കുട്ടിയായിരിക്കുമ്പോൾ സ്വന്തം ഉപ്പ സമ്മാനിച്ചത് ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ദുരനുഭവങ്ങള്‍ തരണം ചെയ്ത് ജീവിത വിജയം നേടിയ രഹ്നാസ്

EDITOR

ഇവൾ രഹ്നാസ്. തലശ്ശേരിക്കാരിയാണ്.കുട്ടിയായിരിക്കുമ്പോൾ സ്വന്തം ഉപ്പ ‘സമ്മാനിച്ചത്’ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ദുരനുഭവങ്ങള്‍; തരണം ചെയ്ത് ജീവിത വിജയം നേടിയ രഹ്നാസിന് ഇന്നലെ സർക്കാറിന്റെ വനിതാരത്‌ന പുരസ്‌കാരം തേടിയെത്തി.ഇരുപത്തിയാറു വയസ്സുള്ള പെൺകുട്ടിയാണ് രഹനാസ്. ഉമ്മയും രണ്ടനിയത്തിമാരും ഒരു അനിയനുമുണ്ട്.രഹനാസ് ജനിച്ചത് ഉമ്മയുടെ നാടായ തലശ്ശേരിയിലാണ്. പിന്നീട് കണ്ണൂരിലെ ഇരിക്കൂറിലേക്കു വന്നു. അവിടെ വലിയൊരു തറവാട്ടിലായിരുന്നു താമസം. കുടുംബക്കാരുമായി വഴക്കായിരുന്നു പിതാവ്. മൈക്ക് അനൗൺസ്മെന്റായിരുന്നു ജോലി. പിന്നീട് അതിനു നിയന്ത്രണം വന്നപ്പോൾ സീസണിൽ മാത്രമായി പണി. വിദ്യാഭ്യാസമൊന്നുമില്ലാത്തയാളാണ് ഉമ്മ. അയാളുടെ തല്ലുകൊണ്ട് ചുരുണ്ടുകൂടി കിടക്കും, അത്ര തന്നെ. വഴക്കുണ്ടാക്കാനും തല്ലാനും അയാൾ ഓരോ കാരണങ്ങൾ ഉണ്ടാക്കിക്കൊണ്ടേയിരിക്കുമായിരുന്നു.

രഹനാസ് പ്രായപൂർത്തിയായതിനു ശേഷമായിരുന്നു വേറിട്ടൊരു സ്നേഹപ്രകടനം പിതാവിൽനിന്നും തുടങ്ങിയത്. ഉപ്പയുടെ സ്നേഹപ്രകടനങ്ങൾ ശരിയല്ലെന്ന് ഉമ്മാനോട് പറഞ്ഞു. ആദ്യം ഉമ്മയ്ക്ക് ഞെട്ടലായിരുന്നു. അയാൾ കുടിക്കാതെ നിൽക്കുന്ന സമയത്ത് ഉമ്മ അതു ചോദിച്ചു. അപ്പോൾ മറുപടിയൊന്നും പറഞ്ഞില്ല. അന്നു രാത്രി കുടിച്ചു വന്ന് ആ കാരണവും പറഞ്ഞാണ് ഉമ്മയെ അടിച്ചത്. ഒരിക്കൽ ബലമായി അവളെ കടന്നുപിടിക്കാൻ ശ്രമിച്ചപ്പോൾ രഹനാസ് വീടു വിട്ടോടി. തിരിച്ചു വന്നപ്പോൾ അയാൾ അവളുടെയും അനിയന്റെയും തലയിൽത്തൊട്ട് ഇതൊന്നും ആവർത്തിക്കില്ലെന്നു സത്യം ചെയ്തു.

ഒൻപതാം ക്ലാസ്സിന്റെ തുടക്കത്തിൽത്തന്നെ രഹനാസ് പഠിപ്പ് നിർത്തി. വീട്ടിൽ പട്ടിണിയും കഷ്ടപ്പാടുമാണെന്നു പറഞ്ഞ് പപ്പടം പണിക്ക് പറഞ്ഞു വിട്ടു രഹനാസിനെ. പിന്നെ, തുണിക്കടയിൽ, വീടുകളിൽ അടുക്കളപ്പണിക്ക്… ഒരിടത്തു നിന്നും ശമ്പളം അവളുടെ കൈയിൽ കിട്ടില്ല. അതു മുൻകൂറായി വാങ്ങി കൊണ്ടുപോയിട്ടുണ്ടാകും ഉപ്പ പണിയെടുത്ത് തളർന്ന് വരുന്ന മകളെ കണ്ട് ഉമ്മ പലപ്പോഴും ജോലിക്കു പോകാൻ മുതിർന്നിട്ടുണ്ട്. പക്ഷേ, ഉമ്മയെ അയാൾ വീടിനു പുറത്തേക്കിറക്കില്ലായിരുന്നു.

ഉപ്പ രഹനാസിനോട് ലൈംഗിക തൊഴിലാളിയാകാൻ നിർബന്ധിച്ചു. ഭയങ്കരമായി വഴക്കിട്ട് വീട്ടിൽ നിന്നിറങ്ങി നടന്നു, എവിടേക്കെന്നില്ലാതെ.അനിയനെയും അയാൾ ഉപദ്രവിക്കാൻ തുടങ്ങിയതോടെ തനിച്ച് രക്ഷപ്പെടാനുള്ള മാർഗം  ഉപേക്ഷിച്ചു. അയൽവാസികളെ ഉപ്പ ഭീഷണിപ്പെടുത്തി നിശബ്ദരാക്കി.ഒരിക്കൽ അയൽക്കാർ ഇടപെട്ടു. സാമൂഹ്യ പ്രവർത്തകരൊക്കെയെത്തി.

അന്നു രാത്രി തന്നെ കേസായി. അപ്പോൾത്തന്നെ അയാളെ അറസ്റ്റു ചെയ്തു. ആ രാത്രിയിൽ ഉമ്മയും അടുത്ത വീട്ടിലെ ഉമ്മുമ്മയുമൊത്ത് െപാലീസ് സ്റ്റേഷനിലിരിക്കുമ്പോള്‍ രഹനാസിന് സമാധാനമാണ് തോന്നിയത്.ആദ്യകാലങ്ങളിൽ കേസിന്റെ പിന്നാലെ നടന്നപ്പോൾ ചെറിയൊരു ആശങ്കയുണ്ടായിരുന്നു ‘ഒറ്റപ്പെട്ടു പോകുമോ?’ എന്ന്. പക്ഷേ, കൂടെയുണ്ടായിരുന്നവരെല്ലാം അവളെ ഹൃദയത്തോടാണ് ചേർത്തു പിടിച്ചത്.ബന്ധുക്കളടക്കം പലരും കേസ് രാജിയാക്കാൻ വന്നു. അവർക്കു മുന്നിൽ മൗനിയായി നിന്ന ശേഷം കോടതിയിൽ അവൾ അവളുടെ ശരികളുടെ കൂടെ നിന്നു.

കേസായതിനുശേഷം രഹനാസിനെയും സഹോദരങ്ങളെയും ഉമ്മയെയും തിരുവനന്തപുരത്തേക്കു കൊണ്ടുവന്നു. ഉമ്മയും അനിയനും ഒരിടത്തും, പെൺകുട്ടികൾ മറ്റൊരിടത്തും. ഇവിടെയെത്തി പിറ്റേന്നു തന്നെ സ്കൂളിൽ പോയിത്തുടങ്ങി. ഉമ്മയ്ക്ക് സ്റ്റേ ഹോമില്‍ പാചകജോലി കിട്ടി. പ്ലസ്ടു കഴിഞ്ഞ് രഹനാസ് എൽഎൽബിക്കു ചേര്‍ന്നു. മലയാളം മീഡിയത്തിൽ നിന്നു വന്നതുകൊണ്ട് ആദ്യ മൊക്കെ നല്ല പ്രയാസമായിരുന്നു. ആദ്യ സെമസ്റ്ററില്‍ അഞ്ചു വിഷയത്തിലാണ് തോറ്റത്. അവസാന സെമസ്റ്ററെത്തിയ പ്പോൾ രഹനാസിന് റാങ്കുണ്ടായിരുന്നു.
രണ്ടുവർഷം മുൻപ് ഹൈക്കോടതിയിൽ അഭിഭാഷകയായി എൻറോൾ ചെയ്തു. അന്ന് സിവിൽ സർവീസിന് പോകണമെന്നു തീരുമാനമെടുത്തിരുന്നില്ല ഈ മിടുക്കി.ഇപ്പോൾ സിവിൽ സർവീസ് പരിശീലനത്തിലാണ്. കേസ് സമയത്തു ഡിവൈഎസ്പി ആയിരുന്ന ബാലകൃഷ്ണൻ സാറാണ് ആ തീപ്പൊരി അവളുടെയുള്ളിലേക്ക് ഇട്ടു കൊടുത്തത് . ബിജു പ്രഭാകർ ഐഎഎസ് സാമൂഹികനീതി വകുപ്പ് സെക്രട്ടറിയായിരുന്നപ്പോൾ കുറച്ചുനാൾ രഹനാസ് അവിടെ ജോലി ചെയ്തിട്ടുണ്ട്.

ഒരു അനിയത്തിയുടെ കല്യാണം കഴിഞ്ഞു. ഇളയ അനിയത്തി ജേർണലിസം പഠിക്കുന്നു. യത്തീംഖാനയിൽ ഉമ്മയ്ക്കു കിട്ടുന്ന ശമ്പളം കൊണ്ടുമാത്രം ചെലവുകൾ താങ്ങാതായപ്പോൾ അനിയൻ പഠിപ്പു നിർത്തി ജോലിക്കു പോയിത്തുടങ്ങി. ഇപ്പോൾ വലിയ സന്തോഷത്തിലാണ് ഈ കുടുംബം.തന്റെ അനുഭവങ്ങൾ ലോകത്തോട് പിളിച്ചു പറഞ്ഞ് അവൾ വലിയൊരു പ്രചോദനമാണ് ലോകത്തിന് സമ്മാനിച്ചത്.സർക്കാർ നൽകിയ ഈ പുരസ്കാരം വലിയൊരു ഐക്യപ്പെടലാണ്.
( ഡാറ്റാസ് From Tency Jacob)
Faqrudheen Panthavoor