മാസം തികഞ്ഞു നിക്കണ പെണ്ണിനെ ഒറ്റക്ക് താമസിക്കാൻ വിടേണ്ടായിരുന്നു , പെട്ടെന്ന് വല്ലതും വന്നു പോയാൽ കുറിപ്പ്

EDITOR

മാസം തികഞ്ഞു നിക്കണ പെണ്ണിനെ ഒറ്റക്ക് താമസിക്കാൻ വിടേണ്ടായിരുന്നു , പെട്ടെന്ന് വല്ലതും വന്നു പോയാൽ അടുത്താളുണ്ടോ ? ഒമ്പതാം മാസം ഒറ്റക്ക് യൂണിവേഴ്സിറ്റിക്ക് അടുത്തുള്ള കോർട്ടേഴ്‌സ് മുറിയിൽ എനിക്ക് താമസിക്കേണ്ടി വന്നപ്പോൾ വീട്ടുകാർ മറുപടി കൊടുക്കേണ്ടി വന്ന അയൽപക്ക ചോദ്യങ്ങളിലൊന്ന്.ചേച്ചീ എന്തെങ്കിലും ബുദ്ധിമുട്ടോ വേദനയോ തോന്നിയാൽ അപ്പൊ വിളിച്ചോ ട്ടോ ഫോൺ സൈലന്റ് ആക്കാറില്ല , ജംഷിക്കാനോടും പറഞ്ഞിട്ടുണ്ട് .പിന്നെ ചെക്കപ്പിന്റെ ഫയല് കാണുന്നിടത്ത് വെച്ചാൽ അഥവാ ഇങ്ങള് ബോധം കെട്ട് പോയാലും ഞങ്ങളെടുത്തോളായിരുന്നു .

അവിടെ താഴത്തെ റൂമിൽ നിന്നും ഇടക്കിടക്ക് മുകളിലേക്ക് ജനൽ വഴി വരാറുള്ള ഇതുപോലെ ചില അശരീരികളിൽ , ഇത്തരം ചോദ്യങ്ങൾക്കൊക്കെയുള്ള ഉത്തരമുണ്ടായിരുന്നു. മുനിയും ജംഷിയും അവിടെ കൂടെ ഉണ്ടല്ലോ എന്നത് പല വട്ടം പലരോടായി പറഞ്ഞ വലിയ ഉത്തരം തന്നെ ആയിരുന്നു .അന്ന് പ്രളയം ദുരിതം വിതച്ചുകൊണ്ട് നാടിനേയും നാട്ടുകാരേയും ചവിട്ടി മെതിച്ചു കടന്നു പോയ ഒരു സമയത്താണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെ കുറിച്ച് അനാവശ്യമായ പ്രചരണങ്ങൾ പ്രവഹിച്ചുകൊണ്ടിരുന്നതിനിടയ്ക്കാണ്.നാടിനോട് ചേർന്ന് നിക്കാനും നാടിനെ ചേർത്ത് പിടിക്കാനും ഇപ്പോഴല്ലെങ്കിൽ പിന്നെപ്പോ എന്ന ബോധത്തോടെ ഞാനീ സാഹസത്തിന് മുതിരുന്നത്.

ഏഴ് മാസം ഗർഭിണിയായിരിക്കുന്ന ആ അവസ്‌ഥയിൽ ആണ്.NET പരീക്ഷക്ക് തയ്യാറെടുക്കുന്നവരുണ്ടോ എന്ന തലക്കെട്ടോടെ ഇവിടെ ഒരു പോസ്റ്റ് പങ്കുവെച്ചത്. കേരളത്തിലെ ഓരോ മനുഷ്യനും കൈ കോർത്തു പിടിച്ചു ചെറുത്തു തോൽപ്പിച്ച പ്രളയപ്പെയ്ത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് വേണ്ടി ഒരു ചെറു വിരലെങ്കിലും അനക്കണമെന്ന അത്രമേൽ വലിയ ആഗ്രഹത്തിനപ്പുറം മറ്റൊന്നും ചിന്തിക്കാതെ ഇറങ്ങിപ്പുറപ്പെടുകയായിരുന്നു.ആയിടെ കയ്യിൽ വന്ന് ചേർന്ന JRF സർട്ടിഫിക്കറ്റിൽ വിശ്വാസമേല്പിച്ച് മുന്നോട്ട് വരുന്നവർക്ക് കഴിയുന്ന രീതിയിൽ മാർഗ്ഗനിർദേശങ്ങൾ നൽകി , അതിലൂടെ കിട്ടുന്ന തുക, അതെത്രയായാലും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാം എന്ന ഉദ്ദേശ്യത്തിൽ നടത്തിയ ഒരെളിയ ശ്രമം എന്നേ ഇതിനെ പറയാനാവൂ.

എന്നെ സംബന്ധിച്ച് ഇങ്ങിനെയൊരവസ്‌ഥയിൽ അതൊട്ടും എളുപ്പമാവില്ല എന്നറിയാമായിരുന്നിട്ടും ; കൂടെ നിൽക്കാൻ ആദ്യമായി മുന്നോട്ട് വന്നത് നേരിട്ട് അറിയാവുന്ന ഏറെ പ്രിയപ്പെട്ട ചിലരായത്കൊണ്ടും
‘ധൈര്യമായി മുന്നോട്ട് പൊക്കോ’ എന്ന അവരുടെ വാക്കുകൾ ഊർജ്ജമായത് കൊണ്ടും മറ്റൊന്നും നോക്കാതെ മുന്നിട്ടിറങ്ങിയതായിരുന്നു. ആ കൂട്ടത്തിൽ ആറു പേർ NET നേടി അത് ഇത്രത്തോളം വലിയ ഒരു വിജയമാകുമെന്ന് തുടക്കത്തിൽ കരുതിയതേ ഇല്ല. കൂടെ വന്നവരെ, എന്റെ വാക്കുകൾക്ക് കാതോർത്തവരേ ,വരികളിൽ കണ്ണ് കോർത്തവരെ ,എന്റെ വലിയൊരു സ്വപ്നത്തെ നെഞ്ചോട് ചേർത്തവരെ , നിങ്ങൾക്കാണ് മുഴുവൻ സ്നേഹവും.

നന്ദി പറഞ്ഞാൽ തീരാത്ത ചിലതും കൂടിയുണ്ട്. പ്രസവത്തിന് മുമ്പും ശേഷവും ,നിറവയറുള്ളവർ അങ്ങിനെ ചെയ്യരുത് , ഇങ്ങിനെ ആവരുത് തുടങ്ങി , പെറ്റു കിടക്കുമ്പോൾ ,മിണ്ടരുത് ,വായിക്കരുത് , ഫോണിൽ നോക്കരുത് , തിരിയരുത്, മറിയരുത് ,നിക്കരുത് ,നടക്കരുത് , ഉറക്കെ സംസാരിക്കരുത് ഇതുപോലുള്ള ആയിരം അരുത്കളിലൊന്നുപോലും എന്റെ നേരെയേറിഞ്ഞ് എന്റെ മനസിനേയോ ചിന്തകളേയോ ,ശബ്ദത്തേയോ ഒരിയ്ക്കൽ പോലും തളർത്താതിരുന്ന എന്റെ രണ്ട് അമ്മമാരെയുംഎന്നെക്കൊണ്ടിത് മുഴുവനാക്കാൻ സാധിക്കോ സാധിക്കോ എന്ന ഓരോ തേങ്ങലിനേയും ചിരികൊണ്ടും, തോളിൽ വെച്ച കൈകൊണ്ടും അമർത്തിയില്ലാണ്ടാക്കിയ സജീഷ്‌കുമാറിനേയും കൂടി ഇവിടെ അടയാളപ്പെടുത്തേണ്ടിയിരിക്കുന്നു.

മലപ്പുറം ജില്ലാ കലക്ടർക്കോ, നിലമ്പൂർ MLA യ്ക്കോ നേരിട്ട് പോയി ഏൽപ്പിക്കണം എന്ന വലിയ ആഗ്രഹം ഉള്ളിലുണ്ടായിരുന്നതുകൊണ്ട് വൈകിപ്പോയ ഒരു കാര്യമാണിത്. യാത്ര ചെയ്യാൻ പറ്റാത്ത അവസ്‌ഥയായി , പ്രസവമായി , പീക്കിരിക്കുഞ്ഞ് ഒന്ന് കൈയ്യിലുമായി , ദേ ഇപ്പോൾ ലോക്ക് ഡൗണും ആയി . ഇനിയും വൈകുന്നതിൽ അർത്ഥമില്ലെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ദുരിതമനുഭവിച്ചവർക്കും അനുഭവിച്ചുകൊണ്ടിരുന്നവർക്കും ഒപ്പം നിന്നുകൊണ്ട് ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അവർകൾക്ക് തുകയുടെ ചെക്ക് സന്തോഷപൂർവ്വം കൈമാറി.

പോസ്റ്റ് വായിച്ച അന്ന് തന്നെ പൈസ ഏല്പിച്ചവരുണ്ട് ഇപ്പൊ സാധിക്കില്ല പക്ഷെ കൂടെ നിൽക്കണമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞു വന്നെങ്കിലും സാഹചര്യങ്ങൾകൊണ്ട് ആ പൈസ മുഴുവനായി ഏൽപ്പിക്കാൻ കഴിയാതെ പോയവരുണ്ട് (ഇനിയും വൈകിക്കാതിരിക്കാൻ അവരുടെ പങ്ക് കൂടി ചേർത്തു വെച്ചിട്ടുണ്ട്)
സാധിക്കുന്നത് തന്നാൽ കൂടെ കൂട്ടുമോ എന്ന് പറഞ്ഞു കൂട്ടത്തിൽ ചേർന്ന് കഴിയുന്നത് തന്നവരുണ്ട് പഠിക്കണം , ജയിക്കണം എന്ന് ഒരുപാട് ആഗ്രഹിക്കുന്ന എന്നാൽ തൽക്കാലം സാമ്പത്തികമായി സഹായിക്കാൻ സാധിക്കില്ല എന്നുറപ്പുള്ളതുകൊണ്ട് ഞാനായി കൂട്ടത്തിൽ ചേർത്ത ചിലരുണ്ട്

പ്രിയപ്പെട്ടവരെ ,നമ്മളെല്ലാവരും കൂടി ചേർത്ത് വെച്ചത് ഒരു ലക്ഷത്തോളം വരുന്ന തുകയാണ് . ഒത്തിരി വലുതല്ലെങ്കിലും നമ്മുടെ പല ചെറുതുള്ളികൾ ചേർന്ന ഒരു കൈക്കുമ്പിൾ ജലമായ് നമുക്കത് ദാഹിക്കുന്നവരിലേക്ക് എത്തിക്കാൻ കഴിഞ്ഞു എന്നാശ്വസിക്കാം.നീര് വെച്ച കാലുകളും ,പൊട്ടിപ്പൊളിയുന്ന പുറം വേദനയും ,വീർത്തു വരുന്ന വയറും ,അടിവയറ്റിലെ ചൂടും പുകച്ചിലും ,സ്വസ്ഥമായ ശ്വാസത്തിന് കൊതിച്ച തൊണ്ടയും,എന്റെ കുതിപ്പുകളും കിതപ്പുകളും ,പിന്നീട് ,ഒരു കുഞ്ഞു വേദനയ്ക്കൊടുവിൽ പിറന്നു വീണ കുഞ്ഞിക്കരച്ചിലിന്റെ ഏറ്റക്കുറച്ചിലുകളും,അല്ലുവിന്റെ കളിയൊച്ചയും വാശിയും ബഹളവും ,അവന്റെ നാലാം വയസിന്റെ നട്ടപ്രാന്തും നാടകങ്ങളും.അങ്ങനെയങ്ങനെ എന്റെ കുറച്ചു മാസങ്ങളിലെ ജീവിതത്തോടൊപ്പം സഞ്ചരിച്ചവരേ നിങ്ങളെ ചേർത്ത് പിടിച്ചുകൊണ്ട് ഞാൻ ആ വാക്ക് പാലിച്ചിരിക്കുന്നു.സ്നേഹം മാത്രം , വൈകി പോയി എന്ന അല്പമല്ലാത്ത വേദനയോടെ .തുടക്കം മുതൽ ഒടുക്കം വരെ ഒപ്പം നിന്ന പേര് പറഞ്ഞാൽ തീരാത്ത അത്രയും സൗഹൃദങ്ങളെ നെഞ്ചോട് ചേർത്തത്കൊണ്ട് ,

കടപ്പാട് : അശ്വനി സജീഷ്