ഇന്നും വായിച്ചു അതേ വാർത്ത ആളും സ്ഥലവും മാത്രമേ മാറിയിട്ടുയുള്ളൂ മരിച്ചത് എട്ടുവയസ്സുകാരൻ ഇന്നലെ രാത്രി

  0
  1900

  ഡോക്ടർ ജിനേഷ് പി എസ് എഴുതുന്നു ഇന്നും വായിച്ചു അതേ വാർത്ത. ആളും സ്ഥലവും മാത്രമേ മാറിയിട്ടുയുള്ളൂ.ഇത്തവണ വാർത്ത പരിയാരത്തുനിന്ന് ആണ്. മരിച്ചത് എട്ടുവയസ്സുകാരൻ.ഇന്നലെ രാത്രി ഏഴരയോടെയാണ് വീട്ടുമുറ്റത്ത് വെച്ച് കടിയേറ്റത്.വീട്ടുകാര്‍ ഉടന്‍ തന്നെ വീട്ടിനടുത്തുള്ള നാട്ടുവൈദ്യനെ കാണിച്ച് നാട്ടുമരുന്ന് കൊടുത്തു, പാമ്പ് കടിച്ചതിനുള്ള മരുന്ന്. രാവിലെ വീണ്ടും കുട്ടി ക്ഷീണമുണ്ടെന്ന് പറഞ്ഞു. വീണ്ടും അതേ മരുന്ന് നല്‍കി. പിന്നീട് അബോധാവസ്ഥയിലായ കുട്ടിയെ സഹകരണ ആശുപത്രിയിലും തുടര്‍ന്ന് പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല സങ്കടകരമാണ്, ആ കുട്ടിയുടെയുടെ വേർപാടിൽ അനുശോചിക്കുന്നു.ഗോൾഡൻ അവർ എന്നൊന്നുണ്ട്, മലയാളത്തിൽ സുവർണ നിമിഷങ്ങൾ എന്നുപറയാം. എന്തുതരം അപകടവും ആയിക്കോട്ടെ, ശരിയായ ശാസ്ത്രീയ ചികിത്സാ സൗകര്യമുള്ള സ്ഥലത്ത് എത്രയും പെട്ടെന്ന് എത്തിയാൽ, രക്ഷപ്പെടാനുള്ള സാധ്യത അത്രയും വലുതായിരിക്കും. ആ സമയമാണ് അശാസ്ത്രീയ ചികിത്സയുടെ പേരിൽ നഷ്ടപ്പെടുന്നത്.

  കേരളത്തിൽ ആകെ 101 തരം പാമ്പുകൾ ആണുള്ളത്. അതിൽ തന്നെ മനുഷ്യ ജീവന് അപകടകരമായ രീതിയിൽ വിഷമുള്ള 10 പാമ്പുകൾ മാത്രം. അതിൽ അഞ്ചെണ്ണം കടൽപാമ്പുകൾ ആണ്. അതായത് കരയിൽ കാണുന്ന 96 തരം പാമ്പുകൾ 5 തരത്തിന് മാത്രമേ മനുഷ്യന്റെ ജീവൻ അപഹരിക്കാൻ കഴിവുള്ളൂ എന്നർത്ഥം. മൂർഖൻ (Cobra), വെടിക്കെട്ടൻ (Krait), അണലി (Russell’s Viper), ചുരുട്ട മണ്ഡലി (Saw-scaled Viper), മുഴമൂക്കൻ കുഴിമണ്ഡലി (Hump-nosed Pit Viper) എന്നിവയാണ് അവ. മനുഷ്യ ജീവന് അപകടകരമായ ഈ വിഷപ്പാമ്പുകളുടെ എല്ലാ കടികളും മരണകാരണം ആവുകയുമില്ല. ഇര പിടിച്ചതിന് ശേഷമുള്ള കടികളിലും പല്ലുകൾ ആഴത്തിൽ ഇറങ്ങാത്ത കടികളിലും മനുഷ്യ ശരീരത്തിലേക്ക് മരണ കാരണമാകാവുന്ന അളവിൽ വിഷം പ്രവേശിക്കണം എന്ന് നിർബന്ധമില്ല. ഈ രണ്ട് സാധ്യതകളുമാണ് പലപ്പോഴും അശാസ്ത്രീയ ചികിത്സകർ ഉപയോഗിക്കുന്നത്.

  പാമ്പുകളുടെ വിഷം പ്രോട്ടീനുകളാണ്. ഈ പ്രോട്ടീനെ നിർവീര്യമാക്കാനുള്ള മറുമരുന്ന് കുതിരകളിൽ നിന്നാണ് നിർമ്മിക്കുന്നത്. മനുഷ്യ മരണത്തിന് കാരണമാകാവുന്ന മൂർഖൻ, ശംഖുവരയൻ, അണലി, ചുരുട്ട മണ്ഡലി എന്നീ നാലു പാമ്പുകളുടെ വിഷം കുതിരയിൽ കുത്തിവച്ച്, കുതിരയുടെ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡി രക്തത്തിൽ നിന്നും വേർതിരിച്ചെടുക്കുന്നു. ഇതാണ് മറുമരുന്ന്. പൂനയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, മുംബൈയിലെ ഹാഫ്കൈൻ ബയോഫാർമസ്യൂട്ടിക്കൽസ്, ഭാരത സീറം ആൻഡ് വാക്സിൻസ്, ഹൈദരാബാദിലെ വിൻസ് ബയോപ്രൊഡക്റ്റ്സ് എന്നിവിടങ്ങളിൽ ആൻറി സ്നേക്ക് വെനം (ASV) എന്ന ഈ മറുമരുന്ന് നിർമ്മിക്കുന്നു.കല്ല് ശരീരത്തിൽ വച്ചാലോ, പച്ചിലകൾ പിഴിഞ്ഞൊഴിച്ചാലോ ഈ പാമ്പുകളുടെ വിഷത്തിന് മരുന്നാവില്ല എന്ന് ചുരുക്കം.

  മന്ത്രവാദം നടത്തിയും ഒറ്റമൂലി പ്രയോഗിച്ചും പാമ്പുകടിയേറ്റവരെ രക്ഷിച്ചു എന്ന അവകാശവാദം മുഴക്കുന്നവർക്ക് പത്മശ്രീ അടക്കമുള്ള ബഹുമതികൾ നൽകുമ്പോൾ, അവർ വിതയ്ക്കുന്ന അശാസ്ത്രീയതകൾക്ക് ഇരയാകുന്നത് സാധാരണക്കാരാണ്. ഇതൊക്കെ വിശ്വസിക്കുന്ന സാധാരണക്കാരാണ് വീണ്ടും വീണ്ടും ഈ അബദ്ധത്തിൽ ചാടുന്നത്. എന്തിലും ഏതിലും പഴമയുടെ സിദ്ധാന്തം നിറച്ചാൽ, നഷ്ടപ്പെടുന്നത് നമ്മുടെ കുഞ്ഞുങ്ങളുടെ ജീവനാണ് എന്ന് മറക്കരുത്. വ്യക്തി അനുഭവസാക്ഷ്യങ്ങൾ വാരി വിതറിക്കൊണ്ട് നാട്ടുചികിത്സക്കായി വാദിക്കുന്നവർക്ക് ഇതൊന്നും അറിയേണ്ടതില്ല.സുവർണ്ണ നിമിഷങ്ങളെ കുറിച്ച് ഒരു വാക്കുകൂടി. പാമ്പുകടികളിൽ ബഹുഭൂരിപക്ഷവും സംഭവിക്കുന്നത് ഗ്രാമപ്രദേശങ്ങളിലാണ്. പാമ്പുകടിക്കെതിരെയുള്ള മറുമരുന്ന് അടക്കമുള്ള സൗകര്യങ്ങളുള്ള ആശുപത്രികൾ നഗരങ്ങളിലും. സുവർണ്ണനിമിഷങ്ങൾ ഇല്ലാതാവാൻ ഈ ഒറ്റക്കാരണം മതി. ഇതിന്റെ കൂടെ സ്വകാര്യ നാട്ട് വിഷ ചികിത്സാകേന്ദ്രങ്ങൾ കൂടിയാകുമ്പോൾ എല്ലാം പൂർത്തിയാകും.ഓർക്കുക, ഈ മരണങ്ങൾ പലപ്പോഴും അശാസ്ത്രീയതയുടെ സന്തതികളാണ്.മൊബൈൽ ഫോണിൽ ഫേസ്ബുക്കും വാട്സാപ്പും വീഡിയോ ചാറ്റിംഗും ഉപയോഗിക്കുന്നവർ പൗരാണികതയുടെ പേരും പറഞ്ഞ് ‘വിഷചികിത്സ’ എന്ന് അബദ്ധത്തിന തലവെച്ച് കൊടുക്കുന്നൂ. എന്ത് പറയാനാണ് !

  സങ്കടകരം മുൻപ് പലതവണ എഴുതിയിട്ടുള്ള പോസ്റ്റാണ്. ഒരിക്കൽ കൂടി എഴുതുകയാണ്. ഇങ്ങനെ എഴുതുന്നത് കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ എന്നറിയില്ല. പക്ഷേ ഇപ്പോൾ സാധിക്കുന്നത് എഴുതുക മാത്രമാണ് എന്നുള്ളതുകൊണ്ട് വീണ്ടും എഴുതുന്നു. ഒരാൾക്കെങ്കിൽ ഒരാൾക്ക് കാര്യങ്ങൾ ശരിയായി മനസ്സിലാക്കാൻ സാധിച്ചാലോ.ചികിൽസ ലഭിക്കുന്ന ആശുപത്രികളുടെ ലിസ്റ്റ്
  കഴിഞ്ഞവർഷത്തെ പ്രളയകാലത്ത് ശേഖരിച്ച വിവരങ്ങളാണ്. പാമ്പുകടിയേറ്റാൽ ചികിത്സാസൗകര്യങ്ങൾ ലഭ്യമായ ആശുപത്രികളുടെ ലിസ്റ്റ്.ലിസ്റ്റ് പൂർണ്ണമല്ല. എങ്കിലും ഉപകാരപ്രദമാകുമെന്ന് കരുതുന്നു.വെള്ളം ഇറങ്ങുമ്പോൾ പാമ്പുകൾ വീട്ടിലും മറ്റും കയറാനുള്ള സാധ്യതകൾ ഉണ്ട്. കേരളത്തിൽ ആകെയുള്ള 100 സ്പീഷീസ് പാമ്പുകളിൽ കരയിൽ കാണുന്നവയിൽ 5 സ്പീഷീസുകൾ മാത്രമേ മനുഷ്യ മരണങ്ങൾക്ക് കാരണം ആയിട്ടുള്ളൂ. എങ്കിലും റിസ്ക് എടുക്കരുത്.

  പാമ്പുകടിയേറ്റാൽ: ആളെ നിശ്ചലമായി കിടത്തുക. ആത്മവിശ്വാസവും ധൈര്യവും പകർന്നു നൽകുക. കടിയേറ്റ ഭാഗം അനക്കാതെ ശ്രദ്ധിക്കണം. റെസ്ക്യൂ ഓപ്പറേഷൻ സെന്ററുകളിൽ വിവരമറിയിക്കുക. ആരോഗ്യ പ്രവർത്തകരുടെ സഹായം തേടുക. എത്രയും പെട്ടെന്ന് ചികിത്സ സൗകര്യങ്ങളുള്ള ആശുപത്രിയിൽ എത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുക.പാമ്പ് വിഷത്തിനെതിരെ ചികിത്സാ (ASV) സൗകര്യമുള്ള ആശുപത്രികളുടെ ലിസ്റ്റ്:

  തിരുവനന്തപുരം ജില്ല:തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ്,SAT തിരുവനന്തപുരം, ജനറൽ ആശുപത്രി, തിരുവനന്തപുരംജനറൽ ആശുപത്രി, നെയ്യാറ്റിൻകര താലൂക്ക് ആസ്ഥാന ആശുപത്രി, വിതുര സി എസ് ഐ മെഡിക്കൽ കോളേജ്, കാരക്കോണം,ഗോകുലം മെഡിക്കൽ കോളേജ്, വെഞ്ഞാറമൂട്

  കൊല്ലം ജില്ല:1. ജില്ലാ ആശുപത്രി, കൊല്ലം2. താലൂക്ക് ആസ്ഥാന ആശുപത്രി, കൊട്ടാരക്കര3. താലൂക്ക് ആസ്ഥാന ആശുപത്രി, പുനലൂർ 4. താലൂക്ക് ആസ്ഥാന ആശുപത്രി, ശാസ്താംകോട്ട 5. താലൂക്ക് ആസ്ഥാന ആശുപത്രി, കരുനാഗപ്പള്ളി 6. സർക്കാർ മെഡിക്കൽ കോളേജ്, പാരിപ്പള്ളി 7. ഐഡിയൽ ഹോസ്പിറ്റൽ, കരുനാഗപ്പള്ളി 8. സെൻറ് ജോസഫ്സ് മിഷൻ ഹോസ്പിറ്റൽ, അഞ്ചൽ 9. ഉപാസന ഹോസ്പിറ്റൽ, കൊല്ലം 10. ട്രാവൻകൂർ മെഡിസിറ്റി, കൊല്ലം 11. സർക്കാർ ജില്ലാ ആശുപത്രി, കൊല്ലം 12. ഹോളിക്രോസ് ഹോസ്പിറ്റൽ, കൊട്ടിയം

  പത്തനംതിട്ട ജില്ല: 1. ജനറൽ ആശുപത്രി, പത്തനംതിട്ട 2. ജനറൽ ആശുപത്രി, അടൂർ 3. ജനറൽ ആശുപത്രി, തിരുവല്ല 4. ജില്ലാ ആശുപത്രി, കോഴഞ്ചേരി 5. താലൂക്ക് ആസ്ഥാന ആശുപത്രി, റാന്നി 6. താലൂക്ക് ആസ്ഥാന ആശുപത്രി, മല്ലപ്പള്ളി 7. പുഷ്പഗിരി മെഡിക്കൽ കോളേജ്, തിരുവല്ല 8. ഹോളിക്രോസ് ആശുപത്രി, അടൂർ 9. തിരുവല്ല മെഡിക്കൽ മിഷൻ

  ആലപ്പുഴ ജില്ല:1. ആലപ്പുഴ സർക്കാർ മെഡിക്കൽ കോളേജ് 2. ജില്ലാ ആശുപത്രി, മാവേലിക്കര 3. താലൂക്ക് ആസ്ഥാന ആശുപത്രി, ചേർത്തല 4. താലൂക്ക് ആസ്ഥാന ആശുപത്രി, ചെങ്ങന്നൂർ 5. കെ സി എം ആശുപത്രി, നൂറനാട്

  കോട്ടയം ജില്ല1. കോട്ടയം സർക്കാർ മെഡിക്കൽ കോളേജ് 2. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത്, കോട്ടയം3. ജനറൽ ആശുപത്രി, കോട്ടയം 4. ജനറൽ ആശുപത്രി, കാഞ്ഞിരപ്പള്ളി 5. സാമൂഹ്യ ആരോഗ്യകേന്ദ്രം, എരുമേലി 6. താലൂക്ക് ആസ്ഥാന ആശുപത്രി, വൈക്കം 7. കാരിത്താസ് ആശുപത്രി 8. ഭാരത് ഹോസ്പിറ്റൽ, കോട്ടയം

  ഇടുക്കി ജില്ല 1. ജില്ലാ ആശുപത്രി, പൈനാവ് 2. താലൂക്ക് ആസ്ഥാന ആശുപത്രി, തൊടുപുഴ 3. താലൂക്ക് ആസ്ഥാന ആശുപത്രി, നെടുംകണ്ടം 4. താലൂക്ക് ആസ്ഥാന ആശുപത്രി, പീരുമേട് 5. താലൂക്ക് ആസ്ഥാന ആശുപത്രി, അടിമാലി 6. പ്രാഥമിക ആരോഗ്യ കേന്ദ്രം, പെരുവന്താനം

  എറണാകുളം ജില്ല 1. സർക്കാർ മെഡിക്കൽ കോളേജ്, കൊച്ചി 2. ജനറൽ ആശുപത്രി, എറണാകുളം 3. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രി 4. നിർമ്മല ആശുപത്രി, മൂവാറ്റുപുഴ 5. മാർ ബസേലിയോസ് ആശുപത്രി, കോതമംഗലം 6. ചാരിസ് ഹോസ്പിറ്റൽ, മൂവാറ്റുപുഴ 7. ലിറ്റിൽ ഫ്ലവർ ആശുപത്രി, അങ്കമാലി 8. മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, എറണാകുളം 9. ആസ്റ്റർ മെഡിസിറ്റി, എറണാകുളം 10. അമൃത മെഡിക്കൽ കോളേജ്, എറണാകുളം 11. ലേക് ഷോർ ഹോസ്പിറ്റൽ, എറണാകുളം 12. സെൻറ് ജോർജ് ഹോസ്പിറ്റൽ, വാഴക്കുളം 13. താലൂക്ക് ആസ്ഥാന ആശുപത്രി, പറവൂർ 14. റെനൈ മെഡിസിറ്റി, പാലാരിവട്ടം

  തൃശ്ശൂർ ജില്ല 1. തൃശൂർ സർക്കാർ മെഡിക്കൽ കോളേജ് 2. ജൂബിലി മെഡിക്കൽ മിഷൻ, തൃശൂർ 3. ഇരിഞ്ഞാലക്കുട സഹകരണ ആശുപത്രി 4. മലങ്കര ആശുപത്രി, കുന്നംകുളം 5. എലൈറ്റ് ഹോസ്പിറ്റൽ, കൂർക്കഞ്ചേരി 6. അമല മെഡിക്കൽ കോളേജ്, തൃശൂർ 7. ജനറൽ ആശുപത്രി, തൃശ്ശൂർ 8. ജില്ലാ ആശുപത്രി, വടക്കാഞ്ചേരി 9. താലൂക്ക് ആസ്ഥാന ആശുപത്രി, കൊടുങ്ങല്ലൂർ 10. താലൂക്ക് ആസ്ഥാന ആശുപത്രി, ചാലക്കുടി 11. താലൂക്ക് ആസ്ഥാന ആശുപത്രി, പുതുക്കാട് 12. താലൂക്ക് ആസ്ഥാന ആശുപത്രി, കുന്നംകുളം

  പാലക്കാട് ജില്ല 1. സർക്കാർ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി, കോട്ടത്തറ 2. പാലന ആശുപത്രി 3. വള്ളുവനാട് ഹോസ്പിറ്റൽ, ഒറ്റപ്പാലം 4. പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് 5. സർക്കാർ ജില്ലാ ആശുപത്രി, പാലക്കാട് 6. സേവന ഹോസ്പിറ്റൽ, പട്ടാമ്പി 7. പ്രാഥമികആരോഗ്യകേന്ദ്രം, പുതൂർ 8. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, പാലക്കാട് 9. താലൂക്ക് ആസ്ഥാന ആശുപത്രി, ഒറ്റപ്പാലം മലപ്പുറം ജില്ല 1. മഞ്ചേരി മെഡിക്കൽ കോളേജ് 2. അൽമാസ് ഹോസ്പിറ്റൽ, കോട്ടക്കൽ 3. കിംസ് അൽ ഷിഫ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ 4. മൗലാന ഹോസ്പിറ്റൽ, പെരിന്തൽമണ്ണ 5. മിഷൻ ഹോസ്പിറ്റൽ, കോടക്കൽ 6. അൽഷിഫ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ 7. ഇ എം എസ് ഹോസ്പിറ്റൽ, പെരിന്തൽമണ്ണ 8. ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ 9. ജില്ലാ ആശുപത്രി, തിരൂർ 10. ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ 11. നടക്കാവിൽ ഹോസ്പിറ്റൽ, വളാഞ്ചേരി

  കോഴിക്കോട് ജില്ല 1. കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് 2. ആസ്റ്റർ മിംസ് ആശുപത്രി 3. ബേബി മെമ്മോറിയൽ ആശുപത്രി, കോഴിക്കോട് 4. ആഷ ഹോസ്പിറ്റൽ, വടകര 5. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറ്റേണൽ ആൻഡ് ചൈൽഡ് ഹെൽത്ത്, കോഴിക്കോട് 6. ജനറൽ ആശുപത്രി, കോഴിക്കോട് 7. ജില്ലാ ആശുപത്രി, വടകര
  8. താലൂക്ക് ആസ്ഥാന ആശുപത്രി, കൊയിലാണ്ടി വയനാട് ജില്ല 1. ജില്ലാ ആശുപത്രി, മാനന്തവാടി 2. താലൂക്ക് ആസ്ഥാനം ആശുപത്രി, ബത്തേരി3. ജനറൽ ആശുപത്രി, കൽപ്പറ്റകണ്ണൂർ ജില്ല 1. പരിയാരം മെഡിക്കൽ കോളജ് 2. സഹകരണ ആശുപത്ര, തലശേരി 3. എകെജി മെമ്മോറിയൽ ആശുപത്രി, കണ്ണൂർ 4. ജനറൽ ആശുപത്രി, തലശ്ശേരി 5. ജില്ലാ ആശുപത്രി, കണ്ണൂർ കാസർഗോഡ് ജില്ല 1. ജനറൽ ആശുപത്രി, കാസർഗോഡ് 2. ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട് 3. ഡോ. ഹരിദാസ് ക്ലിനിക്, നീലേശ്വരം

  സർക്കാർ ആശുപത്രികളെ കുറിച്ചുള്ള വിവരങ്ങൾ ആരോഗ്യവകുപ്പ് വെബ്സൈറ്റിൽ നിന്നും പ്രൈവറ്റ് ആശുപത്രികളെ കുറിച്ചുള്ള വിവരങ്ങൾ ഫേസ്ബുക്കിൽ സുഹൃത്തുക്കൾ കമന്റ് ചെയ്തതിൽ നിന്നും ഒരു വർഷം മുൻപ് മനസ്സിലായതാണ്.പ്രൈവറ്റ് ആശുപത്രികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കേണ്ടതുണ്ട്.സർക്കാർ ആശുപത്രികളിൽ എ എസ് വി നൽകാനുള്ള സൗകര്യങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കേണ്ടതുണ്ട്. അതായത് ഒരു ഡോസ് കൊടുത്തശേഷം മികച്ച ആശുപത്രിയിലേക്ക് റഫർ ചെയ്യാനുള്ള സൗകര്യം മാത്രമേയുള്ളോ എന്നും ഐസിയു അടക്കമുള്ള സൗകര്യങ്ങൾ എങ്ങനെയെന്നും കൂടി ശേഖരിക്കേണ്ടതുണ്ട്.

  കൂടുതൽ വിവരങ്ങൾ അറിയുന്നവർ പങ്കുവയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഏവർക്കും ഉപകാരപ്പെടുന്ന തരത്തിൽ ഒരു ഡാറ്റ ആക്കി മാറ്റേണ്ടതുണ്ട്. ഒരു വർഷം മുൻപ് ശേഖരിച്ച വിവരങ്ങൾ ആണെങ്കിലും ഇപ്പോൾ പങ്കുവയ്ക്കുന്നു.ഈ ലിസ്റ്റിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കണം എന്ന് കൂടി അപേക്ഷിക്കുന്നു. കാരണം കഴിഞ്ഞ വർഷം താൽക്കാലികമായി സൗകര്യങ്ങൾ ഒരുക്കിയ ആശുപത്രികളിൽ ഇപ്പോൾ സൗകര്യങ്ങൾ ഇല്ലാതെ വന്നിട്ടുണ്ടോ എന്നറിയില്ല.

  LEAVE A REPLY