അമ്മായിയമ്മ ഗർഭിണിയാണ് റബ്ബേ ഇങ്ങളെന്താ ഇത്താ ഈ പറയുന്നേ ഉമ്മച്ചി അയ്യേ അതേ ഉമ്മച്ചി ഇന്നലെയാ

  0
  33310

  അമ്മായിയമ്മ ഗർഭിണിയാണ് റബ്ബേ ഇങ്ങളെന്താ ഇത്താ ഈ പറയുന്നേ ഉമ്മച്ചി പ്രാഗ്‌നെന്റണെന്നോ അയ്യേ.അതേ ഉമ്മച്ചി ഇന്നലെയാ എന്നോട് പറയുന്നേ.. ഇങ്ങളോടല്ലാരോടും വിവരം പറയാനും പറഞ്ഞു.അയ്യേ ഈ തള്ളക്ക് നാണമില്ലേ ഈ വയസ്സാം കാലത്ത്.. നമ്മളിനി എങ്ങനെ ആളുകളുടെ മുഖത്ത് നോക്കും.അതിനു ഉമ്മച്ചിയല്ലേ പ്രെഗ്നന്റ് ഇങ്ങൾക്കെന്താ ഇത്ര കുഴപ്പം ഒരു കുഴപ്പോം ല്ലല്ലേ. ഇങ്ങക്കെങ്ങനെ ഇങ്ങനെ ചിന്തിക്കാൻ പറ്റുന്നു നജ്മുത്താ.നമ്മടെ വീട്ടുകാരോടെന്തു പറയും നമ്മുടെ കെട്ടിയോൻന്മാരുടെ മാനം അഭിമാനം എല്ലാരും അവരെ കളിയാക്കില്ലേ.ഇങ്ങനെ തന്നെ പറയണം ട്ടൊ ഐഷു നീയ്യ്..നിന്റെ കല്യാണം കഴിഞ്ഞിട്ട് നിനക്കും മുനീറിനും ഒരു ശതമാനം പോലും കുട്ടികളുണ്ടാവാൻ സാധ്യതയില്ലാന്നു ഡോക്ടർ വിധിയെഴുതിയപ്പോ.

  അതുകേട്ടു.നിസ്കാരപായയിലിരുന്നു.വിങ്ങി പൊട്ടി കരഞ്ഞിട്ടുണ്ട് പാവം നിങ്ങൾക്ക് വേണ്ടി കുറെ സ്വലാത്തും നേർച്ചകളും നേർന്നു.പിറ്റേ മാസം നീ പ്രെഗ്നന്റ്ണെന്ന് പറഞ്ഞപ്പോ.യ്യും മുനീറൊക്കെ അതാഘോഷിക്കുന്ന തിരക്കിലായിരുന്നു. ഉമ്മച്ചിയൊ.തന്റെ നേർച്ചകൾ വീട്ടുന്ന തിരക്കിലും.അത് കഴിഞ്ഞു റിയാസിനും അനസിനുമൊക്കെ കല്യാണലോചിച്ചു തുടങ്ങുമ്പോ തന്നെ മക്കളുണ്ടാവാൻ വേണ്ടി പ്രാർത്ഥനയും നേർച്ച നേരലും തുടങ്ങും.ഇങ്ങളന്തൊക്കെ പറഞ്ഞാലും ഞങൾക്കിത് അംഗീകരിക്കാൻ പറ്റില്ല.ഇത്താ അയ്യേ നാണക്കേട് അല്ലാതെന്താ ഇനി തുടങ്ങും അയൽവാസികൾടേം നാട്ടുകാർടേം വരവും കളിയാക്കലും നിക്ക് വയ്യ റബ്ബേ ഞാനിന്ന് തന്നെ എന്റെ വീട്ടിൽ പോണ്.

  ഞങ്ങളും പോവാണന്നു റാബിയും ജുബിയും ഏറ്റു പറഞ്ഞു വൈകുന്നേരമായപ്പോ എല്ലാവരും അടുക്കളയിൽ ചായയും പലഹാരവും ഉണ്ടാക്കുന്ന തിരക്കിൽ. അപ്പോഴാണ് അയൽവാസി സൈനബ വീട്ടിലേക്ക് വരുന്നത്.അല്ല ആമിനാ. ഇവടെ പുതിയെ വിശേഷക്കെണ്ടു ന്നു പാറീണെ കേട്ട് സത്യണോ.അതേ സൈനുത്താ സത്യം തന്നെnറബ്ബിന്റെ കാരുണ്യo കൊണ്ട് ന്റെ വയറ്റിലൊരു ജീവൻ വളരുന്നുണ്ട്.ഹ ഹ അൽഹംദുലില്ലാഹ്.സന്തോഷ വാർത്തല്ലേ യ്യ് ഭാഗ്യവതിയല്ലേ.അതേ സൈനുത്താ ഞാൻ ഭാഗ്യവതിന്നെ.പക്ഷെ വ്ടെ ചിലർക്കക്കെ ഭാഗ്യം കെട്ടവളും.ഐഷുവും റാബിയും ജുബിയുമൊക്കെ.തലയിൽ ചൊറിഞ്ഞു നിന്നു.ഒന്നും കേൾക്കാത്ത പോലെ ജോലിയിൽ മുഴുകി.

  “ങ്ങക്കറിയോ സൈനുത്താ ഞാൻ മുനീറിനെ പെറ്റു കെടക്ക്ണ സമയത്തു ന്റ അമ്മായിമ്മ മ്മടെ സക്കീർനെ പെറ്റു കെടക്കായിരുന്നു.പത്താമത്തെ പേറ്.ഉമ്മാക്കന്നു അമ്പതാർ വയസ്സ് കഴിഞ്ഞു കാണും.രണ്ടാളും ഒരു റൂമിൽ രണ്ടു തൊട്ടിൽ.കുട്ട്യോളെ കുളിപ്പിക്കാൻ ഒരു ഒത്താച്ചി.രണ്ടാൾക്കും കൂടെ ഒരു മണ്ണാത്തി.അന്ന് ഇതൊക്ക സാദാരണയിന് ഇന്നല്ലേ ഇതൊക്ക വല്യ കൊറച്ചില്.അതൊക്ക ഇന്ക് അറീലെ ആമിനാ യ്യ് ആര് എന്തു പറഞ്ഞാലും അതൊന്നും കാര്യാക്കണ്ട.അനക് പടച്ചോനാണ് ഈ ജീവനെ തന്നത്.അപ്പൊ ന്തിനാ യ്യ് പേടിക്കണത്.

  അവർ എല്ലാം മൂളി ക്കേട്ടു.സൈനുത്ത ഒരു ഗ്ലാസ്‌ ചായയും പഴം പൊരിയും തിന്നു പോയി.അന്നേരം ഐഷു അടുപ്പത്ത് പഴം പൊരിക്കായിരുന്ന നജ്മു ന്റെ അടുത്ത് പോയി പറഞ്ഞു.ഇത്രക്കെ ഒപ്പിച്ചു വെച്ചിട്ടും ഉമ്മാന്റെ ഗഡ്സ് അപാരം തന്നെ അല്ലെ.. ഇത്താ ഐഷു.ന്റെ കയ്യിൽ ചൂടുള്ള തവിയാണന്നും നോക്കില്ല ട്ടൊ.ഒറ്റ വീക്ക് വെച്ച് തരും.ഉമ്മച്ചി കേൾക്കണ്ട.കുറച്ചു നേരം കഴിഞ്ഞപ്പോ ഐഷുവും ജുബിയുമൊക്കെ ഉമ്മാന്റെ അടുത്തു പോയി ചോദിച്ചു .ഉമ്മാ ഞങ്ങളിന്നു വീട്ടിൽ പോണ്.എല്ലാരും ഒരുമിച്ചു പോണോ.അതെന്തിനാ.അവർ ഒന്നുല്ല ന്നു പറഞ്ഞു മുഖം തിരിച്ചു.ഉമ്മച്ചി കൂടുതലൊന്നും ചോദിച്ചില്ല.പൊയ്ക്കോളൂ ന്നു പറഞ്ഞു സമ്മതം മൂളി.

  നേരം മഹ്റിബ് കഴിഞ്ഞപ്പോ.നജ്മു കുഞ്ഞിന് കഞ്ഞി കോരി കൊടുക്കായിരുന്നു. അപ്പൊ യ്യ് പോയിലെ നജ്മു യ്യ് മാത്ര ന്താ വ്ടെ നിക്കണേ.നിനക്കും പോവായിരുന്നില്ലേ.ഞാനിപ്പോ പോവാൻ കരുതിയിട്ടില്ല.എന്ത്യേ.അല്ല ഉമ്മച്ചി ആർക്കായീ ചോറ് ഉരുളയാക്കി വെക്കുന്നെ “ന്റെ പാത്തു ന് എടീ.അവൾക്ക് ഇന്നൊന്നും കൊടുത്തിട്ടില്ല.തിരക്കിനടെൽ മറന്നു പോയി.പാവം വിശന്നു കാണും ‘അവിടുത്തെ സുന്ദരി പൂച്ചയാണ് പാത്തുമ്മ.ഉമ്മച്ചി ടെ നിഴൽ കണ്ടാൽ മതി ഓടി വന്ന് കാൽ നക്കിയെടുക്കും.പറഞ്ഞു നാവെടുത്തില്ല.അവളോടി വന്നു ഉമ്മച്ചി ന്റെ കാലിനടുത്തു വന്നു മ്യാവു ന്ന് പറഞ്ഞു ചിണുങ്ങി.ആഹാ വന്നല്ലോ ന്റെ പാത്തുമ്മ കുട്ടി.ഒന്നോർത്തതെയുള്ളൂ.കണ്ടില്ലേ ഓടി വന്നത് ഇതാടീ സ്നേഹം.എനിക്കെന്റെ ഈ സുന്ദരി കോത മതി.എല്ലാരും പൊക്കോ.എനിക്കൊരു വിഷമോംല്ല.

  ഉമ്മച്ചിക്ക് ഞാൻ പോവായിട്ട് എന്തേലും ണ്ടോ എനിക്കൊന്നുല്ല മോളെ.ഞാൻ കാരണം ഇങ്ങള് ആരും വിഷമിക്കരുത് അത്ര ള്ളൂ ഇന്ക് അങ്ങനെ പോകാൻ പറ്റും തോന്നുണ്ടോ ഉമ്മച്ചിഎനിക്ക് രണ്ടു വയസ്സായപ്പോഴേ എന്റുമ്മ മരിച്ചു അത് കഴിഞ്ഞു സ്വന്തം ഉമ്മാനെ പോലെ സ്നേഹിച്ച ഇങ്ങളെ വിട്ട് ഞാൻ എങ്ങട്ടേലും പോവോ.ന്റെ നിച്ചുസിനെ ഗർഭം ണ്ടായ സമയത്ത്.ആദ്യപ്രസവം സ്വന്തം വീട്ടിലാവണം ന്ന് എല്ലാരും പറഞ്ഞപ്പോ.ഉമ്മച്ചി എന്നോട് ഇവിടെ നിൽക്കാൻ നിർബന്ധിച്ചു.പെറ്റ ഉമ്മാന്റെ അത്ര സ്നേഹവും കരുതലും മറ്റാർക്കും കാണില്ലന്നും നീയീ ഈ വീട്ടിൽ നിന്നാൽ
  ഞാൻ പൊന്നു പോലെ നോക്കാം ന്നു പറഞ്ഞപ്പോ എനിക്ക് മറുത്തൊന്നും പറയാൻ കഴിഞ്ഞില്ല.

  അങ്ങനെയുള്ള ഈ ഉമ്മാനെ വിട്ട് എനിക്കു പോവാൻ പറ്റോ.എന്നെ ഓടിച്ചു വിട്ടാലും ഞാൻ പോവില്ല.ഉമ്മച്ചി ഒന്നും മിണ്ടാതെ തിരിഞ്ഞിരുന്നു.ഉമ്മച്ചി.തിരിഞ്ഞു നിന്ന് കരയണ്ട.കരയാൻ മാത്രം ഞാനൊന്നും പറഞ്ഞില്ല കേട്ടോ ഞാൻ കരഞ്ഞോന്നുല്ല പെണ്ണെ.അതെയോ സോറി എങ്കി എനിക്ക് തോന്നിയതാവും പിന്നാർടെ തേങ്ങലാ ഈ കേള്ക്കുന്നെ പാത്തു നീയെങ്ങാനുമാണോ.ഒന്നു പോടീ പെണ്ണെ.

  പിറ്റേ ദിവസം രാവിലെ നജ്മു ത്താ ഇവിടെ ആരുല്ലേ ആഹാ ഇതാര് സിയ മോളോ ഇങ്ങോട്ട് കയറി വാ കയറാനൊന്നും സമയല്ല ആമിനുമ്മാ നജ്മുത്ത എവടെ  നജ്മൂ.നീയെവിടെ നിന്നെയിതാ വിളിക്കണ് അകം മുഴുവൻ തൂത്തു തുടക്കായിരുന്നു നജ്മു.ആ സിയമോളെ കിട്ടിയോ കിട്ടി ഇത്താ നെല്ലിക്കയും ണ്ട് ട്ടൊ ഞാൻ പോണ് ഉമ്മച്ചി ന്നെ വിളിക്കുന്നുണ്ട്.അതും പറഞ്ഞു അവളോടി പോയി.എന്താ നജ്മു ഇത്. മാങ്ങയും നെല്ലിക്കയും ഉപ്പിലിട്ടതായിരുന്നു.ഞാനിന്നലെ സിയമോളോട് പറഞ്ഞിരുന്നു മദ്രസ വിട്ട് വരുമ്പോ വാങ്ങാൻ.

  എന്റെ നജ്മൂ നീ എന്നെ നാണം കെടുത്തുവോ ഇത് കണ്ട് ആരേലും വന്നാൽ അത് മതി കളിയാക്കാൻ നിന്റെ ഓരോ ഭ്രാന്ത്.മറ്റുള്ളോരേ പറ്റിയെന്തിനാ നമ്മൾ ചിന്തിക്കണേ ഇത് കണ്ടിട്ട് ഉമ്മാന്റെ വായിൽ കപ്പലോടിക്കാൻ വെള്ളം വന്നിട്ടുണ്ട് എനിക്കറിയാം ആര് വന്നു കളിയാക്കിയാലും ഞാനവരോട് മറുപടി പറയാം.ഉമ്മച്ചി മിണ്ടാണ്ട് തിന്നേ അവൾ പാക്കറ്റിൽ നിന്നും ഒരു മാങ്ങയെടുത്ത് ഉമ്മച്ചി ന്റെ കയ്യിൽ കൊടുത്തു. ഉമ്മച്ചി അത് ആർത്തിയോടെ കയ്യിലെടുത്തു ഒരു കടി കടിച്ചുപുളിപ്പ് കൊണ്ട് കണ്ണു രണ്ടും ഇറുക്കി അടച്ചു.കുട്ടികളെ പോലെ.നജ്മു അത് കണ്ടിട്ട് ഒരുപാട് ചിരിച്ചു.ദിവസങ്ങളും മാസങ്ങളും കൊഴിഞ്ഞു പോയി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോവാനും മെഡിക്കൽ ചെക്കപ്പിനുമെല്ലാം ഉമ്മച്ചിടെ കൂടെ തന്നെ നജ്മു ഉണ്ടായിരുന്നു ഓപ്പറേഷനു ഡോക്ടർ ഡേറ്റ് കൊടുത്തു.

  അവർ തലേ ദിവസം തന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റായി.ഉമ്മച്ചി ഉമ്മച്ചിക്ക് പേടി ണ്ടോ. ഏയ്യ് ഇല്ല മോളെ ചുമ്മാ പറയല്ലേ പിന്നെന്താ കയ്യും കാലും കിടന്നു വിറക്കുന്നേ.അത് പിന്നെ എന്റെ നാലെണ്ണവും സുഖപ്രസവായിരുന്നില്ലെ ആദ്യയിട്ട് വയറിൽ കത്തി വെക്കാൻ പോവല്ലേ അതിന്റെയൊരു മോൾ ഡോക്ടറോട് ചോദിച്ചു നോക്ക്. പ്രസവമാക്കാൻ പറ്റുവോ ന്നു എത്ര വേദന വന്നാലും ഞാൻ സഹിക്കാം.യ്യോ ന്റെ പൊന്നുമ്മച്ചി ഞാനെത്ര വട്ടം പറഞ്ഞു പറ്റില്ലന്നു ഈ ഏയ്‌ജിൽ അത് കോംപ്ലിക്കേറ്റഡ് ആണ്.ഉമ്മച്ചിടെ വർത്താനം കേട്ടിട്ട് ഞാൻ കഴിഞ്ഞ മാസം ഡോക്ടറോട് ചോദിച്ചില്ലേ. അവരെന്നെ കളിയാക്കാ നിങ്ങൾക്ക് ഇത്തിരി പോലും വിവരല്ലേന്നും.
  പേശ്യയന്റ്നു എന്ത് സംഭവിച്ചാലും ഞങ്ങൾ ഉത്തരവാദികളാവില്ല ന്നും പറഞ്ഞു.

  അല്ലെങ്കി തന്നെ ഒരു കുഴപ്പോം ല്ലാത്തവരെ കീറാൻ നിൽക്കാ അവരൊക്കെ.എന്നിട്ടാ.എന്നാലും മോളെ എനിക്കെന്തോ.ഉമ്മച്ചീ ചുമ്മാ പേടിച്ചു ബിപി ഒന്നും കൂട്ടൻ നിക്കല്ലേ പറഞ്ഞേക്കാം ഇതത്ര വല്യ കാര്യന്നുമല്ല അവർ ഒരു ഇൻജെക്ഷൻ തരും പിന്നെ ഉമ്മച്ചി ഒന്നും അറിയില്ല ദേ അപ്രത്തെ റൂമിലെ പെങ്കൊച്ചു. ഓപ്പറേഷൻ മതി ന്നു പറഞ്ഞു വാശി പിടിക്കുന്നു.ഇവടെ ഒരാൾ പ്രസവം മതി ന്നും പറഞ്ഞുംഹോ.ഞാനൊന്നും ചിന്തിക്കുന്നില്ല വരുന്നോട്ത്ത് വെച്ച് കാണാം അല്ല നീ കൊറേ ആയി ഫോണിൽ തോണ്ടുന്നു ആർക്കാ.ആ അങ്ങനെ പറ വാപ്പച്ചിക്കാ ഉമ്മച്ചി വിളിക്കുന്നെ വീട്ടീന്ന് ഇറങ്ങിയപ്പോ വിളിച്ചിരുന്നു തിരക്കാ പിന്നേ വിളിക്കാം ന്നു പറഞ്ഞു.ഇപ്പൊ ദേ ഫോൺ റിങ് ചെയ്യുന്നുണ്ട് എടുക്കുന്നില്ല.

  അതിലേക്ക് മോളിനി വിളിക്കണ്ട ആ ഫോണിനി എടുക്കില്ല.ഉമ്മച്ചി അല്പം നീരസത്തോടെ പറഞ്ഞു.അതെന്താ ഉമ്മച്ചി അങ്ങനെ ഞാനല്ലേലും ചോദിക്കാൻ വിചാരിച്ചതാ പിന്നെ ഉമ്മച്ചിക്ക് വെഷമം തോന്നുവോ ന്നു കരുതി എന്താ നിങ്ങൾക്കിടയിൽ പ്രശ്നം.അത് അത് പിന്നേ ഒന്നുല്ല.മോളെ അപ്പൊ എന്തോ ഉണ്ട്. ഉമ്മച്ചി കാര്യം പറ എന്താ അത് പിന്നേ മോളെ.വാപ്പച്ചി എന്നോട് മിണ്ടീട്ടു നാളുകളായി.അതെയോ എന്താ.എന്തിനാ മിണ്ടാതെ നിക്കു ണേ.ഞാൻ ഗർഭിണിയാന്നു പറഞ്ഞപ്പോ.എന്നോട് പറഞ്ഞതാ.ഗർഭം അലസിപ്പിക്കാൻ.ഞാൻ വഴങ്ങിയില്ല.കുറെ അതും പറഞ്ഞു ഞങ്ങൾ വഴക്ക് കൂടിയിട്ടുണ്ട്. മൂപ്പർക്ക് നാട്ടിലൂടെ ഇറങ്ങി നടക്കേണ്ടതാ ആൾക്കാർ കളിയാക്കും.എന്നൊക്ക പറഞ്ഞു.ഞാൻ സമ്മതിച്ചില്ല.എനിക്ക് ദേഷ്യം വന്നിട്ട് ഞാനൊട്ടും മിണ്ടാൻ പോയില്ല പിന്നെ ആൾ എന്നോടിങ്ങോട്ടും മിണ്ടാൻ വന്നില്ല.

  നിനക്കറിയോ മോളെ എന്റെ നാല് പ്രസവത്തിനും മൂപ്പർ നിഴൽ പോലെ കൂടെ ഉണ്ടായിരുന്നു വല്ലാത്തൊരു ധൈര്യമായിരുന്നു അപ്പോഴൊക്കെ പക്ഷെ ഇപ്പൊ.അവരുടെ വാക്കുകൾ ഇടറി എന്നോട് ദേഷ്യവന്ന് ഐഷുവും ജുബിയുമൊക്കെ വീട്ടിൽ പോയി.അപ്പോഴൊന്നും എന്റെ മനസ്സ് ഇത്തിരി പോലും നൊന്തില്ല എന്നാ മൂപ്പർടെ ഈ പെരുമാറ്റം കണ്ടപ്പഴാ എന്റെ മനസ്സ് പിടച്ചത്.ഞാൻ മാത്രമാണോ കുറ്റക്കാരി.. എന്റെ വയറ്റിൽ വളരുന്ന ജീവന്റെ വാപ്പയാണ് താനെന്നുള്ള വിചാരം മൂപ്പർക്കുണ്ടോ.”ഉമ്മച്ചി.. ഇങ്ങനെയൊക്കെ സംഭവിച്ചിട്ടും എന്നോടെന്തിനായീ കാര്യം മറച്ചു വെച്ചത്.അത് മോളെ. ഞാനും ഒരു ഭാര്യയായി പോയില്ലേ.. സ്വന്തം ഭർത്താവ് എത്ര മോശമായ് പെരുമാറിയാലും ആരോടും പറയാതെ മനസ്സിൽ കൊണ്ടു നടക്കാൻ ഏതു പെണ്ണും പഠിക്കും. നമ്മൾ അവരുടെ കുറ്റം എത്ര അവരുടെ മുഖത്തു നോക്കി പറഞ്ഞാലും വേറാരെങ്കിലും പറയുന്നതു കേട്ടാൽ നമുക്ക് സഹിക്കില്ല അതങ്ങനെയാ

  മറ്റുള്ളവരുടെ മുന്നിൽ സ്വന്തം ഭർത്താവിനെ നാന്നാക്കിയെ ചിത്രീകരിക്കൂ.അതിപ്പോ സ്വന്തം വീട്ടുക്കാരുടെ മുന്നിലാണെങ്കിലും ശരി നീയും അങ്ങനെയല്ലേ മോളെ എല്ലാരും അങ്ങനെയാ.എന്നാലും ഉമ്മച്ചി ഇതങ്ങനെ വിട്ടാൽ ശരിയാവില്ല.. ഞാൻ ഇക്കാക്കക്ക് മെസ്സേജ് അയക്കാം ഇക്കാക്ക പറഞ്ഞാ വാപ്പച്ചി കേൾക്കും.ഉമ്മച്ചി വേണ്ടാന്ന് പറഞ്ഞു എതിർത്തെങ്കിലും. അവളത് വക വെക്കാതെ ഗൾഫിലുള്ള തന്റെ ഭർത്താവിന് കാര്യങ്ങളൊക്കെ പറഞ്ഞു മെസ്സേജയച്ചു.അര മണിക്കൂറിനു ശേഷം വാപ്പച്ചി അവിടെയെത്തി.അവരെ കണ്ടമാത്രയിൽ ഉമ്മച്ചി. കാലിൽ കിടക്കുന്ന പുതപ്പ് ദേഹത്തിലിട്ട് തിരിഞ്ഞു കിടന്നു.

  എന്താ ഡോക്ടർ പറഞ്ഞത് നജ്മു കുഴപ്പോം ല്ലല്ലോ.എന്നോടല്ല ഉമ്മാച്ചിയോട് ചോദിക്ക് വാപ്പ.വാപ്പ ഒന്നും മിണ്ടാതെ മൗനിയായി ഇരുന്നു. പിന്നേ ഉമ്മച്ചിടെ അടുത്ത് കട്ടിലിൽ ഇരുന്നു.വാപ്പ നല്ല പണിയാ കാണിച്ചത് ഉമ്മച്ചി എന്തു പാതകം ചെയ്തിട്ടാ മിണ്ടാതെ നിൽക്കണത് ഉമ്മച്ചിടെ എന്താ ദിവ്യ ഗർഭം വല്ലതും ആണോ വാപ്പടെ കുഞ്ഞല്ലേ വയറ്റിലുള്ള ഇങ്ങനെയൊക്കെ ചെയ്യാവോ.ഉമ്മച്ചി പറഞ്ഞു കഴിഞ്ഞ നാല് പ്രസവത്തിനും വാപ്പച്ചി നിഴൽ പോലെ കൂടെ ഉണ്ടായിരുന്നന്നു ഇപ്പൊ ഇച്ചിരി പ്രായമായെന്നു വെച്ച് സപ്പോർട്ട് വേണ്ടന്നാണോ അന്നത്തെക്കാൾ കൂടുതൽ വാപ്പടെ മെന്റൽ സപ്പോർട്ട് ഉമ്മച്ചിക്ക് ഇപ്പോഴാ വേണ്ടേ.അന്ന് ഉമ്മച്ചി ക്ക് എല്ലാരും ഉണ്ടായിരുന്നു..ഇന്ന് നാട്ടുകാർടെ കളിയാക്കൽ. അയൽവാസികളുടെ. എന്തിനു സ്വന്തം വീട്ടുകാർ പോലും എന്തോ തെറ്റ് ചെയ്ത പോലയാ പെരുമാറുന്നെ.ഇപ്പഴല്ലേ ഉമ്മച്ചി ഒറ്റപ്പെട്ടത് ആ നേരത്തല്ലേ വാപ്പച്ചിടെ സപ്പോർട്ട് വേണ്ടേ.

  വാപ്പ ഒന്നും മിണ്ടാതെ കുറ്റക്കാരനെ പോലെ തലയും താഴ്ത്തി നജ്മു പറയുന്നത് മുഴുവൻ കേട്ട് നിന്ന്.പിന്നെ മെല്ലെ ഉമ്മച്ചിയെ കയ്യിൽ കുലുക്കി വിളിച്ചു.ആമീ. വേദന വല്ലോം ണ്ടോ അവർ കൈ തട്ടി മാറ്റി.എനിക്കറിയാം നജ്മു.. ഞാൻ ചെയ്തത് തെറ്റാണെന്നു പക്ഷെ എന്റെ അപ്പോഴത്തെ അവസ്ഥ ആർക്കും പറഞ്ഞാ മനസ്സിലാവില്ല നാട്ടിലിറങ്ങാൻ പറ്റണില്ല ആളുകടെ കളിയാക്കലും മുള്ളും മുനയും വെച്ചുള്ള സംസാരവും ഞാനാകെ തകർന്ന കണക്കിലായിരുന്നു.പിന്നെ നേരെ പള്ളിയിലോട്ട് പോവും അവിടന്നാരും മിണ്ടില്ലല്ലോ പിന്നേ മുഴുവൻ പ്രാർത്ഥനയും നിസ്കാരവുമൊക്കെ ആയിരിക്കും എല്ലാം ഇവൾക്ക് വേണ്ടി മാത്രം അങ്ങനെ എനിക്ക് ഒഴിവാക്കാൻ പറ്റുവോ ആമി നിന്നെ.

  എന്റെ മനസ്സിൽ പ്രാർത്ഥനയിൽ നീ മാത്രമേ ണ്ടായിരുന്നൊള്ളൂ.പറഞ്ഞു തീർന്നില്ലതിരിഞ്ഞു കിടന്ന ഉമ്മച്ചി വാപ്പച്ചിടെ മടിയിൽ തല വെച്ചു പറ്റി ചേർത്ത്.കുഞ്ഞുങ്ങളെ പോലെ കണ്ണീർ പൊഴിച്ചു.ആഹാ അത് ശരി ഇപ്പൊ നിങ്ങൾ ഒന്നായി ഞാൻ പുറത്തായി ല്ലേ.നജ്മു തമാശ രൂപേണ പറഞ്ഞു.വാപ്പ ഉമ്മച്ചിടെ തലയിൽ തടവി കൊണ്ടിരുന്നു. എന്നിട്ട് ചിരിച്ചു കൊണ്ടു നജ്മു ന്റെ മുഖത്തു നോക്കി.യ്യോ ഞാൻ കട്ടുറുമ്പാവുന്നില്ലേ..ഞമ്മൾ മുഖം തിരിച്ക്ക്ണ് ഇനി എന്താച്ചാ ആയിക്കോളൂ വാപ്പച്ചി. ഉമ്മച്ചിയെ നെഞ്ചോടു ചേർത്തിട്ട് നെറ്റിയിലും കവിളിലും ഒരുപാട് മുത്തം കൊടുത്തു യ്യോ വാപ്പ നേഴ്സ് വരുന്നുണ്ട് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാനാവും ഓപ്പറേഷനു ടൈം ആയി നിങ്ങൾ പുറത്തു നിക്ക് എന്തേലും ആവിശ്യണ്ടങ്കി ഞാൻ വിളിക്കാം ട്ടൊ അവർ ശരിയെന്നും പറഞ്ഞിട്ട് പോയി.

  ഉമ്മച്ചി ഇനി ബിപി വരും ന്നുള്ള പേടിയെ എനിക്കില്ല വാപ്പച്ചി ഒരു മുത്തം തന്നപ്പോളെക്കും മുഖത്തെ ധൈര്യവും തിളക്കവും കണ്ടോ എന്റെ പൊന്നോ.നീ പോടീ പെണ്ണെ എന്നാലും എന്റെ മനസ്സിൽ എന്തോ  ഒരസ്വസ്ഥത എനിക്കെന്തെങ്കിലും സംഭവിക്കുവോ.ടീ ദേ ഉമ്മച്ചി ഈ ടൈമിൽ വെറുതെ എന്റെ വായിൽ കിടക്കുന്ന കേൾക്കാൻ നിക്കല്ലേ പറഞ്ഞേക്കാം.അല്ലടീ എനിക്കങ്ങനെ തോന്നുന്നു.അല്ലേലും ഇനിയെന്തു സംഭവിച്ചാലും ഞാനെന്തിനാ പേടിക്കുന്നെ ല്ലേ എന്റെ മോളില്ലേ ഇവിടെ നീ എന്നെക്കാൾ കൂടുതൽ സ്നേഹം കൊടുത്തന്റെ കുഞ്ഞിനെ നോക്കുമെന്ന് എനിക്ക് നന്നായിട്ടറിയാം.അവളുമ്മാന്റെ വായ പൊത്തിപിടിച്ചു.ഇനി ഒരക്ഷരം മിണ്ടല്ലുമ്മാ.നേഴ്സ് വരുന്നുണ്ട് കണ്ണൊക്കെ തുടച്ചേ

  അന്നേരം കണ്ണീർ വരാണ്ടിരിക്കാൻ വേണ്ടി നജ്മു കിണഞ്ഞു പരിശ്രമിക്കുന്നുണ്ടായിരുന്നു.ഉമ്മച്ചി ഇന്ന് ഉമ്മച്ചിന്റെ അജൂട്ടി ന്റെ വളയിടൽ ചടങ്ങാണ് അവൻ ഒരു പെണ്ണിനെ കണ്ടിഷ്ടമായി.അങ്ങനെ ഞാൻ രണ്ടാമതും അമ്മായുമ്മ ആവാൻ പോവാ ശ്ശോ എനിക്ക് വയ്യ.ഉമ്മച്ചിടെ അജൂ ട്ടി ഉമ്മച്ചിയെ പോലെ തന്നെ ഒരു പഞ്ചപാവം കുട്ടിയാ എന്നെ ഉമ്മച്ചിയെന്നെ വിളിക്കൂ… ഇത് വരെ ഞാൻ ഒന്നു നുള്ളി നോവിച്ചിട്ടു പോലുമില്ല അതിനവൻ ഇട വര്ത്തിട്ടില്ലന്നാ ശരി എന്നെ എന്റെ മക്കൾ നോക്കില്ലേലും അജു പൊന്നുപോലെ നോക്കും ന്നു എനിക്കു നല്ല ഉറപ്പുണ്ട് കാരണം ഉമ്മച്ചിടെ അനുഗ്രഹം എപ്പഴും അവനില്ലേ.നജ്മു റെഡിയായില്ലേ.. നീ ആരോടായീ സംസാരിക്കുന്നെ.എല്ലാരും എത്തി നിനക്കെന്താ ഇവടെ പണി.

  അവളുടെ സംസാരം കേട്ട് അവളുടെ ഇക്കാക്ക റൂമിൽ വന്നു.ഞാൻ ഉമ്മച്ചിടെ ഫോട്ടോ നോക്കി സംസാരിക്കായിരുന്നു ഇക്കാക്ക.അജു ന്റെ ജീവിതത്തിൽ എന്ത് വിശേഷണ്ടങ്കിലും അതുമ്മച്ചിയോട് പറഞ്ഞാലേ എനിക്ക് സമാധാനാ വൂ.എന്നാലും ഇക്കാ എത്ര പെട്ടന്നാല്ലേ എല്ലാം കഴിഞ്ഞു പോയത്.അവനെപ്പഴും നമ്മടെ ഉമ്മച്ചീടെ അനുഗ്രഹണ്ട് അതല്ലേ നല്ല റാങ്കോടു കൂടി എക്സാം പാസ്സായി ഒരു നല്ല ജോലി കിട്ടി.ഇപ്പൊ നല്ലൊരു പെങ്കൊച്ചിനെയും കിട്ടി എത്ര പെട്ടന്നാ എല്ലാം.അതേടീ നീ പറഞ്ഞതൊക്കെ ശരിയാ.എന്റെ ഉമ്മച്ചികൂടെ വേണ്ടിരുന്നു.ഇപ്പൊ എന്തൊരു സന്തോഷായിരിക്കും.ഒന്നിനും വിധിയില്ല അത്ര വിചാരിച്ചാ മതി എന്തായാലും എന്റുമ്മ സ്വർഗലോകത്തിരുന്നു ഇതൊക്ക കൺകുളിർക്കെ കാണുന്നുണ്ടാവും  അല്ലെടീ യ്യോ ഉമ്മച്ചി റെഡിയായില്ലേ എല്ലാരും അവിടെ തിരക്കുന്നു വേഗം വാ.

  അജു അവിടെ വന്നു പറഞ്ഞു.അന്നേരം നജ്മു അവനെ കൈ പിടിച്ചു അടുത്തിരുത്തി.. എന്നിട്ട് ഉമ്മച്ചിടെ ഫോട്ടോയിൽ ഒരു മുത്തം കൊടുത്തു പ്രാർത്ഥനയോടെ ഇറങ്ങാൻ പറഞ്ഞു.അവനതല്ലാം സന്തോഷത്തോടെ അനുസരിച്ചു.ഉമ്മച്ചി അപ്പൊ ഞങ്ങൾ പോയി വരാംഅതു വരെ എന്റെ ഉമ്മച്ചി ഇവിടെ ചിരിച്ചു ഇരിക്കൂ ട്ടൊ.ശുഭം(ഇതൊരു സംഭവകഥയാണ് ഇഷ്ടപ്പെട്ടങ്കി അഭിപ്രായം കുറിക്കണം ട്ടൊ.

  കടപ്പാട് :ഫസ്‌ന സലാം

  LEAVE A REPLY