കുട്ടിയുടെ അച്ഛൻ പറയുന്നത് പാമ്പുകടിയേറ്റ കുട്ടിയുമായി നാല് ആശുപത്രികളിലാണ് കയറിയിറങ്ങിയത് കുറിപ്പ്

  0
  1238

  ആ കുട്ടിയുടെ അച്ഛൻ പറയുന്നത് കേൾക്കണം.പാമ്പുകടിയേറ്റ ആ 10 വയസ്സുള്ള കുട്ടിയുമായി നാല് ആശുപത്രികളിലാണ് ആ മനുഷ്യൻ കയറിയിറങ്ങിയത്. ആദ്യമെത്തിയ അസംപ്ഷൻ ആശുപത്രിയിൽ ആൻറിവെനം ഇല്ലാത്തതിനാൽ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് റഫർ ചെയ്തു.അവിടെ ആൻറിവെനം ഉണ്ടായിരുന്നു. പക്ഷേ, നൽകിയില്ല.കുട്ടിയുടെ പിതാവ് കൺസെന്റ് നൽകിയിട്ടും നൽകിയില്ല. കൺസെന്റ് മാത്രമല്ല, കുട്ടിയുടെ പിതാവ് ആൻറിവെനം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും നൽകിയില്ല. ആന്റിവെനം നൽകുമ്പോൾ ഉള്ള റിസ്ക്ക് ഏറ്റെടുത്തു കൊള്ളാം എന്ന് ആ പിതാവ് ഉറപ്പു നൽകിയിട്ടും നൽകിയില്ല.
  പകരം ആൻറിവെനം നൽകുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള സങ്കീർണതകൾ പറഞ്ഞ്, മണിക്കൂറുകൾ അകലെയുള്ള കോഴിക്കോട് മെഡിക്കൽ കോളേജിലെക്കയച്ചു.

  ഗുരുതരമായ കൃത്യവിലോപമാണ്.മെഡിക്കൽ കോളേജിലേക്കുള്ള യാത്രക്കിടയിൽ കുട്ടിയുടെ അവസ്ഥ മോശം ആയപ്പോൾ വൈത്തിരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി മെഡിക്കൽ കോളേജിലേക്ക് തന്നെ പോകണമെന്ന് അവിടെ നിന്ന് ആവശ്യപ്പെട്ടു.
  പിന്നെ സമീപത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവർ ആവശ്യമായ കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചെങ്കിലും സമയം വൈകിയിരുന്നു.കുട്ടിയുടെ പിതാവ് ഏഷ്യാനെറ്റ് ചാനലിൽ പറഞ്ഞതാണ്.

  ആരെയും കുറ്റപ്പെടുത്താൻ വേണ്ടി പറഞ്ഞതല്ല എന്നും ഇനി ഒരു കുട്ടിക്ക് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവരുതെന്നും ആ പിതാവ് പറയുന്നു.ആ വ്യക്തിയുടെ ഒപ്പം നിൽക്കുന്നു.ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ ഭാഗത്തുനിന്നും ഗുരുതരമായ കൃത്യവിലോപം ഉണ്ടായിട്ടുണ്ട്. നെഗ്ലിജൻസ് ആണ്. രക്ഷിക്കാൻ സാധിക്കുമായിരുന്ന ഒരു കുരുന്നിന്റെ ജീവനാണ് നഷ്ടമായത്. ചെയ്യരുതാത്ത ഒരു കാര്യം ചെയ്യുന്നത് മാത്രമല്ല നെഗ്ലിജൻസ്, ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാത്തതും നെഗ്ലിജൻസ് തന്നെയാണ്.പിതാവിൽ നിന്നും കൺസെന്റ് വാങ്ങി ചികിത്സ നൽകുക എന്നതായിരുന്നു ഡോക്ടർ ചെയ്യേണ്ടിയിരുന്നത്. അതിനുമുൻപ് അവിടെ ചികിത്സിക്കുമ്പോൾ ഉണ്ടാകുന്ന റിസ്കും മണിക്കൂറുകൾ യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന റിസ്കും പറഞ്ഞു മനസ്സിലാക്കണമായിരുന്നു എന്ന് മാത്രം. രണ്ടിലും റിസ്ക് ഉള്ള സാഹചര്യത്തിൽ റിസ്ക് കുറഞ്ഞത് ഏതാണോ അതാണ് സ്വീകരിക്കേണ്ടത്. ഇവിടുത്തെ സാഹചര്യത്തിൽ താലൂക്ക് ആശുപത്രിയിൽ നിന്ന് ആൻറിവെനം നൽകുന്നതാണ് റിസ്ക് കുറഞ്ഞ നടപടി.

  സൈൻസ് ഓഫ് എൻവെനമേഷൻ പോസിറ്റീവ് ആയി ലഭിച്ചാൽ എത്രയും പെട്ടെന്ന് ആന്റിവെനം നൽകുകയാണ് വേണ്ടത്. രക്തചംക്രമണ വ്യവസ്ഥയെ ബാധിക്കുന്ന പാമ്പുകടി ആണെങ്കിൽ രക്തപരിശോധനയിൽ നിന്നും നാഡീവ്യവസ്ഥയെ ബാധിക്കുന്ന പാമ്പുകടി ആണെങ്കിൽ ശരീര പരിശോധനയിൽ നിന്നും ഇത് മനസ്സിലാവും. അതു ലഭിച്ചാൽ പിന്നെ ചികിത്സ വൈകിപ്പിക്കാൻ പാടില്ല. വൈകുന്തോറും മരണം സംഭവിക്കാനുള്ള സാധ്യത കൂടിക്കൊണ്ടിരിക്കും.കൃത്യമായ അന്വേഷണവും നടപടികളും ഉണ്ടാകണം.2018-ലെ പ്രളയ കാലത്ത് ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചിരുന്ന പാമ്പുകടി ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രികളുടെ ലിസ്റ്റിൽ ഉൾപ്പെട്ട ആശുപത്രിയാണ് ബത്തേരി താലൂക്ക് ആശുപത്രി എന്നാണോർമ്മ. അവിടെയാണ് ഇങ്ങനെ സംഭവിക്കുന്നത്. അപ്പോൾ ബാക്കി സ്ഥലങ്ങളിലെ അവസ്ഥയോ ?ഇനി ഇങ്ങനെ ഒരു സാഹചര്യം കേരളത്തിൽ ആവർത്തിക്കില്ല എന്ന് ഉറപ്പിക്കാൻ പറ്റുന്ന മാറ്റം കൊണ്ടുവരണം. ആരോഗ്യമേഖലയിൽ ഒന്നടങ്കം ആ മാറ്റമുണ്ടാവണം. സിസ്റ്റത്തിൽ ഉള്ള എല്ലാ പോരായ്മകളും പരിഹരിക്കണം.

  കടപ്പാട് : ജിനേഷ് പി എസ്

  LEAVE A REPLY