സിസേറിയൻ വേദനകളുടെ ഒരു കടമ്പയാണ് ഒന്നിനു പുറകെ ഒന്നായി വേദനകൾ വന്നു കൊണ്ടേയിരിക്കും കുറിപ്പ്

EDITOR

മമ്മിയുടെ വക ഇരട്ടപ്പിന്നൽ.മൂന്നാം സിസേറിയന് മുമ്പ് തിയറ്ററിലേക്ക് കയറ്റും മുമ്പുള്ള ഫോട്ടോയാണിത്.മിക്കവാറും ലേറ്റ് ആയി വരാൻ ചാൻസ് ഉള്ള ഇച്ചായൻസിന് വേണ്ടി.തിയറ്റർ ഗൗണിട്ട് ഇരട്ടപിന്നിയ ഈ ഫോട്ടോ എടുത്ത് Perfect Ok എന്ന അടിക്കുറിപ്പോടെ അയച്ചു കൊടുത്തു.നല്ല പേടിപ്പെടുത്തുന്ന ധൈര്യം ഉണ്ടായിരുന്നെങ്കിലും പുറമേ ഒന്നും കാണിച്ചില്ല.ഇതൊക്കെ  എന്ത്. മൂന്നാമത്തേതാണ്.എന്ന ഭാവം മുഖത്ത് തേച്ച് പിടിപ്പിച്ചു.എന്നിട്ടും സിസേറിയന് കയറ്റും മുമ്പ് ഓടിയെത്തിയ ഇച്ചായൻ നിനക്ക് പേടിയുണ്ടോ? എന്ന് ചോദിച്ചപ്പോൾ.ഉവ്വ് ഇവിടുന്ന് ഓടി രക്ഷപ്പെട്ടാലോന്ന് സത്യം തുറന്നു പറഞ്ഞ ഞാൻ.
സിസേറിയൻ.വേദനകളുടെ ഒരു കടമ്പയാണ്.

ഒന്നിനു പുറകെ ഒന്നായി വേദനകൾ വന്നു കൊണ്ടേയിരിക്കും കയ്യിൽ ഇടുന്ന ക്യാനുലയിൽ തുടങ്ങി യൂറിൻ കത്തീറ്ററിന്റെ അലോസരപ്പെടുത്തുന്ന വേദനയിലൂടെയും ഒടുവിൽ നടുവിൽ ആഞ്ഞിറങ്ങുന്ന അനസ്തേഷ്യ ഇൻജക്ഷനിലൂടെയും പിന്നീട് അങ്ങോട്ട് സ്വയം എഴുന്നേറ്റു നിൽക്കാൻ പോലും ദൈവമേ എന്ന് വിളിച്ചു പോകുന്ന വേദനനിറഞ്ഞ ആഴ്ചകളിലൂടെയും കടന്നു പോകുന്ന ഒന്ന്.. ഇതിനിടയിൽ രാത്രിയത്രയും കരഞ്ഞു കൂവി പകലിനെ സുഖമെത്തയിൽ ഉറക്കുന്ന കുഞ്ഞിക്കണ്ണുകൾ.ഒരനുഭവമാണ് എന്നെപ്പോലുള്ള ഒരായിരം അമ്മമാരുടെ.എങ്കിലും ഓരോ പ്രസവകാലവും എല്ലാ സ്ത്രീകൾക്കും വിവാഹപൂർവ്വജീവിതത്തിലേക്കുള്ള ഒരു തിരിച്ചു പോക്കാണ്.ബാലൃത്തിലും കൗമാരത്തിലും കൈപിടിച്ച അമ്മ വീണ്ടും നമ്മുടെ കൈ പിടിക്കുന്ന സമയം.

തലയിൽ എണ്ണ പുരട്ടി.ചൂടുവെള്ളത്തിൽ കുളിപ്പിച്ച് തലമുടി കോതികെട്ടി.പഴയ അമ്മക്കുഞ്ഞായി നമ്മൾ മാറുന്ന സമയം.രാസ്നാദിപ്പൊടി,നാല്പാമരാദിയെണ്ണ, തൈലം,ലേഹൃം എല്ലാം കൂടിയുള്ള സമ്മിശ്ര സുഗന്ധങ്ങൾ ഉഴിച്ചിൽ അത്തി,ഇത്തി,പേരാൽ,പൂവരശ്.എന്നിങ്ങനെയൊക്കെ എണ്ണം പറഞ്ഞ് പച്ചിലകൾ ഇട്ട് തിളപ്പിച്ച ചൂടുവെള്ളത്തിലുള്ള വേതിട്ട് കുളി.ഒരു പെണ്ണിന് മാത്രം അവകാശപ്പെട്ടത് രണ്ടു മാസം കിട്ടുന്ന ഈ ശുശ്രൂഷകളാണല്ലോ മരണം വരെ കുടുംബത്തിന് വേണ്ടി ഓടുവാൻ അവൾക്ക് ഊർജം കൊടുക്കുന്നത്.

രണ്ടു മാസത്തിനപ്പുറം കുഞ്ഞിനേയുമെടുത്ത് നമ്മൾ വീണ്ടും പടി ഇറങ്ങുമ്പോൾ മുമ്പ് ഇറങ്ങിയതിനേക്കാൾ വേദനയുണ്ടാവും.അമ്മച്ചിറകിന്റെ കീഴിൽ നിന്നും വേർപെടുന്ന കുഞ്ഞിക്കിളിയുടെ അതേ നെഞ്ചിടിപ്പാവും.പൊട്ടിക്കരയുന്ന രണ്ടു കണ്ണുകളുണ്ടാവും.നിറഞ്ഞൊഴുകുന്ന നാലു കണ്ണുകൾ വേറെ ഉണ്ടാവും.കൂടുതൽ നിറയാതിരിക്കാൻ അവ പരസ്പരം ആശ്വാസിപ്പിക്കും.രണ്ടമ്മക്കണ്ണും.രണ്ടപ്പക്കണ്ണും ഉത്തരത്തിൽ കെട്ടിയ തൊട്ടി അഴിക്കുമ്പോൾ അപ്പനൊന്ന് ദീർഘ നിശ്വാസമുതിർക്കും.അല്ലെങ്കിലും പെൺമക്കളുടെ കുഞ്ഞുങ്ങൾ നമ്മുക്ക് അവകാശപ്പെട്ടതല്ലല്ലോ.ഉറക്കമില്ലാത്ത പകലിൽ എഴുതി തീർത്തത്

കടപ്പാട് : എലിസബത്ത് ആനി