ജനിച്ച്‌ വീട്ടിൽ നിന്ന് പെട്ടെന്ന് വാടക വീട്ടിലേക്ക്‌ മാറേണ്ടി വന്ന വിഷമം മൂലം വീട്ടുകാരേ വിട്ട് ഖത്തറിലേക്ക്‌ വന്ന ശേഷം സംഭവിച്ചത്

EDITOR

26:മെയ്‌:2021 കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചിട്ട്‌ ഇന്നേക്ക്‌ 7 വർഷം പിന്നിടുന്നു.
ജനിച്ച്‌ വളർന്ന വീട്ടിൽ നിന്ന് പെട്ടെന്ന് ഒരു ദിവസം വാടക വീട്ടിലേക്ക്‌ മാറേണ്ടി വന്നതിലുള്ള വിഷമം മൂലം, മാർച്ച്‌‌ 05, 2014 ന് ഞാൻ എന്റെ വീട്ടുകാരേയും സഹൃത്തുക്കളെയും വിട്ട് ഒരു മാസത്തെ വിസിറ്റിംഗ്‌ വിസയിൽ ഖത്തറിലേക്ക്‌ വരുമ്പോൾ എല്ലാവരേയും പോലെ നല്ലൊരു ജോലി, സ്വന്തമായി ഒരു വീട്‌ എന്നൊക്കെയുള്ള സ്വപ്നങ്ങൾ തന്നെയായിരുന്നു. ജോലി അന്വേഷകരുടെ ആധിക്യം കാരണം നല്ലവണ്ണം പരിശ്രമിച്ചാൽ മാത്രമേ ലക്ഷ്യം കാണാൻ സാധിക്കുകയുള്ളൂ എന്നും, സുഹൃത്തുക്കളുടെയോ ബന്ധുക്കളുടേയോ കൂടെ താമസിച്ചാൽ ജോലി കണ്ടെത്തുന്നതിൽ concentrate ചെയ്യാൻ സാധിക്കില്ല എന്നും മനസ്സിലാക്കിയത്‌ കൊണ്ടാണ് മൻസൂറയിൽ ഉള്ള പഴയ ഇസ്ലാഹീ സെന്ററിൽ സുഹൃത്ത്‌ മുഖേന ബെഡ്‌ സ്പേസ്‌ റെഡിയാക്കിയത്‌.

ഖത്തറിലെത്തിയതിന്റെ പിറ്റേ ദിവസം മുതൽ തന്നെ CV യുമായി പൊള്ളുന്ന വെയിലത്ത്‌ ഓഫീസുകൾ കയറിയിറങ്ങാൻ തുടങ്ങി. ആ ദിവസം തന്നെ ഇന്റർവ്യൂ കിട്ടിയത്‌, വളരെയധികം സന്തോഷവും പ്രതീക്ഷയും നൽകി. പിന്നീടുള്ള കുറച്ച്‌ ദിവസങ്ങളിൽ ‌വേണ്ടത്ര റിസൾട്ട്‌ കിട്ടിയിരുന്നില്ല. ജോലി ലഭിക്കാതെ തിരിച്ച്‌ പോയാലുള്ള അവസ്ഥ ഓർത്ത്‌, എന്ത്‌ തന്നെയായാലും ജോലി നേടിയിട്ടേ വിശ്രമമുള്ളൂ എന്ന് തീരുമാനിച്ച്‌ ശേഷിക്കുന്ന ദിവസങ്ങളിൽ ചിട്ടയായി കാര്യങ്ങൾ ചെയ്യാൻ തീരുമാനിച്ചു.ആദ്യം നല്ല പ്രൊഫൈലുകൾ ഒക്കെ ഉണ്ടാക്കി‌ എല്ലാ ജോബ്‌ സൈറ്റുകളിലും രെജിസ്റ്റർ ചെയ്തു, രാവിലെ എണീറ്റ്‌ നമസ്കാരവും പ്രാർത്ഥനയുമൊക്കെ കഴിഞ്ഞ്‌, പേപ്പറിലും, ജോബ്‌ സൈറ്റിലും വരുന്ന‌ പരസ്യങ്ങളിലെ കമ്പനിയിലേക്ക്‌ മെയിൽ അയക്കാൻ തുടങ്ങും. അയച്ച മെയിലുകളുടെയും കമ്പനികളുടേയും ഒരു ഡാറ്റ അതേ ദിവസം തന്നെ ഡയറിയിൽ കുറിച്ചിടും. അതിന്‌ ശേഷം‌ കുളിയും കഴിഞ്ഞ്‌ നൂറോളം CV കൾ അടങ്ങിയ ബാഗുമായി ലക്ഷ്യമില്ലാതെ പുറത്തിറങ്ങും.

പോകുന്ന ഏരിയയിൽ ബക്കാലകൾ തപ്പി പിടിക്കാൻ ബുദ്ദിമുട്ടുള്ളത്‌ കൊണ്ട്‌ ആവശ്യത്തിന്‌‌ വെള്ളവും ചെറുതായി വല്ല ബിസ്ക്കറ്റോ കേക്കോ പോലുള്ള സ്നാക്സ്‌ കൂടെ കരുതിയിരുന്നു. പോകുന്ന വഴിയിൽ കാണുന്ന എല്ലാ ഓഫീസുകളിലും കയറി HR department നെ കാണാൻ ശ്രമിക്കുമെങ്കിലും , വിരലിലെണ്ണാവുന്ന കമ്പനികൾ മാത്രമെ അതിന്‌ അനുമതി തന്നിരുന്നുള്ളൂ. റിസപ്ഷനിസ്റ്റോ സെക്യൂരിറ്റിയോ ആണ്‌ CV വാങ്ങി വെക്കുക.‌ കയ്യിലുള്ള വെള്ളവും സ്നാക്സും തീരാറായി എന്ന് തോന്നിയാൽ തിരിച്ച്‌ റൂമിലേക്ക്‌. ദൂരെയുള്ള സ്ഥലങ്ങളിലെ കമ്പനിയിലേക്ക്‌ പോകാൻ വേണ്ടി കർവ ബസ്സിനെ‌ ആണ്‌ ആശ്രയിച്ചിരുന്നത്‌. ‌റൂമിൽ എത്തിയാൽ പിന്നെ രാവിലെ മെയിൽ അയച്ച കമ്പനികളൂടെ മറുപടി വന്നിട്ടുണ്ടോ എന്ന് നോക്കും, ഇല്ലെങ്കിൽ ഒന്ന് കൂടെ അതിലേക്ക്‌ തന്നെ മെയിൽ അയക്കും. കമ്പനിയിലേക്ക്‌ വരുന്ന ആയിരത്തോളം മെയിലുകളിൽ നമ്മുടെ മെയിൽ അവരുടെ ശ്രദ്ദയിൽപ്പെടണമല്ലോ. പിന്നെയും കുറച്ച്‌ സമയം ജോബ്‌ സൈറ്റുകളിൽ സമയം ചിലവഴിക്കും. ഈ രീതി തുടർന്നുള്ള ദിവസങ്ങളിലും തുടർന്നത്‌ കൊണ്ടാവാം Phone interviews, Direct interviews ഒക്കെ ആയി response കിട്ടി തുടങ്ങി‌. അതിനിടക്ക്‌ വിസ രണ്ട്‌ മാസം കുടി extent ചെയ്യേണ്ടി വന്നു.

ഓരോ അഭിമുഖം കഴിയുമ്പോഴും നേരിട്ട ചോദ്യങ്ങളെ/മേഖലയെകുറിച്ച്‌ തിരിച്ച്‌ റൂമിലെത്തിയാൽ കൂടുതൽ പഠക്കാൻ ശ്രദ്ദിക്കും. ആദ്യ രണ്ട്‌ മാസത്തിനുള്ളിൽ 5 ഓളം കമ്പനികളിൽ സെലക്ഷൻ ലഭിച്ചെങ്കിലും സാലറി പാക്കേജ്‌ കുറഞ്ഞത്‌ മൂലം ഓഫർ സ്വീകരിച്ചില്ല. മറ്റു ചില കമ്പനികളാകട്ടെ ഇന്ത്യൻ വിസ ഇല്ലാത്തത്‌ മൂലം മടങ്ങി പൊരേണ്ടി വന്നു. ഓരോ അഭിമുഖം കഴിയുന്തോറും ആദ്യം തോന്നിയിരുന്ന പേടിയും ബുദ്ദിമുട്ടുകളുമെല്ലാം കുറഞ്ഞ്‌ വന്ന് കൊണ്ടിരുന്നു. മുന്നാമത്തെ മാസത്തിലേക്ക്‌ കടന്നതോടെ പ്രതീക്ഷ കുറഞ്ഞ്‌ വന്നു. അങ്ങനെ വിസ തീരാൻ 2 ആഴ്ച്ച ബാക്കിയിരിക്കെ ഇൻഡസ്ട്രിയൽ ഏരിയയിൽ ഉള്ള കമ്പനിയിൽ ജോലിയിൽ കയറി. 5 ദിവസം ജോലി ചെയ്തിട്ടും ഓഫർ ലെറ്റർ തരാൻ മടി കാണിക്കുന്നത്‌ കൊണ്ടും‌, വിസ വാലിഡിറ്റി തീരാനായത്‌ കൊണ്ടും നിരാശനായി ഞാൻ നാട്ടിലേക്ക്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിരിക്കുമ്പോൾ‌ ആണ്‌ 3 കമ്പനികളുടെ അഭിമുഖത്തിന്‌ ക്ഷണിച്ച്‌ കൊണ്ടുള്ള മെയിൽ കിട്ടി യത്‌.

എല്ലാം ഒരേ ദിവസം, മേയ്‌ 25 ന്‌, ഒന്ന് അൽ സദ്ദിൽ, പിന്നെ ന്യൂ സലാത, വേറെ ഒന്ന് സൽവ റോഡിലും.പിറ്റേ‌ ദിവസം നേരത്തെ എണീറ്റ്‌ പ്രാർത്ഥിച്ച്‌ അഭിമുഖത്തിന്‌ യാത്രയായി. രണ്ടെണ്ണം അറ്റന്റ്‌ ചെയ്തെങ്കിലും അവർ വിസയുടെ വാലിഡിറ്റി അധികമില്ലാത്തത്‌‌ കാരണം ജോലിക്കെടുത്തില്ല. അങ്ങനെ നിരാശനായി ശേഷിക്കുന്നതിന്‌ പോകണോ എന്ന് ആലോചിച്ചിരിക്കുമ്പോൾ ആണ്‌ ഒരു ഫോൺ കോൾ വന്നത്‌. 5 മണിക്ക്‌ ഓഫിസിലെത്താൻ, അഭിമുഖത്തിന്‌ വേണ്ടി. മെയിലിലേക്ക്‌ അയച്ച ഓഫീസ്‌ ലൊക്കേഷൻ സുഹൃത്ത്‌ മുഖേന നോക്കിയപ്പോൾ സൽവ റോഡിൽ ഞാൻ നിൽക്കുന്നതിന്‌ ഓപ്പോസിറ്റ്‌ സൈഡിൽ ഉള്ള ഓഫീസ്‌. അങ്ങനെ അവിടെ പൊയി എല്ലാം നല്ല നിലയിൽ അറ്റന്റ്‌ ചെയ്ത്‌ കഴിഞ്ഞ ശേഷം ‌offer letter തന്നിട്ട്‌ പിറ്റേന്ന് ജോയിൻ ചെയ്യാൻ പറഞ്ഞു. അങ്ങനെ 3 മാസം കൊണ്ട്‌‌ 34 ആമത്തെ direct അഭിമുഖത്തിൽ ഞാനൊരു പ്രവാസിയായി മാറി. ആഗ്രഹിച്ച പോലെ തന്നെ ജോലിയിൽ നാലാം വർഷത്തിക്ക്‌ പ്രവേശിക്കുമ്പോയേക്കും ദൈവാനുഗ്രഹത്താൽ സ്വന്തമായി വീടെന്ന സ്വപ്നം സഫലമാക്കി മാർച്ച്‌ 25, 2018 ന്‌ പുതിയ വീട്ടിൽ താമസം ആരംഭിച്ചു അൽഹംദുലില്ലാഹ്‌

ജോലി തിരഞ്ഞ് നടക്കുന്നതിനിടയിൽ C Ring Road ലെ ഹോളിഡേ വില്ല മുതൽ കോർണ്ണിഷ്‌ വഴി ഷെറാട്ടൺ ഹോട്ടൽ വരെ (ഒരു സൈഡ്‌ 8 KM) കാൽനടയായി പോയതും തിരിച്ച്‌ വരുന്ന സമയം ഷെയ്ഖിന്റെ ഗസ്റ്റ്‌ ഹൗസിന്‌ മുന്നിൽ വെച്ച്‌ പോലീസ്‌ പൊക്കി പേപ്പറുകൾ ശെരിയാണെന്ന് മനസ്സിലാക്കി വെറുതെ വിട്ടതും, അതേ പോലെ ഇൻഡസ്ട്രിയൽ ഏരിയയിൽ നിന്നും നോക്കിക്കണ്ടാൽ അടുത്തണെന്ന് തോന്നുന്ന, എന്നാൽ കിലോമീറ്ററോളം ദൂരം ഉള്ള ന്യൂ ഇൻഡസ്ട്രിയൽ ഏരിയയിലേക്ക്‌ ഒരു അഭിമുഖത്തിന്‌ വേണ്ടി പൊരി വെയിലത്ത്‌ നടന്ന് പോകുന്ന സമയം കയ്യിലെ വെള്ളം തീർന്ന് ക്ഷീണിച്ച്‌ തളർന്ന് വീഴുമെന്ന് തോന്നിയ സമയം ദൂരെ നിന്ന് ഒരു ടാക്സിക്കാരന്റെ ശ്രദ്ദയിൽപെട്ട്‌ എന്റെ അടുത്തേക്ക്‌‌ വന്ന് ലക്ഷ്യസ്ഥാനത്തേക്ക്‌‌ എത്തിച്ച്‌ തന്നതും മറക്കാനാവാത്ത രണ്ട്‌ സംഭവങ്ങളായി.ഈ ഖത്തർ രാജ്യത്ത്‌ എനിക്ക് താങ്ങും തണലുമായി നിന്ന എന്റെ സഹോദരങ്ങൾ, സുഹൃത്തുക്കൾ, നാട്ടിൽ നിന്ന് എനിക്ക്‌ ആത്മവിശ്വാസവും ധൈര്യവും തന്ന് എനിക്ക്‌ വേണ്ടി പ്രാർത്ഥിച്ച ഉമ്മമാർ, ഉപ്പമാർ, ഭാര്യ, മകൾ, സഹോദരങ്ങൾ, വീട്ടുകാർ, സുഹൃത്തുക്കൾ എല്ലാവർക്കും നന്ദി അറിയിക്കുന്നു.

ഹാഷിം അരീക്കോട്