മോന് രണ്ടു മാസം പ്രായമായപ്പോഴാണ് മൂക്കിൽ വെള്ളം കയറിയത് ശ്വാസം കിട്ടാതെ എന്റെ കുഞ്ഞിന്റെ കണ്ണുകൾ അനങ്ങാതിരുന്നപ്പോഴാണ്

  0
  15490

  ഒരിക്കലും കേൾക്കാൻ പാടില്ലാത്ത ഒരു വാർത്ത കണ്ണൂർ നിന്ന് കേട്ടത് കൊണ്ടാണ് ഇതെഴുതുന്നത് .മോന് ഏകദേശം രണ്ടു മാസം പ്രായമാവാറായപ്പോഴാണ് കുളിപ്പിച്ചോണ്ടിരുന്നപ്പോ അവന്റെ മൂക്കിൽ വെള്ളം കയറിയത്.ശ്വാസം കിട്ടാതെ എന്റെ കുഞ്ഞിന്റെ കണ്ണുകൾ അനങ്ങാതിരുന്നപ്പോഴാണ് അടിവയറ്റിലെ തുന്നുകൾ ഭേദിച്ചു ഞാനാർത്തു കരഞ്ഞത്.വീട്ടിലും ചുറ്റും ആരുമില്ലായിരുന്നു. എന്റെ കുഞ്ഞിനേം എടുത്ത് പൊറത്തേക്കോടിയ ആ നിമിഷംആലോചിച്ചിപ്പഴും ഞാൻ രാത്രികളിൽ ഞെട്ടിയുണരാറുണ്ട്. ദൈവം മനുഷ്യരാകുന്ന ചില
  സന്ദര്ഭങ്ങളുണ്ടെന്ന് കേട്ടിട്ടില്ലേ.

  അത് പോലെയായിരുന്നു ഇത് വരെ കാണാത്ത ഒരു മനുഷ്യൻ ഓട്ടോയും കൊണ്ട് ഓടിയെത്തുന്നത്.ജീവിതത്തിലെ ഏറ്റവും ദൈർഘ്യമേറിയ നിമിഷങ്ങളിൽ സുജൂദ് ചെയ്യുന്നവനെ മാത്രം വിളിച്ചു കരഞ്ഞത് മാത്രം ഓർമയുണ്ട്. കുഞ്ഞിനേം കൊണ്ടോടി പോയി ആശുപത്രിയിൽ കൊടുക്കുമ്പോ ആ ആശുപത്രി വരാന്തയിലൊരു ഭ്രാന്തിയെ പോലിരുന്നു ആർത്തു നിലവിളിച്ചിട്ടുണ്ട്.
  അവസാനം മോനെ എന്റെ കയ്യിൽ കിട്ടുന്നത് വരെ അവനമ്മിഞ്ഞ കുടിക്കുന്നത് വരെ ഞാൻ മരിച്ചു പോയവളായിരുന്നു.

  അതിനു ശേഷമാണ് ഓരോ അപകടങ്ങളും അതിന്റെ അടിയന്തിര ചികിത്സാ രീതികളും തിരഞ്ഞു പിടിച്ചു ഞാൻ പഠിച്ചു തുടങ്ങിയത്. ഒരു കുഞ്ഞു പോലും എന്റെ കണ്മുന്നിൽ വെച്ചു പിടയാതിരിക്കുവാൻ.ഒരാഴ്ച്ച മുൻപ് വരെ കേട്ടതാണ് മൂന്നു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞു ഗുളിക തൊണ്ടയിൽ കുടുങ്ങി മരിച്ചത്. അപ്പോഴൊക്കെ ഞാനാ മാതൃത്വത്തെ ഓർക്കും ക്ഷമ കൊടുക്കാൻ അത്രമേൽ പ്രാർത്ഥിക്കും.അല്ലാതെന്താണ് നമുക്ക് ചെയ്യാനാവുക. എത്രയൊക്കെ മുന്കരുതലുകളെടുത്താലും അപകടങ്ങളാണ് മരണമാണ് ഏറ്റവും പ്രിയപ്പെട്ടതിനെയാകും അത് തട്ടിയെടുക്കുക.

  ഇന്നിപ്പോ ഒരു കുഞ്ഞിനെ അതിക്രൂരമായി കൊന്ന ആ അമ്മയെ കേൾക്കുമ്പോൾ. സ്വന്തം വയറ്റിൽ കുരുത്ത കുഞ്ഞിന്റെ മരണ നേരത്തുള്ള കരച്ചിൽ പോലും അവരെ ആ ക്രൂരതയിൽ നിന്ന് പിന്തിരിപ്പിച്ചില്ലെന്നറിയുമ്പോൾ പേടിയായി പോവുകയാണ്. തന്നെ കൊല്ലാൻ പോവുകയാണെന്ന് പോലുമറിയാതെ ആ കുരുന്ന് തന്റെ അമ്മയെ എത്ര വട്ടം അമ്മായെന്ന് വിളിച്ചിട്ടുണ്ടാകും. ഒന്നുമറിയാത്ത പിഞ്ചു ബാല്യങ്ങളെ കൊന്നു തിന്നുന്ന മാതൃത്വത്തിന്റെ മൂല്യത്തെ ചോദ്യം ചെയ്യുന്ന അമ്മമാരെ നിങ്ങളാണീ ലോകത്തു ജീവിക്കാനർഹതയില്ലാത്തവർ.ഭൂമിക്കു ഭാരമാകാതെ നിങ്ങൾ ഇഷ്‌ടമുള്ളത് ചെയ്തോളു പക്ഷെ കുഞ്ഞുങ്ങൾ എന്തു പിഴച്ചു. പെറ്റിട്ട മുതൽ അവനും അവളും ഒരു മനുഷ്യനാണ്. എല്ലാ അവകാശങ്ങളുമുള്ള ജീവിക്കാനാവകാശമുള്ളവർ അവരെ വെറുതെ വിടുക അവർ പാറി നടക്കട്ടെ ചിറകുകളരിയാതിരിക്കുക അത്രയെങ്കിലും മനുഷ്വത്വം അവരോട് കാണിക്കുക..
  കടപ്പാട് : ഷിഫാന സലിം

  LEAVE A REPLY