പോളിസിസ്റ്റിക്ക് ഓവറിയുടെ ബുദ്ധിമുട്ടുകൾ കൊണ്ട് വരാൻ വൈകുന്ന മാസമുറ രണ്ടോ മൂന്നോ മാസം കൂടുമ്പോഴായിരിക്കും കടുത്ത

  0
  11360

  എന്താടോ വയറുവേദന കുറവുണ്ടോ? ചായ ദേ അവിടെ ടേബിളിൽ മൂടിവച്ചിട്ടുണ്ട്.താൻ കുടിച്ചിട്ട് വാ അപ്പോഴേക്കും ഞാനീ പേപ്പറൊക്കെയൊന്ന് അരിച്ചു പെറുക്കട്ടെ.ഇന്ന് ലീവ് എടുത്തതുകൊണ്ട് സമയം ഇഷ്ടം പോലെയുണ്ട്.എഴുന്നേൽക്കാൻ വൈകിയതിന് ക്ഷമ ചോദിക്കാൻ വന്ന എന്നെയും നോക്കി ചായയുടെ ഓഫറും നൽകി മൂളിപ്പാട്ടും പാടി മനുവേട്ടൻ പോകുന്നത് കണ്ടതും വേദനയാൽ വിളറിപ്പോയ എന്റെ ചുണ്ടുകളിലും ചെറുമന്ദഹാസം വിരിഞ്ഞു.

  എന്നും ഇങ്ങനെയാണല്ലോ കല്യാണം കഴിഞ്ഞ് കൊല്ലം കുറച്ചായി .. അടുക്കളയിൽ ഒരു മടിയുംകൂടാതെ കയറി ഭാര്യയെ സഹായിക്കാൻ ആരും അദ്ദേഹത്തെ നിർബന്ധിക്കേണ്ട.സ്വന്തം വീട്ടിലത് കാണാത്ത ഞാൻ തടസ്സം നിന്നാൽ പറയും ഭർത്താവിനും ഭാര്യക്കും സമത്വം അടുക്കളയിലും ആകാമെന്ന്.പോളിസിസ്റ്റിക്ക് ഓവറിയുടെ ബുദ്ധിമുട്ടുകൾ കൊണ്ട് വരാൻ വൈകുന്ന മാസമുറ, രണ്ടോ മൂന്നോ മാസം കൂടുമ്പോഴായിരിക്കും കടുത്ത വയറുവേദനയുടെ അകമ്പടിയോടെ പ്രളയം പോലെ തുടങ്ങുന്നത്.തുടങ്ങുമ്പോൾ തന്നെ ആരും ക്ഷണിക്കാത്ത അതിഥിയായി നടുവേദനയും സ്ഥാനം പിടിക്കും.

  കൈകാൽ കഴച്ചിലും മിണ്ടാതെ മാറിയിരിക്കലും അനാവശ്യമായുള്ള എന്റെ ദേഷ്യപ്പെടലും കാണുമ്പോഴേക്കും എന്നേക്കാൾ മുൻപേ ആള് തയ്യാറായിരിക്കും പീരിയഡ്‌സിനെ എതിരേൽക്കാൻ.ഇന്നലെ രാത്രിയിൽ അദ്ദേഹം അടിവയറിനുമേൽ ചെറുചൂടുള്ള വെള്ളത്തിൽ തുണി മുക്കിതുടച്ച സുഖത്തിൽ ഉറങ്ങിപ്പോയത് അറിഞ്ഞില്ല.കണ്ണടഞ്ഞുപോകുമ്പോഴും വയറിൽ മെല്ലെ ഉഴിഞ്ഞുകൊണ്ട് ഉറങ്ങിക്കോളാൻ ആംഗ്യം കാണിച്ച മനുവേട്ടന്റെ മുഖമുണ്ടായിരുന്നു കൺമുൻപിൽ രാവിലെ ഉണർന്നു നോക്കുമ്പോൾ ആള് നേരത്തെ തന്നെ എഴുന്നേറ്റിരിക്കുന്നു.

  പുലർച്ചയെപ്പോഴോ തളർന്നുറങ്ങിയ നേരം കൊണ്ട് അടിവസ്ത്രവും പാഡും നിറഞ്ഞുകവിഞ്ഞ് ഉടുപ്പ് മുഴുവൻ ചിത്രപ്പണികൾ നടത്തിയ ചുവപ്പുപൂക്കൾ കിടക്കവിരിപോലും വാകമരചുവടാക്കിയിരിക്കുന്നു.കുളിച്ചു ഡ്രസ്സ് മാറിവന്ന് കിടക്കവിരി മാറാൻ നോക്കുമ്പോൾ പുതിയത് ഭംഗിയിൽ വിരിച്ചിട്ടുണ്ട് ,പഴയ കിടക്കവിരി വാഷിങ് മെഷീനിൽ കിടന്ന് നീയല്ലേ എന്നെ അഴുക്കാക്കിയത് എന്നിട്ട് ശിക്ഷ എനിക്ക് മാത്രമെന്നും പറഞ്ഞു കറങ്ങുന്നു.കല്ല്യാണം കഴിഞ്ഞ പുതുമോടിയിൽ ഇതൊക്കെ ഞാൻ ചെയ്യില്ലേ?.മനുവേട്ടനെന്തിനാ ചെയ്യുന്നതെന്ന് വഴക്ക് പിടിക്കുമ്പോൾ പറയും.

  എന്റെമ്മക്ക് രണ്ട് പെൺകുട്ടികൾക്കിടയിലുള്ള ഒരേ ഒരു ആൺകുട്ടിയാ ഞാൻ എങ്കിലും പെൺകുട്ടികൾക്ക് മാത്രമല്ല ആൺകുട്ടികൾക്കും ഈ പണിയൊക്കെ ചെയ്യാമെന്ന് പറഞ്ഞ് വീട്ടിലെ എല്ലാ ജോലിയിലും എന്നെക്കൂടി കൂട്ടുമായിരുന്നു അന്ന് അമ്മയത് കുഞ്ഞിലേ പഠിപ്പിച്ചതുകൊണ്ട് ഇന്നെന്റെ ഭാര്യക്ക് ചെയ്തുകൊടുക്കുമ്പോഴും ഒരു മടിയും തോന്നില്ല ഭാര്യേ.എന്റെ വീട്ടിൽ അനിയനെ കൊണ്ട് ഉണ്ട എച്ചിൽപാത്രമെടുക്കാനോ അവന്റെ മുഷിഞ്ഞ തുണികൾ പോലും അവനെ കഴുകിക്കാനോ സമ്മതിക്കാതിരുന്ന അമ്മയെ കണ്ടുവളർന്ന എനിക്കിതൊക്കെ കാണുമ്പോഴും കേൾക്കുമ്പോഴും അത്ഭുതമായിരുന്നു.

  ടോ വൈഗേ താനിതെന്താ കുത്തിയിരുന്ന് ആലോചിക്കുന്നേ ചായ ചന്ദ്രനിലും കിട്ടുമോയെന്നാണോ.ആ പിന്നെ നീ എഴുന്നേറ്റില്ലേ എന്ന് ചോദിച്ച് ആനന്ദ് വന്നിരുന്നു.. വിളിക്കണ്ട ഉറങ്ങിക്കോട്ടെ എന്നു പറഞ്ഞതിന് എന്നെ കുറെ കളിയാക്കി ചിരിച്ച് പോയി.ടീച്ചർ ആയി ജോലി ചെയ്യുന്ന അനിയന്റെ ഭാര്യ രാവിലെ നേരത്തെ എഴുന്നേറ്റ് രണ്ട് മക്കളേം സ്കൂളിൽ വിടാൻ തയ്യാറാക്കി ജോലിക്ക് ഓടാൻ തയ്യാറായി നിൽക്കുന്നതും.സ്വന്തം കാര്യങ്ങൾ മാത്രം വൃത്തിക്ക് ചെയ്ത് വാമഭാഗമിറങ്ങി വരാൻ കാറിന്റെ ഹോൺ നീട്ടിയടിച്ചു സ്റ്റിയറിങ്ങിൽ അക്ഷമയോടെ തട്ടി ഇരിക്കുന്ന അനിയനും രാവിലത്തെ സ്ഥിരം കാഴ്ചയാണ്.

  അവനെ സംബന്ധിച്ചിടത്തോളം വീട്ടിലെ ജോലിയും കുഞ്ഞുങ്ങളെ നോക്കലും ഭാര്യമാർക്കുള്ള ഉത്തരവാദിത്തങ്ങളാണ്.. ഞങ്ങളുടെ അമ്മ അവനെ പഠിപ്പിച്ചതും അത് തന്നെയാണല്ലോ.ചോറിലൊരു മുടി അബദ്ധത്തിൽ പെട്ടാൽ അതും നീട്ടിപിടിച്ച് കലി തുള്ളുന്ന അച്ഛന്റെയും പാത്രം മുന്നിൽ നിന്നും തള്ളിമാറ്റി ഉണ്ണാതെ ഇറങ്ങിപ്പോകുന്ന അവന്റെയും മുൻപിൽ നാണം കെട്ട് നിസ്സഹായത കലർന്ന പുഞ്ചിരിയോടെ തലയിൽ കൈവച്ച് നിൽക്കുന്ന അമ്മയായിരുന്നു ഞങ്ങളുടേത്.

  എന്നാൽ ഭർത്താവിന്റെ വീട്ടിൽ ഞാൻ കണ്ട അമ്മക്കും മക്കൾക്കും വേറൊരു മുഖമായിരുന്നു.അമ്മയുടെ മുടിയല്ലേ മക്കളെ.. അറിയാതെ വീണതാകും അതൊന്ന് മാറ്റിക്കളഞ്ഞ് അങ്ങ് ഉണ്ടോളൂ.. മരിക്കില്ലെന്ന് ഞാൻ ഗ്യാരന്റി.പാത്രം തട്ടിത്തെറിപ്പിക്കലോ ദേഷ്യം പിടിക്കലോ ഒന്നുമില്ലാതെ കിട്ടിയ മുടിയെടുത്ത് മാറ്റി ഉണ്ണുന്ന മകൻ ആ അമ്മയെനിക്ക് തന്ന സമ്മാനമാണ്.കല്ല്യാണം കഴിഞ്ഞ നാളുകളിലൊന്നിൽ മനുവേട്ടന്റെ അമ്മയെന്നോട് പറഞ്ഞത് ഇപ്പോഴും ഓർമയുണ്ട്.

  മോളെ പെണ്ണിനെകുറിച്ചുള്ള അറിവുകളും രഹസ്യങ്ങളും പറഞ്ഞുകൊടുത്ത് സ്ത്രീകളെ ബഹുമാനിക്കാനും സ്നേഹിക്കാനും എനിക്ക് കഴിയുന്ന പോലെ ഞാനവനെ മനസ്സിലാക്കിച്ചിട്ടുണ്ട് അവൻ നിന്നെയൊരിക്കലും വേദനിപ്പിക്കില്ലെന്നാണ് എന്റെ വിശ്വാസം.എങ്കിലും നീ കൊടുക്കുന്ന സ്നേഹവും ബഹുമാനവും അതേ അളവിലോ അതിൽകൂടുതലോ തിരികെ കിട്ടാനായി നിനക്കും റോളുണ്ട്.അവൻ തരുന്ന സ്നേഹവും കരുതലും ഒരവസരമായെടുക്കാതെ അവനൊപ്പം നിൽക്കുക.സ്നേഹത്തിലും പരസ്പരബഹുമാനത്തിലും മുൻപോട്ട് പോകുന്നിടത്തെ കുടുംബം പൂർണമാകുന്നുള്ളു.ഇന്നും അതെല്ലാം അക്ഷരംപ്രതി ജീവിതത്തിൽ പാലിക്കുന്നു അദ്ദേഹവും ഞാനും.

  ചപ്പാത്തിക്കുള്ള മാവ് ഞാൻ കുഴക്കുമ്പോഴേക്കും പരത്താൻ തയ്യാറായി നിൽക്കുന്ന മനുവേട്ടനും ഭക്ഷണം ഇനിയും ആയില്ലേയെന്ന് ചോദിച്ച് ഊണുമേശയിൽ ഫോണും നോക്കിയിരിക്കുന്ന ആനന്ദും ശീലിച്ചതല്ലേ പാലിക്കൂ.ഇത്തിരി ചായ തട്ടിപോയാൽ പോലും ഒന്ന് തുടച്ചുകളയാതെ ഭാര്യക്ക് ഓർഡർ ഇടുന്ന എന്റെ സ്വന്തം അനിയനും..ചായ പോയതോ,തുടച്ചു വൃത്തിയാക്കിയതോ എന്നെ അറിയിക്കാതെ സ്വയം ചെയ്യുന്ന എന്റെ ഭർത്താവും.അനിയൻ ആനന്ദും ഞാനും അടുത്തടുത്ത വീടുകളിലാണ് താമസിക്കുന്നത്.അവന്റെ മക്കളുടെ കുസൃതികൾ എപ്പോഴും ആസ്വദിക്കുന്നത് കൊണ്ട് കുഞ്ഞുങ്ങളില്ലാത്ത വിഷമം ഞങ്ങളെ വല്ലാതെ അലട്ടാറില്ലെന്നാണ് എന്റെ വീട്ടുകാർ പറയുന്നത്.

  സത്യത്തിൽ ഞാനും മനുവേട്ടനും ആരോടും സങ്കടം പറയാറില്ലാ അതുകൊണ്ട് ഞങ്ങളുടെ ഉള്ളുലച്ചിൽ ആരും അറിയാറുമില്ല.എല്ലാം നേടിയിട്ടും എത്തിപ്പിടിക്കാൻ പറ്റാത്തൊരു വിലപിടിച്ച ആഭരണമായി കഴുത്തിൽ വട്ടം ചുറ്റുന്ന ഒരു കുഞ്ഞികൈ മാത്രം സ്വപ്നമായി അവശേഷിക്കുന്നു.വൈകുന്നേരം നേരത്തെ വരുന്ന അനിയന്റെ കുട്ടികളെ ഞാനാണ് കൂട്ടാറുള്ളത് അതുകൊണ്ട് എന്നും വീടിന്റെ താക്കോൽ എന്നെയേല്പിച്ചു പോകുന്നവൻ എന്നെ ഇന്ന് കാണാതായപ്പോൾ വന്നതാകുമെന്ന് അറിയാം.മനുവേട്ടനെ ഏൽപ്പിച്ചിട്ടുണ്ടാകും താക്കോൽ.അളിയനൊരു അമ്മപെറ്റ് ആണല്ലേ ചേച്ചി.ചുണ്ടിന്റെ കോണിലൊരു പരിഹാസച്ചിരി ഒളിപ്പിച്ചു വച്ച് ആനന്ദ് പണ്ട് ചോദിച്ചതെനിക്കൊർമ വന്നു.അമ്മപെറ്റോ.അല്ല അമ്മക്കുട്ടി ആയ ആൺപിള്ളേരാ ഇങ്ങനെ അടുക്കളപ്പണി ചെയ്യുന്നത് കണ്ടിട്ടുള്ളത് .. അതൊന്ന് ഞാൻ ന്യൂ ജൻ ആയി പറഞ്ഞതാ.

  നീയുമൊരു അമ്മക്കുട്ടി ആയിരുന്നു നമ്മുടെ വീട്ടിൽ.എന്നിട്ട് നീ അമ്മയെ പേരിനെങ്കിലും സഹായിക്കാൻ അടുക്കളയിൽ കയറിയിട്ടുണ്ടോ.ശരിയാ മനുവേട്ടന്റെ അമ്മ അദ്ദേഹത്തെ പെണ്ണൊരു അടിമയല്ലെന്ന് പഠിപ്പിച്ചു ആനന്ദേ.. അടുക്കളജോലികളിൽ അമ്മയെ സഹായിച്ചു പഠിക്കുമ്പോൾ വരാൻ പോകുന്ന മരുമകൾക്കൊരു തുണയാകുമെന്നും അടുക്കളയിലെ മാത്രം രാഞ്ജിയാക്കാതെ സ്വന്തം രാജ്യത്തെ പൂർണ അവകാശമുള്ള റാണിയായി തനിക്കൊപ്പം അവളെ കൊണ്ടുനടക്കുമെന്നും ഓരോ ചെറിയ ജോലികളും സന്തോഷത്തോടെ ചെയ്യുന്ന മകനെ കണ്ട് അമ്മയങ്ങു ഉറപ്പിച്ചു.അവിടുത്തെ അമ്മക്ക് തെറ്റിയില്ല പക്ഷേ നമ്മുടമ്മക്ക് തെറ്റി.എച്ചിൽപാത്രം പോലും കഴുകാതെ എന്തിനും ഏതിനും ഭാര്യയെ കുറ്റപ്പെടുത്തുന്ന നിന്നെ ഇങ്ങനാക്കിയതിൽ അമ്മക്ക് തെറ്റി.

  ഒരക്ഷരം മിണ്ടാതെ ചുണ്ട് വക്രിച്ച് എന്നെയൊന്ന് നോക്കി അന്നവൻ ഇറങ്ങിപ്പോയി.. പിന്നാലെ ഇറങ്ങിപോകും മുൻപ് നാത്തൂനെന്നെ കെട്ടിപിടിച്ചൊരുമ്മ…
  ‘ കലക്കി ചേച്ചി ‘ ചെവിയിൽ മന്ത്രിച്ചത്‌ ഞാൻ വ്യക്തമായി കേട്ടു.പലപ്പോഴും മനുവേട്ടനെയും എന്നെയും ഒളിഞ്ഞും തെളിഞ്ഞും കളിയാക്കുന്നത് കണ്ട് സഹിക്കാഞ്ഞിട്ട് തന്നെയാണ് അന്നത്രയും പറഞ്ഞത്.പിന്നീടവൻ അതിന് മുതിർന്നുമില്ല.വീട്ടിൽ നടു തളർന്നുപോകുന്ന വേദനയോടെ അമ്മ കിടപ്പിലായാലും അച്ഛനും മോനും അടുക്കളയിൽ കയറി കണ്ടിട്ടില്ല.

  ഇതൊക്കെ എല്ലാ പെണ്ണുങ്ങൾക്കും പറഞ്ഞിട്ടുള്ളതല്ലേ നിങ്ങൾക്ക് മാത്രമെന്ത് പ്രത്യേകതയെന്ന ചോദ്യവും ഞാനും അമ്മയും ഓരോ മാസവും കേട്ടു.വൈകുന്നേരം മനുവേട്ടനൊന്നു പോയി മക്കളെ കൂട്ടണേ എനിക്ക് നടക്കാൻ വയ്യ.ഒറ്റ ഒരു ദിവസം കഴിഞ്ഞപ്പോഴേക്കും നടക്കുവാൻ പോലും ബുദ്ധിമുട്ടുള്ള തരത്തിൽ തുടകൾ രണ്ടും ഉരഞ്ഞു പൊട്ടിയിരിക്കുന്നു.ഞാനത് അങ്ങോട്ട് പറയാൻ വരാരുന്നു.ഞാൻ പൊയ്ക്കോളാം പിന്നെ ഇന്ന് വൈകുന്നേരം ഡോക്ടറെ കാണാൻ പോകണ്ടേ.പീരിഡ്സ് ആയാൽ ചെല്ലാൻ പറഞ്ഞിരുന്നതാണ് ഓ ഞാനത് മറന്നേ പോയി. ദൈവമെപ്പോഴെങ്കിലും കരുണ കാണിക്കുമെന്ന് കരുതി ഇൻഫെർട്ടിലിറ്റി ട്രീറ്റ്മെൻറ് ഒരു മുടക്കവും കൂടാതെ നടക്കുന്നുണ്ട്.ആനന്ദും ഭാര്യയും എത്തിയപ്പോഴേക്കും ഞങ്ങൾ ക്ലിനിക്കിലേക്ക് പോകാൻ തയ്യാറായിരുന്നു.

  സൂപ്പർമാർക്കറ്റിൽ നിന്നും വാങ്ങിയ സാധനങ്ങളെടുത്ത് വീട്ടിലേക്ക് കയറുന്ന ഭാര്യയെ തിരിഞ്ഞുനോക്കാതെ ഫോണിലെ നോട്ടിഫിക്കേഷനും നോക്കി നടന്നുപോകുന്ന ആനന്ദ് ഒരു വശത്തും.മക്കളുണ്ടാകാത്തത് മീശക്കാരി ഭാര്യയുടെ അസുഖമാണെന്ന് കുറ്റപ്പെടുത്താതെ നമ്മുടെ സമയം ഇനിയല്ലേടോ വരാൻ പോകുന്നതെന്ന് ആശ്വസിപ്പിച്ച് തുറന്ന് പിടിച്ച കാറിന്റെ ഡോർ, എന്റെ വസ്ത്രങ്ങൾ പെടാതെ ശ്രദ്ധയോടെ നീക്കിവച്ചു അടക്കുന്ന മനുവേട്ടൻ മറുവശത്തും.നാഴികക്ക് നാല്പതുവട്ടം നിനക്ക് ഞാനുണ്ടെന്ന് പ്രണയം നിറച്ച മന്ത്രണം ചെവിയിലോതി കൈകോർത്തു പിടിക്കാൻ മാത്രമല്ല അവളെയറിയാനും അവൾക്ക് പറയാനുള്ളത് കേൾക്കാനൊരു കാതുകൊടുത്തും.സ്വാതന്ത്രം കൊടുത്തും.

  സഹായിച്ചും ധൈര്യത്തിനായി തിരിഞ്ഞു നോക്കുമ്പോൾ ചിറക് വിരിച്ചു തൊട്ട്പിന്നിലായി ഞാനുണ്ടെന്ന് കാണിച്ചുകൊടുത്തുമാകണം ഓരോ ഭർത്താവും ഭാര്യയെ സ്നേഹിക്കേണ്ടതെന്ന് അമ്മ മകനെ പഠിപ്പിച്ചിരിക്കുന്നു രണ്ട് അമ്മമാരുടെ ശിക്ഷണത്തിൽ വളർന്ന മക്കൾ.ഗുണവും ദോഷവും അമ്മമാർക്ക് മാത്രം നൽകുകയല്ല.ചൊട്ടയിലെ ശീലം ചുടല വരെയെന്നാണ് കണ്ടു വളർന്നത് നല്ലതല്ലെങ്കിൽ മാറ്റുന്നതിന് പോലും മനസ്സില്ലാതെ.പഠിച്ചതേ പാടു എന്ന മട്ടിൽ മക്കൾ ആവാതിരിക്കാനെങ്കിലും അമ്മമാർ ഇനിയെങ്കിലും മക്കളെ വാർത്തെടുക്കണം

  രചന :ലിസ് ലോന

  LEAVE A REPLY