കഴിഞ്ഞദിവസം സുഹൃത്തുമായി സംസാരിച്ചിരിക്കുമ്പോൾ ആയിരുന്നു അവൻ ഏറെ സങ്കടത്തോടെ ഒരു കാര്യം പറഞ്ഞത്.അവന്റെ ഉമ്മ മരിച്ചിട്ട് മൂന്നു മാസത്തോളമായി പക്ഷെ ഇപ്പോൾ അവനെ ഏറെ തളർത്തുന്നൊരു കാര്യമുണ്ടായിരുന്നു.ഉപ്പയുടെ മുഖം.എത്ര ഗൗരവം ഉള്ള ആളായിരുന്നു ഉപ്പ എന്നറിയോടാ ,പക്ഷെ ഉമ്മ പോയേപ്പിന്നെ ഉപ്പാനെ അധികം കാണില്ല കാണില്ലാന്ന് പറഞ്ഞാൽ റൂമിൽ തന്നെയാണ് അധികസമയവും നടുമുറിയിലേക്ക് വരെ വരാൻ മൂപ്പർക്ക് കഴിയാറില്ല ,ആകെക്കൂടി ഒതുങ്ങിക്കൂടി അവസ്ഥ ഈ കൊറോണ ആയതോണ്ട് അങ്ങാടീൽ പോവാനോ പള്ളീൽ പോകാനോ പറ്റും ഇല്ല ഉപ്പാക്ക് ,എന്തോ ഒരുതരം മരവിപ്പാണ് ആളെ കാണുമ്പോൾ എന്ന് .ഉള്ളത് പറയാലോ അവനത് പറഞ്ഞത് അത് കേട്ടപ്പൊത്തന്നെ മനസ്സൊന്നു പിടിവിട്ടു.
അല്ലെങ്കിലും ദുനിയാവിൽ ഏറ്റവും പ്രയാസപ്പെടുന്നവരുടെ കൂട്ടത്തിൽ ഒന്നാംനിരയിൽ ഉള്ളവരാണ് വാർദ്ധക്യത്തിൽ ഭാര്യ മരണപ്പെട്ട ഭർത്താക്കന്മാർ.അത്രയ്ക്ക് നിസ്സഹായാവസ്ഥ നേരിടുന്നൊരു ജന്മം വേറെ കാണില്ല .ശെരിക്കും ഒറ്റപ്പെടുന്ന അവസ്ഥയാണ് .വാർധക്യം വന്നെത്തിയ സ്ത്രീകളെപ്പോലെ അല്ല പുരുഷന്മാർ ,അവർ ഏറെ ദുര്ബലരാണ് മിക്ക കാര്യങ്ങൾക്കും.എടിയേ ഇയ്യൊരു കട്ടൻ എടുത്താ ഇങ്ങട്ട് എന്ന് പറഞ്ഞു മുൻപിലൊരു കട്ടൻചായ വന്നെത്തി അതും കുടിച്ചോണ്ട് ഇരിക്കുന്ന ഒരു ഇരിപ്പുണ്ട് അവർക്ക് ,അത് ഇല്ലാണ്ട് ആവുമ്പോൾ മരുമോളോടും പേരക്കുട്ട്യോളോടും പറയുന്നതിന്റെ പരിമിതികൾ അവർക്ക്മാത്രമേ നിർവചിക്കാൻ പറ്റൂ.
ചങ്ങായിക്ക് ഓന്റെ ഉപ്പാനോട് ഇങ്ങക്കെന്തേലും വേണോ ഉപ്പ എന്ന് ചോദിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ് ..ഇനി ചോദിച്ചാൽ തന്നെ ഉപ്പാന്റെ മുഖവും മൂളലും നടത്തവും ഇരുത്തവും എല്ലാം ബാലൻസില്ലാത്ത അവസ്ഥയിൽ ആണ്.ആഗ്രഹങ്ങൾ സ്വപ്നങ്ങൾ പരാതികൾ കരുതലുകൾ,ഇതെല്ലാം ഖബറിട്ട് മൂടിയ നാളിൽ മക്കളൊക്കെ അവരുടേതായ ജീവിതങ്ങളിലേക്ക് എന്ഗേജ്ഡ് ആവുമ്പോൾ കൂടെ ഉണ്ടായിരുന്നവൾ കിടന്നുറങ്ങാൻ നേരം ഒരു പാത്രത്തിൽ വെള്ളം കൊണ്ട് വെച്ച് എനിക്കത് ശീലമുണ്ടെന്ന് മനസ്സിലാക്കിയവൾ പെട്ടന്ന് ഇല്ലാണ്ടാവുമ്പോൾ ഏത് നെഞ്ചുവിരിച്ചു നടന്നവനുമൊന്നു പതറും ഒന്ന് കണ്ണുനിറയും ചിലപ്പോ മനസ്സിന്റെ പിടി വിട്ടുപോകും..അതെങ്ങനെയാ ബീഡീം വലിച്ചോണ്ട് അങ്ങാടിയിൽകൂടി നടന്നുപോകുന്ന നമ്മുടെ മലബാർ ഭാഷയിൽ പറഞ്ഞാൽ വല്യാപ്പമാര്, അവരിൽ അധികവും നാട്ടിലെ പള്ളിക്കകങ്ങളിൽ ആയിരിക്കും സമയം ചിലവഴിക്കുക.
കുറച്ചു വാശിയും ദേഷ്യവുമൊക്കെ കാണിച്ചുകൊണ്ട് നടക്കുമെങ്കിലും അവരിൽ പ്രിയപ്പെട്ടവൾ വിട്ടു പിരിഞ്ഞവൾ ആണെങ്കിൽ അതെല്ലാം പതിയെപ്പതിയെ നിന്നുപോകും.സുഹൃത്ത് പറഞ്ഞപോലെ ഒന്ന് ഉമ്മറത്ത് വന്നിരുന്നു വർത്താനം പറയാന്പോലും ചിലപ്പോ സാധിച്ചെന്ന് വരില്ല.ഒളിവിടെ പോയി കിടക്കാണ് കൊറേനേരായല്ലോ കാത്ത് നിക്കുന്നു ബസ്സിപ്പോ പോവടി എന്ന് പറയുമ്പോൾ നിക്കി മൻഷ്യ ഞാനീ പാത്രമൊക്കെ ഒന്ന് കഴുകി വെക്കട്ടെ ഇപ്പം വരാം എന്ന് മറുപടി പറയാനും കേൾക്കാനും ഒരാൾ അകത്തുണ്ടല്ലോ എന്ന അത്രയേക്ക് മനോഹരമായൊരു സന്ദർഭം നമ്മൾ മക്കൾക്ക് ഉപ്പയും ഉമ്മയും തല്ലുകൂടാണെന്ന ചിന്തയിൽ വരുടെ വർത്തമാനം കേട്ടോണ്ട് ഇരിക്കും.അതില്ലാതാകുമ്പോഴോ ?
ആ അതാണ് അവന്റെ ഉപ്പാന്റെ ഇപ്പോഴത്തെ അവസ്ഥ.
എന്ത്മാത്രം പ്രയാസമാണല്ലേ അത്..റീപ്ലേസ്മെന്റ് ഇല്ലാത്ത ചില പ്രത്യേക സന്ദർഭങ്ങൾ നമ്മുടെയൊക്കെ ജീവിതത്തിൽ വരും അതിലൊന്നാണ് ഇത്.ഓളെന്തിനാ പോയെ എന്ന് ഇടക്കിടക്ക് മനസ്സിൽ തോന്നി തോന്നി അവസാനം മനസ്സുരുകിയാണ് അധികപേരും പോകാറ്.ബാപ്പാര് ആദ്യം പോകും പിന്നെ ഉമ്മാര് വരൂ എന്ന് പള്ളിക്കാട് വർത്തമാനം പറയുന്നിടത്ത് നേരെ തിരിച്ചു പടച്ചോൻ നൽകുമ്പോൾ ആ പാവം മനുഷ്യൻ അനുഭവിക്കുന്നൊരു നിസ്സഹായാവസ്ഥയുണ്ട്.എല്ലാം ചോർന്നുപോകുന്ന ചില അവസ്ഥകൾ
എഴുതിപിടിപ്പിക്കാൻ പറ്റില്ല അത്.ജീവിതത്തിന്റെ വലിയൊരു ഭാഗം നടന്നു തീർത്തവസാനം ഒരാളുടെ ഓർമ്മയിൽ ജീവിച്ചു തീർക്കുക എന്നതിനേക്കാൾ സുഖവും വേദനയും നിറഞ്ഞൊരു അവസ്ഥ വേറെ ഉണ്ടാകില്ല.
കടപ്പാട് :Shahir Kalathingal Feroke