45 വയസുള്ള ഒരു സ്ത്രീയ്ക്ക്‌ ഓപ്പറേഷനായി മയക്കം നൽകിയ ശേഷം പൊസിഷൻ ചെയ്തപ്പോഴാണു ഇടത്തെ മാറിടം ശ്രദ്ധിച്ചത്‌

EDITOR

നാൽപത്തിയഞ്ച്‌ വയസുള്ള ഒരു സ്ത്രീയ്ക്ക്‌ തൈറോയിഡ്‌ ഓപ്പറേഷനായി മയക്കം നൽകിയതിനു ശേഷം,ഓപ്പറേഷനായി പൊസിഷൻ ചെയ്തപ്പോഴാണു ഇടത്തെ മാറിടം ശ്രദ്ധിച്ചത്‌. വലത്തെതിൽ നിന്നും വ്യത്യസ്തമായി ഇടത്തെ മാറിടത്തിലെ മുലഞ്ഞെട്ട്‌ തീർത്തും ഉൾവലിഞ്ഞിരിക്കുന്നു. അതിനു മുകളിലെ ത്വക്കിനു അൽപം ചുളിവും. മാറിടം പരിശോധിച്ച്‌ നോക്കി. ഉള്ളിൽ മുഴ നന്നായി ഫീലു ചെയ്യാം! സർജ്ജന്റെ ശ്രദ്ധയിൽ പെടുത്തി തൈറോയിഡ്‌ ഓപ്പറേഷൻ നടത്തി. അല്ലെങ്കിലും ഒരു തൊണ്ട മുഴ വീക്ക ഓപ്പറേഷനു വരുന്ന രോഗിയുടെ മാറിടം പ്രത്യേകിച്ച്‌ സ്ത്രീകളുടെ , ഒരു സർജ്ജൻ അവർ അങ്ങോട്ട്‌ എന്തെങ്കിലും സംശയം പറയാതെ നോക്കില്ല.എന്ത്‌ തന്നെയായാലും ഇത്‌ അധികം താമസിക്കാതെ തന്നെ കുത്തിയെടുത്ത്‌ പരിശോധിച്ച്‌ നീക്കം ചെയ്യേണ്ടതെങ്കിൽ ചെയ്യേണ്ടി വരും.

ഈ മാസം ക്യാൻസർ ദിനമായി ആചരിച്ചിരുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി അർബുദങ്ങളെ നേരത്തെ തിരിച്ചറിയുന്നതിനും, ചികിൾസിക്കുന്നതിനും എല്ലാം ബോധവൾക്കരണ ക്ലാസുകൾ ലോകമെമ്പാടും നടത്തി വരുന്നു. ബ്രസ്റ്റിൽ വരുന്ന അർബുദങ്ങളെ നേരത്തെ കണ്ട്‌ പിടിക്കാനും അത്‌ വഴി അസുഖത്തിന്റെ നേരത്തെയുള്ള ഘട്ടത്തിൽ തന്നെ ചികിൾസിക്കാനുമൊക്കെയായി പിങ്ക്‌ റിബൺ ആചരണവും ബോധവൽക്കരണവും വർഷങ്ങളായി നടന്ന് വരുന്നു.

എന്നിട്ടും പ്രത്യക്ഷത്തിൽ തന്നെ എന്തോ കുഴപ്പമുണ്ടെന്നു സ്വയം തോന്നുന്ന അവസ്ഥയിൽ പോലും എന്ത്‌ കൊണ്ടാണു ആളുകൾ, പ്രത്യേകിച്ച്‌ സ്ത്രീകൾ പരിശോധനയ്ക്ക്‌ പോകാൻ തയ്യാറാകാത്തത്‌.മുപ്പത്തിയഞ്ച്‌ വയസ്സ്‌ കഴിഞ്ഞാൽ ഇടയ്ക്കൊരു സ്വയം പരിശോധന, മാമോഗ്രാം, ഇടയ്ക്കൊരു പാപ്പ്‌ സ്മിയർ ( ഗർഭാദശ അർബുദം നേരത്തെ കണ്ട്‌ പിടിക്കാനുള്ള പരിശോധന) ,എന്നത്‌ ഒരു ശീലമാക്കിക്കൂടെ. സ്ത്രീകളിലും പുരുഷന്മാരിലും ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത്‌ വളർന്ന് വരുന്ന മുഴകൾ, മലത്തിലോ മൂത്രത്തിലോ കഫത്തിലോ രക്തത്തിന്റെ അംശം , വിട്ടുമാറാത്ത എല്ലു വേദന എന്നിങ്ങനെയുള്ള എന്തെങ്കിലും ലക്ഷണങ്ങൾ സ്വയം തോന്നിയാൽ താമസിപ്പിക്കാതെ പരിശോധനകൾക്കായി തീർച്ചയായും പോകണം.

കടപ്പാട് : ഡോക്ടർ ദിവ്യ