ഡൽഹിയിലെ അവസ്ഥ അറിഞ്ഞ് പലരും വിളിക്കുന്നുണ്ട്. മെസ്സേജ് അയക്കുന്നുണ്ട്. സുരക്ഷിതരല്ലേ എന്ന് ചോദിക്കുന്നുണ്ട്.ഇന്നത്തെ സാഹചര്യത്തിൽ ഡൽഹിയിൽ ആരും സേഫ് അല്ല. അങ്ങനെ ആരെങ്കിലും സേഫ് ആണെങ്കിൽ അവർ അത് പറയുന്ന നിമിഷം വരെ മാത്രമാണ്. അതിന് ശേഷം എന്ത് സംഭവിക്കുന്നു എന്ന് ആർക്കും പറയാൻ കഴിയില്ല.ഓക്സിജന് വേണ്ടി ആളുകൾ കൊള്ളയും, കൊലയും, യുദ്ധവും തുടങ്ങിയാലും ഞാൻ അത്ഭുതപ്പെടില്ല. അത്രക്കാണ് പ്രതിസന്ധി. 5000 രൂപയുള്ള, ആളുകൾ ഫ്രീ ആയി കൊടുത്ത് കൊണ്ടിരുന്ന ചെറിയ ഓക്സിജൻ സിലിണ്ടർ ഇപ്പൊൾ 85,000-100,000 രൂപയാണ്. പക്ഷേ അഞ്ച് ലക്ഷം കൊടുത്താലും കിട്ടാനില്ല എന്നത് വേറെ കാര്യം. ആശുപത്രികൾ ഒക്കെ മരണത്തിൻ്റെ ശരിയായ കണക്കുകൾ പുറത്ത് വിടുമ്പോൾ ഡൽഹി ഒരു ശവപ്പറമ്പ് ആയി മാറും.
അതിനിടക്ക് കേരളത്തിൽ ഉള്ള ചിലർ കർഫ്യു, കാറിൽ മാസ്ക് ഇട്ട് പോകുന്നതിൻ്റെ ശാസ്ത്രീയത ഒക്കെ കളിയാക്കി കൊണ്ട് പറയുന്നത് കണ്ടു. പള്ളികളിൽ നിയന്ത്രണം വരുത്തിയതിനേ വർഗീയ വൽകരിച്ച് ചോദ്യം ചെയ്യുന്നത് കണ്ട്. മാസ്ക് ഇടാതെ പോയവരെ പോലീസ് ഫൈൻ അടിപ്പിച്ചതിന് എതിരെ പ്രതികരിക്കുന്നത് കണ്ടൂ.
ഒന്നേ പറയാനുള്ളു. ഒറ്റ ദിവസം ഡൽഹിയിലെ ഏതെങ്കിലും ഒരു ആശുപത്രി പരിസരത്തോ, സ്മശാനങ്ങളുടെ പരിസരത്തോ പോയി നിന്നാൽ തീരാവുന്ന സംശയങ്ങളോ, പരാതികളോ, പ്രതിഷേധങ്ങളോ മാത്രമാണിത്.
Lockdown കാലത്തും റോഡിൽ ഇറങ്ങാൻ നിയമപരമായ അനുമതി ഉണ്ടായിട്ടും ഒരു ഇളനീർ വാങ്ങാൻ ഇന്നലെ N95 മസ്കിന് മുകളിൽ ഒരു സർജിക്കൽ മാസ്ക് കൂടെ ഇട്ടാണ് പുറത്തിറങ്ങിയത്. അങ്ങനെ ചെയ്യുന്നതിൽ ശാസ്ത്രീയമായ ലോജിക് ഒന്നും ഇല്ല. സാഹചര്യം. കൺമുന്നിൽ കാണുന്ന ദുരന്തങ്ങൾ അങ്ങനെ ആക്കിയതാണ്.
ദിവസവും ഓക്സിജനും, മരുന്നിനും മറ്റും വേണ്ടി വരുന്ന മെസ്സേജുകൾക്ക് ഉണ്ട്, കിട്ടും എന്നൊരു മറുപടി കൊടുക്കാൻ നൂറിടത്ത് അന്വേഷിച്ചിട്ടും സാധ്യമാകുന്നില്ല.
ജീവൻ നിലനിർത്തുക എന്ന ഒറ്റചിന്തയെ ഇപ്പൊൾ ഉള്ളൂ. അതിന് വേണ്ടി കാറിൽ മാസ്ക് ഇട്ട് പോകാനോ, പള്ളിയിൽ പോകാതെ ഇരിക്കാനോ, പൂരപ്പറമ്പിൽ പട്ടാളത്തെ ഇറക്കാനോ, ഒക്കെ സമ്മതമാണ്.ഡൽഹിയുടെ ഗതി കേരളത്തിന് വരാതിരിക്കട്ടെ. സുരക്ഷിതരായി ഇരിക്കൂ.