ഇന്നുച്ചക്ക് കുട്ടികളുടെ വാർഡിൽ നിന്നിറങ്ങാൻ തുടങ്ങുമ്പോഴാണ് ആ കാഴ്ച കണ്ടത് ഇതിനൊക്കെ വലിപ്പച്ചറുപ്പമുണ്ടോ

EDITOR

ആഘോഷങ്ങൾക്കും സന്തോഷത്തിനും വലിപ്പച്ചെറുപ്പമുണ്ടോ?ഇന്നുച്ചക്ക് കുട്ടികളുടെ വാർഡിൽ നിന്നിറങ്ങാൻ തുടങ്ങുമ്പോഴാണ് ആ കാഴ്ച കണ്ടത്. രണ്ട് നിരകളിലായി നിരന്നു നിൽക്കുന്ന നേഴ്സിംഗ് വിദ്യാർത്ഥികൾ.അച്ഛന്റെ കയ്യിലിരുന്ന് ചിണുങ്ങിക്കരയുന്ന ഒരു കുഞ്ഞുവാവയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന അമ്മ. അവർക്ക് ചുറ്റുമാണ് ഈ നേഴ്സിംഗ് കുട്ടികൾ നിരന്നു നിൽക്കുന്നത്.

ഒന്നുകൂടെ ശ്രദ്ധിച്ചപ്പോഴാണ് താഴെ സ്റ്റൂളിലിരിക്കുന്ന പാത്രത്തിൽ കത്തിച്ചു വെച്ചിരിക്കുന്ന മെഴുകുതിരിയും അതിലെ കുഞ്ഞു കേക്കും കണ്ണിൽ പെട്ടത്.കാര്യമറിഞ്ഞപ്പോൾ സത്യത്തിൽ കണ്ണു നിറഞ്ഞു പോയി. അഡ്മിറ്റ് ചെയ്ത കുഞ്ഞാവയ്ക്ക് കയ്യിൽ കാനുല ഇടുന്ന സിസ്റ്ററോട്,വാവയുടെ ആദ്യത്തെ ബർത്ത് ഡേ ആയിട്ട് ആശുപത്രിയിൽ ആയിപ്പോയി എന്ന് സങ്കടത്തോടെ കുഞ്ഞിന്റെ അച്ഛൻ പറഞ്ഞത് കേട്ട, നേഴ്സിംഗ് വിദ്യാർത്ഥികളിലൊരാളാണ് ഓടിപ്പോയി ആ കുഞ്ഞിക്കേക്ക് വാങ്ങിയത്.

പള്ളുരുത്തി സി- മെറ്റ് നേഴ്സിംഗ് സ്കൂളിലെ പോസ്റ്റ് ബേസിക് നേഴ്സിംഗ് വിദ്യാർത്ഥികളിൽ ഒരാളായ സഞ്ജയ് ആണ് ആ പിറന്നാൾ ആഘോഷത്തിന്റെ ശിൽപ്പി. പാലക്കാട് കോട്ടോപ്പാടം നിവാസിയാണവൻ.എല്ലാരും ഹാപ്പി ബർത്ത് ഡേ പാടി കുഞ്ഞാവയെക്കൊണ്ട് കേക്ക് മുറിപ്പിച്ചു. സവിശേഷമായ രീതിയിൽ ആഘോഷിക്കപ്പെട്ട സ്നേഹത്തിരുനാൾ അത്ഭുതങ്ങൾ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഡ്യൂട്ടി റൂമിൽ ഇരിക്കുകയായിരുന്ന ഞങ്ങളുടെ അരികിലേക്ക് മുറിച്ച കേക്കിന്റെ കുഞ്ഞിക്കഷ്ണങ്ങളുമായി സഞ്ജയ് എത്തി. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടിയ യേശുദേവനെ ഓർമ്മവന്നു ഞങ്ങൾക്ക്.

കേക്കിന്റെ കുഞ്ഞു തരികളേ കഴിച്ചുള്ളൂ.പക്ഷേ ഇന്നോളം കഴിച്ച കേക്കുകളിൽ വെച്ചേറ്റവും സ്വാദിഷ്ടമായിരുന്നു അത്.പിറന്നാൾ ആശംസകൾ ചക്കര വാവേ .നന്ദി സഞ്ജയ്.ഈ ലോകം ഏറെ മനോഹരമാണെന്ന് ഇടയ്ക്ക് ഇങ്ങനെ ഓർമ്മപ്പെടുത്തുന്നതിന്

കടപ്പാട് : സുനിൽ