വീട് പണിയാൻ വെട്ടു കല്ലാണോ അതോ ചുടുകട്ട ആണോ നല്ലതെന്നു നമ്മളിൽ 90 %പേർക്കും അറിയില്ല

EDITOR

ഏതാനും ആഴ്ച്ച മുൻപ് അബുദാബിയിലെ ഒരു ഹോട്ടലിൽ മസാലദോശ കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് വെട്ടുകല്ലാണോ ചുടുകട്ടയാണോ താബൂക്കാണോ നല്ലതെന്നു ഗ്രൂപ്പിലെ ഒരു സുഹൃത്ത് കമന്റായി ഒരു സംശയം ചോദിച്ചത്.അൽപ്പം തിരക്കായതിനാൽ ഇക്കാര്യം പിന്നീടൊന്നു ഓർമ്മിപ്പിക്കാൻ അവരോട് പറഞ്ഞിരുന്നതാണ്. എന്നെക്കാൾ മറവിയുള്ളതുകൊണ്ടാണോ എന്നറിയില്ല, പിന്നീട് ഇതേക്കുറിച്ചൊന്നും കേട്ടില്ല.

എന്നാൽ ഇന്ന് വീണ്ടും അതേ ഹോട്ടലിൽ, അതേ സീറ്റിൽ, അതേ സപ്ലയർ മസാലദോശ കൊണ്ടുവന്ന് തന്നപ്പോൾ എനിക്കിക്കാര്യം ഓർമ്മവന്നു. എല്ലാം ചുരുളഴിയാത്ത രഹസ്യങ്ങൾ..!!

കാര്യത്തിലേക്കു കടക്കാം. വെട്ടുകല്ലായാലും, താബൂക്കായാലും, ഇഷ്ടികയായാലും നല്ലതുതന്നെ. അത് ഉദ്ദേശിച്ച ജോലിക്ക് ഉദ്ദേശിച്ച ഗുണം ചെയ്യുമെങ്കിൽ..

1- വെട്ടുകല്ല് പൂർണ്ണമായും പ്രകൃതിദത്തമായ ഒന്നാണ്. ഇത് മഞ്ഞ മുതൽ ഇളം കറുപ്പ് നിറം വരെ വിവിധ വർണ്ണങ്ങളിൽ കാണപ്പെടുന്നു. നിറത്തിന്റെ അടിസ്ഥാനത്തിൽ ബലത്തെപ്പറ്റി ഒരു പ്രസ്താവന നടത്താൻ പാടില്ലെങ്കിലും അനുഭവത്തിൽനിന്നു ഏതാണ്ട് ഇങ്ങനെയാണ്, അതായത് മഞ്ഞ കല്ലിനു ബലം കുറയും, നേരിയ ചുകപ്പിനു അൽപ്പം കൂടും, കടും ചുകപ്പിനു വീണ്ടും കൂടും, വയലറ്റു കല്ല് അൽപ്പംകൂടി കടുപ്പം കാണും, ഇളം കറുപ്പിന് ഏറ്റവും ബലം കാണും.

2- സെഡിമെന്ററി റോക്ക് ഇനത്തിൽപ്പെടുന്ന വെട്ടുകല്ല്, ഭൂമിക്കടിയിൽ വിധേയാക്കപ്പെടുന്ന മർദ്ധത്തിനും, പഴക്കത്തിനും അനുസൃതമായാണ് അതിന്റെ ഗുണനിലവാരം രൂപപ്പെടുന്നത്. അതിനാൽ മൊത്തം കല്ല് ഇറക്കും മുൻപേ ഏതാനും കല്ല്കൾ സാമ്പിൾ തരാൻ കോൺട്രാക്ടറോട്‌ പറയുക. പറ്റുമെങ്കിൽ ക്വാറി വരെ ഒന്ന് പോവുക.

3- സാമ്പിൾ കിട്ടുന്ന കല്ലിലേക്കു ഒരു മോട്ടോർ വെച്ചു അൽപ്പനേരം വെള്ളം ചീറ്റുക. എത്രമാത്രം ചെളി അതിൽനിന്നു ബഹിർഗ്ഗമിക്കുന്നു എന്നതിൽനിന്നും കല്ലിനെപ്പറ്റി ഏതാണ്ടൊരു ധാരണ ഉണ്ടാക്കാം.

4- അതായത് ബലക്കുറവുള്ള കല്ലിന്റെ ഉപരിതലത്തിലുള്ള ദ്വാരങ്ങളിൽ ധാരാളം “ചെകിടി മണ്ണ് ” നിക്ഷിപ്തമായിരിക്കും. ഇത് ഭാരം താങ്ങാൻ കഴിവില്ലാത്ത, കേവലം പ്ലം കേക്കുപോലുള്ള ഒന്നാണ്. ഇതേ ദ്വാരങ്ങളും മണ്ണും കല്ലിന്റെ അകത്തും ഉണ്ടെന്ന് മനസ്സിലാക്കുക. ഇത്തരം സാധനം സൈറ്റിൽ അടുപ്പിക്കരുത് എന്ന് കോൺട്രാക്ടറെ വിളിച്ചു പറയുക.

5- പല പണിക്കാരും ഈ കല്ലിനെപ്പറ്റി ദോഷം പറയാത്തത്, അവർക്ക് ഈ കല്ല് എളുപ്പത്തിൽ ചെത്തിയെടുക്കാം എന്നതുകൊണ്ടാണ്.

6- ബലമുള്ള കല്ല്, അതിന്റെ ചതുരാകൃതി നിലനിർത്തും. ലോറിയിൽനിന്ന് തലകുത്തനെ എടുത്തു നിലത്തിട്ടാൽ പോലും പൊട്ടില്ല. ( വിലങ്ങനെ എടുത്തു തറയിലിട്ടാൽ ഏത് കല്ലും പൊട്ടും, വെറുതേ ഞാൻ പറഞ്ഞത് മനസ്സിലാക്കാതെ പാവം കോൺട്രാക്ടറുടെ നെഞ്ചത്ത്‌ കേറരുത് )

7- ക്വാറിയിൽ പോകണം എന്ന് നേരത്തേ പറഞ്ഞതിൽ വേറൊരു കാര്യമുണ്ട്. അധികം ആഴമില്ലാത്ത ക്വാറികളിൽ കല്ലിനുള്ളിലൂടെ മരത്തിന്റെ വേരുകൾ കടന്നു പോകാറുണ്ട്. ഇത്തരം കല്ലുകൾ “സെക്കൻഡ്‌സ് ” എന്നപേരിൽ അവർ വിൽക്കാറുമുണ്ട്. ഇത് എളുപ്പത്തിൽ പൊട്ടിപ്പോകും. ഇത് ഒഴിവാക്കുക.

8- ജലലഭ്യത കുറവുള്ള ഇടങ്ങളിലെ നിർമ്മാണത്തിന് വെട്ടുകല്ലാണ് നല്ലത് എന്നൊരു അഭിപ്രായം എനിക്കുണ്ട്. കാരണം പ്രകൃതിജന്യമായ വെട്ടുകല്ല് ജലം ആഗിരണം ചെയ്യുന്ന തോത് വളരെ കുറവാണ്. അതിനാൽ പടവിനു ശേഷം നനയ്ക്കുമ്പോൾ ചെലവാക്കപ്പെടുന്ന വെള്ളത്തിന്റെ അളവ് തുലോം കുറവായിരിക്കും.

താബുക്കിനെയും ഇഷ്ടികയെയും കുറിച്ച് പിന്നീട്.. മസാല ദോശകൾ തീർന്നിട്ടില്ല.

പണ്ടുകാലത്ത് ക്ഷേത്ര നിർമ്മാണങ്ങൾക്കു ഉപയോഗിച്ചുവന്ന ഇളം കറുപ്പ് നിറമുള്ള കല്ല് എന്തുകൊണ്ടോ ഇപ്പോഴാരും വീടുപണിക്ക് ഉപയോഗിച്ച് കാണുന്നില്ല. കണ്ണൂർ മുതൽ കൊങ്കൺ തീരത്തും ഗോവൻ കടപ്പുറത്തും ഒക്കെ ഈ കല്ല് സുലഭമായി കാണാം. വർഷങ്ങളായി തിര അടിച്ചാൽപോലും നശിച്ചു പോകാത്തതാണ് ഈ ഇനത്തിൽപെട്ട കല്ല്.

ഗോവയിലെ ബീച്ചിൽ വെട്ടുകല്ല് നോക്കാൻ പോയ ആദ്യ മലയാളിയും ഞാനാണ്.

നോട്ട് ദാറ്റ് പോയന്റ്.

കടപ്പാട് : സുരേഷ് മഠത്തിൽ വളപ്പിൽ