വ്യാജ മാസ്ക് എങ്ങനെ തിരിച്ചറിയാം? എന്താണ് N95 മാസ്കിനെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നത്?

    0
    1600

    കൊറോണയെ നമ്മൾ പരിചയപ്പെട്ടു തുടങ്ങിയ കാലത്തു നിന്നു വ്യത്യസ്തമായി, വിപണിയിൽ ഇന്ന് വിവിധ തരം മാസ്കുകൾ ലഭ്യമാണ് – N95 മാസ്ക് , സർജിക്കൽ/മെഡിക്കൽ മാസ്ക്, തുണി മാസ്ക്.തുടക്കത്തിൽ ആരോഗ്യപ്രവർത്തകർ മാത്രം ഉപയോഗിച്ച് പോന്നിരുന്ന N95 മാസ്ക്, ഇന്ന് പൊതുജനങ്ങളും ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. ലഭ്യത കൂടിയതും വില കുറഞ്ഞതുമാകണം കാരണം. എന്നാൽ ഒട്ടു വൈകാതെ തന്നെ വ്യാജൻമാരും എത്തി.എന്താണ് N95 മാസ്കിനെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നത്? വ്യാജന്മാരെ എങ്ങനെ തിരിച്ചറിയാം?

    നമുക്ക് നോക്കാം.N95 മാസ്ക് ഒരു തരം റെസ്പിറേറ്റർ (respirator)ആണ്. N99, N100 എന്നിവയാണ് മറ്റുള്ളവ.0.3 മൈക്രോണിന് മുകളിൽ വലിപ്പമുള്ള എത്ര ശതമാനം കണികകളെ തടയാം എന്നതനുസരിച്ചാണ് ഇവയ്ക്ക് പേര് നൽകുന്നത്.95 ശതമാനം കണികകളെയും തടഞ്ഞു വയ്ക്കാൻ ശേഷിയുള്ള മാസ്‌കുകളാണ് N95. N99 മാസ്കുകൾ 0.3 മൈക്രോണിന് മുകളിലുള്ള 99 ശതമാനം കണികകളെയും, N100 മാസ്കുകൾ 100% കാണികകളെയും തടഞ്ഞു വയ്ക്കും. ഫിൽറ്ററിംഗ് ഫേസ് പീസ് എന്നൊരു പേരും റെസ്പിറേറ്ററുകൾക് ഉണ്ട്. ഇതിൽ ഫിൽറ്ററിംഗ് ഫേസ് പീസ് 2(FFP2) N95 മാസ്കിനു തുല്യവും ഫിൽറ്ററിംഗ് ഫേസ് പീസ് 3 (FFP3) N99 മാസ്കിനു തുല്യവും ആണ്.

    N95 സ്രവകണികകളെ അരിച്ചു മാറ്റുന്ന വെറും അരിപ്പ പോലെ അല്ല പ്രവർത്തിക്കുന്നത്, ഇതിലെ പോളിപ്രോപിലിൻ പാളിയുടെ ഇലക്ട്രോസ്റ്റാറ്റിക് ചാർജ് ഫിൽറ്ററേഷനിൽ കാര്യമായ പങ്കു വഹിക്കുന്നുണ്ട്. വെയിലും സോപ്പ് ലായനിയും ഈ ഇലക്ട്രോസ്റ്റാറ്റിക് ചാർജ് നഷ്ടപ്പെടുത്തും. അതിനാൽ ഇവ കഴുകാനോ വെയിലത്ത് ഉണക്കാനോ പാടില്ല.ഏതൊരു മാസ്കിനും പ്രധാനമായും രണ്ടു ധർമ്മങ്ങളാണുള്ളത്.
    ഉറവിട നിയന്ത്രണം (Source control)-ഉപയോഗിക്കുന്നയാൾക്ക് രോഗമുണ്ടെങ്കിൽ അതു മറ്റുള്ളവർക്ക് പകരുന്നത് തടയുന്നു.വ്യക്തിഗത സുരക്ഷ (Personal protection)-
    ഉപയോഗിക്കുന്നയാൾക്ക് മറ്റുള്ളവരിൽ നിന്ന് രോഗം പകരുന്നത് തടയുന്നു.
    N95 മാസ്കുകൾ ഉറവിടനിയന്ത്രണവും വ്യക്തിഗത സുരക്ഷയും ഉറപ്പാക്കുന്നു. അതിനാൽ തന്നെ, കോവിഡ് രോഗിയുമായി നേരിട്ട് സമ്പർക്കത്തിൽ വരുന്ന ആരോഗ്യപ്രവർത്തകർ, പരിചാരകർ തുടങ്ങിയവരാണ് നിർബന്ധമായും N95 മാസ്ക് ധരിക്കേണ്ടത്.

    N95 മാസ്ക് മുഖത്തോട് ചേർന്ന് സീൽ ചെയ്ത രീതിയിൽ ആണ്, ധരിക്കേണ്ടത്.
    അതിനാൽ തന്നെ,താടി രോമം ഉള്ളവരിൽ ഇത് നൽകുന്ന സംരക്ഷണം അപൂർണമാണ്.N95 മാസ്കിനടിയിൽ മറ്റു മാസ്കുകൾ ഉപയോഗിക്കരുത്.
    വ്യാജ N95 മാസ്കുകൾ വിപണിയിൽ സുലഭമാണ്. ഇവയ്ക്ക് മേൽപ്പറഞ്ഞ യാതൊരു ഗുണങ്ങളും ഇല്ലെന്നോർക്കുക. NIOSH, ISI, DRDO/ DRDE, SITRA തുടങ്ങിയ സർട്ടിഫിക്കറ്റുകൾ ഉണ്ടെന്ന് ഉറപ്പ് വരുത്തുക.

    ഇത് മാസ്കിന്റെ മുകളിൽ തന്നെ രേഖപ്പെടുത്തിയിരിക്കും.ലഭ്യതകുറവോ വിലക്കൂടുതലോ അലട്ടാത്ത ഉത്തമ സാഹചര്യങ്ങളിൽ N95 മാസ്ക് ഒറ്റ തവണ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.ക്ഷാമം നേരിടുന്ന പക്ഷം, അത്യാവശ്യമെങ്കിൽ, സുരക്ഷാ നിർദേശങ്ങൾ പാലിച്ചു കൊണ്ടു N95 മാസ്ക് പരിമിതമായി പുനരുപയോഗിക്കാൻ CDC മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.എത്ര കുറഞ്ഞ സമയത്തേക്കാണ് ഓരോ ഉപയോഗമെങ്കിൽ പോലും, ഒരു N95 മാസ്ക് പരമാവധി 5 തവണയേ ഉപയോഗിക്കാൻ പാടുള്ളൂ. അതിനു ശേഷം ഉപയോഗിച്ചാൽ ഉദ്ദേശിക്കുന്ന സംരക്ഷണം ലഭിക്കില്ല. ഓരോ ഉപയോഗത്തിനും ഇടയിൽ കുറഞ്ഞത് 72 മണിക്കൂർ (3 ദിവസം) ഇടവേള വേണം. ഇതിനകം മാസ്കിൽ വൈറസ് ഉണ്ടെങ്കിൽ തന്നെ നശിച്ചു പോകും എന്ന അനുമാനത്തിൽ ആണിത്.

    ഇത്തരത്തിൽ ഉപയോഗിക്കാൻ ഒരാളുടെ പക്കൽ കുറഞ്ഞത് 5 മാസ്കുകളും വായു സഞ്ചാരമുള്ള (ഒന്ന് മുതൽ അഞ്ചു വരെ ലേബൽ ചെയ്ത) 5 പേപ്പർ ബാഗുകളും വേണം. ആദ്യത്തെ ദിവസം ഉപയോഗിച്ച മാസ്ക് ഒന്ന് എന്ന് ലേബൽ ചെയ്ത പേപ്പർ ബാഗിൽ നിക്ഷേപിക്കുക, രണ്ടാമത്തെ ദിവസത്തെ മാസ്ക് രണ്ട് എന്ന് ലേബൽ ചെയ്ത ബാഗിൽ, അങ്ങനെ അഞ്ചു ദിവസം തുടരാം. ആറാം ദിവസം ഒന്നാം നമ്പർ ബാഗിലെ മാസ്ക് വീണ്ടും ഉപയോഗിക്കാവുന്നതാണ്. ഒരോ മാസ്കും അഞ്ചു പ്രാവശ്യം ഉപയോഗിക്കുന്നത് വരെ ഇത് തുടരാം.ഉപയോഗിച്ച മാസ്കിന്റെ മുൻഭാഗത്ത് വൈറസ് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ചരടിൽ പിടിച്ചു മാത്രം മാസ്ക് അഴിച്ചെടുക്കുക.
    കുട്ടികളും മറ്റും എടുക്കാത്ത സുരക്ഷിതമായ സ്ഥലത്ത് പേപ്പർ ബാഗിൽ ഇട്ട മാസ്ക് സൂക്ഷിക്കുക.ഉപയോഗിച്ച N 95 മാസ്ക് കഴുകാനോ വെയിലത്ത് ഉണക്കാനോ പാടില്ല, ഇതു മാസ്കിന്റെ ഉള്ളിലെ ഫിൽറ്ററിനെ ബാധിക്കുകയും മാസ്ക് ഉപയോഗശൂന്യമാക്കുകയും ചെയ്യും.

    ഓരോ പ്രാവശ്യം ഉപയോഗിക്കുന്നതിനു മുൻപും മാസ്കിനു കേടുപാടുകൾ ഇല്ല എന്ന് ഉറപ്പ് വരുത്തണം, മാസ്കിന്റെ ഫിറ്റ്‌ ടെസ്റ്റ്‌ ചെയ്യണം. ഇതിനായി മാസ്ക് ധരിച്ച ശേഷം കൈപ്പത്തി മാസ്കിന്റെ വശങ്ങളിൽ വച്ചു വായു ചോര്‍ന്നുപോകുന്നുണ്ടോ എന്ന് പരീക്ഷിച്ചു നോക്കുക.അഴുക്ക് പുരണ്ടതോ രോഗിയുടെ രക്തമോ ശരീരസ്രവങ്ങളോ തെറിച്ചു വീണ മാസ്ക് പുനരുപയോഗിക്കാൻ പാടില്ല. ഇത്തരത്തിൽ
    മാസ്കിലേക്ക് ശരീരസ്രവങ്ങളോ രക്തമോ തെറിച്ചു വീഴുന്നത് തടയാൻ N95 മാസ്കിന് മേലെ ഫേസ് ഷീൽഡ് ഉപയോഗിക്കാം. ഇതിനായി N95 മാസ്കിനു മുകളിൽ സർജിക്കൽ /മെഡിക്കൽ മാസ്കും ഉപയോഗിക്കാറുണ്ടെങ്കിലും, ഇത് തെറ്റായ പ്രവണത ആണ്. കൂടുതൽ സംരക്ഷണം തരുന്നില്ല എന്ന് മാത്രമല്ല, ശ്വാസോച്ഛ്വാസം കൂടുതൽ പ്രയാസകരമാക്കുന്നു.

    വീണ്ടും ഉപയോഗിക്കുമ്പോൾ ശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നുകയാണെങ്കിൽ, ആ മാസ്ക് പുനരുപയോഗം ചെയ്യരുത്.പുനരുപയോഗം ചെയ്യുന്ന N95 മാസ്ക് ശരിയായ രീതിയിൽ കൈകാര്യം ചെയ്യാത്ത പക്ഷം ഇതു വളരെ അധികം അപകടകരമാണ്. ഉപയോഗിച്ച മാസ്കിന്റെ മുൻഭാഗത്തു വൈറസ് ഉണ്ടാകാൻ സാധ്യതയുണ്ട്. ഉപയോഗിച്ച N95 മാസ്കുകൾ കൈകാര്യം ചെയ്ത ശേഷം കൈകൾ സോപ്പും വെള്ളവും അല്ലെങ്കിൽ സാനിടൈസർ ഉപയോഗിച്ച് ശുചിയാക്കണം.വീണ്ടും ധരിക്കുമ്പോഴും, ഫിറ്റ്‌ ടെസ്റ്റ്‌ ചെയ്യുമ്പോഴും, എന്തിനു ഈ മാസ്കിൽ തൊടുമ്പോഴൊക്കെയും ഇതു വേണം. ഒരാൾ ഉപയോഗിച്ച മാസ്ക് മറ്റൊരാൾ ഉപയോഗിക്കാൻ പാടില്ല.
    ചില റെസ്പിറേറ്ററുകളിൽ വാൽവുകൾ കണ്ടു വരാറുണ്ട്, ഈ വാൽവിലൂടെ രോഗാണു അന്തരീക്ഷത്തിലേക്ക് വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ ഇവ ഉപയോഗിക്കാൻ പാടില്ല.

    ഉപയോഗിച്ച N95 മാസ്കുകളുടെ നിർമാർജ്ജനം കോവിഡ്-19 ഐസൊലേഷൻ വാർഡ് / ടെസ്റ്റ്‌ സെന്റർ / ലബോററ്റോറീസ് ഇവിടങ്ങളിലെ മഞ്ഞ വേസ്റ്റ് ബാഗിലാണ് നിക്ഷേപിക്കേണ്ടത്. ഇതിൽ ഇടുന്ന എല്ലാ മാലിന്യങ്ങളും ഇൻസിനെറേറ്റ് ചെയ്യുകയോ (incineration) ആഴത്തിൽ കുഴിച്ചിടുകയോ (deep burial) ആണ് പതിവ്.
    വീടുകളിൽ: ബ്ലീച് ലയനിയിൽ മുക്കി വച്ചു അണുവിമുക്തമാക്കിയ ശേഷം കത്തിച്ചു കളയുകയോ ആഴത്തിൽ കുഴിച്ചിടുകയോ ചെയ്യാം.ചുരുക്കി പറഞ്ഞാൽ, ഏറ്റവും കൂടുതൽ സംരക്ഷണം നൽകുന്ന മാസ്കാണ് N95 എങ്കിലും,ഉദ്ദേശിച്ച ഫലം ലഭിക്കാൻ നിങ്ങൾ ഉപയോഗിക്കുന്ന N95 മാസ്ക് വ്യാജൻ ആകരുത് മാനദണ്ഡങ്ങൾ പാലിക്കുന്ന സർട്ടിഫൈഡ് മാസ്ക് ആയിരിക്കണം ഫിറ്റ്‌ ശരിയാകണം.ഇതോടൊപ്പം, പുനരുപയോഗം കൂടുതൽ അപകടത്തിലേക്കു നയിക്കാതിരിക്കാനും ശ്രദ്ധ വേണം!
    എഴുതിയത് : ഡോ. അശ്വിനി ആർ.
    ഇൻഫോ ക്ലിനിക്