കല്യാണം കഴിഞ്ഞ് മാസം ഒന്നായില്ല അതിനു മുൻപേ ഗർഭിണിയോ കൊച്ചു നിൻ്റെ തന്നെ ആണോ അമ്മായിയമ്മയുടെ വാക്കുകൾ

  0
  3317

  കല്യാണം കഴിഞ്ഞിട്ട് മാസം ഒന്നാവുന്നേയുള്ളല്ലോ, അതിനു മുൻപേ ഗർഭിണിയായോ..? കൊച്ചു നിൻ്റെ തന്നെ ആണെന്ന് ഉറപ്പുണ്ടോടാ.അമ്മായിയമ്മയുടെ വാക്കുകൾ കാതുകളിലല്ല, ഹൃദയത്തിലാണ് തുളഞ്ഞു കയറിയത്.വിശേഷം പറയുവാൻ ചെന്ന ഏട്ടൻ്റെ മുഖം പെട്ടെന്ന് മാറി. ഏട്ടൻ എന്നോട് പോലും ഒന്നും മിണ്ടാതെ പുറത്തേയ്ക്കു പോയി.വിവാഹം കഴിഞ്ഞു വന്ന നാൾ മുതൽ എനിക്ക് ഒന്നിനുമൊരു കുറവ് വരാതെ ഏട്ടൻ കൂടെ നിന്നിട്ടേയുള്ളൂ. അമ്മയ്ക്ക് എന്നോട് ചെറിയൊരു താൽപര്യക്കുറവ് ഉണ്ടായിരുന്നൂ. സ്ത്രീധനം കുറഞ്ഞു പോയി എന്ന് പലപ്പോഴും പറയാറുണ്ടായിരുന്നൂ. അതെല്ലാം ഞാൻ സഹിച്ചൂ.അപ്പനും അമ്മയ്ക്കും ഞങ്ങൾ രണ്ടു പെൺമക്കളാണ്. അവർ രണ്ടു പേരും കൂടെ കൂലിപ്പണി ചെയ്തു നന്നായി തന്നെ ഞങ്ങളെ വളർത്തി. ബിരുദം കഴിഞ്ഞ ഉടനെ വന്നതാണ് ഏട്ടൻ്റെ ആലോചന.

  കമ്പനിയിൽ ചെറിയ ഒരു ജോലി ഉണ്ട്. അത്യാവശ്യം ചുറ്റുപാടൊക്കെ ഉള്ള കുടുംബം ആണത്രേ.വേണ്ട” എന്ന് ഞാൻ പറഞ്ഞെങ്കിലും അമ്മയാണ് എന്നോട് പറഞ്ഞത്.നിൻ്റെ വിവാഹം കഴിഞ്ഞാൽ അച്ഛനും അമ്മയ്ക്കും ഇത്തിരി ആശ്വാസം കിട്ടും മോളെ. രണ്ടാമത്തെ കുട്ടിയെ കെട്ടിക്കുവാൻ കുറച്ചു സാവകാശം ഞങ്ങൾക്ക് വേണമല്ലോ.രാത്രിയിൽ വന്നപ്പോൾ ഏട്ടൻ പറഞ്ഞു.വിശേഷം ഉള്ളതല്ലേ, ഇവിടെ നിനക്ക് സ്വസ്ഥത ഉണ്ടാവില്ല. നിന്നെ ഞാൻ വീട്ടിൽ കൊണ്ട് പോയി കുറച്ചു നാൾ നിറുത്താം പിറ്റേന്ന് എന്നെ വീട്ടിലാക്കി ഏട്ടൻ തിരിച്ചു പോയി. കുറച്ചു വിഷമം തോന്നിയെങ്കിലും അമ്മയോടൊപ്പം നിൽക്കാം എന്നത് എനിക്ക് ആശ്വാസമായി.

  ദിനങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞു വീണു. ഒരാഴ്ച കഴിഞ്ഞു. ഏട്ടൻ വന്നില്ല. എൻ്റെ സങ്കടം കണ്ടിട്ടാണ് അച്ഛൻ അത്രടം വരെ ഒന്നന്വേഷിക്കുവാൻ ചെന്നത്.തിരിച്ചു വന്ന അച്ഛൻ വാടി തളർന്നു ഉമ്മറപ്പടിയിൽ ഇരുന്നൂ പോയി. അച്ഛൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നൂ. അമ്മ ചെന്ന് വിശേഷം തിരക്കി.ഏട്ടൻ്റെ അമ്മ അച്ഛനെ അവിടെ നിന്നും ആട്ടിയിറക്കിയത്രെ, ഗർഭിണിയായ മകളെ ഏട്ടൻ്റെ തലയിൽ കെട്ടി വച്ചൂ എന്നും പറഞ്ഞു. അച്ഛൻ അവരുടെ കാല് പിടിച്ചപേക്ഷിച്ചൂ പോലും, കാലു തട്ടി മാറ്റിയ കൂട്ടത്തിൽ അവർ പറഞ്ഞത്രേ. ആൾ ആരാണെന്നറിയില്ലെങ്കിൽ നിങ്ങൾ തന്നെ ആകും മകൾക്കു കുട്ടിയെ സമ്മാനിച്ചത് എന്ന്.അത് അച്ഛന് താങ്ങാവുന്നതിലും അപ്പുറമായിരുന്നൂ.ഞാൻ ഒത്തിരി കരഞ്ഞു.ആരോടും ഒന്നും മിണ്ടാതെ രണ്ടു ദിവസ്സം കഴിച്ചു കൂട്ടി. അന്നത്തെ ആ സംഭവത്തിന് ശേഷം അച്ഛൻ പണിക്കു പോകുന്നൂ എന്നല്ലാതെ പുറത്തേയ്ക്കു എങ്ങും ഇറങ്ങാതെയായി.

  എന്നും വൈകുന്നേരം കൂട്ടുകാരോടൊപ്പം കവലയിലെ കടയിൽ കുറച്ചു നേരം സ്വറ പറഞ്ഞിരിക്കുന്ന എപ്പോഴും തമാശകൾ പറഞ്ഞു പൊട്ടി ചിരിക്കുന്ന എൻ്റെ അച്ഛനെ എനിക്ക് അന്ന് നഷ്ടമായി. ഒരച്ഛൻ പോലും കേൾക്കുവാൻ ഇഷ്ടപെടാത്ത ആ വാചകങ്ങൾ അച്ഛൻ്റെ സ്വസ്ഥത നശിപ്പിച്ചൂ.ഒരാഴ്ച്ച കഴിഞ്ഞപ്പോൾ, ഏട്ടൻ വിവാഹമോചനം ആവശ്യപ്പെട്ടതായി അച്ഛൻ വന്നു പറഞ്ഞു. ഞാൻ ഒന്നും മിണ്ടിയില്ല. കാലം എല്ലാം തെളിയിക്കും എന്ന് എനിക്കുറപ്പുണ്ടായിരുന്നൂ.കുഞ്ഞു ഉണ്ടായതിനു ശേഷം ഏട്ടൻ ഒരിക്കൽ പോലും അതിനെ തേടി വന്നില്ല. അവനു മൂന്ന് മാസം ആയപ്പോൾ മുതൽ ഞാൻ ജോലിക്കു പോയി തുടങ്ങി. കിട്ടുന്ന തുച്ഛമായ പണം വീട്ടുചെലവ് കഴിഞ്ഞുള്ളത് ഞാൻ സ്വരൂപിച്ചൂ.അമ്മ ഇനി കൂലി പണി എടുക്കേണ്ട” എന്ന് ഞാൻ തീരുമാനിച്ചൂ.പാവം, കൂടെ പണി എടുക്കുന്നവരുടെ മുന വെച്ച ചോദ്യങ്ങൾ ആ പാവത്തിന് താങ്ങുവാൻ ആവില്ലായിരുന്നൂ.

  അന്ന് പതിവില്ലാതെ സന്തോഷത്തോടെ ഞാൻ വീട്ടിൽ കയറി ചെന്നപ്പോൾ എല്ലാവരും അമ്പരന്നൂ. എൻ്റെ കൈയ്യിൽ ഒരു പൊതി നിറയെ അച്ചനിഷ്ടപ്പെട്ട ലഡൂ ഉണ്ടായിരുന്നൂ.കുറച്ചു നാളുകളായി ഞാൻ കോടതി കയറി ഇറങ്ങുന്നുണ്ടായിരുന്നൂ. DNA ടെസ്റ്റ് നടത്തുവാനും കുഞ്ഞിൻ്റെ അച്ഛൻ ഏട്ടൻ ആണെന്ന് തെളിയിക്കുവാനും എനിക്ക് കഴിഞ്ഞു. ഒന്നും വീട്ടിൽ അറിയിക്കാതെയാണ് ഞാൻ ചെയ്തത്. ഞാൻ കഷ്ടപ്പെട്ട് പണി എടുത്തതും ഓരോ പൊട്ടും പൊടിയും ചേർത്ത് വച്ചതും ഈ ഒരു നിമിഷത്തിനു വേണ്ടിയായിരുന്നൂ.വർത്തമാനം പറഞ്ഞു നിൽക്കുമ്പോഴാണ് ഏട്ടൻ കയറി വന്നത്. എൻ്റെ അച്ഛനോട് മാപ്പു പറഞ്ഞു. “കൂടെ ചെല്ലണം” എന്ന് എന്നോട് പറഞ്ഞു.വിവാഹം കഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോൾ എന്നെ ഇട്ടേച്ചു പോയതാണ്. എല്ലാം ഞാൻ ക്ഷമിച്ചേനെ, പ്രസവം കഴിഞ്ഞു കിടക്കുമ്പോൾ ഒരിക്കലെങ്കിലും എൻ്റെ മകനെ ഒന്ന് കാണുവാൻ ഏട്ടൻ വന്നിരുന്നെങ്കിൽ.

  അച്ഛൻ എൻ്റെ മുഖത്തേയ്ക്കു നോക്കി. എൻ്റെ കണ്ണുകളിൽ നിന്നും അച്ഛൻ എല്ലാം വായിച്ചൂ.കൂടെ വരില്ല എന്ന് എനിക്ക് പറയണമായിരുന്നൂ.” പക്ഷേ.. അച്ഛന് ഞാൻ ഒരു ഭാരമാവുമോ..? എന്ന ചിന്ത എന്നെ തളർത്തി.അച്ഛൻ ഏട്ടനോട് പറഞ്ഞു.ജീവിതത്തിൽ ഞാൻ എൻ്റെ മോളോട് ഒരു തെറ്റ് ചെയ്തു. ഒരു ആണും പെണ്ണും കെട്ടവന് എൻ്റെ മകളെ നൽകി, അത് എൻ്റെ മകൾ എനിക്ക് ഭാരമായതു കൊണ്ടല്ല, എന്നേലും നന്നായി അവളെ അവൻ നോക്കും എന്ന് എനിക്ക് തോന്നിയതുകൊണ്ടാണ്. ആ തെറ്റ് ഇന്നു ഞാൻ തിരുത്തുന്നൂ.കുടുംബജീവിതം എന്നും പരസപര വിശ്വസ്തതയിൽ മുന്നോട്ടു പോകേണ്ടതാണ്. ഇനിയും ഇതു പോലെ ടെസ്റ്റുകൾ നടത്തി പാതിവ്രത്യം തെളിയിക്കേണ്ട അവസ്ഥ അവൾക്കു വരില്ല എന്ന് എന്താണ് ഉറപ്പ്.

  പിന്നെ അവളുടെ മകൻ അവൻ ഇവിടെ വളരും, ഒരു കുറവും അറിയാതെ. എൻ്റെ മകൾ എനിക്ക് ഒരിക്കലും ഒരു ഭാരമാവില്ല. അവൾ എൻ്റെ അഭിമാനമാണ്. പാവപ്പെട്ടവന് എന്നും വലുത് അവൻ്റെ അഭിമാനമാണ്.ഏട്ടൻ തല കുനിച്ചു ഇറങ്ങിപ്പോയി. തല ഉയർത്തി പിടിച്ചു അച്ഛൻ വീടിൻ്റെ പുറത്തേയ്ക്കു ഇറങ്ങി.എൻ്റെ മകനെയും കൊണ്ട്, അച്ഛൻ്റെ കൂട്ടുകാരുടെ അടുത്തേയ്ക്കു, കവലയിലെ കടയിലേയ്ക്ക്.

  രചന : സുജ അനുപ്

  LEAVE A REPLY