ബോയ്‌ഫ്രണ്ട്‌ ഇല്ലേൽ തനിക്കെന്തോ കുഴപ്പമുണ്ട് താൻ സുന്ദരിയല്ല എന്ന് ചിന്തിക്കുന്ന പെൺകുട്ടികളെ കാണാം നിഷ എഴുതുന്നു

EDITOR

Updated on:

കൗമാരത്തിലേക്ക് കയറുന്നതോടെ, പ്രണയവും, ആണ്സുഹൃത്തുമൊക്കെ ഉണ്ടായിരിക്കുക എന്നത് ആത്മാഭിമാനത്തെയും self worth നെയുമൊക്കെ ബാധിക്കുന്ന അവസ്‌ഥയായി ഇന്ന് കുട്ടികളുടെ ഇടയിൽ മാറിയിരിക്കുന്നു. Boy friend ഇല്ലായെങ്കിൽ തനിക്കെന്തോ കുഴപ്പമുണ്ട്, താൻ സുന്ദരിയല്ല എന്നൊക്കെ ചിന്തിക്കുകയും, കൂട്ടുകാരെക്കൊണ്ട്‌ ചിന്തിപ്പിക്കുകയും ചെയ്യുന്ന പെണ്കുട്ടികളെ ഇന്ന് ഒരുപാട് കാണാറുണ്ട്. പല മാഫിയകളും, റാക്കറ്റുകളും, ജിഹാദ് ഗ്രൂപ്പുകളുമൊക്കെ ഇന്ന് ചൂണ്ടയായുപയോഗിക്കുന്നത് ‘കപട പ്രണയമാണ്’. ഇതിനെ പ്രോത്സാഹിപ്പിക്കാനും, ചൂണ്ടയിൽ കൊളുത്തുവാനും സഹായിക്കുന്നതാകട്ടെ, മിക്കപ്പോഴും പെൺ സുഹൃത്തുക്കളും. കൂട്ടുകാർ ഒറ്റപ്പെടുത്തുമെന്ന ഭയം കൊണ്ട്, അല്ലെങ്കിൽ അവർ നിർബന്ധിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതുകൊണ്ട്, പ്രണയിക്കുന്ന പെണ് കുട്ടികളെ ഒരുപാട് കണ്ടിട്ടുണ്ട്.

പ്രണയമാണെന്ന് തോന്നിപ്പിക്കുന്നതൊക്കെ പ്രണയമല്ലെന്നും, പ്രണയിക്കുന്നു എന്ന് മൊഴിയുന്നവരൊക്കെ യഥാർത്ഥത്തിൽ പ്രണയിക്കുന്നവരല്ലെന്നും മനസ്സിലാക്കാൻ എന്നാണ് നമ്മളിനി നമ്മുടെ പെണ്കുട്ടികളെ പഠിപ്പിക്കുക. ‘നോ’ പറയേണ്ടവരോട് ‘നോ’ പറയാനും , ഒറ്റപ്പെട്ടാലും ശരിയായ പാതയിൽ തലയുയർത്തി നടക്കാനും എന്നാണ് നമ്മളവരെ ശക്തിപ്പെടുത്തുക?അടുത്ത നാളുകളിലാണ്, എറണാകുളം ജില്ലയിലെ ഒരു പ്രശസ്തമായ കോളേജിൽ ഡിഗ്രിയ്ക്ക് പഠിക്കുന്ന പെണ്കുട്ടി ആരുമറിയാതെ മതം മാറാനും ഒളിച്ചോടാനും തീരുമാനിച്ചത്.
ഒത്താശ ചെയ്തതും, പ്രേരിപ്പിച്ചതും, രഹസ്യമായി സൂക്ഷിക്കാൻ പ്രോൽസാഹിപ്പിച്ചതുമൊക്കെ കൂട്ടുകാർ. ഏതോ ദുർബ്ബല നിമഷത്തിൽ, ഒളിച്ചോടാനായി നിശ്ചയിച്ചിരുന്നതിന്റെ രണ്ട് ദിവസം മുൻപ് ,അടുത്ത കൂട്ടുകാരിയോട് ( ഈ കുട്ടി, സഹായികളുടെ കൂട്ടത്തിൽ ഉൾപ്പെട്ടിരുന്നില്ല) രഹസ്യം വെളിപ്പെടുത്തി. അവൾ വീട്ടിൽ വിവരമറിയിക്കുകയും വീട്ടുകാർ സമയോചിതമായി ഇടപെടുകയും ചെയ്തതു കൊണ്ട് രക്ഷപ്പെട്ടു. വിനാശകരായി കടന്നു വരുന്ന ആൺകുട്ടികളോടൊപ്പമോ, അവരെക്കാളുമോ, നാശത്തിലേയ്ക്ക് തള്ളിവിടുകയും, വാതിൽ തുറന്നുകൊടുക്കുകയും ചെയ്യുന്ന പെൺസുഹൃത്തുക്കളെ കൂടുതൽ സൂക്ഷിക്കേണ്ടിയിരിക്കുന്നു, ഇക്കാലത്ത്.

പ്രണയം നടിച്ചുള്ള പീഡനങ്ങളിലും, കൊലപാതകങ്ങളിലുമൊക്കെ, ഇരകളെ വരുതിക്ക് നിർത്തുന്നത്, പൂട്ടിയിടുന്നത്, ‘ഭയം’ എന്ന ചൂണ്ടക്കൊളുത്തിലാണ്. നഗ്ന ചിത്രങ്ങളും videos ഉം ഒക്കെ കാണിച്ചുള്ള ബ്ലാക്ക്‌മെയിലിങ്. അതിലാണ് മിക്കവരും തളർന്നു വീഴുക.ഒരു പെണ്കുഞ്ഞു വളരുമ്പോൾ മുതൽ, അവളുടെ ശരീരത്തിന് കൊടുക്കുന്ന അമിത പ്രാധാന്യം, സ്ത്രീയെന്നാൽ മറ്റെന്തിനെക്കാളും ഉപരി അവളുടെ ശരീരമാണെന്ന്, അവളിൽ കുത്തിവയ്ക്കുന്ന ചിന്ത. അതപകടമാണ്. ആരെങ്കിലും മോർഫ് ചെയ്തോ അല്ലാതെയോ നിന്റെ ഒരു നഗ്‌ന ചിത്രം പുറത്തു വിട്ടാൽ തീരുന്നതല്ല നിന്റെ വിലയും മൂല്യവും എന്ന് അവളെ പറഞ്ഞു പഠിപ്പിക്കേണ്ടിയിരിക്കുന്നു.

നിന്റെ നഗ്നത പ്രദർശിപ്പിക്കുന്നവനും, അതാസ്വദിക്കുന്നവരും പത്തു മാസം കിടന്നതും അമ്മിഞ്ഞപ്പാൽ നുണഞ്ഞ് വളർന്നതും ഇതേ ആകൃതിയും രൂപവുമുള്ള ശരീരങ്ങളിലാണെന്നും, അവർക്കില്ലാത്തതൊന്നും നിനക്കില്ലായെന്നും തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുന്നിടത്ത് അവസാനിക്കും ഇത്തരത്തിലുള്ള ധാർഷ്ഠ്യങ്ങൾ. സൈബർ സെൽ അടക്കം എത്രയോ സംവിധാനങ്ങൾ, Helpline കൾ ഉണ്ടായിട്ടും, നമ്മുടെ പെൺകുഞ്ഞുങ്ങൾ ഭയത്തിൽ കുരുങ്ങി, നാശത്തിലെക്ക് സ്വയം ചെന്ന് പതിക്കുന്നെങ്കിൽ അവരെ ശരിയായ രീതിയിൽ ശാക്തീകരിക്കുന്നതിൽ, ശരിയായ അവബോധങ്ങൾ നല്കുന്നതിൽ, സുരക്ഷയെക്കുറിച്ചും നിയമ സംവിധാനങ്ങളെക്കുറിച്ചും പഠിപ്പിക്കുന്നതിൽ ഉത്തരവാദിത്വപ്പെട്ടവർ അമ്പേ പരാജയപ്പെടുന്നു എന്നുകൂടിയാണർത്ഥം.

എത്ര ക്രൂരമായ പീഡനങ്ങളും കൊലപാതകങ്ങളും നടന്നാലും ഇരയുടെ പേരും മതവും മാത്രം നോക്കി അപലപിക്കുകയും, കണ്ണീരൊഴുക്കുകയും, പ്രകടനങ്ങൾ നടത്തുകയും ചെയ്യുന്ന സാംസ്കാരിക കേരളത്തിന്റെ ചിത്രം ഒരുൾഭയം ജനിപ്പിക്കുന്നു എന്ന് പറയാതെ വയ്യ.

കടപ്പാട് : നിഷ ജോസ്