ഡോക്ടർ ശ്രീറാം വെങ്കിട്ടരാമൻ തിരിച്ചെത്തുന്നു ആരോഗ്യവകുപ്പിലേക്ക് കോവിഡ് സ്പെഷ്യൽ ഓഫീസർ എന്ന് സൂചന

EDITOR

തിരുവനന്തപുരത്തു മാധ്യമപ്രവര്‍ത്തകൻ കെഎം ബഷീര്‍ കാറിടിച്ച് മരിച്ച കേസിൽ സസ്പെൻഷനിലായിരുന്ന ശ്രീറാം വെങ്കിട്ടരാമൻ സര്‍വ്വീസിൽ തിരിച്ചെത്തുന്നു. ആരോഗ്യ വകുപ്പിലേക്കാണ് നിയമനം. ഡോക്ടര്‍ കൂടിയായ ശ്രീറാം വെങ്കിട്ടരാമനെ കൊവിഡ് 19 സ്പെഷ്യൽ ഓഫീസറായാണ് തിരിച്ചെടുക്കുന്നതെന്നാണ് വിവരം. വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിൽ ശ്രീറാം കുറ്റക്കാരനെന്ന് പറയുന്നില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങൾ വിശദീകരിക്കുന്നത്. നിയമനത്തിന് എതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ്.

കെഎം ബഷീറ് കാര്‍ ഇടിച്ച് മരിച്ച കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ ആരോപണത്തിന് തെളിവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സഞ്ചയ് ഗാർഗ് ഐ എ എസിന്‍റെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് നിയമനം. കുറ്റക്കാരനെന്ന് തെളിയും വരെ സര്‍വ്വീസിൽ നിന്ന് പുറത്ത് നിര്‍ത്തേണ്ട കാര്യമില്ലെന്ന വിലയിരുത്തലും ഉണ്ട്. കൂടുതൽ അന്വേഷണം, നടത്താനും കോടതി വിധിയുടെ അടിസ്ഥാനത്തിൽ അച്ചടക്ക നടപടി സ്വീകരിക്കാനുമാണ് സര്‍ക്കാര്‍ തീരുമാനമെന്നും പറയുന്നു. പത്ര പ്രവര്‍ത്തക യൂണിയൻ ഭാരവാഹികളെ കൂടി വിശ്വാസത്തിലെടുത്താണ് നിയമനമെന്നും യൂണിയൻ പ്രതിനിധികളോട് മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നതായും സര്‍ക്കാര്‍ വൃത്തങ്ങൾ പറയുന്നു.

സസ്പെൻഷൻ കാലാവധി നീട്ടിയ സര്‍ക്കാര്‍ നടപടിക്കെതിരെ നേരത്തെ ശ്രീറാം വെങ്കിട്ടരാമൻ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസിനെ സമീപിച്ചിരുന്നു.