കള്ളമാണ് വെറുംപച്ചകള്ളം രാത്രി മൂന്നര മണിക്ക് എന്ത് തെളിവെടുപ്പ് സംഭവിച്ചത് ഇതാണ് അഡ്വക്കേറ്റ് ജഹാൻഗീർ ചോദിക്കുന്നു

EDITOR

കള്ളമാണ് വെറുംപച്ചക്കള്ളങ്ങൾ.രാത്രി മൂന്നര മണിക്ക് എന്ത് തെളിവെടുപ്പ്..?! ആർക്കുവേണ്ടി ആരാണതിന് ഉത്തരവിട്ടത്…? എന്തുകൊണ്ടാണ് പുലർച്ചെയുടെ ഉറക്കപിച്ചിൽ മതിയായ പോലീസ് ഫോഴ്‌സും, ആയുധങ്ങളും തയ്യാറെടുപ്പുമില്ലാതെ “ക്രൂരന്മാരായ കുറ്റവാളികളുമായി” തെളിവെടുപ്പിന് പോയത്? സജ്ജനാരുടെ ശരീരഭാഷയിൽപ്പോലും ഒരഭിനേതാവിൻ്റെ കൃത്രിമത്വമുണ്ട്. സംവിധായകൻ ആക്ഷൻ പറയുന്നതിന് മുൻപുള്ള ഒരു നടൻറെ കൃത്രിമ തയ്യാറെടുപ്പുണ്ട്.

പ്രിയരേ, നിഷ്കളങ്കരെ ലളിതമായ ചില ചോദ്യങ്ങൾ ചോദിക്കട്ടെ.

♦️ രാജ്യമാകെ ഉറ്റുനോക്കുന്ന ഒരു പ്രമാദമായ ബലാൽസംഗക്കേസ് കോടതിയിൽ ശാസ്ത്രീയമായി തെളിയിക്കുമ്പോൾ അന്വേഷ ഉദ്യോഗസ്ഥർക്കും, അണിയറയിലുള്ളവർക്കും, പ്രോസിക്യൂഷനുമടക്കം ലഭിക്കുന്ന അംഗീകാരങ്ങൾ അഭിനന്ദനങ്ങൾ, പ്രൊമോഷനുകൾ, മറ്റു ഭരണകൂട മെഡലുകൾ, രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ എന്നിവയെല്ലാം നിങ്ങൾ ഒരിക്കലെങ്കിലും സങ്കൽപിച്ചുനോക്കിയിട്ടുണ്ടോ?!

♦️ മേൽപ്പറഞ്ഞ മുഴുവൻ അംഗീകാരങ്ങളും, പ്രൊമോഷനുകളും സാമ്പത്തിക നേട്ടങ്ങളുമെല്ലാം വേണ്ടെന്നു വച്ച് തെലങ്കാനയിലെ കാക്കിയണിഞ്ഞവർ, “തെളിവെടുക്കുമ്പോൾ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിച്ച” ബലാൽസംഗ കുറ്റവാളികളെ വെടിവച്ചുകൊല്ലുന്ന തിരക്കഥ നിങ്ങളിൽ മിക്കവരും വിശ്വസിക്കുമ്പോൾ അമ്പരപ്പാണ് തോന്നുന്നത്. തങ്ങളേക്കാൾ അധികം അംഗബലമുള്ള പോലീസ് സേനയിൽ നിന്നും തോക്ക് തട്ടിപ്പറിച്ചു വെടിവയ്ക്കുന്ന ആസൂത്രണം ഇവർ എവിടെവച്ചാണ് നടത്തിയത്?!

♦️ എന്തുകൊണ്ടാണ് നാലുപേരും വിയോജിപ്പുകളില്ലാതെ ഒരേ മനസ്സോടെ ആത്മഹത്യാപരമായ അത്തരം ഒരു തീരുമാനത്തിൽ എത്തിച്ചേർന്നത്.?! ജീവിതത്തിൽ ഒരുപക്ഷേ ആദ്യമായി തോക്കുകാണുന്ന ഈ മനുഷ്യർ എങ്ങിനെയാണ് തോക്ക് തട്ടിപ്പറിച്ചു പോലീസിനെ ആക്രമിക്കുന്നത് ?!

♦️ പോലീസ് ഫോഴ്സ്സിന്റെ കയ്യിലുള്ള സ്‌പെഷ്യൽ ടൈപ് ആയുധങ്ങൾ ഉപയോഗിക്കാൻ ആരാണിവർക്ക് പരിശീലനം നൽകിയത്…?! (പൊലീസുകാരുടെ ഹോൾസ്റ്ററിൽ നിന്ന് സൈഡ് ആം തട്ടിയെടുക്കാൻ മാത്രം വൈദഗ്ദ്ധ്യമുള്ളവരാണ് ലോറിപ്പണിക്കാരായ പ്രതികൾ! ഹോൾസ്റ്ററിലിട്ട തോക്ക് ഒരിക്കലെങ്കിലും നേരിട്ട് കണ്ടിട്ടുള്ളവർക്ക് കാര്യം തിരിയും. മാത്രമല്ല, പൊലീസുകാർ സർവീസ് പിസ്റ്റൾ ആയി ഉപയോഗിക്കുന്ന ഓട്ടോ -9 A1, ഗ്ലോക്ക് -17, സമിത്ത് & വെസ്സൻ -9mm തുടങ്ങിയ കൈത്തോക്കുകൾക്കും സബ് മെഷിൻ ഗണ്ണുകൾക്കും AK റൈഫിളുകൾക്കും എല്ലാം ഇൻബിൽറ്റ് ലോക്ക് ഉണ്ടാവും. അത് അൺ ലോക്ക് ചെയ്യാൻ പരിശീലനം കിട്ടിയവർക്കേപറ്റൂ.വണ്ടിയുടെ ‘ജാക്കി ലിവർ’പിടിച്ച പരിചയം മാത്രമുള്ളവർക്ക് ചെയ്യാവുന്ന പണിയല്ല അതെന്ന് സാരം. ഇനി അവർ സായുധരായ പത്ത്മുപ്പത്തഞ്ച് പൊലീസുകാരുടെ കൺവെട്ടത്ത് വച്ച് തോക്ക് തട്ടിയെടുത്തു എന്ന് തന്നെവക്കുക. അതിന്റെ കടയേത് തലയേത് എന്നറിയാതെ അവരെങ്ങനെയാണാവോ വെടിവയ്ക്കുന്നത്!

അവരെ കീഴ്പ്പെടുത്താൻ വെടിവച്ചു കൊല്ലുകയേ നിവൃത്തിയുള്ളൂ എന്നാണ്
IPS പുലികൾ ഉൾപ്പെടെയുള്ള പൊലീസുകാര് പറയുന്നതെങ്കിൽ ആ പണിക്ക് അവരെ
കൊള്ളില്ല എന്നു മാത്രമാണ് അർത്ഥം.ചിരഞ്ജീവിയുടേം വെങ്കിടേഷിന്റേമൊക്കെ പടം കാണുന്ന പ്രതികളിൽ രണ്ടു പേർ തോക്കു തട്ടിയെടുത്തു; അതുകൊണ്ട് ഞങ്ങൾ നാലു പേരേയും വെടിവച്ചങ്ങ് തീർത്തു എന്നാവും കഥ.ആ സിനിമക്കെന്നപോലെ ഇതിനും പാലഭിഷേകം നടത്താൻ ആളു കൂടുന്നിടത്ത് എന്ത് പറഞ്ഞിട്ടെന്ത്.

വാട്ട് ആൻ എൻകൗണ്ടർ സർജീ…!! – Rajiv Ramachandran.)

♦️ ഡോക്ടർ കൊലചെയ്യപ്പെട്ട അതേ സ്പോട്ടിൽനിന്നും മറ്റൊരു ബോഡികൂടി കണ്ടെത്തിയിരുന്നു. ആ ക്രൈമിനുപിന്നിൽ ആരാണെന്ന് എന്താണ് പോലീസ് – മാധ്യമ ഭാഷ്യങ്ങൾ കാണാത്തത്?!

♦️ വധശിക്ഷയടക്കം ലഭിക്കാവുന്ന കുറ്റത്തിന് ശാസ്ത്രീയമായ തെളിവുകൾ ഉണ്ടെങ്കിൽ കോടതിയിൽ തെളിയിച്ചു രാജ്യത്തിൻറെ ഹീറോകളായി മാറാൻ കഴിയുന്ന പോലീസുകാർ, ഇപ്പോൾ വിവരവും ബോധവും ഉള്ളവരുടെ മുന്നിലും രാജ്യത്തിൻറെ മനുഷ്യാവകാശ കമ്മീഷൻറെ കണ്ണിൽപ്പോലും കുറ്റവാളികളും കൊലപാതകികളും ആകുന്നത് എന്തിനാണ്…?!

♦️ സമൂഹത്തിലെ ഉന്നതരോ VVIP കളോ ആയ യഥാർത്ഥ പ്രതികളെ രക്ഷപെടുത്താൻ സാധാരണ ട്രക്ക് ഡ്രൈവർമാരെ കരുവാക്കി പോലീസ് കളിച്ച നാടകമാണോ സംഭവം എന്ന് സംശയിക്കാനുള്ള അന്നംപോലും നിങ്ങളിലാരും കഴിക്കാത്തത് എന്തുകൊണ്ടാണ്?!

♦️ വിദ്യാസമ്പന്നരും, അഭിഭാഷകരും, ന്യായാധിപരും, മാധ്യമപ്രവർത്തകരുമടക്കമുള്ള ഇന്ത്യൻ സമൂഹം പോലീസിനെ സംശയത്തിൻ്റെ മുനയിൽ നിർത്തുന്നതും, അവിശ്വസിക്കുന്നതും ഞങ്ങളെല്ലാം ട്രക്ക് ഡ്രൈവർമാരിൽ നിന്നും കൈക്കൂലി വാങ്ങി ചെയ്യുന്നതാണോ?!

♦️ സമൂഹത്തിലെ പാർശ്വവൽകർക്കപ്പെട്ട വിഭാഗത്തിൽപ്പെട്ട ദരിദ്രയും, വിദ്യാരഹിതയുമായ ഒരു യുവതിയെ സമൂഹത്തിലെ ഉന്നതർ ബലാൽസംഗം ചെയ്തു കൊന്നുവെന്ന് ഒരു കേസുണ്ടായാൽ ആ ഉന്നതരായ പ്രതികൾ ഈ രൂപത്തിൽ കൊല്ലപ്പെടുമെന്ന് നിങ്ങളിൽ എത്രപേർ വിശ്വസിക്കുന്നുണ്ട്?!

♦️ പോലീസ് കടലാസ്സുകളിലെ പ്രതികളുടെ പേരാണ് കാര്യമെങ്കിൽ, സോഷ്യൽ മീഡിയ പൊതുബോധത്തിലെ വില്ലന്മാരാണ് കുറ്റവാളികളെങ്കിൽ സമുദായ രക്ഷകൻ കുഞ്ഞാലിക്കുട്ടിയും, സൂര്യനെല്ലി കുര്യനും, പൊളിറ്റിക്കൽ സെക്രട്ടറി ശശിയും, MLA ശശിയും, ബിഷപ്പ് ഫ്രാങ്കോയും, ജനകീയതാരം തിലീവേട്ടനും, സരിതാകാമുകന്മാരുമൊക്കെ എത്രതവണ വെടിയേറ്റു മരിക്കണം?!

♦️ കാണുമ്പോൾ ഒരു കല്ലെങ്കിലും എറിയുന്നതിനു പകരം നിങ്ങളെല്ലാം അവർക്കു ഹാരാർപ്പണം നടത്തുകയും പാലഭിഷേകം ചെയ്യുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്?!

♦️ പോലീസ് നരനായാട്ടിനെയും, നരഹത്യകളെയും #നീതിനടപ്പിലാക്കൽ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന നിങ്ങളൊക്കെ ഒരു ജനാധിപത്യ സമൂഹത്തിൽ ജീവിക്കാൻ എത്രമേൽ യോഗ്യരും, യാഥാർഥ്യബോധമുള്ളവരുമാണ്.?!

♦️ രാജ്യത്തെ നിയമക്കോടതികളും നീതിന്യായ വ്യവസ്ഥകളും പിരിച്ചുവിട്ട് പട്ടാള പോലീസ് ഏകാധിപത്യം വാഴുന്ന ഒരു രാജ്യത്തെ അറിയാതെയെങ്കിലും പ്രോത്സാഹിപ്പിക്കുന്ന നിങ്ങൾക്കൊക്കെ നല്ല ചികിത്സ വേണ്ടേ..?!എത്രമേൽ നിഷ്കളങ്കരാണ് മനുഷ്യരേ നിങ്ങൾ.ഇന്ന് ഈ വെടിവയ്പ്പിന് നിങ്ങൾ കയ്യടിക്കുമെന്ന് ഭരണകൂടത്തിന് നന്നായറിയാം.കാരണം ആ നാലുപേർ കൊടിയ ക്രൂരത ചെയ്‌തെന്ന് നിങ്ങൾ വിശ്വസിക്കുന്നു.പോലീസും മാധ്യമങ്ങളും പറയുന്ന കഥയല്ലാതെ നിങ്ങൾക്കെന്തറിയാം ഹൈദരാബാദിൽ നടന്നതെന്തെന്ന്?!ഇല്ല, തെളിവും സംശയങ്ങളും പോലുമില്ല.മാധ്യമ വാർത്തകൾക്ക് കയ്യടിക്കുന്നു.

ഇന്ന് പ്രതികളെ വെടിവച്ചുകൊല്ലും.നാളെ പ്രതികളെന്ന് സംശയിക്കുന്നവരെ വെടിവച്ചുകൊല്ലും.പിന്നീട് ഇഷ്ടമില്ലാത്തവരെ.ഇഷ്ടമില്ലാത്ത മതക്കാരെ.
ഇഷ്ടമില്ലാത്ത രാഷ്ട്രീയം ഉള്ളവരെ.സ്വന്തം പെങ്ങളെ, മകളെ പ്രണയിക്കുന്ന ഇഷ്ടമില്ലാത്തവനെ.കീഴ്ജാതിക്കാരനെ,ഇതരമതസ്ഥനെ.പ്രതിപ്പട്ടികയിൽ ചേർക്കും.
പിന്നീട് വെടിവച്ചുകൊല്ലും.

നാമിങ്ങനെ കയ്യടിച്ചുകൊണ്ടേയിരിക്കും.പൊലീസിന്.സജ്ജനാർ IPS ന്.യോഗി ആദിത്യനാഥിന്.രാഹുൽ ഗാന്ധിക്ക്.പിണറായിക്ക്.കുഞ്ഞാലിക്കുട്ടിക്ക്.സുരേന്ദ്രന്.
ശശികലയ്ക്ക്.അമിത് ഷായ്ക്ക്.ഗോൾവാർക്കർക്ക്.ഗോഡ്സെയ്ക്ക് പോലും.ഇന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരെ വെടിവയ്ക്കുന്നത്, നാളെ നിങ്ങളെയും വെടിവയ്ക്കാനാണ്. അത് നിങ്ങൾക്ക് മനസ്സിലാകുമെങ്കിൽ ഭാരതം ഇങ്ങനെയാകുമായിരുന്നില്ലല്ലോ കഷ്ടം.

Adv. Jahangeer Amina Razaq