5. വിൽപത്രം എഴുതിക്കഴിഞ്ഞാൽ നമുക്ക് സ്വത്തിലുള്ള അവകാശവും സ്വാതന്ത്ര്യവും നഷ്ടപ്പെടില്ലേ? പങ്കാളിയും മക്കളും നമ്മളെ ശ്രദ്ധിക്കാതിരിക്കുയോ ദ്രോഹിക്കുകയോ ചെയ്യില്ലേ?ഇല്ല, വിൽപത്രം എഴുതിക്കഴിഞ്ഞാലും നമ്മുടെ സ്വത്തിലും സന്പാദ്യത്തിലും നമുക്കുള്ള അവകാശങ്ങൾ നമ്മൾ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഗുണഭോക്താവിന് ലഭിക്കുന്നില്ല. വിൽപത്രം എഴുതി എന്നതുകൊണ്ട് നമ്മുടെ പങ്കാളിക്കോ മറ്റുള്ളവർക്കോ അതിൽ പ്രത്യേകിച്ച് ഒരധികാരവും കൈവരുന്നില്ല.

6. ഒരിക്കൽ എഴുതിയ വിൽപത്രം മാറ്റി എഴുതാമോ?തീർച്ചയായും, ഒരിക്കൽ എഴുതിയ വിൽപത്രത്തിന് ഭേദഗതി വരുത്തുകയോ, പൂർണമായി റദ്ദ് ചെയ്ത് പുതിയ വിൽപത്രം എഴുതുകയോ ചെയ്യാം. ഇത് എത്ര പ്രാവശ്യം വേണമെങ്കിലും ചെയ്യാം. നിങ്ങളുടെ ആസ്തികൾ കൂടുന്നതനുസരിച്ച് അഞ്ച് വർഷത്തിൽ ഒരിക്കലെങ്കിലും വിൽപത്രം പുതുക്കി എഴുതുന്നതാണ് നല്ലത്. വിവാഹം, പുനർ വിവാഹം, അടുത്ത ബന്ധുക്കളുടെ മരണം, കൂടുതൽ അപകടസാദ്ധ്യതകൾ ഉള്ള പ്രദേശത്തേക്ക് പോകുന്നത്, ഇതൊക്കെ വിൽപത്രം മാറ്റിയെഴുതാനുള്ള അവസരമാണ്. ഓരോ വിൽപത്രത്തിലും അതെഴുതിയ തിയതി ഉണ്ടായിരിക്കണം. ഓരോ ആസ്തികളുടെയും ഏറ്റവും അവസാനം എഴുതിയ വിൽപത്രമാണ് നിയമപരമായി നിലനിൽക്കുന്നത്.

7. ഏത് പ്രായത്തിലാണ് വിൽപത്രം എഴുതേണ്ടത് ?പ്രായപൂർത്തി ആവുകയും സ്വന്തമായി ആസ്തികൾ ഉണ്ടാവുകയും ചെയ്യുന്ന മുറക്ക് വിൽപത്രം എഴുതാം. സന്പാദ്യം ആയില്ലെങ്കിൽ പോലും മരണശേഷം ഏതെങ്കിലും വിധത്തിൽ (ഇൻഷുറൻസിൽ നിന്നോ തൊഴിൽ സ്ഥാപനത്തിൽ നിന്നോ) ലഭിക്കാവുന്ന ആനുകൂല്യങ്ങൾ ആർക്കാണ് നൽകേണ്ടതെന്ന് എഴുതിവെക്കാമല്ലോ. വിൽപത്രം എഴുതാൻ എന്തൊക്കെയാണ് വേണ്ടത്?വിൽപത്രം എങ്ങനെ ആയിരിക്കണം എന്നതിന് ഇന്ത്യയിൽ കർശനമായ നിബന്ധനകളില്ല. നിങ്ങളുടെ ആസ്തി – ബാധ്യതകൾ എന്തെന്നും അവ ആർക്ക് ഏത് തരത്തിൽ നൽകാനാണ് തീരുമാനിച്ചതെന്നും കൃത്യമായി നിഷ്കർഷിക്കുന്ന ഒന്നായിരിക്കണം അത്. എഴുതി തയ്യാറാക്കിയതോ, കന്പ്യൂട്ടർ പ്രിന്റോ ആകാം. അതിൽ നിങ്ങൾ ദിവസവും വർഷവും കാണിച്ച് പേരും മേൽവിലാസവും എഴുതി ഒപ്പ് വെച്ചിരിക്കണം. നിങ്ങൾ പൂർണ്ണ മാനസിക ആരോഗ്യത്തോടെയും മറ്റാരുടെയും നിർബന്ധത്തിന് വഴങ്ങാതെയുമാണ് വിൽപത്രത്തിൽ ഒപ്പ് വെക്കുന്നതെന്നും രണ്ടു പേർ സാക്ഷ്യപ്പെടുത്തണം. നിങ്ങളും സാക്ഷികളും ഒരേ സമയത്തു തന്നെ വേണം വിൽപത്രത്തിൽ ഒപ്പ് വെയ്ക്കാൻ. അങ്ങനെയാണ് ചെയ്തതെന്ന് അതിൽ രേഖപ്പെടുത്തുകയും വേണം. അഞ്ചു പൈസയുടെ ചിലവില്ലാത്ത കാര്യമാണ്.

9. അപ്പോൾ വിൽപത്രം എഴുതുന്നത് മുദ്രപ്പത്രത്തിൽ വേണമെന്നില്ലേ?
തീർച്ചയായും ഇല്ല. എന്ന് മാത്രമല്ല വിൽപത്രം എഴുതാൻ നിയമപരമായി വക്കീലിന്റെയോ ആധാരമെഴുത്തുകാരന്റെയോ ആവശ്യവുമില്ല. എന്നാൽ നിങ്ങളുടെ മരണശേഷം വിൽപത്രം കോടതി കയറാനുള്ള സാധ്യതയുള്ളതിനാൽ ഈ വിഷയത്തിൽ പരിചയമുള്ള വക്കീലന്മാരുടെ സഹായം തേടുന്നതാണ് ഉത്തമം. ഓരോ ആസ്തിയുടെയും കൃത്യമായ കണക്കുകളും, എങ്ങനെയാണ് അത് ഓരോരുത്തരുടെയും പേരിൽ കൃത്യമായി എഴുതി വെക്കേണ്ടത് എന്നും അവർ നിങ്ങൾക്ക് പറഞ്ഞു തരുകയും ഉറപ്പാക്കുകയും ചെയ്യും.വിൽപത്രം രജിസ്റ്റർ ചെയ്യേണ്ട ആവശ്യമുണ്ടോ?നിയമപരമായി രജിസ്റ്റർ ചെയ്ത വിൽപത്രത്തിനും രജിസ്റ്റർ ചെയ്യാത്ത വിൽപത്രത്തിനും തുല്യ സാധുതയാണ്. എന്നാൽ നിങ്ങളുടെ മരണശേഷം വിൽപത്രം കോടതിയിൽ ചോദ്യം ചെയ്യപ്പെടുകയും അതിൽ ഒപ്പ് വെച്ചത് നിങ്ങൾ തന്നെയാണോ, സ്വബോധത്തോടെയാണോ എന്നൊക്കെ തർക്കങ്ങൾ വരികയും ചെയ്താൽ, രജിസ്റ്റർ ചെയ്ത പ്രമാണത്തിന്റെ ആധികാരികത തെളിയിക്കാൻ താരതമ്യേന എളുപ്പമാണ്.

11. വിൽപത്രം രജിസ്റ്റർ ചെയ്യുന്പോൾ അതിൽ എഴുതിയിരിക്കുന്നതെന്താണെന്ന് ആളുകൾ അറിയില്ലേ?വിൽപത്രം എന്നത് ഒരു സ്വകാര്യ രേഖയാണ്. രജിസ്റ്റർ ചെയ്താലും അതിന്റെ കോപ്പി നമ്മൾ ജീവിച്ചിരിക്കുന്പോൾ, മറ്റാർക്കും ലഭിക്കുവാൻ (ബന്ധുക്കൾക്ക് ഉൾപ്പടെ) അവകാശമില്ല. കൂടുതൽ പ്രൈവസി വേണമെങ്കിൽ വിൽപത്രം തയ്യാറാക്കി സീൽ ചെയ്ത് ജില്ലാ രജിസ്‌ട്രാറുടെ അടുത്ത് ഡെപ്പോസിറ്റ് ചെയ്യുകയും ചെയ്യാം. നമ്മുടെ മരണശേഷം മാത്രമേ അത് തുറക്കുകയുള്ളൂ.
ആരെയാണ് സാക്ഷികളാക്കേണ്ടത്?നിങ്ങളുടെ മരണശേഷം വിൽപത്രത്തിൽ എഴുതിയിരിക്കുന്ന കാര്യങ്ങളിൽ ആരെങ്കിലും തർക്കം ഉന്നയിച്ചാൽ ആ സമയത്ത് കോടതിയിലെത്തി, ആ വിൽപത്രം എഴുതിയത് നിങ്ങൾ തന്നെയാണെന്നും പൂർണ്ണ മാനസിക ആരോഗ്യത്തോടെയും മറ്റാരുടെയും സമ്മർദ്ദത്തിന് വഴങ്ങാതെയുമാണ് എന്ന് തെളിയിക്കേണ്ടി വരുന്നിടത്താണ് സാക്ഷിയുടെ പ്രാധാന്യം വരുന്നത്. അതുകൊണ്ടുതന്നെ നിങ്ങളെക്കാൾ പ്രായം കുറഞ്ഞതും,നിങ്ങൾ താമസിക്കുന്ന പ്രദേശത്ത് തന്നെ ജീവിക്കുന്നതും, കോടതിക്ക് വിശ്വാസ്യത തോന്നുന്നതും ആയവരെ സാക്ഷികളാക്കുന്നതാണ് നല്ലത്. വക്കീലന്മാർ, ഡോക്ടർമാർ, സമൂഹം ആദരിക്കുന്നവർ എന്നിവരെ സാക്ഷിയാക്കുന്നത് വിശ്വാസ്യത കൂട്ടും. നിങ്ങളുടെ വിൽപത്രം കൊണ്ട് നേരിട്ടോ അല്ലാതെയോ ഗുണം ലഭിക്കുന്ന ആരും സാക്ഷികളാകാതിരിക്കുന്നതാണ് നല്ലത്.

13. മരണശേഷം ശരീരം എന്ത് ചെയ്യണം, അവയവങ്ങൾ ദാനം ചെയ്യണോ എന്നൊക്കെയുള്ള കാര്യങ്ങൾ വിൽപത്രത്തിൽ എഴുതാമോ?
ഇത്തരം കാര്യങ്ങൾ വിൽപത്രത്തിൽ എഴുതുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല. പക്ഷെ ഇന്ത്യയിൽ മരണശേഷം ശരീരത്തിന്റെ അവകാശി നിയമപരമായി നമ്മൾ അല്ലാത്തതിനാൽ വിൽപത്രത്തിൽ എഴുതിയത് കൊണ്ട് മാത്രം കാര്യങ്ങൾ നമ്മുടെ താല്പര്യപ്രകാരം നടപ്പാകുമെന്ന് ഉറപ്പു വരുത്താൻ നിയമപരമായി സാധ്യമല്ല. നിങ്ങളുടെ പങ്കാളിയുടെ അല്ലെങ്കിൽ മക്കളുടെ സമ്മതമാണ് ഇക്കാര്യത്തിൽ പ്രധാനം. അവരോട് കാര്യങ്ങൾ പറയുകയും ബോധവൽക്കരിക്കുകയും ചെയ്യുകയാണ് മരണശേഷം ശരീരാവയവങ്ങൾ ദാനം ചെയ്യുക എന്ന ആഗ്രഹം സാധിക്കുവാനുള്ള ഒരേയൊരു വഴി.

14. ഒരാൾക്ക് ഒന്നിൽ കൂടുതൽ വിൽപത്രങ്ങൾ എഴുതാമോ?ഒന്നിൽ കൂടുതൽ വിൽപത്രങ്ങൾ എഴുതുന്നതിന് തടസ്സമില്ല എന്നിരുന്നാലും ഒരേ ആസ്തികൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ള കാര്യം വ്യത്യസ്തമായിട്ടാണ് എഴുതുന്നതെങ്കിൽ ഏറ്റവും പുതിയ വിൽപത്രം മാത്രമേ നിലനിൽക്കൂ. അതേസമയം വ്യത്യസ്ത ആസ്തികൾ കൈകാര്യം ചെയ്യുന്നതിന് വ്യത്യസ്ത വിൽപത്രം ഉണ്ടായത് കൊണ്ട് കുഴപ്പമില്ല താനും.
വിദേശത്ത് വെച്ച് എഴുതിയ വിൽപത്രങ്ങൾക്ക് ഇന്ത്യയിൽ സാധുതയുണ്ടോ?
വിദേശത്ത് വെച്ച് എഴുതി എന്നതുകൊണ്ട് മാത്രം അതിന് സാധുതക്കുറവില്ല. പക്ഷെ, വിൽപത്രത്തിന്റെ ഏറ്റവും വലിയ പ്രസക്തി നമ്മുടെ നിർദ്ദേശങ്ങളിൽ സ്വത്തിന്റെ സ്വാഭാവിക അവകാശികൾ തമ്മിൽ തർക്കം ഉണ്ടാകുന്പോഴാണ്. അങ്ങനെ ഒരു സാഹചര്യം വന്നാൽ വിദേശത്ത് എഴുതിയ വിൽപത്രം നാട്ടിലെ കോടതികളിൽ തെളിയിക്കാൻ ബുദ്ധിമുട്ട് വരും. ഓരോ രാജ്യത്തെയും ആസ്തികളെ സംബന്ധിച്ച വിൽപത്രങ്ങൾ അതാത് രാജ്യത്ത് വെച്ചാകുക തന്നെയാണ് കൂടുതൽ അഭികാമ്യം.

16. സ്വന്തമായി ആസ്തികളുണ്ടെങ്കിലും അവ വിൽപത്രത്തിൽ എഴുതാൻ വിലക്കോ പരിമിതികളോ ഉള്ളവരുണ്ടോ?ഇന്ത്യയിലെ സാഹചര്യത്തിൽ മൂന്നു തരത്തിലുള്ള സാഹചര്യത്തിൽ സ്വന്തമായി ആസ്തികൾ ഉണ്ടെങ്കിലും വിൽപത്രം എഴുതാൻ പരിമിതികൾ ഉള്ളവരുണ്ട്.(a) പൂർണ്ണമായ മാനസിക ആരോഗ്യം ഇല്ലാത്തവരും ഓർമ്മ നഷ്ടപ്പെട്ടവരും – ജന്മനാ ബുദ്ധിപരമായ വെല്ലുവിളികൾ ഉളളവർക്കും അപകടം കൊണ്ടോ രോഗം കൊണ്ടോ പ്രായം കൊണ്ടോ മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കും വിൽപത്രം എഴുതാൻ പരിമിതികളുണ്ട്. അവർ വിൽപത്രം എഴുതിയാലും കോടതി അംഗീകരിക്കണമെന്നില്ല.(b) ഇന്ത്യയിലെ വ്യക്തിനിയമം എല്ലാവർക്കും ഒരു പോലെയല്ല എന്ന് പറഞ്ഞല്ലോ. ഇന്ത്യയിലെ നിയമ വ്യവസ്ഥകൾ അംഗീകരിച്ചിരിക്കുന്ന മുസ്ലിം വ്യക്തിനിയമങ്ങൾ അനുസരിച്ച് മുസ്ലീങ്ങൾക്ക് അവരുടെ മൊത്തം സ്വത്തും വിൽപത്രത്തിലൂടെ ആളുകൾക്ക് എഴുതി നല്കാൻ സാധ്യമല്ല.

ആദ്യമായി മരണാനന്തര കർമ്മ /പരലോകപുണ്യ ചെലവുകൾ, ബാധ്യതകൾ എന്നിവ ഒഴിവാക്കിയുള്ളതാണ് ആകെ സ്വത്ത്. അതിൽ തന്നെ മൂന്നിൽ ഒരു ഭാഗം സ്വത്തു മാത്രമേ സ്വാഭാവിക അവകാശികൾ അല്ലാത്തവർക്ക് എഴുതി നല്കാൻ സാധിക്കൂ. അതിൽത്തന്നെ സുന്നി നിയമപ്രകാരം വിൽപത്രത്തിൽ പറയുന്ന ഗുണഭോക്താവ് അവകാശിയാണെങ്കിൽ മറ്റ് അവകാശികളുടെ സമ്മതംകൂടി വേണം.
(c) ചില ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദു കുടുംബങ്ങളിൽ മറ്റുള്ളവർക്ക് ചില സ്വാഭാവികമായ അവകാശങ്ങളുണ്ട്, ഇത് വിൽപത്രം വഴി മാറ്റിയെഴുതാൻ സാധിക്കില്ല.ആരാണ് വിൽ എക്സിക്യൂട്ടർ?നമ്മൾ വിൽപത്രത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ നടപ്പിലാക്കാൻ നിയമപരമായി അധികാരമുള്ള ആളാണ് വിൽ എക്സിക്യൂട്ടർ. വിൽ എഴുതുന്ന സമയത്ത് തന്നെ നമുക്ക് അതാരാണെന്ന് തീരുമാനിച്ച് എഴുതിവെക്കാം. സാക്ഷിയുടെ കാര്യം പറഞ്ഞത് പോലെ തന്നെ പ്രായപൂർത്തിയായ പൂർണ്ണ മാനസിക ആരോഗ്യമുള്ള ആളായിരിക്കണം.

നമ്മുടെ മരണശേഷമാണല്ലോ വില്ലിന്റെ ആവശ്യം വരുന്നത്, അതുകൊണ്ട് തന്നെ നമ്മളെക്കാൾ പ്രായം കുറഞ്ഞവരായിരിക്കുന്നതാണ് നല്ലത്. വിൽപത്രം വഴി ഗുണമുണ്ടാകുന്ന ആളുകൾ ആകാതിരിക്കുന്നതാണ് നല്ലത്. വിൽ നടപ്പാക്കുന്നതിന് അവർക്ക് വേണമെങ്കിൽ ഒരു തുക എഴുതി വെക്കാവുന്നതേ ഉള്ളൂ. നമ്മുടെ മരണത്തിന് മുൻപ് എക്സിക്യൂട്ടർ മരിച്ചു പോവുകയോ ഓർമ്മയോ മാനസികാരോഗ്യമോ നഷ്ടപ്പെടുകയോ ചെയ്താൽ വിൽപത്രം മാറ്റി എഴുതണം. വിൽപത്രത്തിന് ഒരു എക്സിക്യൂട്ടർ വേണമെന്ന് നിർബന്ധമില്ല.വിൽ പ്രൊബേറ്റ് ചെയ്യുക എന്നാൽ എന്താണ്?ഒരാളുടെ മരണശേഷം വിൽ നടപ്പിലാക്കാൻ കോടതിയുടെ ഔദ്യോഗിക അനുമതി നേടുന്ന നിയമപ്രക്രിയയാണ് പ്രൊബേറ്റ്. വിൽ എഴുതിയ ആളുടെ മരണശേഷം എക്സിക്യൂട്ടർക്കോ മറ്റേതെങ്കിലും ആൾക്കോ വിൽ പ്രൊബേറ്റ് ചെയ്യണമെന്ന ആവശ്യത്തോടെ ജില്ലാ കോടതിയെ സമീപിക്കാം. കോടതി വിൽപത്രത്തിലെ സാക്ഷികളെ വിസ്തരിച്ച ശേഷം വിൽപത്രത്തിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ എക്സിക്യൂട്ടർക്ക് അവകാശം നൽകും. ഒരിക്കൽ തെളിയിച്ച വിൽപത്രം വീണ്ടും തെളിയിക്കേണ്ടതില്ല.

19. എനിക്ക് താല്പര്യമുള്ള ഒരു വിൽപത്രം കപടമാണെന്ന് തോന്നിയാൽ ഞാൻ എന്ത് ചെയ്യണം?സ്വത്തും പണവും ഉൾപ്പെട്ടതിനാൽ സ്വത്തിന്റെ അവകാശിയെ തെറ്റിദ്ധരിപ്പിച്ച് രേഖകൾ ഉണ്ടാക്കുന്നതും, സ്വത്തവകാശിക്ക് മാനസികമായ ബുദ്ധിമുട്ടുള്ള കാലത്തോ ഓർമ്മ നഷ്ടപ്പെട്ട കാലത്തോ അവരെക്കൊണ്ട് വിൽപത്രം എഴുതിക്കുന്നതും, അവരുടെ കള്ളയൊപ്പിടുന്നതും അസാധാരണമല്ല. നിങ്ങൾക്ക് താല്പര്യമുള്ള ഒരു വിൽപത്രത്തിൽ ഇത്തരം കുതന്ത്രങ്ങൾ ഉണ്ടെന്ന് സംശയം തോന്നിയാൽ അത് കോടതി മുൻപാകെ ബോധിപ്പിച്ച് വിൽപത്രത്തിന്റെ നിയമ സാധുത ചോദ്യം ചെയ്യാം. കോടതി വിൽപത്രത്തിലെ സാക്ഷികളെ വിസ്തരിച്ച ശേഷം വിൽപത്രം സാധുത ഉള്ളതാണോ അല്ലയോ എന്ന് വിധിക്കും.നമ്മുടെ ജീവിതം എത്രമാത്രം പ്രവചനാതീതമാണെന്നതിന്റെ തെളിവുകൾ ഓരോ ദിവസവും കാണുന്നതുകൊണ്ട് നാളെ ചെയ്യാം എന്ന് കരുതി മാറ്റിവെക്കേണ്ട ഒന്നല്ല വിൽപത്രം. ഇന്ന് തന്നെ ഈ കാര്യത്തെപ്പറ്റി ചിന്തിക്കൂ, ഏറ്റവും വേഗത്തിൽ പരിചയത്തിലുള്ള ഒരു വക്കീലിനെ കണ്ട് വേണ്ട കാര്യങ്ങൾ എഴുതിവെക്കൂ. വിദേശത്ത് ജീവിക്കുന്ന മലയാളികളും കേരളത്തിൽ സ്വത്തുള്ള വിദേശ പൗരന്മാരും ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.
കടപ്പാട് : മുരളി തുമ്മാരുകുടി, അഡ്വ. കെ.എൻ അനിൽ കുമാർ.