ഭാര്യയെകുറിച്ച് ചോദിച്ചപ്പോൾ പെട്ടെന്ന് അയാൾ ക്യാമറയ്ക്ക് മുന്നിൽ വിതുമ്പിക്കരഞ്ഞു ഏങ്ങലടക്കി പറഞ്ഞു

EDITOR

ഭാര്യയെകുറിച്ച് ചോദിച്ചപ്പോൾ പൊടുന്നനെ അയാൾ ക്യാമറയ്ക്ക് മുന്നിൽ വിതുമ്പിക്കരഞ്ഞു.ഏങ്ങലടക്കി പറഞ്ഞു. “അവളായിരുന്നു എന്‍റെ ബലം. പോയപ്പോൾ ആകെ ഉലഞ്ഞുപോയി. ഞാനൊരു ഏകാന്ത ജീവി ആയത് പോലെ!”ആകെ സമ്പാദ്യമായുണ്ടായിരുന്ന 2 ലക്ഷം രൂപ മുഴുവനും വാക്സിൻ വാങ്ങാനായി മുഖ്യമന്ത്രിക്ക് നൽകിയ ജനാർദ്ധനൻ എന്ന ബീഡി തൊഴിലാളിയെ കാണാൻ പോയതായിരുന്നു ഞാനും ക്യാമറമാൻ വിപിൻ മുരളിയും Vipin Murali . കണ്ണൂർ കുറുവയിലെ പഴയൊരു വീടിന്റെ ഉമ്മറത്തിരുന്ന് അയാൾ ബീഡി തെറുക്കുന്നു. റേഡിയോയിൽ ഒരു നാടൻ പാട്ടും ആസ്വദിച്ചായിരുന്നു ജോലി. ആരുമറിയാതെ ദുരിതാശ്വാസ നിധിയിലേക്ക് അയാൾ പണം നൽകിയിട്ട് മൂന്ന് ദിവസം കഴിഞ്ഞിരുന്നു. മാധ്യമപ്രവർത്തകർ ആളെ അന്വേഷിച്ച് കണ്ടുപിടിച്ചത് ഇപ്പോഴാണ്.

ജനാർദ്ധനൻ എന്ന കമ്യൂണിസ്റ്റുകാരന്റെ ജീവിത കഥ ഇങ്ങനെയാണ്. 12 ആം വയസ്സിൽ തുടങ്ങിയ ബീഡി തെറുപ്പ്. കേൾവി കുറവ് ഉണ്ടായിരുന്നിട്ടും നിരന്തരം അസുഖങ്ങൾ അലട്ടിയിട്ടും അയാൾ തളർന്നില്ല. രണ്ട് മക്കൾക്കും ഭാര്യ രജനിയ്ക്കുമൊപ്പം സന്തോഷത്തോടെ ജീവിച്ചു. രജനി കഴിഞ്ഞ കൊല്ലം മരിച്ചു. പിന്നെ അയാൾ അധികം ആരോടും സംസാരിക്കാതെയായി. ജോലി കഴി‍‍ഞ്ഞാൽ ടൗണിലൊക്കെ ഒന്ന് നടന്ന് മടങ്ങിവരും. വൈകുന്നേരം വാർത്തകളൊക്കെ ടീവിയിൽ കാണും. അഞ്ച് പതിറ്റാണ്ട് കാലത്തെ അധ്വാനത്തിൽ മിച്ചം വന്നതായിരുന്നു രണ്ട് ലക്ഷത്തി എണ്ണൂറ്റമ്പത് രൂപ.

“വാക്സിൻ സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി നേരത്തെ വാക്കു തന്നതായിരുന്നല്ലോ. ഒരു ഡോസിന് നാനൂറ് രൂപ സംസ്ഥാനങ്ങൾ നൽകണമെന്ന് കേന്ദ്രം പറഞ്ഞപ്പോൾ മുഖ്യമന്ത്രി വാക്കുമാറ്റിയില്ല. മുഖ്യമന്ത്രി തളരാതിരിക്കാനാണ് ഞാനെന്റെ സമ്പാദ്യം മുഴുവൻ നൽകിയത്.”കയ്യിലുള്ളതെല്ലാം നുളളിപ്പെറുക്കി നൽകിയാൽ ഇനിയെങ്ങനെ ജീവിക്കുമെന്ന് ചോദിച്ചു.(ഉത്തരം കേട്ടപ്പോൾ അങ്ങനെ ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി)

പണ്ട് ദിനേശിൽ ഉള്ളകാലം തൊട്ടേ ഞാൻ ഒന്നാം തരം തെറുപ്പ് കാരനായിരുന്നു. ഇന്നും നാല് മണിക്കൂർ ഇരുന്നാൽ ആയിരം ബീഡി തെറുക്കും. ഇതിന്റെ പകുതി പണം മതി എനിക്ക് ജീവിക്കാൻ. നാടൻ പാലിൽ അവിലും പഴവും കുഴച്ച് കഴിക്കുന്നതിന്റെ സുഖം അറിയോ? പതിനഞ്ച് രൂപമതി അതുണ്ടാക്കാൻ”
അധ്വാനിച്ച് ജീവിക്കുന്ന ജനകോടികളുടെ മനോബലമാണ് ആ മുഖത്ത് കണ്ടത്.
” പ്രതിസന്ധി കാലത്ത് പണം കയ്യില് വച്ചിട്ട് എന്ത് ചെയ്യാനാണ്. ആവശ്യത്തിന് ഉപകരിച്ചിട്ടില്ലെങ്കിൽ ഈ ലക്ഷങ്ങൾക്ക് കടലാസിന്റെ വില മാത്രല്ലേ ഉള്ളൂ”കൊച്ചുമകൻ അഭിനവിന്റെ കൈയും പിടിച്ച് വീടിനകത്തേക്ക് കയറുമ്പോൾ അയാൾ ജീവിതത്തിന്റെ തത്വം പറഞ്ഞു. ആറടി മണ്ണല്ലാതെ സ്വന്തമെന്ന് അഹങ്കരിക്കാൻ നമുക്കൊക്കെ എന്താണുള്ളത് .സഖാവ് ചാലാടൻ ജനാർദ്ദനന്നേ കുറിച്ചു Naufal Bin Yousaf എഴുതിയതാണ്