ഞാൻ ഇവിടെ സ്ത്രീധനത്തെ കുറിച്ചോ അത് കൊടുക്കന്നതിനെ കുറിച്ചോ വാങ്ങുന്നതിനെകുറിച്ചോ ഒന്നും പ്രതിപാദിക്കുന്നില്ല .ഇതൊക്കെ ഇനിയും തുടരും . കല്യാണത്തിന് അണിഞ്ഞൊരുങ്ങി നിന്നപ്പോൾ ബ്യുട്ടീഷൻ കാരുടെ വക ഇടാൻ തുടങ്ങിയപ്പോൾ വേണ്ട എന്ന് പറഞ്ഞ എന്നോട് ഒന്നുമില്ലാത്ത പോലും ഇതും കൂടി ഇട്ടോ എന്ന് പറയിച്ചതു സമൂഹം ആയിരുന്നു .എനിക്ക് ഉള്ളതേ ഞാൻ ഇടുകയുള്ളു എന്ന് തന്നെ പറഞ്ഞു ഉള്ളത് ഇട്ടുകൊണ്ട് ഇറങ്ങിയതിനോടും ഇപ്പോൾ പുച്ഛം തോന്നിയിട്ട് കാര്യമില്ലല്ലോ ? ഇതൊക്കെ ഇനിയും തുടരും .സാമ്പത്തികം ഉള്ള വീട്ടിലെ പെങ്കൊച്ചാണ് എന്നൊക്കെ ഗർവോടെ പറയാനും അത് കേട്ട് അന്തം വിട്ട കുന്തം പോലെ നിന്ന് കേൾക്കാനും ഉള്ളവർ ഉള്ള സമൂഹമാണ് നമ്മുടേത് .
തപ്പാട് എന്ന ഹിന്ദി സിനിമയിൽ ഭർത്താവു തല്ലിയതിനു ഡിവോഴ്സ് വാങ്ങിച്ച ആ കഥാപാത്രത്തെ മനസ് കൊണ്ട് അംഗീകരിക്കാത്തവർ(പെണ്ണുങ്ങൾ) ചുരുക്കം ആയിരുന്നു. അവളുടെ ഭർത്താവു കാല് പിടിച്ചു സോറി പറഞ്ഞിട്ടും ഡിവോഴ്സ് ചെയ്തത് അവളുടെ അഹങ്കാരം ആണെന്നും പറഞ്ഞവർ ചെറുതല്ല . അവിടെ അവളുടെ ശെരികളെ ഇരു കയ്യും നീട്ടി സ്വീകരിക്കാൻ അവളുടെ അമ്മമ്മയെക്കാൾ മുൻപന്തിയിൽ നിന്നതു അവളുടെ അച്ഛൻ ആയിരുന്നു.ഇവിടെ വിസ്മയ എന്ന പെൺകുട്ടി , വാട്സാപ്പിൽ ചാറ്റ് ചെയുന്നുണ്ട് എന്നെ അടിച്ചു , മുഖത്ത് ചവിട്ടി ,ഞാൻ പുറത്തു ഇരിക്കുവാ എന്നൊക്കെ. ഇതെല്ലം നീ അച്ഛനോട് പറയണം എന്ന് മറുപടി കൊടുക്കുമ്പോൾ, അവൾ കൊടുത്ത മറുപടി ഉണ്ട്.
ഞാൻ ഇതൊന്നും ആരോടും പറയുന്നില്ല എന്ന്. എന്തുകൊണ്ടാണ് അങ്ങനെ അവൾ പറഞ്ഞത്? അല്ലെങ്കിൽ പറയേണ്ടി വന്നത്? “നമ്മുടെ സമൂഹം”. തിരികെ വീട്ടിലേക്കു കയറി ചെല്ലുവാനുള്ള ബുദ്ധിമുട്ടു.അച്ഛനും അമ്മയ്ക്കും സഹോദരനും കുടുംബത്തിനും താൻ ഒരു ബാധ്യത ആകുമെന്നുള്ള ഉൾഭയം . അത് അവളുടെ മാത്രം ഉൾഭയം ആയിരുന്നില്ല. ഞാൻ ഉൾപ്പെടുന്ന പെൺവർഗ്ഗത്തിന്റെ ആണ്.
ഓണത്തിന് ശർക്കര പായസം ഉണ്ടാകുന്ന എന്റെ വീട്ടിൽ, പാല്പായസം ഇഷ്ടമുള്ള എനിക്ക് ഉണ്ടാക്കി തന്നിട്ട് പറയുമായിരുന്നു, മറ്റൊരു വീട്ടിൽ ചെല്ലുമ്പോൾ ഇതുപോലെ ഇഷ്ടമുള്ളത് ഉണ്ടാക്കി തരില്ല എന്ന്.
ആ പാല്പായസം മൂക്കുമുട്ടെ കുടിക്കുന്നതിനിടയിൽ, ആ പറഞ്ഞതിന്റെ പൊരുൾ എന്താണെന്നു ചിന്തിക്കാൻ ഉള്ള മൂള അന്നില്ലായിരുന്നു. കെട്ടിച്ചു വിട്ടാൽ പിന്നെ അതാണ് അവളുടെ ലോകം എന്ന് പറഞ്ഞു പഠിപ്പിക്കുന്ന വീട്ടുകാരിൽ നിന്ന് മാറി ചിന്തിക്കുന്നവർക്കു ഇവിടെ അഭിപ്രായം പറയാം. അവൾക്കു തിരികെ ചെല്ലാൻ ഉള്ള സ്വാതന്ത്ര്യം ഇല്ലാതാക്കിയത് ഞാൻ ഉൾപ്പെടുന്ന നമ്മുടെ സമൂഹം ആണ്.ഉപദേശകരുടെ നീണ്ട നിരയിൽ നിന്ന് ആശ്വാസം കിട്ടുന്നവരെ തിരഞ്ഞു പിടിച്ചു പ്രശ്നങ്ങൾ പറഞ്ഞു കൊണ്ടേ ഇരിക്കും. ഈ കേൾക്കുന്നവർ നല്ലൊരു കേൾവിക്കാരനാകും. എന്നിട്ടു സമാധനം കിട്ടുന്ന കാര്യങ്ങൾ പറയുന്ന കൂട്ടത്തിൽ അവസാനം ചേർക്കും: നമ്മൾ ഒന്ന് കണ്ണടച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു എന്ന്. ഇനി കണ്ണടച്ച് കൊടുക്കാതെ വീട്ടിൽ എത്തിയാലോ? സ്റ്റാറ്റസ്, പ്രിവിലേജ് എന്നൊക്കെ നമ്മൾ ഓമന പേരിട്ടു വിളിക്കുന്ന ആ സാധനത്തിനെ പിടിച്ചു ചുറ്റി വരിഞ്ഞു അതിന്റെ വാലിൽ കെട്ടിതിരിച്ചു അയക്കും.
എന്നിട്ടു പറയും ഇങ്ങനെ ഒക്കെ ആണ് കുടുംബജീവിതം എന്ന്. ഞങൾ പെണ്ണുങ്ങൾ ഉള്ള വാട്സ്ആപ് ഗ്രൂപ്പിൽ ചർച്ച വിഷയമായ ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഒരു കണക്കെടുപ്പ് നടത്തിയപ്പോൾ എല്ലാവരും ഇങ്ങനെ ഒക്കെ ആണല്ലേ എന്ന് ഓർത്തു സമാധാനിച്ചിട്ടു കുറെ ഹാഷ് ടാഗുകളുടെയും ന്യൂസ്കളുടെയും പിറകെ പോയി. ഉത്ര, വിസ്മയ..? ഇതിലൊന്നും ഒരു മാറ്റവും വരൻ പോകുന്നില്ല ഹേ. കല്യാണമേ കഴിക്കണ്ടായിരുന്നു എന്ന് ഉറക്കെ വിളിച്ചു പറഞ്ഞത് ഞങ്ങൾ കൂട്ടുകാരല്ലാതെ മറ്റാരും ആ ചാറ്റ് കേൾക്കുകയോ കാണുകയോ ചെയ്യില്ല എന്ന ഉറപ്പിന് മേൽ പലതും ഞങ്ങൾ പരസ്പരം പങ്കു വെച്ചു. അടുത്ത ഒരു ന്യൂസ് കിട്ടുന്നത് വരെ ഇത് തുടരും ശുഭം
രശ്മി അജേഷ്