പ്രണയിച്ചു മാതാപിതാക്കളുടെ അനുവാദം തേടാതെ എടുത്തുചാടി വിവാഹം ചെയ്യുന്നവർ ഇനി പറയുന്ന കാര്യങ്ങൾ ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്.പെൺകുട്ടിയുടെയും ആൺകുട്ടിയുടെയും കുടുംബ പശ്ചാത്തലം കൂടി പരസ്പരം ഇണങ്ങുന്നതാന്നെങ്കിൽ മാത്രമേ ബന്ധം നന്നായി മുന്നോട്ടു പോവൂ. മുൻകൂട്ടി നിശ്ചയിക്കുന്ന വിവാഹങ്ങളിലെ കുടുംബത്തിന്റെ രീതികളും ആചാരങ്ങളും ഏകദേശം ഒരുപോലെയായിരിക്കും.
എന്നാൽ തീർത്തും വ്യത്യസ്ഥ സാഹചര്യത്തിൽ നിന്നും വരുന്ന പെൺകുട്ടി എത്തുന്ന കുടുംബത്തോട് ഇണങ്ങിചേരാൻ പ്രയാസപ്പെടും. പകുതിയും പ്രേമവിവാഹങ്ങൾ ഡിവോഴ്സിലും കലഹത്തിലും ചെന്നവസാനിക്കുന്നതിന്റെ കാരണങ്ങളിലൊന്ന് ഇതാണ്.
പുതിയ ജീവിതം തുടങ്ങുമ്പോൾ രണ്ടുപേർക്കും സ്വഗൃഹത്തിൽ കയറാൻ പറ്റാത്ത സന്ദർഭങ്ങളിൽ വാടക വീടുകളിൽ താമസിക്കേണ്ടി വരാറുണ്ട്. രണ്ട് കുഞ്ഞുങ്ങൾ നടുക്കടലിൽ അകപ്പെട്ടതിനോട് ഇതിനെ ഉപമിക്കാം.സ്വന്തമായി ഒന്നും ചെയ്യാൻ അറിയാത്ത പെൺകുട്ടിയും ജോലിയോ മറ്റു വരുമാന മാർഗമോ ഇല്ലാത്ത ആൺകുട്ടിയും അവിടെ ഏറെ നാൾ തള്ളി നീക്കില്ല. തന്റെ പ്രണയം മാതാപിതാക്കളോട് പറഞ്ഞു അനുനയിപ്പിച്ചു സമ്മതം വാങ്ങാനുള്ള കഴിവ് കൂടി കമിതാക്കൾക്ക് ഉണ്ടാവുകയാണെങ്കിൽ ഈ പ്രശ്നം പരിഹരിക്കാം.
പ്രണയവിവാഹം കഴിഞ്ഞ് ചെറുക്കന്റെ വീട്ടിലെത്തുന്ന പെൺകുട്ടികളാണ് ഏറെ ദുരിതം അനുഭവിക്കേണ്ടി വരിക. ആ വീട്ടിലുണ്ടാവുന്ന പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും പരിഹരിച്ചു തരാൻ സ്വന്തം വീട്ടിൽ നിന്ന് ആരുമുണ്ടാവില്ല. മുന്നോട്ടുള്ള ജീവിതത്തിൽ ഉണ്ടാവുന്ന പ്രതിസന്ധി ഘട്ടങ്ങളിൽ ഒരു സഹായവും സ്വഗൃഹത്തിൽ നിന്ന് പ്രതീക്ഷിക്കാൻ കഴിയില്ല.മാതാപിതാക്കളുടെ അനുവാദമില്ലാതെ വിവാഹം കഴിച്ചതിനാൽ സാദാരണഗതിയിൽ പെൺകുട്ടികൾക്ക് ലഭിക്കുന്ന സ്നേഹസമ്മാനങ്ങളായ സ്വർണ്ണാഭരണങ്ങളോ മറ്റോന്നും തന്നെയോ ലഭിക്കാൻ ഇടയില്ല. തന്റെതെന്ന് പറയാൻ ധരിച്ച വസ്ത്രം മാത്രമേ പല പെൺകുട്ടികൾക്കും ഈ സാഹചര്യത്തിലുണ്ടാവാനിടയുള്ളൂ.
ചെറുക്കന്റെ കാര്യമെടുതാൽ സ്ഥിരവരുമാനമോ പക്വതയോ ഇല്ലാത്ത പ്രായത്തിൽ സുഹൃത്തുക്കളുടെ സഹായത്തോടെയാവും മിക്കവാറും വിവാഹങ്ങൾ. ജീവിതം മുന്നോട്ടു പോവാൻ മറ്റുള്ളവരുടെ ദയവിനായി കാത്തു നിൽക്കേണ്ട ഗതികേടിലായിരിക്കും പിന്നീട്. ഇത്തരം സാഹചര്യങ്ങളിൽ ഉണ്ടാവുന്ന മാനസിക സമ്മർദ്ദം യുവമിഥുനങ്ങൾക്കിടയിലെ വഴക്കിന് കാരണമാവുന്നു.പ്രണയിക്കുന്നത് ഒരിക്കലും ഒരു കുറ്റമാണെന്ന് പറയാനാവില്ല. മാതാപിതാക്കളുടെ അനുവാദത്തോടെ പക്വതയെത്തിയ പ്രായത്തിൽ നല്ല രീതിയിൽ വിവാഹം കഴിക്കുന്നതാണ് തുടർന്നുള്ള സുഗമമായ ജീവിതത്തിനു ഏറ്റവും നല്ലത്.പുതിയ തലമുറ ചിന്തിക്കുക. പക്വതയോടെ തീരുമാനമെടുക്കുക”