സൈനബാ … മക്കളുറങ്ങിയോ?ഉം, രണ്ട് പേരും നല്ല ഉറക്കമായി, ഇനി ഭൂമികുലുങ്ങിയാലും അവരറിയില്ല മക്കളുടെ കിടപ്പുമുറിയുടെ വാതിൽ മെല്ലെ ചാരിയിട്ട്, സൈനബ ,ഉമ്മറത്തിരിക്കുന്ന ഭർത്താവിന്റെയടുത്തേക്ക് വന്നു.പുറത്ത് നല്ല മഞ്ഞുണ്ട് ,നമുക്ക് കിടക്കണ്ടേ ജമാലിന്റെ അരിക് ചേർന്ന്, അയാളുടെ തോളിൽ തല ചായ്ച്ച് ഇരുന്ന്കൊണ്ട് അവൾ ചോദിച്ചു.ഉറക്കം വരുന്നില്ല സൈനൂ,എത്ര ദിവസങ്ങളായി ,നമ്മളൊന്നിച്ച് സ്വറപറഞ്ഞ് ഇവിടിങ്ങനെയിരുന്നിട്ട്.അത് പിന്നെ, നിങ്ങളെന്നോട് പിണങ്ങി നടന്നിട്ടല്ലേ? എന്നിട്ടിപ്പോൾ പിണക്കമെല്ലാം മാറിയോ?
അവൾ കാതരയായി അയാളോട് ചോദിച്ചു.അയ്യോ മാറിയേ ,ഇനി ഞാൻ നിന്നോട് ഒരിക്കലും പിണങ്ങില്ല, ഹോ!നീയില്ലാതെ കുറച്ച് ദിവസം ഞാൻ ശരിക്കുo അനുഭവിച്ചു.അയാൾ പ്രണയാർദ്രനായി.സത്യമാണോ ഈ പറയുന്നത് നിങ്ങൾക്കെന്നെ ശരിക്കും മിസ്സ് ചെയ്തോ?എന്റെ മക്കളാണേ സത്യം”എന്നാൽ ഞാനൊന്ന് ചോദിച്ചോട്ടെ?പെട്ടെന്നൊരു ദിവസം ഞാൻ മയ്യത്തായാൽ, നിങ്ങള് വേറെ പെണ്ണ് കെട്ടുമോ?ഒരിക്കലുമില്ല ,എന്റെ ജീവിതത്തിൽ നീയല്ലാതെ മറ്റൊരു പെണ്ണിനെയും എനിക്ക് അക്സപ്റ്റ് ചെയ്യാൻ കഴിയില്ല ഒഹ്, എന്റെ പൊന്നേ എനിക്ക് ഇത് കേട്ടാൽ മതിയായിരുന്നു അവൾ പ്രണയ പരവശയായി അവന്റെ കഴുത്തിൽ ചുംബിച്ചു.
അത് കണ്ട് ,നിലാവ് പൊഴിച്ച് കൊണ്ടിരുന്ന പൂർണ്ണചന്ദ്രൻ, നാണിച്ച് മേഘക്കീറിനുളളിലൊളിച്ചു.ആ രാത്രിയിൽ അവർ മതിവരുവോളം പ്രണയിച്ചു.രാവിന്റെ ഏതോ യാമത്തിലുറങ്ങിപ്പോയ, സൈനബ മാത്രം പിറ്റേന്ന് ഉണർന്നില്ല.അവളുടെ ഭർത്താവിന് അത്, സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. അവരുടെ രണ്ട് പെൺമക്കളെയോർത്ത് ,ബന്ധുജനങ്ങൾ പരിതപിച്ചു.പതിവ് പോലെ ,മരണാനന്തരചടങ്ങുകളെല്ലാം കഴിഞ്ഞ് പിരിഞ്ഞ് പോയ ബന്ധു ജനങ്ങൾ, പിന്നീട് ഒന്നാമത്തെ ആണ്ടിന് ഒത്ത് കൂടി.
അല്ല ജമാലേ .. നീയിങ്ങനെ സൈനബാനെ ഓർത്ത് ,എത്ര നാളിങ്ങനെ ജീവിക്കും നിനക്ക് രണ്ട് പെൺമക്കളാണെന്നോർക്കണം”ഉമ്മാന്റെ നേരെ മൂത്ത ആങ്ങള ഹസ്സൻ മാമയാണത് ചോദിച്ചത്.ഞാനുമത് പറയാനിരിക്കുകയായിരുന്നളിയാ,
പെൺകുട്ടികൾ പ്രായമാകുമ്പോൾ, അവർക്ക് ഒരു ഉമ്മാന്റെ തുണ അത്യാവശ്യമാണ് ,ആ സമയത്ത് ,അവരുടെ കാര്യങ്ങൾ നോക്കീം കണ്ടും ചെയ്യാൻ, എന്തായാലും ബാപ്പാനെ കൊണ്ടാവൂല മാമാനെ സപ്പോർട്ട് ചെയ്ത് കൊണ്ട് ,ജമാലിന്റെ ഉപ്പയും രംഗത്ത് വന്നു.ഒടുവിൽ എല്ലാവരുടെയുo നിർബന്ധത്തിന് വഴങ്ങി ജമാല് മറ്റൊരു വിവാഹം കഴിച്ചു.പരലോകത്തിരുന്നു സൈനബ തന്നോട് പറഞ്ഞ വാക്ക് തെറ്റിച്ച, ഭർത്താവിനെ തലയിൽ കൈവച്ച് പ്രാകി .
സീൻ രണ്ട്:നിങ്ങളറിഞ്ഞോ? വടക്കേപ്പാട്ടേ ജമാല് രണ്ടാമത് കെട്ടിയത് ,അയാളുടെ ഭാര്യ മരിച്ചിട്ട് ഒരു വർഷമല്ലേ ആയുള്ളു”.അടുക്കളയിൽ തന്നെ സഹായിച്ച് കൊണ്ടിരുന്ന നിഷാദിനോട് ,റജുല ചോദിച്ചു.അല്ല ,അത് പിന്നെ അയാൾക്ക് ആ മക്കളുടെ കാര്യം നോക്കണ്ടേ ?രണ്ട് പെൺകുട്ടികളല്ലേ അയാൾക്കുള്ളത്”
നിഷാദ് ,ജമാലിന്റെ പ്രവർത്തിയെ ന്യായീകരിച്ചു.അതെന്താ ,പെൺമക്കളെ അയാൾ വളർത്തിയാൽ വളരില്ലേ? പിന്നെ, നിങ്ങൾ ആണുങ്ങൾ പറയുന്നൊരു ന്യായമുണ്ട്, പെമ്പിള്ളേര് പ്രായമാകുമ്പോഴെന്ത് ചെയ്യുമെന്ന് ,അത് ആദ്യത്തെ ഒന്നോ രണ്ടോ പ്രാവശ്യം അവരെ സഹായിക്കാൻ ഒരു സത്രീ തന്നെ വേണ്ടി വരും, അതിനല്ലേ? ജമാലിന്റെ ഉമ്മയും സഹോദരിമാരുമൊക്കെയുള്ളത്,അത് കഴിയുമ്പോൾ സ്വാഭാവികമായും ആ കുട്ടികൾക്ക് അതൊരു ശീലമാകും, ഇത്പിന്നെ, രണ്ടാമതൊന്ന് കൂടി കെട്ടാനുള്ള ആണുങ്ങളുടെ ഒരടവല്ലേ ?അല്ലേലും, ഭർത്താക്കന്മാർക്ക് ഭാര്യയോടുള്ള സ്നേഹം, ജീവിച്ചിരിക്കുമ്പോൾ മാത്രമേ ഉണ്ടാവൂ”
വികാരധീനയായി, റജുല പറഞ്ഞു.നീയങ്ങനെ ആണുങ്ങളെ മാത്രം കുറ്റപ്പെടുത്തേണ്ട ,ഭർത്താവ് മരിച്ചാൽ പെണ്ണുങ്ങളും ഇത് തന്നെ ചെയ്യും ഇല്ല ഒരിക്കലുമില്ല”അവൾ തർക്കിച്ചു.അതിന് നിനക്കെന്താ ഇത്ര ഉറപ്പ് അവൻ വെല്ലുവിളിച്ചു.ഉറപ്പുണ്ട് ,അതിന് ഏറ്റവും വലിയ തെളിവല്ലേ ,നിങ്ങടെ സ്വന്തം ഉമ്മ ,ആണും പെണ്ണുമായിട്ട് ,രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ സമ്മാനിച്ചിട്ട് ,ചെറുപ്രായത്തിലേ, ഉമ്മയെ വിധവയാക്കി ബാപ്പ ഇഹലോകവാസം വെടിഞ്ഞപ്പോൾ ,സുന്ദരിയായിരുന്ന അവരെ തേടി എത്രയെത്ര ആലോചനകൾ വന്നിട്ടും ,താൻ പ്രസവിച്ച മക്കളെ തനിക്ക് ഒറ്റയ്ക്ക് വളർത്താനുള്ള ചങ്കൂറ്റമുണ്ടെന്ന് തെളിയിച്ച, ആ ഉമ്മയെക്കാൾ വലിയ ഉദാഹരണം, വേറെ വേണോ നിങ്ങൾക്ക് ?അവളുടെ ചോദ്യത്തിന് മുന്നിൽ ഉത്തരം മുട്ടി നിഷാദ് നിന്നു.
രചന
സജി തൈപ്പറമ്പ്.