ഭർത്താവ് എന്ത് ചെയ്യുന്നു എന്ന് സ്ഥിരം കിട്ടുന്ന ചോദ്യമാണ് ഉത്തരം കുറച്ചു ബുദ്ധിമുട്ടായതോണ്ട് തന്നെ പറഞ്ഞിട്ടില്ല

EDITOR

ഇത് എന്‍റെ നല്ല പാതി, അതായത് എന്‍റെ പേരിന്റെ രണ്ടാം പാതി! ഡോ. സരിൻ.ഞങ്ങളുടെ കുറുമ്പി പെണ്ണ് പാപ്പൂനെ എല്ലാർക്കും അറിയാം. എന്നാൽ സരിനെ കുറിച്ചു ഞാൻ അധികം പറഞ്ഞിട്ടില്ല.ഭർത്താവ് എന്ത് ചെയ്യുന്നു എന്ന് സ്ഥിരം കിട്ടുന്ന ചോദ്യമാണ്. ഉത്തരം കുറച്ചു ബുദ്ധിമുട്ടായതോണ്ട് തന്നെ പറഞ്ഞിട്ടില്ല. ഇന്ന് അദ്ദേഹത്തെ കൂടി നിങ്ങൾക്ക് പരിചയപെടുത്തണം എന്ന് തോന്നി, ചെയ്യുന്നു.

സരിൻ, ഒരു ഡോക്ടറാണ്/ ഒരു മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ്/ ഒരു പൊതുപ്രവർത്തകനാണ്/ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പുകാരനാണ്/ ഒരു രാഷ്ട്രീയപ്രവർത്തകനാണ്/ ഇതിലെല്ലാമുപരി എന്റെയും പാപ്പുന്റെയും എല്ലാമെല്ലാമാണ്. മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം കൂടി ഒരാൾക്ക് എങ്ങനെ ആവാൻ പറ്റും, അല്ലെ? ചോദ്യം ന്യായമാണ് സരിൻ 2001-ൽ ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ എം. ബി. ബി. എസ്.-ന് ചേരുന്നത്. ഞാൻ ഈ കഥാപാത്രത്തെ കുറിച്ച് ആദ്യമായി കേൾക്കുന്നത് എന്‍റെ കൂട്ടുകാരി സന്ധ്യയിൽ നിന്നാണ്. അവർ രണ്ടുപേരും കോഴിക്കോട്ട് സഹപാഠികൾ; ഞാൻ പരിയാരത്തും. വി.കെ.എൻ. ഉം വെടിക്കെട്ടും ഇഷ്ടപ്പെടുന്ന ഒരു വള്ളുവനാട്ടുകാരൻ.

അതിനും പുറമെ കേരളത്തിൽ “ക്വിസ്” എന്നാരെങ്കിലും മിണ്ടിയാൽ ആശാൻ അവിടുണ്ടാകും. ഉണ്ടാകുക മാത്രല്ല, സമ്മാനം ആർക്ക് എന്ന ചോദ്യം പിന്നവിടുണ്ടാകില്ല! പോക്കറ്റ് മണിയും മറ്റും ഇങ്ങനെ കിട്ടുന്ന സമ്മാനത്തുകകളിൽ നിന്ന് മൂപ്പർ ഒപ്പിച്ചിരുന്നു. ആകെ മൊത്തം ഒരു പ്രത്യേക അവതാരം! ഇതൊന്നും പോരാഞ്ഞു എല്ലാവരും തല പുകഞ്ഞു നടക്കുന്ന ഫൈനൽ ഇയറിനു പോയി മത്സരിച്ചു കോളേജ് യൂണിയൻ ചെയർമാനുമായി. അങ്ങനെ സംഭവബഹുലമായിരുന്നു ടിയാന്റെ മെഡിക്കൽ കോളേജ് ജീവിതം. ഇന്നും അവിടെ പഠിക്കുന്ന കുട്ടികൾക്ക് “സരിനേട്ടനെ” അറിയും. ഞാൻ കോഴിക്കോട് ശിശുരോഗവിഭാഗത്തിൽ പി. ജി. എടുക്കുമ്പോഴും “സരി നേട്ടന്‍റെ സൗമ്യച്ചേച്ചി” എന്ന അഡ്രസ്സിലായിരുന്നു.

എം. ബി. ബി. എസ്സിന് പഠിക്കുമ്പോൾ തന്നെ സിവിൽ സർവീസ് എന്ന ഒരു ലക്‌ഷ്യം സരിനുണ്ടായിരുന്നു. ഹൗസ് സർജൻസി കഴിഞ്ഞ ഉടൻ പരീക്ഷയെഴുതി. ആദ്യത്തെ ശ്രമത്തിൽ തന്നെ റാങ്ക് ലിസ്റ്റിൽ വന്നു. കിട്ടിയത് ഇന്ത്യൻ ഓഡിറ്റ് & അക്കൗണ്ട്സ് സർവീസ് (IAAS). രണ്ടു കൊല്ലം സിംലയിൽ പരിശീലനത്തിന് ശേഷം കേരളത്തിന്റെ DAG (Deputy Accountant General) ആയി 2011-ൽ നിയമിതനായി. അതിന് ശേഷം കർണടകയുടെ DAG ആയി.ഓഫീസ് മുറിയിലെ നാല് ചുമരുകൾക്കുള്ളിൽ തളച്ചിടപ്പെടുന്നു എന്ന തിരിച്ചറിവിൽ, കൂടുതൽ ഇടപെടലുകൾക്കുള്ള വിശാലമായ ഇടം തേടി 2016-ൽ ആ ഉന്നത പദവി രാജി വെച്ചു. അങ്ങിനെ ഞങ്ങൾ കേരളത്തിലേക്ക് തിരിച്ചു വന്നു.

അതിനു ശേഷം പരീക്ഷണങ്ങളുടെ നാളുകളായിരുന്നു ഞങ്ങൾ രണ്ടുപേർക്കും. മുന്നോട്ട് പോകേണ്ടത് വ്യത്യസ്‌ത വഴികളിലൂടെയാണ് എന്ന് പരസ്പരം ബോധ്യപ്പെടുത്തി. ഞാൻ ഡോക്ടർ എന്ന നിലയിൽ ഉപരിപഠനം പൂർത്തിയാക്കി ആശുപത്രിയും കുഞ്ഞുകുട്ടികളും അവരുടെ അച്ഛനമ്മമാരുടെ വലിയ ആധികളും ഒക്കെയയി എന്റേതായ പ്രവർത്തനങ്ങളിൽ മുഴുകി. സരിൻ ആകട്ടെ മറ്റു പല രീതികളിലായി പൊതുജനങ്ങൾക്ക് ഇടയിൽ നേരിട്ടിടപെട്ട് വീടു പോലും രണ്ടാമതായി മാറുന്ന സ്ഥിതിയിലും! ഇത്രയും വലിയ പദവിയും ജോലിയും രാജി വെച്ച് വന്ന ഇവന് എന്തിന്റെ സൂക്കേടാണ് എന്ന് വരെ സംശയിച്ചവരുണ്ട്. ശരിയാണ്, ഞാൻ പോലും ആ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ പലപ്പോഴായി ശ്രമിച്ചിരുന്നു. എല്ലാവരെയും പോലെ കുടുംബഭദ്രതയും സാമ്പത്തിക അഭിവൃദ്ധിയും മാത്രമായിരുന്നു എന്റെയും ജീവിതലക്ഷ്യങ്ങൾ! സമൂഹത്തിൽ ഉയർന്ന സ്റ്റാറ്റസ് ഉള്ള ജോലിയിലും ജീവിതത്തിലും ഞാനും സ്വാർത്ഥതയുളള ഒരു ഭാര്യയായി.സരിനും പാപ്പുവും ഞാനും മാത്രമുള്ള ഒരു ചെറിയ ലോകത്തേക്ക് ചുരുങ്ങാൻ ഏതൊരു സ്ത്രീയെയും പോലെ ഞാനും ആഗ്രഹിച്ചു.

എന്നാൽ, എന്നെ ഈ ലോകത്തെ മറ്റൊരു കണ്ണിലൂടെ കാണാൻ ശീലിപ്പിച്ചത് സരിൻ ആണ്. “ആർക്കും ഒരു ഗുണവുമില്ലാതെ ജീവിച്ചു മരിച്ച് (മരിച്ച് ജീവിച്ച്!) മണ്ണടിയുന്ന ലക്ഷക്കണക്കിന് ആളുകൾക്കിടയിൽ ഒരാളായി സ്വന്തം സുഖം മാത്രം നോക്കി നടക്കാൻ എനിക്ക് പറ്റില്ല” എന്ന ഉറച്ച വാക്കുകൾ എന്റെ ചിന്തകളിലും മാറ്റം ഉണ്ടാക്കി. എല്ലാ സുഖസൗകര്യങ്ങളും ഉന്നതപദവിയും ഇട്ടെറിഞ്ഞു സ്വന്തം മനസ് പറഞ്ഞ കാര്യങ്ങൾക്ക് വേണ്ടി പ്രയത്നിക്കുന്ന സരിൻ ഇന്ന് എനിക്കഭിമാനമാണ്. ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ഉറക്കെ പറയാനും ചെയ്യാനുമുള്ള ധൈര്യം എനിക്ക് കിട്ടിയത് അവിടെ നിന്നാണ്.ഇന്ന് സരിൻ കൊച്ചു കൊച്ചു തിരക്കുകളുള്ള ഒരു പൊതുപ്രവർത്തകനാണ്. കോൺഗ്രസ് പാർട്ടിയിൽ ചെറിയ ചെറിയ ചുമതലകൾ വഹിച്ചുകൊണ്ട് നാട്ടുകാർക്കിടയിൽ ഓടിനടക്കുന്നു. ഒരു കുറിപ്പടി പോലും എഴുതാതെ ഒറ്റപ്പാലത്തുകാർക്ക് അവരുടെ സ്വന്തം ”ഡോക്ടർ” ആയി!!

IAS/IPS എന്ന സ്വപ്നം പലവിധ ജീവിത സാഹചര്യങ്ങൾ കൊണ്ട് എത്തിപ്പിടിക്കാൻ പാടുപെടുന്ന നമ്മുടെ നാട്ടിലെ മിടുക്കികൾക്കും മിടുക്കന്മാർക്കുമായി തിരുവനന്തപുരത്തും തൃശ്ശൂരിലുമായി സുഹൃത്തുക്ക ളുമായി ചേർന്ന് നടത്തുന്ന IAS HOTSPOT എന്ന സ്ഥാപനത്തിന്റെ ചുക്കാൻ കൂടി പിടിക്കുന്നു.ഇത്രയുമാണ് ‘കെട്ട്യോനാണ് മാലാഖ’ വീരഗാഥകൾ! ഇപ്പോഴും പഴയ ജോലി രാജി വെച്ചതിനു ഞാൻ ചൊറിയുമ്പോൾ മൂപ്പർ പറയുന്ന ഒരു പഞ്ച് ഡയലോഗ് കൂടി പറഞ്ഞിട്ട് നമുക്ക് നിർത്താം:

എടോ, താനൊക്കെ മരിച്ചു ഇങ്ങനെ നീണ്ടു നിവർന്നു കിടക്കുമ്പോളും ഇയാൾടെ മുഖത്തു ഒരു സന്തോഷോം കാണില്ല. കാരണം, ചെയ്യണമെന്ന് ആഗ്രഹിച്ച പല കാര്യങ്ങളും ബാക്കിവെച്ച് ആയിരിക്കും താൻ വടിയായത്. എന്നാൽ, ഞാൻ അങ്ങനെയാവില്ല ട്ടൊ. ശരി എന്ന് ബോധ്യപ്പട്ടതിന് വേണ്ടി പലതും വേണ്ടെന്നു വെച്ചു. ചെയ്യുന്നതിലെല്ലാം എന്റേതായി ഒരു വരി കൊടുത്തു…! എനിക്കായി ഒന്നും നടന്നില്ലെങ്കിലും, പലരുടെയും മനസ്സിൽ തോന്നുന്ന ഒരു സംതൃപ്തി ഉണ്ടല്ലോ, അതു മതി! നന്നായി ജീവിച്ച് മരിക്കാൻ! ഞാൻ ഈ ലോകത്ത് നിന്ന് പോയാലും നമ്മളെപറ്റി ഓർക്കാൻ ഒരു നാല് പേരുണ്ടെങ്കിൽ, അതാണ് കളറ് മോളേ.എപ്പടി???

കടപ്പാട് : ഡോക്ടർ സൗമ്യ സരിൻ