എലിപ്പനി എല്ലാ അവയവങ്ങളെയും തകർത്തെറിഞ്ഞ, സ്വയം ശരീരത്തിൽ ഓക്സിജൻ്റെ അളവ് നിലനിർത്താൻ കഴിയാത്ത ഒരാൾ ഡോക്ടറുടെ കുറിപ്പ്

EDITOR

എലിപ്പനി എല്ലാ അവയവങ്ങളെയും തകർത്തെറിഞ്ഞ, സ്വയം ശരീരത്തിൽ ഓക്സിജൻ്റെ അളവ് നിലനിർത്താൻ കഴിയാത്ത ഒരു 65 വയസ്സുകാരൻ.

കീടനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ഞരമ്പുകൾ തളർന്ന് ശ്വാസം എടുക്കാൻ പ്രയാസപ്പെടുന്ന ഒരു 30 വയസ്സുകാരൻ.

തലച്ചോറിൽ രക്തസ്രാവം വന്ന് ബോധം നഷ്ടപ്പെട്ട് ശ്വാസം നിലച്ച്, ശ്വാസവായുവിന് മകൾ അമർത്തുന്ന ആംബു ബാഗിനെ ആശ്രയിക്കുന്ന 55 വയസ്സുള്ള അച്ഛൻ.

ഒരു ദിവസം ഒരു വാർഡിൽ അഡ്മിറ്റായ മൂന്നു പേർ. ഇവർ അഡ്മിറ്റ് ആയത് മുതൽ ഓരോ മണിക്കൂർ ഇടവിട്ട് ആശുപത്രിയിലെ എല്ലാ ഐ സി യു വിലും വിളിച്ചു ചോദിക്കുന്നുണ്ട്, ബെഡ് ന്റെ ലഭ്യത അറിയാൻ. കുറേ നേരത്തെ കാത്തിരിപ്പിന് ശേഷം ഒരു ബെഡ് ഒഴിവായതായി ഐ സി യു വിൽ നിന്ന് ഒരു വിളി വരുന്നു.

ഇതിൽ ഏതു രോഗിയെ ഐസിയു ലേക്ക് മാറ്റും? സ്വയം ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച , ഇനിയും ഒരു പാട് ജീവിതം ബാക്കിയുള്ള ചെറുപ്പക്കാരനേയോ ? കുടുംബം പോറ്റാൻ പാടത്തും ചെളിയിലും മല്ലിട്ടതിന് കിട്ടിയ പ്രതിഫലവുമായി മരണത്തെ മുഖാമുഖം കാണുന്ന വയോധികനേയോ? ജീവിതത്തിലേക്ക് തിരിച്ചു വരാൻ സാദ്ധ്യത വളരെ കുറവായ, ആയുസ്സ് മകളുടെ കയ്യിലെ ആംബു ബാഗിന്റെ ചലനത്തെ മാത്രം ആശ്രയിച്ചിരിക്കുന്ന അച്ഛനെയോ ?

ഒരു ഡോക്ടറുടെ ഏറ്റവും വലിയ ധർമ സങ്കടങ്ങളിൽ ഒന്നാണിത്. ഓരോ കുടുംബത്തിന്റേയും കണ്ണിൽ അവരുടെ ബന്ധു മാത്രമാണ് രോഗി. അയാൾ എല്ലാ വിധ ചികിത്സകളും അർഹിക്കുന്നു. ആശുപത്രിയിലെ ഐ സി യു വും വെന്റിലേറ്ററും അവർക്കു വേണ്ടിയുള്ളതാണ്. പക്ഷേ ഡോക്ടറുടെ കണ്ണിൽ എല്ലാവരും രോഗികളാണ്, എല്ലാവരും എല്ലാം അർഹിക്കുന്നു. പരിമിതമായ ഭൗതിക സൗകര്യങ്ങൾ രോഗികൾക്കായി വീതം വെക്കേണ്ടി വരുമ്പോൾ തീരുമാനം വളരെ ദുഷ്കരമാണ്. തീരുമാനിക്കുമ്പോൾ ആംബു ബാഗ് അമർത്തുന്ന മകളുടെ കണ്ണിൽ നിന്നൊഴുകുന്ന കണ്ണുനീർ ഡോക്ടർക്ക് കണ്ടില്ലെന്ന് നടിക്കേണ്ടിവരും. എലിപ്പനി വന്നു മരണത്തോട് മല്ലിടുന്ന മനുഷ്യന്റെ മകളുടെ അടുത്ത മാസത്തേക്ക് നിശ്ചയിച്ചുറപ്പിച്ച കല്യാണവും മറക്കേണ്ടിവരും. ഡോക്ടറിലെ മനുഷ്യൻ താൽക്കാലികമായെങ്കിലും ഒരു യന്ത്രമായി മാറേണ്ടിവരും.

എണ്ണിച്ചുട്ട അപ്പം പോലെ അനുവദിച്ച വെന്റിലേറ്ററുകളും മറ്റു സൗകര്യങ്ങളും വെച്ച് ഒട്ടും ആനുപാതികമല്ലാത്ത അത്ര കൂടുതൽ രോഗികളെ ചികിത്സിക്കേണ്ടി വരുമ്പോൾ ഉണ്ടാകുന്ന നിസ്സഹായതയാണിത്. നമുക്കിതു പതിവായിരുന്നു. എന്നാൽ വികസിതമെന്ന് നമ്മൾ വിശ്വസിച്ച ഇറ്റലിയെന്ന രാജ്യത്ത് പോലും ഒരു വൈറസ് വിതച്ച നാശത്തിൽ ഇതേ പ്രശ്നം അനുഭവിച്ചു കൊണ്ടിരിക്കുന്നു. അപ്രതീക്ഷിതമായ രോഗികളുടെ എണ്ണത്തിലുള്ള വർധനവ് അവർക്ക് താങ്ങാൻ കഴിയുന്നില്ല. ചൈന ഒരാഴ്ച്ച കൊണ്ട് പുതിയ ആശുപത്രി പണിതു. അതുകൊണ്ടും പൂർണ്ണ പരിഹാരമായില്ല.

കോവിഡ് 19 (കൊറോണ )100 പേർക്ക് വന്നാൽ 15 പേർ ന്യൂമോണിയ വന്ന് അഡ്മിറ്റാവേണ്ടി വരും. 5 പേർക്ക് വെന്റിലേറ്റർ അടക്കമുള്ള ഐസിയു സൗകര്യങ്ങൾ വേണ്ടി വരും. ആയിരം പേർക്ക് രോഗം വന്നാൽ ? പതിനായിരം ?
കോവിഡ് വരുന്നതിന് മുൻപ് നിറഞ്ഞു കവിഞ്ഞു കിടക്കുന്ന ആശുപത്രികളിലാണ് ഈ സൗകര്യം കൊടുക്കേണ്ടത്. ബാക്കി ചികിത്സകൾ ഒന്നും മുടങ്ങാതെ. മറ്റു രോഗികളുമായി സമ്പർക്കം വരാതെയും. ഭാവനയിൽ കാണാൻ കഴിയുന്നുണ്ടോ എങ്ങനെ സാധ്യമാകുമെന്ന് ? ഞങ്ങൾക്ക് കഴിയുന്നില്ല.ഇനിയും ഇന്ത്യയിൽ കോവിഡ് വരില്ല, കേരളത്തിൽ പകരില്ല എന്ന് വിശ്വസിക്കണോ ?

85 രോഗികൾ, രണ്ടു മരണം ! അതിൽ ഒരു മരണം ഇന്ത്യക്കു പുറത്തു യാത്ര ചെയ്യാത്ത ആൾ.എത്ര നിയന്ത്രിതമായാണ് നമ്മൾ കോവിഡ് പരിശോധന നടത്തുന്നത് ? വളരെ കുറച്ച് ആളുകളിൽ, അങ്ങേയറ്റം സംശയം ഉണ്ടെങ്കിൽ മാത്രം, കോവിഡ് ബാധിത രാജ്യത്ത് യാത്ര ചെയ്താൽ മാത്രം പോര, ഗുരുതരമായ ലക്ഷണങ്ങൾ കൂടി വേണം. ഇത്ര ചെറിയ ഗ്രൂപ്പിന് പരിശോധന നടത്തി 85 പേർക്ക് കണ്ടെത്തിയെങ്കിൽ ഒരു കാര്യം ഉറപ്പാണ്. ടെസ്റ്റ് ചെയ്യാത്ത ഒട്ടനവധി രോഗികൾ സമൂഹത്തിലുണ്ട്. അതുപോലെ ഒരു മരണം കോവിഡ് കാരണം സംഭവിച്ചാൽ ചുരുങ്ങിയത് അമ്പതോളം രോഗികൾ ചുറ്റും ഉണ്ടാവണമെന്നാണ് കണക്ക്.

ആദ്യം വിദേശത്തു പോയി വന്നവർക്ക് മാത്രമായിരുന്നു രോഗം. രണ്ടാം ഘട്ടം അവരുമായി സമ്പർക്കം വന്നവർക്കായിരുന്നു. ( ലോക്കൽ സ്പ്രെഡ്) മൂന്നാം ഘട്ടം വിദേശയാത്ര കഴിഞ്ഞവരോ, നേരത്തേ രോഗികളുമായി ഒരു സമ്പർക്കവും ഇല്ലാതിരുന്നവരോ ആയ ആളുകളിൽ രോഗം കണ്ടെത്തലാണ് (കമ്യൂണിറ്റി സ്പ്രെഡ്). ഇത് വന്നാൽ ഇന്ത്യ പോലൊരു ജന സാന്ദ്രത കൂടുതലുള്ള രാജ്യത്ത് രോഗനിയന്ത്രണം അസാധ്യത്തിനു തുല്യമാവും.

ആവശ്യത്തിന് രോഗികളായി. ഇനി മുതൽ ഇത് വിദേശത്തു പോയി വന്നവരുടെ മാത്രം രോഗമല്ല. നാട്ടിൽ തന്നെ രോഗം പകർന്നു കിട്ടി. ഇനിയും പകർന്നു പോകാനുള്ള സാദ്ധ്യതയാണ്. മരണങ്ങളായി. ഇനി എന്തിന് കാത്തു നിൽക്കണം ? വെയിലിനോ ? മഴക്കോ ? ഒരു അത്ഭുതം സംഭവിച്ച് ഇതെല്ലാം കെട്ടടങ്ങാനോ ? ചൈനയിലും ഇറാനിലും ഇറ്റലിയിലും വാഷിങ്ങ്ടണിലും ഖത്തറിലും സംഭവിക്കാത്ത അത്ഭുതം?

ശാസ്ത്രീയമായി തെളിയിക്കപ്പെട്ട രണ്ടേ രണ്ടു മാർഗ്ഗങ്ങളേയുള്ളൂ കോവിഡ് തടയാൻ. സാമൂഹ്യമായ അകൽച്ച, വ്യക്തിശുചിത്വ മാർഗ്ഗങ്ങൾ.ചൈനയിലെ ആദ്യത്തെ അനിയന്ത്രിതമായ പകർച്ചയിൽ നിന്ന് എണ്ണം കുറച്ച് കൊണ്ടുവന്ന് നിയന്ത്രണത്തിലെത്തിച്ചത് ഈ മാർഗ്ഗങ്ങളിലൂടെ മാത്രമാണ്. നമ്മൾ എല്ലാം അനുഭവത്തിലൂടെ പഠിക്കാൻ കാത്തിരിക്കുത്. മറ്റുള്ളവരുടെ പാളിച്ചകൾ നമുക്ക് പാഠമാകണം.

നമ്മുടെ ശ്രദ്ധ ഇപ്പോഴും പൂർണ്ണമല്ല. നമ്മൾ ഇപ്പോഴും നമ്മുടെ സുഖങ്ങൾ, ആഡംബരങ്ങൾ ഒഴിവാക്കിയിട്ടില്ല. അനാവശ്യ യാത്രകൾ നടക്കുന്നു. സന്ദർശനങ്ങൾ നടക്കുന്നു.നമുക്കിപ്പോൾ ഒരു ആരോഗ്യ അടിയന്തിരാവസ്ഥയാണ് വേണ്ടത്. അത്യാവശ്യ സേവനങ്ങൾ ഒഴികെ എല്ലാം അടച്ചിടണം. പള്ളി, അമ്പലങ്ങളിലൊന്നും കൂട്ട പ്രാർഥനകൾ വേണ്ട. വെള്ളിയാഴ്ച ആണെങ്കിലും കുർബാനയാണെങ്കിലും. അടക്കാൻ കഴിയുന്ന ഓഫീസുകൾ എല്ലാം താൽക്കാലികമായി അടക്കണം. രണ്ടാഴ്ച ആളുകൾ തങ്ങളുടെ മാളങ്ങളിൽ ഒളിച്ചേ മതിയാകൂ.ഇതെല്ലാം ശ്രമിച്ചിട്ടും വരുന്ന മഹാമാരിയെ നമ്മൾ ഒന്നിച്ച് നേരിടും. വെള്ളപ്പൊക്കത്ത നമ്മൾ നേരിട്ടില്ലേ? പക്ഷേ അതിൽ ചെറിയൊരു ഭാഗമെങ്കിലും തടയാമായിരുന്നു എന്നോർത്ത് നമുക്ക് ദുഖിക്കേണ്ടി വരരുത്.”

എഴുതിയത് : ഡോക്ടർ ഷമീർ വി കെ