രണ്ടുകുഞ്ഞുങ്ങളെ പ്രസവിച്ചാൽ പെണ്ണിനെല്ലാ സൗഭാഗ്യങ്ങളുമായി എന്ന് കരുതരുത് പെണ്മക്കളുള്ള മാതാപിതാക്കൾ ഇതൊന്നും ശ്രദ്ധിക്കുന്നില്ല കുറിപ്പ്

EDITOR

മാധ്യമങ്ങളിൽ നിറയുന്ന ഒരു വാർത്തയാണ് ഉത്തരയുടെ ഇ അവസരത്തിൽ മാതാപിതാക്കളും സമൂഹവും ചില കാര്യങ്ങൾ ചിന്തിക്കേണ്ടത് ഉണ്ട് ശശികുമാർ അമ്പലത്തറയുടെ കുറിപ്പ് .112 പവൻ സ്വർണ്ണം .മൂന്നര ഏക്കർ റബ്ബർ തോട്ടം .ബലേനോ കാർ.എല്ലാമാസവും 8000 രൂപ ചെലവിന് . രണ്ടുവർഷം കൊണ്ട് വേറെ 15.5 ലക്ഷം.ഇത്രയും കൊടുത്തു വിലയ്‌ക്കൊരു വിഷപ്പാമ്പിനെ വാങ്ങിയിട്ടെന്തു നേടി . ആദ്യം മനസ്സിലാക്കേണ്ടത് മാർക്കെറ്റിൽ വിറ്റഴിയേണ്ട ഒരു ചരക്കല്ല തന്റെ മകളെന്ന ബോധ്യമാണ് . താലികെട്ടിയ പെണ്ണിനെ പോറ്റാൻ കഴിവില്ലാത്തവൻ പെണ്ണുകെട്ടരുത് .വിലപേശലുകൾ തുടക്കത്തിൽ തന്നെ നടത്തുമ്പോൾ തീർച്ചയായും ഒരുബന്ധത്തിൽ സ്നേഹത്തിനും ,കരുതലിനുമുള്ള സ്ഥാനം അറിയാൻ പറ്റും. മാതാപിതാക്കൾ നല്ല സുഹൃത്താണെങ്കിൽ തീർച്ചയായും ആ പെൺകുട്ടി അതും അസുഖമുള്ള കുട്ടി അവളുടെ വേദനയും ,ഭീതിയും ,വിഷമവും അവരോടു പങ്കുവയ്ക്കും.

അപ്പോൾ മാതാപിതാക്കൾ കാണിച്ചുകൊടുക്കേണ്ടത് പുരാണ കഥാപാത്രങ്ങളായ സീതയേയും ,ഉണ്ണിയാർച്ചയേയും ഒന്നുമല്ല. സീതയെപോലെ അവളെല്ലാം ക്ഷമിക്കുകയും വേണ്ട ,ഉണ്ണിയാർച്ചയെപോലെ വാളെടുക്കുകയും വേണ്ട. നിനക്ക് സഹിക്കാൻ പറ്റാതെ വരുമ്പോൾ നമ്മുടെ വീടുണ്ട് അതിന്റെ വാതിലുകൾ തുറന്നു തന്നെയിരിക്കും, ഞങ്ങളുണ്ട് തുണയായിട്ട് ,എന്തും നമുക്കൊരുമിച്ചു നേരിടാം എന്നവളോട്.പറഞ്ഞു നോക്കൂ. കല്യാണം കഴിഞ്ഞ പെൺകുട്ടി വീട്ടിൽ വന്നു നിൽക്കുന്നത് അപമാനമായിട്ടു കരുതരുത് .സമൂഹത്തിനോട് എന്തുപറയുമെന്ന തോന്നൽ അത് ആദ്യം മാറ്റണം . മാതാപിതാക്കൾ താങ്ങി നിർത്തുമ്പോൾ സമൂഹത്തിനെ നേരിടാൻ അവൾക്കും ധൈര്യം വരും .സമൂഹത്തിനുമുന്നിൽ നിന്നും വിചാരണയേറ്റുവാങ്ങേണ്ട ഒന്നല്ല ഒരുപെൺകുട്ടിയുടെ സ്വകാര്യത .

കല്യാണം കഴിച്ചുകൊടുത്തതിനുശേഷം വീണ്ടും വീണ്ടും സാമ്പത്തിക ബുദ്ധിമുട്ടുകൾ പറഞ്ഞ് നിരന്തരം ഉത്രയുടെ മാതാപിതാക്കളിൽ നിന്നും പണം പറ്റാറുണ്ടായിരുന്നുവെന്ന് ഇപ്പോൾ പറയുന്നു. മാനസികമായും പീഡിപ്പിച്ചിരിന്നുവെന്ന് . ഇത്രയും ത്യാഗം സഹിച്ചു വിഷപാമ്പിനേക്കാൾ കൊടിയവിഷമുള്ള ഒരുജന്തുവിനോടൊപ്പം താമസിപ്പിച്ചിട്ട് തിരിച്ചുകിട്ടിയത് അവളുടെ വിഷം തീണ്ടിയ ശരീരമല്ലേ ? ശരിയല്ലാത്ത, ശരിയാവാത്തവിവാഹ ബന്ധങ്ങളിൽ തുടരാൻ മക്കളെ പ്രേരിപ്പിക്കുകയും ,സമ്പത്തുകൊടുത്താൽ സ്നേഹം കിട്ടുമെന്ന മിഥ്യാധാരണയിൽ കഴിയുകയും ചെയ്യുന്ന മാതാപിതാക്കളും ,സമൂഹവും എന്ന് സ്വയം തിരുത്തുന്നുവോ അന്ന് പെൺകുട്ടികൾ തീയല്ല തണലായിത്തന്നെ കുടുംബത്തിൽ നിൽക്കും . കല്യാണം കഴിച്ചാൽ ,ഒരു താലി കഴുത്തിൽ വീണാൽ ,രണ്ടുകുഞ്ഞുങ്ങളെ പ്രസവിച്ചാൽ പെണ്ണിനെല്ലാ സൗഭാഗ്യങ്ങളുമായി എന്ന് കരുതരുത്. മക്കൾക്ക് സ്വർണ്ണവും ,സ്ത്രീധനവും വാരിക്കോരി കൊടുക്കുന്നതിനു മുന്നേ അവരെ സ്വന്തം കാലിൽ തലയുയർത്തി നിർത്താൻ പഠിപ്പിക്കണം .സ്വന്തമായ ഒരു തൊഴിൽ അവളെ പഠിപ്പിക്കണം.

ഏതു തൊഴിലിനും മാന്യതയുണ്ട് .തുന്നലോ അതുപോലുള്ള ഒരു തൊഴിലിലോ ഏർപ്പെട്ടാൽഅവൾക്ക് ആത്മവിശ്വാസം വരും .ഇതുപോലുള്ള കൊടിയ വന്യമൃഗത്തിനോടൊപ്പം കഴിഞ്ഞുപോകുന്നതിനേക്കാൾ എത്രയോ സുരക്ഷിതമായിരുന്നേനേ സ്വന്തം വീട്ടിൽ .ഒന്നും വേണ്ട ഈ വിവാഹത്തിന് മുടക്കിയ പണം ഏതെങ്കിലും ബാങ്കിൽ നിക്ഷേപിച്ചിരുന്നെങ്കിലും അവൾക്ക് ആ നിക്ഷേപത്തിന്റെ പലിശകൊണ്ടെങ്കിലും ജീവിക്കാമായിരുന്നില്ലേ . സ്വന്തം കുരുതികൾക്കുവേണ്ടി അറവുമാടുകളെ പോലെ വളർത്തികൊടുക്കുന്നു ചിലരെങ്കിലും പെണ്മക്കളെ . അവൾക്കുവേണ്ടി കണ്ണീർ വീഴ്ത്തണ്ട .

അവളൊരു ആധിയായി മനസ്സിൽ വളർത്തുകയും വേണ്ട . പെണ്മക്കൾ പൊന്മകളാണെന്ന ബോധ്യം നമ്മളിലും ,അവളിലും ഒരുപോലെ വളരണം .ഒരു പരുന്തിനും ,പാമ്പിനും വിട്ടുകൊടിക്കില്ല അവളെഎന്ന്
ഹൃദയത്തിൽ ചേർത്തുപറയൂ. പൂവായിട്ടും ,മാൻകിടാവായിട്ടുമല്ല തീയായിത്തന്നെ
അവളെ വളർത്തു .അവൾക്കുവേണ്ടി സൂക്ഷിച്ചുവച്ചിരിക്കുന്ന അനുശോചനങ്ങളും ,സഹതാപങ്ങളും ,കണ്ണീരും ദൂരെയെടുത്തറിയൂ .എന്നിട്ട്സമൂഹത്തിനോട് ഉറക്കെ പറയണം ഇനിയെങ്കിലും ആർക്കും ചൂക്ഷണം ചെയ്യാനുള്ളതല്ല ഞങ്ങളുടെ പെൺമക്കളും അവരോടുള്ള സ്നേഹവുമെന്ന് .

Sasikumar Ambalathara