ഗോമൂത്രം ചാണകം എന്നിവ ശരീരത്തിൽ പൂശിയാൽ വൈറസിനെ കൊല്ലാൻ സാധിക്കുമോ? ഡോക്ടർ ജിനേഷ് എഴുതുന്നു

EDITOR

കൊറോണ വൈറസ്, Covid 19

ചോദ്യം 1. ന്യൂമോണിയ വാക്സിൻ സ്വീകരിച്ചവർക്ക് ഈ അസുഖത്തിന് എതിരെ പ്രതിരോധശേഷി ലഭിക്കുമോ ?

ഉത്തരം: ഇല്ല. Pneumococcal vaccine, Hib vaccine എന്നിവ കൊറോണ വൈറസിനെതിരെ പ്രതിരോധശേഷി നൽകില്ല. ഇത് താരതമ്യേന പുതിയ ഒരു അസുഖമാണ്. വാക്സിൻ കണ്ടെത്താൻ ഗവേഷകർ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

2. Hand dryer ഉപയോഗംകൊണ്ട് കൊറോണാ വൈറസിനെ കൊല്ലാൻ ആകുമോ ?

ഇല്ല. പ്രയോജനരഹിതമാണ്.

കൈകൾ ഇടയ്ക്കിടെ ആൾക്കഹോൾ അംശമുള്ള ഹാൻഡ് വാഷ് അല്ലെങ്കിൽ റബ്ബ് ഉപയോഗിച്ച് വൃത്തിയാക്കുകയോ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുകയോ ചെയ്യണം. വൃത്തിയാക്കിയ ശേഷം dryer ഉപയോഗിച്ച് ഉണക്കാം, അല്ലെങ്കിൽ തനിയെ ഉണങ്ങാൻ അനുവദിക്കുക.

3. ശരീരത്തിൽ ക്ലോറിൻ അല്ലെങ്കിൽ ആൾക്കഹോൾ സ്പ്രേ ചെയ്യുന്നതുകൊണ്ട് വൈറസിനെ കൊല്ലാൻ ആകുമോ ?

ഇല്ല. ഇവ ഉപയോഗിച്ച് കൊണ്ട് ശരീരത്തിൽ പ്രവേശിച്ച വൈറസിനെ കൊല്ലാൻ സാധിക്കില്ല. ഇത്തരം വസ്തുക്കൾ ശരീരത്തിനുള്ളിൽ ഉപയോഗിച്ചാൽ അപകടകരം ആകാൻ സാധ്യതയുണ്ട്. (അതായത് കണ്ണിലും വായ്ക്കുള്ളിലും ഒക്കെ) പക്ഷേ ഇവ രണ്ടും ഡിസ്ഇൻഫെക്റ്റന്റ് ആയി ഉപയോഗിക്കാം, പക്ഷേ ആരോഗ്യപ്രവർത്തകർ നിർദ്ദേശിക്കുന്നത് പോലെ ഉപയോഗിക്കണം.

4. അൾട്രാവയലറ്റ് ഡിസ്ഇൻഫെക്ഷൻ ലൈറ്റ് ഉപയോഗിച്ചാൽ വൈറസിനെ കൊല്ലാൻ സാധിക്കുമോ ?

ഇല്ല, ഉപയോഗിച്ചാൽ ചിലപ്പോൾ skin irritation ഉണ്ടാകാൻ സാധ്യതയുണ്ട്.

5. വെളുത്തുള്ളി കഴിച്ചാൽ വൈറസ് ബാധ തടയാൻ സാധിക്കുമോ ?

ഇല്ല. തടയാൻ സാധിക്കില്ല.

6. രസം കുടിച്ചാൽ വൈറസ് ബാധ തടയാൻ സാധിക്കുമോ ?

ഇല്ല, തടയാൻ സാധിക്കില്ല.

7. ഗോമൂത്രം ചാണകം എന്നിവ ശരീരത്തിൽ പൂശുകയോ ഭക്ഷിക്കുകയോ ചെയ്താൽ വൈറസിനെ കൊല്ലാൻ സാധിക്കുമോ ?

ഇല്ല, അങ്ങനെ ചെയ്താൽ മറ്റു പല അസുഖങ്ങളും പിടിപെടാനുള്ള സാധ്യതയുണ്ട്.

8. സ്ഥിരമായി മൂക്കിൽ ഒഴിക്കുന്ന സലൈൻ തുള്ളിമരുന്ന് ഉപയോഗിച്ചാൽ വൈറസ് ബാധ തടയാൻ സാധിക്കുമോ ?

ഇല്ല. സാധാരണ ജലദോഷം മാത്രമുള്ളവർക്ക് ചികിത്സയിൽ ഇത് ചെറിയ രീതിയിൽ പ്രയോജനകരമാണ് എന്ന് മാത്രം.

9. ചെറുപ്പക്കാർ, പ്രായമായവർ കുട്ടികൾ ഇങ്ങനെ എല്ലാവരെയും കൊറോണ ബാധിക്കുമോ ?

എല്ലാ പ്രായത്തിലുള്ളവർക്കും പിടിപെടാൻ സാധ്യതയുണ്ട്. എന്നാൽ പ്രായമേറിയവർക്കും മറ്റ് അസുഖങ്ങൾ ഉള്ളവർക്കും ഈ വൈറസ് ബാധ ഗുരുതരമാകാൻ സാധ്യത കൂടുതലാണ് എന്ന് മാത്രം. അതുകൊണ്ട് പ്രായഭേദമെന്യേ പ്രതിരോധ നടപടികൾ സ്വീകരിക്കണം.

10. Thermal scanner ഉപയോഗിച്ചാൽ പുതുതായി കൊറോണ വൈറസ് ബാധ ഉണ്ടായവരെ കണ്ടെത്താൻ സാധിക്കുമോ ?

പനിയുള്ളവരെ കണ്ടെത്താൻ ഈ ഉപകരണം കൊണ്ട് സാധിക്കും. ശരീരതാപനില ഉയർന്നു എന്ന് മാത്രം മനസ്സിലാക്കാൻ സാധിക്കും. എന്നാൽ വൈറസ് ശരീരത്തിൽ എത്തിയവരിൽ ഉടനെതന്നെ പനി ഉണ്ടാകണമെന്നില്ല എന്നതും എല്ലാ പനികളും കൊറോണ മൂലം ആവണമെന്നില്ല എന്നതും പരിഗണിക്കണം.

11. രോഗബാധ തടയാൻ ഏതെങ്കിലും പ്രത്യേക മരുന്നുകൾ കണ്ടെത്തിയിട്ടുണ്ടോ ? ഹോമിയോ-സിദ്ധ അങ്ങനെ ഏതെങ്കിലും വിഭാഗത്തിൽ ?

ഇല്ല. അങ്ങനെ ഒരു മരുന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. വ്യക്തിശുചിത്വം പാലിക്കുക എന്നതാണ് ചെയ്യേണ്ടത്. ഹോമിയോ-സിദ്ധ വിഭാഗങ്ങളിൽ പ്രതിരോധത്തിനും ചികിത്സയ്ക്കും മരുന്നുണ്ട് എന്ന രീതിയിൽ ആയുഷ് വകുപ്പ് നൽകിയിരിക്കുന്ന വിവരങ്ങൾ അശാസ്ത്രീയമാണ്. ഇത് താരതമ്യേന പുതിയ ഒരു അസുഖമാണ്. വൈറസിനെ കുറിച്ചും സംഭവിക്കാവുന്ന മ്യൂട്ടേഷനെ കുറിച്ചും ഒക്കെയുള്ള പഠനങ്ങൾ നടന്നു വരുന്നതേയുള്ളൂ. അതിനെക്കുറിച്ചൊക്കെ യാതൊരു ധാരണയും ഇല്ലാതെയുള്ള അവകാശവാദങ്ങൾ ആരുന്നയിച്ചാലും തള്ളിക്കളയണം.

12. രോഗബാധ ചികിത്സയ്ക്ക് ഏതെങ്കിലും പ്രത്യേക മരുന്നുകൾ കണ്ടെത്തിയിട്ടുണ്ടോ ?

ഇല്ല, ഇതുവരെ ഇല്ല. രോഗലക്ഷണങ്ങൾക്ക് ഉള്ള ചികിത്സ നൽകുകയും ആവശ്യമെങ്കിൽ മികച്ച സപ്പോർട്ടീവ് സൗകര്യങ്ങൾ നൽകുകയും ആണ് വേണ്ടത്. അതിന് ആധുനിക വൈദ്യശാസ്ത്രം പരിശീലിക്കുന്ന സൗകര്യമുള്ള ആശുപത്രികളിൽ തന്നെ ചികിത്സ തേടേണ്ടതുണ്ട്. മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാൻ ഐസൊലേഷൻ സൗകര്യമുള്ള ആശുപത്രികൾ തന്നെ വേണം.

13. വീട്ടിലെ pets (പട്ടി, പൂച്ച തുടങ്ങിയ വളർത്തുമൃഗങ്ങൾ) അസുഖം പകരാൻ കാരണമാവുമോ ?

ഒരു പട്ടിക്ക് അസുഖം ബാധിച്ചതായി റിപ്പോർട്ട് കണ്ടിരുന്നു. അതുകൊണ്ട് ജാഗ്രത വേണം. എങ്കിലും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയാണ് കൂടുതൽ. പ്രതിരോധ പ്രവർത്തനങ്ങളിൽ ഊന്നൽ കൊടുക്കേണ്ടതും അതിനു തന്നെ. എങ്കിലും വളർത്ത് മൃഗങ്ങളെ സ്പർശിക്കുകയാണെങ്കിൽ കൈ നന്നായി കഴുകുക, വ്യക്തി ശുചിത്വം പാലിക്കുക.

14. കൊറോണ വൈറസ് ചികിത്സയ്ക്ക് ആൻറിബയോട്ടിക് പ്രയോജനപ്പെടുമോ ?

ഇല്ല, ആൻറിബയോട്ടിക് കൊറോണ വൈറസിന് എതിരെ പ്രവർത്തിക്കില്ല. എന്നാൽ വൈറസ് ബാധയോടൊപ്പം ബാക്ടീരിയ മൂലമുള്ള അണുബാധ ഉണ്ടെങ്കിൽ ആൻറിബയോട്ടിക് ആവശ്യമായി വന്നേക്കാം.

15. ചൈനയിൽ നിന്നും എന്തെങ്കിലും പാഴ്സൽ വന്നാൽ സ്വീകരിക്കുന്നത് അപകടകരമാണോ ?

അല്ല, അപകടകരമല്ല എന്നാണ് ഇതുവരെയുള്ള അറിവ്. എഴുത്ത്, പാക്കറ്റ് തുടങ്ങിയ വസ്തുക്കളിൽ കൊറോണ വൈറസിന് അധികകാലം സർവൈവ് ചെയ്യാൻ സാധിക്കില്ല.

16. വൈറസ് ബാധ തടയാൻ തൊണ്ട ഇടയ്ക്കിടെ നനക്കുന്നതുകൊണ്ടോ വെള്ളം കുടിക്കുന്നത് കൊണ്ടോ പ്രയോജനമുണ്ടോ ?

ഇല്ല, അങ്ങനെ എന്തെങ്കിലും പ്രയോജനം ഉള്ളതായി തെളിഞ്ഞിട്ടില്ല. എങ്കിലും വെള്ളം കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.

17. വൈറസ് ബാധ മൂലം ശ്വാസകോശത്തിൽ ഫൈബ്രോസിസ് ഉണ്ടാകാൻ സാധ്യതയുണ്ട് എന്നും അതിനാൽ അത് പരിശോധിക്കാനായി പരമാവധി ശക്തിയിൽ ശ്വാസം ഉള്ളിലേക്കെടുത്ത് 10 സെക്കൻഡ് എങ്കിലും പിടിച്ചു വെക്കാൻ സാധിച്ചാൽ വൈറസ് ബാധ ഇല്ല എന്നും പറയുന്നൊരു സന്ദേശം കാണുന്നുണ്ടല്ലോ, അത് വാസ്തുതാപരമാണോ ?

അല്ല, അങ്ങനെ തിരിച്ചറിയാനുള്ള എളുപ്പ വഴികൾ ഒന്നും ഇല്ല. ഈ സന്ദേശം തീർച്ചയായും തെറ്റാണ്.

18. ഇളം ചൂടുവെള്ളത്തിൽ നാരങ്ങ മുറിച്ച് ഇട്ട കുടിച്ചശേഷം ചൂടു കഞ്ഞി കുടിച്ചാൽ കൊറോണാ വൈറസിനെ പ്രതിരോധിക്കാൻ സാധിക്കുമോ ? ഇങ്ങനെ ചെയ്താൽ അത് ക്യാൻസർ കോശങ്ങളെ മാത്രം നശിപ്പിക്കുമെന്നും രക്താതിമർദ്ദം നിയന്ത്രിക്കാൻ സഹായിക്കുമെന്നും ഉള്ള സന്ദേശം വസ്തുതാപരമാണോ ?

അല്ല, ചൂടുവെള്ളത്തിൽ നാരങ്ങ മുറിച്ചിട്ടു കുടിച്ചാൽ കൊറോണ പ്രതിരോധിക്കാൻ സാധിക്കില്ല. കൊറോണ പകരുന്നത് തടയാൻ വ്യക്തി ശുചിത്വം പാലിക്കുകയാണ് വേണ്ടത്. ആവശ്യമെങ്കിൽ വ്യക്തിഗതമായ സുരക്ഷാ മാർഗ്ഗങ്ങൾ സ്വീകരിക്കുകയാണ് വേണ്ടത്. അതുപോലെ നാരങ്ങ മുറിച്ചിട്ട വെള്ളം കുടിച്ചാൽ ക്യാൻസർ കോശങ്ങളെ മാത്രം നശിപ്പിക്കുമെന്നും രക്താതിമർദ്ദം കുറയ്ക്കുമെന്നും ഉള്ള സന്ദേശങ്ങളും തികഞ്ഞ അശാസ്ത്രീയത മാത്രമാണ്. ഇങ്ങനെ എന്തെങ്കിലും രോഗ ലക്ഷണങ്ങൾ ഉണ്ടായാൽ ആശുപത്രിയിൽ എത്തി ശാസ്ത്രീയമായ ചികിത്സ സ്വീകരിക്കുകയാണ് വേണ്ടത്.

19. അക്യുപങ്ചർ ഉപയോഗിച്ചാൽ രോഗം ഫലപ്രദമായി ചികിത്സിക്കാം എന്ന സന്ദേശത്തിൽ കഴമ്പുണ്ടോ ?

ഇല്ല, അക്യുപങ്ചർ ഉപയോഗിച്ച് കൊറോണ വൈറസ് രോഗം ഫലപ്രദമായി ചികിത്സിക്കാൻ സാധിക്കില്ല.

20. യോഗയിലൂടെ കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാൻ സാധിക്കുമോ ?

ഇല്ല. ഇത് തികഞ്ഞ അശാസ്ത്രീയമായ അവകാശവാദമാണ്.

21. മാസ്ക്കുകൾ ധരിക്കുമ്പോൾ രോഗികൾ വെള്ളനിറമുള്ള വശം പുറത്തും മറ്റുള്ളവർ പച്ചനിറമുള്ള വശം പുറത്തും കാണുന്ന രീതിയിൽ ധരിക്കണം എന്നുള്ള സന്ദേശം വസ്തുതാപരമാണോ ?

അല്ല. തെറ്റായ സന്ദേശം ആണ്.

സാധാരണ സർജിക്കൽ മാസ്കിന് മൂന്ന് പാളികൾ ഉണ്ട്. പുറമേയുള്ള പച്ച നിറമുള്ള ഭാഗം water repellent ആണ്, അതായത് ബാഷ്പം കടക്കാത്തത്. മറ്റുള്ളവർ ചുമയ്ക്കുമ്പോൾ തെറിക്കുന്ന സ്രവങ്ങളും മറ്റും അകത്തേക്ക് കടക്കുന്നത് ഈ പാളി തടയുന്നു. വെള്ളനിറമുള്ള അകം പാളി ബാഷ്പത്തെ ആഗിരണം ചെയ്യുന്നു. മാസ്ക് ധരിക്കുന്ന ആളുടെ ശ്വാസത്തിലൂടെയും മറ്റും പുറത്തോട്ട് വരുന്ന ജലാംശം ഈ ഭാഗം ആഗിരണം ചെയ്യുന്നു. ഈ രണ്ടു പാളികൾക്കും ഇടയിൽ ഫിൽറ്റർ സ്ഥിതി ചെയ്യുന്നു.

രോഗി ആണെങ്കിലും അല്ലെങ്കിലും മാസ്ക് ധരിക്കുമ്പോൾ പച്ചനിറമുള്ള വശം പുറത്തും വെള്ളനിറമുള്ള വശം അകത്തും ആണ് വരേണ്ടത്.

22. അന്തരീക്ഷതാപനില കൂടിയ സ്ഥലങ്ങളിൽ കൊറോണ വൈറസ് പകരില്ല എന്ന് കേൾക്കുന്നത് ശരിയാണോ ?

അല്ല. ഉയർന്ന അന്തരീക്ഷ താപനില ഉള്ള സ്ഥലങ്ങളിൽ പകരില്ല എന്ന് ഉറപ്പിക്കാൻ സാധിക്കുന്ന പഠനഫലങ്ങൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. നിലവിൽ ശാസ്ത്രീയ അടിത്തറ ഒന്നുമില്ലാത്ത ഒരു അഭിപ്രായമാണിത്.

110 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സിംഗപ്പൂരിൽ 30 ഡിഗ്രിക്ക് മുകളിൽ അന്തരീക്ഷ താപനില ഉണ്ട്. 50 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട മലേഷ്യയിൽ 30 ഡിഗ്രിക്ക് മുകളിൽ അന്തരീക്ഷതാപനില ഉണ്ട്. 47 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട തായ്‌ലൻഡിൽ അന്തരീക്ഷ താപനില മുപ്പത് ഡിഗ്രിക്ക് മുകളിലാണ്. ഇവിടങ്ങളിലൊക്കെ ലോക്കൽ ട്രാൻസ്മിഷൻ നടന്നിട്ടുണ്ട്.ചില വിവരങ്ങൾ ലോകാരോഗ്യസംഘടനയുടെ വെബ്സൈറ്റിൽ നിന്നും എടുത്തിരിക്കുന്നതാണ്.തീർച്ചയായും കൂടുതൽ ആളുകളിലേക്ക് എത്താൻ പോസ്റ്റ് പരമാവധി ഷെയർ ചെയ്യാം

എഴുതിയത് ഡോ: ജിനേഷ് പി. എസ്