ഇന്നത്തെ മനോരമയിൽ അങ്ങെഴുതിയ കോളം ഒറ്റശ്വാസത്തിലാണ് വായിച്ചു തീർത്തത്. ആർദ്രം, സ്പർശം, കാലികം എന്ന്മാത്രം വിശേഷിപ്പിക്കട്ടെ. ചുണ്ടുകളിൽനിന്നും തലച്ചോറിലേക്ക് യാത്രയാവാതെ ഹൃദയത്തിൽ അള്ളിപ്പിടിച്ചിരിക്കുന്ന ആ കുഞ്ഞുവാക്യങ്ങൾ ആവർത്തിച്ചു വായിച്ചു.
എനിക്കുറപ്പുണ്ട്, ഈ കൊറോണക്കാലത്ത് ലക്ഷക്കണക്കിന് മനുഷ്യരെ ആ വാക്കുകൾ സ്വാധീനിച്ചിട്ടുണ്ടാകും. “അയൽവാസി വിശന്നിരിക്കുമ്പോൾ വറുനിറയ്ക്കുന്നവർ നമ്മിൽപ്പെട്ടവനല്ല” എന്ന പ്രവാചകവാക്യം മതഭേദമന്യേ മലയാളികൾ പ്രാവർത്തികമാക്കാനുള്ള ശക്തി ആ കുഞ്ഞുവാചകങ്ങൾക്കുണ്ട് എന്നാണ് എൻ്റെ ആത്മവിശ്വാസം.!
വായിച്ചുതീർന്നപ്പോൾ, മലയാളത്തിലെ മെഗാഹിറ്റായ അങ്ങയുടെ ഒരുസിനിമയിൽ കൂടെ അഭിനയിച്ച ഒരു ഹാസ്യതാരം വ്യക്തിപരമായി വിവരിച്ച ഒരനുഭവകഥയാണ് ഓർമ്മയിൽ വന്നത്. ഗ്രാമാന്തരത്തിലെ ഷൂട്ടിങ് സെറ്റിൽ നിന്നും, നഗരത്തിലെ ഹോട്ടലിലേക്കുള്ള യാത്രയിലാണ് യൂണിറ്റ് മുഴുവനും. യാത്ര പാതിയായപ്പോൾ വഴിവക്കിലെ ഫ്രഷ്ജ്യൂസ് കടയിൽ മമ്മൂക്കയ്ക്കൊപ്പം കാറിലുണ്ടായിരുന്ന ആ താരവും ദാഹമകറ്റാനിറങ്ങി. പുറകിലുള്ള ഷൂട്ടിങ് യൂണിറ്റിലെ വാഹനങ്ങളും മമ്മൂക്കയുടെ പാർക്ക് ചെയ്ത കാറിനു പുറകിൽ നിർത്തി എല്ലാവരും ദാഹമകറ്റാനെത്തി.
“ജാഡക്കാരനും, അഹങ്കാരിയുമായ” മമ്മൂട്ടി ആരെയും മൈൻഡ് ചെയ്യാതെ താൻ കുടിച്ച ജ്യൂസിൻറെ കാശ് മാത്രം നൽകി, ജ്യൂസ്കടക്കാരന് ടിപ്പ് നൽകുകയോ ഒന്ന് ചിരിക്കുകയോപോലും ചെയ്യാതെ ബാക്കികിട്ടിയ കറൻസിയും പേഴ്സിലിട്ട് കാറിൽക്കയറി. അങ്ങയുടെ സഹയാത്രികനായ ആ ഹാസ്യതാരം അങ്ങയോട് ആ സമയത്ത് തോന്നിയ നീരസം ആത്മാർത്ഥമായിത്തന്നെ പറഞ്ഞു.
“ഒന്നുകിൽ അയാൾ എല്ലാവരുടെയും കാശ് കൊടുക്കണം, അല്ലെങ്കിൽ അയാളുടേതും കൊടുക്കാതെ പ്രൊഡക്ഷൻ എക്സിക്കുട്ടീവിനെക്കൊണ്ട് കൊടുപ്പിക്കണം. അതല്ലാതെ അന്ന് അയാൾ കാണിച്ചത് അൽപ്പത്തരമാണെന്ന് എനിക്ക് തോന്നി!”- അങ്ങയുടെ സഹതാരത്തിൻ്റെ വാക്കുകളായിരുന്നു. യാത്ര തുടർന്നു. നഗരവാതിൽക്കൽ എത്തിയപ്പോൾ താങ്കളുടെ കാർ പിന്നെയും തിരക്കില്ലാത്ത റോഡരുകിൽ പാർക്ക് ചെയ്തു. “ഫോണെടുത്തു അസഹിഷ്ണുതയോടെ നിരന്തരം ഡയൽ ചെയ്യുന്ന മമ്മൂട്ടി, പറഞ്ഞുകേൾക്കുന്നതുപോലെ ഒരു ജാഡക്കാരനും മുൻകോപിയും, അഹങ്കാരിയുമാണെന്ന് ആ സമയത്ത് എനിക്കും തോന്നി.”
അങ്ങയുടെ സഹതാരം അനുഭവം തുടർന്നു. “മിനിറ്റുകൾ കാത്തിരിക്കുന്തോറും മമ്മൂക്ക കൂടുതൽ അസ്വസ്ഥനായി. വീണ്ടും വീണ്ടും ആ നമ്പറിൽ ഡയൽ ചെയ്തുകൊണ്ടേയിരുന്നു. സത്യത്തിൽ ആരെയാണ് വിളിക്കുന്നത്, ആരെയാണ് കാത്തിരിക്കുന്നതെന്ന് ചോദിക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. ഒടുവിൽ ഒരു ബൈക്ക് മമ്മൂക്കയുടെ കാറിനുമുന്നിൽ പ്രത്യക്ഷപ്പെട്ടു. അൽപ്പം ഭയത്തോടെ വിയർത്തുകുളിച്ച ഒരു യുവാവ് ഡ്രൈവിങ് സീറ്റിനരികെയുള്ള വിൻഡോ ഗ്ളാസിനു മുന്നിലെത്തി.”
കാത്തിരുന്നു മുഷിഞ്ഞതിലുള്ള അമർഷവും അസ്വസ്ഥയും മറച്ചുവയ്ക്കാതെ പരുഷവാക്കുകൾ ഉരുവിട്ടുകൊണ്ട് മമ്മൂട്ടി എന്ന ഇന്ത്യൻ സിനിമയിലെ ഇതിഹാസനടൻ കാറിൻറെ ഡാഷ് ബോർഡ് തുറന്നു ന്യൂസ്പേപ്പറിൽ പൊതിഞ്ഞ ഒരു പൊതിയെടുത്തു ആ യുവാവിനെ ഏൽപ്പിച്ചു പറഞ്ഞു. “സൂക്ഷിച്ചു കൊണ്ടുപോകണം.” മയമില്ലാത്ത വാക്കുകൾ മുറിച്ചു മമ്മൂട്ടി വിൻഡോ ഗ്ളാസ്സുയർത്തി യാത്രപോലും പറയാതെ ഹോട്ടലിലേക്ക് പറന്നു.“ഇയാളെന്തൊരു മനുഷ്യൻ, എന്തൊരു ജാഡ, എന്തൊരു മുൻകോപക്കാരൻ…!” അങ്ങയുടെ സഹതാരം മനസ്സിൽ നീരസപ്പെട്ടു.
ഞാനെഴുതിക്കൊണ്ടിരിക്കുന്ന ഒരു സ്ക്രിപ്റ്റിന്റെ കഥ അങ്ങയോട് പറയാൻ നടത്തുന്ന ശ്രമങ്ങൾക്കിടയിലാണ് അങ്ങയുടെ പഴയ സഹതാരവും, ഇപ്പോൾ മലയാള സിനിമയുടെ അവിഭാജ്യഘടകവുമായ ആ ഹാസ്യ- സ്വഭാവതാരം മേൽവിവരിച്ച കഥ പറഞ്ഞത്.ഷൂട്ടിംഗ് സെറ്റിലെ ഇരുപത്തിമൂന്ന് ആളുകൾ ഒരുമിച്ചു ജ്യൂസ് കുടിച്ചാൽ കാശ് നൽകാനുള്ള ഔചിത്യം കാണിക്കാത്ത മമ്മൂട്ടി, ഇരുചെവിയറിയാതെ അതേ പ്രൊഡക്ഷൻ യൂണിറ്റിലെ ദിവസക്കൂലിക്കാരനായ ഒരു ചെറുപ്പക്കാരൻറെ പെങ്ങളുടെ കല്യാണച്ചിലവ് ഏറ്റെടുത്തത് അറിഞ്ഞപ്പോഴാണ് മമ്മൂട്ടി എന്ന മഹാനടൻ ജീവിതത്തിലും മഹാനായ മനുഷ്യനാണെന്ന് ഞാൻ തിരിച്ചറിഞ്ഞത്!” – അങ്ങയുടെ സഹപ്രവർത്തകൻ കഥ നിർത്തിയപ്പോൾ ആഹ്ളാദവും ആദരവും തോന്നിയിരുന്നു മമ്മൂക്ക.
പ്രിയപ്പെട്ട മമ്മൂക്ക,താങ്കൾ ഈ തുറന്ന കത്ത് വായിക്കുമോ എന്നെനിക്കറിയില്ല. താങ്കളുടെ മഹത്വം ലോകത്തെ അറിയിക്കലും എൻ്റെ ജോലിയല്ല. കോടികൾ പ്രതിഫലം വാങ്ങുന്ന മെഗാതാരങ്ങൾ സഹപ്രവർത്തകൻറെ സഹോദരിയുടെ വിവാഹത്തിന് സഹായിക്കുന്നതും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലക്ഷങ്ങൾ സംഭാവന ചെയ്യുന്നതും ആനക്കാര്യമാണ് എന്ന് വിശ്വസിക്കുന്ന അങ്ങയുടെ ഒരു ആരാധക കഴുതയുമല്ല ഞാൻ.
പക്ഷേ പ്രളയകാലത്ത് ദുരിതാശ്വാസക്യാമ്പിൽ അശരണരുടെ കൂടെ നിലത്ത് ചമ്രംപടിഞ്ഞിരുന്ന് ഊണ് കഴിച്ചുകൊണ്ട്, കൂടെയുണ്ടെന്ന് ആത്മവിശ്വാസം പകർന്നു അതിജീവനത്തിനു ഊർജ്ജം പകരുന്ന മമ്മൂട്ടിയോട്, കൊറോണക്കാലത്ത് സൂപ്പർമാർക്കറ്റുകളിൽ നിന്നും സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന മധ്യവർഗ്ഗ മലയാളിയോട് ദിവസക്കൂലിക്കാരൻ്റെ വിശപ്പിലും കരുതലുണ്ടാവണം എന്ന് പറയുന്നതിൽ ടൈമിംഗ് സൂക്ഷിക്കുന്ന മമ്മൂട്ടിയോട്, ആരാധനയല്ല എനിക്ക്, മറിച്ചു ആദരവാണ്. ആ ആദരവ് പിടിച്ചുപറ്റിയ അങ്ങയുടെ വാക്കുകളാണ് ഇന്നത്തെ എൻ്റെ ദിവസത്തെ സാർത്ഥകവും സമ്പന്നവുമാക്കിയത്.!
സിനിമയിൽ താരമാവാനും മഹാനടനാവാനും കഠിനാദ്ധ്വാനവും കഷ്ടപ്പാടും അനുഭവിച്ച പണപ്പറമ്പിൽ ഇസ്മയിൽ മുഹമ്മദ് കുട്ടിയെ ഞാൻ നിരവധി വായിച്ചിട്ടുണ്ട്. പക്ഷേ വൈക്കത്തെ മധ്യവർഗ്ഗ കുടുംബത്തിൽ ജനിച്ച മുഹമ്മദ് കുട്ടി വിശപ്പറഞ്ഞിട്ടുണ്ടാവും, പട്ടിണി കിടന്നിട്ടുണ്ടാവും എന്ന് ഞാൻ വിശ്വസിക്കുന്നുമില്ല. എന്നിട്ടും മമ്മൂട്ടി എന്ന മെഗാതാരത്തിനും മഹാനടനും –
“…ഇതു കടന്നുപോയ കാലത്തെക്കുറിച്ചും വരുന്ന കാലത്തെക്കുറിച്ചും ആലോചിക്കാനുള്ള സമയമാണ്. അനാവശ്യമായി ഒന്നും വാങ്ങിക്കൂട്ടേണ്ടതില്ല. നാം വാങ്ങിക്കൂട്ടുമ്പോൾ മറ്റു പലർക്കുമത് ഇല്ലാതാകും. സത്യത്തിൽ അതവരുടെ ഭക്ഷണം തട്ടിയെടുക്കുന്നതിനു തുല്യമാണ്. വേണ്ടതു മാത്രം കരുതിവയ്ക്കുക. നാം പാചകം ചെയ്യുന്ന ഭക്ഷണത്തിലും കരുതൽ വേണം. ആവശ്യത്തിനു മാത്രം ഉണ്ടാക്കുക. ഭക്ഷണം കളയാതിരിക്കുക. ഭക്ഷണമെന്നത് ആർഭാടമല്ല, അത്യാവശ്യമാണെന്നു വീണ്ടും വീണ്ടും ഈ ദിവസങ്ങൾ നമ്മെ ഓർമിപ്പിക്കുകയാണ്.
ദിവസക്കൂലികൊണ്ടു മാത്രം ജീവിക്കുന്ന ഒരുപാടുപേരുണ്ട്. അവർക്കു കരുതിവയ്ക്കുന്നതിൽ പരിമിതിയുണ്ട്. ഓരോരുത്തരും അവരുടെ വീടിനടുത്തുള്ള അല്ലെങ്കിൽ, പരിചയമുള്ള മനുഷ്യരെക്കുറിച്ച് ആലോചിക്കണം. അവർ കരുതിവച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണം. ഇല്ലെങ്കിൽ നമ്മുടെ കരുതൽ അവർക്കുകൂടിയാകണം.!” – എന്ന് പറയാൻ കഴിയുന്നത് പ്രചോദിപ്പിക്കുന്നതാണ് മമ്മൂക്ക.! 💕❣️🌷
മഹാമാരിയുടെ സമകാലിക ചർച്ചകളിൽ ഇത്രമേൽ സൂക്ഷ്മമായ ഒരു കരുതലിനെപ്പോലും ചർച്ചയാക്കാനായ മമ്മൂട്ടി എന്ന മഹാനായ കലാകാരനെ കാലം ഹൃദയാർദ്രതയോടെ അടയാളപ്പെടുത്താതിരിക്കില്ല.
വാക്കുകൾ പെറുക്കിപ്പറയുമ്പോഴും താങ്കൾ അത് മാധ്യമങ്ങൾക്ക് മുന്നിൽ എഴുതി അവതരിപ്പിച്ച ഭാഷയിലെ ആർദ്രത ഹൃദയത്തിൽ സ്പർശിച്ചു!❣️🥰
രാവും പകലും കഠിനാദ്ധ്വാനം ചെയ്യുന്ന ആരോഗ്യവകുപ്പ്, കരുതലുള്ള തലവനുള്ള ഒരു സർക്കാർ, കരുതലുള്ള സമൂഹവും, ഡോക്ടർമാരും, മാധ്യമങ്ങളും എന്നതൊക്കെ ഇനിയെങ്കിലും മലയാളികൾക്ക് മനസ്സിലാകുമെന്നു കരുതാം…!! 😔😒മരണം കഴിഞ്ഞാൽ വിശപ്പാണ് പ്രപഞ്ചജീവിതത്തിലെ ഏറ്റവും മൂർത്തമായ യാഥാർഥ്യം. ഈ കഠിനനാളുകളിൽ അയൽവാസിയുടെയും സഹജീവികളുടേയും, വിശപ്പിലും അതിജീവനത്തിലും കരുതലുള്ളവരാകാൻ മലയാളികൾക്ക് അങ്ങയുടെ വാക്കുകൾ കരുത്തും ഊർജ്ജവും പ്രചോദനവുമാവട്ടെ ഈ നാളുകളും കടന്നുപോകും.നാം അതിജീവിക്കും.താങ്കൾക്കു മുകളിലെ ആകാശം നിറയെ സ്നേഹാശംസകളോടെ…❤💕
-അഡ്വ. ജഹാംഗീർ റസാഖ് പാലേരി-
8136 888 889.