ബാത്രൂമിൽ വെള്ളം ഉപയോഗിക്കുന്നവർ ആണോ അതോ പേപ്പർ ഉപയോഗിക്കുന്നവർ ആണോ ശരി ഇതാണ് കൃത്യമായ ഉത്തരം

EDITOR

സഞ്ചാരികളുടെ ഒരു പേടിസ്വപ്നം ആണ് കക്കൂസ്.വിദേശരാജ്യങ്ങളിലും മറ്റും പോകുമ്പോൾ ടോയ്‌ലെറ്റിൽ പോകാൻ നേരം ആസനം കഴുകാൻ ഒരു കുപ്പി വെള്ളം കയ്യിൽ കരുതുന്ന ഇന്ത്യക്കാരും, ഇന്ത്യയിൽ(ഏഷ്യയിൽ) വരുമ്പോൾ ഒരു ടോയ്‌ലെറ്റ് റോൾ ലഗേജിൽ കരുതുന്ന സായിപ്പന്മാരും കുറവല്ല.

മൈക്രോസോഫ്ട് സി.ഇ.ഒ. ഒരിക്കൽ മോദിയ്ക്ക് ഹാൻഡ് ഷേക്ക് കൊടുത്തതിനു ശേഷം കൈ തുടയ്ക്കുന്നത് നമ്മൾ ടി വി യിൽ കണ്ടതാണ്. നമ്മൾ എങ്ങനെ ആസനം തുടയ്ക്കുന്നവരെ കളിയാക്കുന്നുവോ അതിലുപരി അവർ നമ്മളേയും കളിയാക്കുന്നുണ്ട്.തെറിവിളികളുടെ പൊങ്കാലപ്പേടികൊണ്ടു ആരും ഈ വിഷയത്തെപ്പറ്റി സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യാറില്ല. ഇന്ന് മലയാളികൾ കിണറ്റിലെ തവളകളല്ല. ടോയിലറ്റ് സംസ്കാരത്തെ പറ്റിയൊക്കെ ഒരു ധാരണയിൽ എത്തേണ്ട സമയം ആയിരിയ്ക്കുന്നു.

ടോയ്‌ലെറ്റിന്റെ പരിണാമം പറമ്പ്, ക്ളോസെറ്റ്, വെസ്റ്റേൺ ക്ലോസെറ്റ്, ബീഡെ(BIDET അഥവാ ജെറ്റ്) എന്നിങ്ങനെയാണ്. വെള്ളത്തിൽനിന്നും പേപ്പറിലേയ്ക്കും അവിടെനിന്നും ബീഡേയിലേയ്ക്കും മാറിയിരിയ്ക്കുന്നു. നമ്മുടെ ടോയിലറ്റ് സംവിധാനം മാറിയെങ്കിലും അത് ഉപയോഗിയ്ക്കുന്ന രീതിയിൽ വലിയ മാറ്റം ഒന്നും വന്നിട്ടില്ല.

ശാരീരികപരമായി നമ്മുടെ ശരീരത്തിന് രണ്ടു പ്രധാന ഹോളുകളാണ് ഉള്ളത്. ഒന്ന് വായും മറ്റേ അറ്റം ആസ് ഹോളും. വാ എന്ന വാൽവ് രണ്ടു വശവും തുറക്കുന്നതാണ്. അതായത് തുപ്പാനും പറ്റും ഇറക്കാനും പറ്റും. ആസനമാകട്ടെ ഒരു വശം മാത്രം തുറക്കുന്ന വാൽവ് ആണ്. അതിൽനിന്നും പുറത്തേക്കല്ലാതെ അകത്തേയ്ക്ക് ഒന്നും കടക്കില്ല. വാ രണ്ടു വശവും തുറക്കുന്നതുകൊണ്ട് നമുക്ക് അതിന്റെ പുറവും അകവും വൃത്തിയായി സൂക്ഷിയ്ക്കേണ്ടതുണ്ട്. എന്നാൽ ആസനമാകട്ടെ പുറം മാത്രം രോഗാണു ബാധയില്ലാതെ വൃത്തിയായി സൂക്ഷിച്ചാൽ മതി. വായുടെ വൃത്തി നമുക്ക് കണ്ടും അനുഭവിച്ചും അറിയാം. ആസനത്തിന്റെ വൃത്തി എപ്പോഴും ആപേക്ഷികമാണ്. ഒരു സംതൃപ്തി. അത്ര തന്നെ. അത് കണ്ടോ അറിഞ്ഞോ ബോധ്യപ്പെടാൻ പറ്റുന്നതല്ല.

ഇത്രയും പറഞ്ഞത് അധികരോമമുള്ള ചെമ്മരിയാടുകളും മറ്റും അനുഭവിയ്ക്കുന്ന ബുദ്ധിമുട്ടു മനസ്സിലാക്കാനാണ്. ചെമ്മരിയാടുകൾക്ക് ജനിയ്ക്കുമ്പോൾ പട്ടിയുടെ അത്രയും നീളമുള്ള വാലുണ്ടാകും. നന്നേ ചെറുപ്പത്തിൽ തന്നെ അത് മുറിച്ചു കളയുന്നു. ഇല്ലെങ്കിൽ രോമത്തിൽ കാഷ്ടം തങ്ങിനിന്ന് വാല് അനക്കാൻ പറ്റാതാകും. ക്രമേണ അവിടെ ഈച്ച മുട്ടയിടുകയും, പഴുപ്പുകേറി അവ ചത്തു പോകുകയും ചെയ്യുന്നു.

വെള്ളവും പേപ്പറും ആസനത്തിന്റെ വൃത്തിയ്ക്ക് ഒരുപോലെ ഗുണപ്രദമാണ് . ഇന്ത്യൻ ക്ലോസെറ്റിൽ വെള്ളവും വെസ്റ്റേൺ ക്ലോസെറ്റിൽ പേപ്പറും തന്നെയാണ് ഉത്തമം. വെസ്റ്റേൺ ക്ലോസെറ്റിൽ വെള്ളം ഉപയോഗിയ്ക്കുമ്പോഴാണ് പ്രശ്നങ്ങളുടെ തുടക്കം.ആദ്യം പേപ്പറുകൊണ്ടു തുടയ്ക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.

1.തുടയ്ക്കുമ്പോൾ വെള്ളം കൊണ്ട് കഴുകുന്ന സംതൃപ്തി കിട്ടുന്നില്ല.

അതിനുത്തരം ഞാൻ മുൻപ് പറഞ്ഞു കഴിഞ്ഞു. സംതൃപ്തിയ്ക്കൊക്കെ ഒരു ഫുൾ സ്റ്റോപ്പ് ഇടേണ്ട കാലം ആയി. റിസോഴ്സസ് (വെള്ളമായാലും, പേപ്പറായാലും) ഒക്കെ കുറഞ്ഞു തുടങ്ങുന്ന കാലമാണ്.

2. ഒരു മൂന്നു ശതമാനം പേരിലെങ്കിലും ഫ്രിക്ഷൻ മൂലം ചൊറിച്ചിലോ മാന്തലോ ഒക്കെ ഉണ്ടാകുന്നു.

ഇടയ്ക്കിടയ്ക്ക് അതിനു വേണ്ടി ഡോക്ടറെ കാണുക, നല്ല ക്വാളിറ്റിയുള്ള ടോയ്‌ലെറ്റ്‌ പേപ്പർ വാങ്ങി ഉപയോഗിയ്ക്കുക എന്നിവ പരിഹാരം.

3. എത്ര തുടച്ചാലും കുറച്ചു മലം എങ്കിലും അവശേഷിച്ചിരിയ്ക്കും. അത് അവിടെ ഉണങ്ങിപ്പിടിച്ചിരിയ്ക്കും.

ശരിയാണ്. അതിനു സാധ്യതയുണ്ട്. അവനവന്റെ ശരീരത്തിന്റെ അവശിഷ്ടം അവനവന്റെ ശരീരത്തിൽ തന്നെ എന്നത് കൊണ്ട് മറ്റുള്ളവരിൽ അത് എത്തുന്നില്ല. പിന്നെ കുളിയ്ക്കുമ്പോൾ അത് നല്ലവണ്ണം കഴുകി വൃത്തിയാക്കിയാൽ മതി.ഇനി, വെള്ളം ഉപയോഗിയ്ക്കുമ്പോൾ ഉണ്ടാകുന്ന ദോഷങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1.നനഞ്ഞ ഇടമാണ് രോഗാണുക്കൾക്ക് കൂടുതൽ ഇഷ്ട്ടം.

ടോയ്‌ലെറ്റ് സീറ്റിൽ ഇരുന്നു കാര്യം സാധിച്ചിട്ട്, ടോയിലറ്റ് സീറ്റ് പൊക്കി വച്ച്, നിന്നുകൊണ്ട് ആസനം കഴുകുമ്പോൾ ആസനത്തിനു ചുറ്റും, തുടയിലും, അണ്ടർ ഗാർമെൻറ്സിലും, ടോയ്‌ലെറ്റ് സീറ്റിലും എല്ലാം മലത്തിന്റെ അംശം കലർന്ന വെള്ളം പടരുന്നു.

2. ഒരാളുടെ മലം മറ്റുള്ളവരിൽ എത്തുന്നു.

വീട്ടിലായാലും ഹോട്ടലിലായാലും ഏപ്രൺ കെട്ടാതെ ജോലിചെയ്യുന്ന ആൾക്കാർ പാചക സമയത്ത് കൈ തുടയ്ക്കുന്നതു ഈ മുണ്ടിൽ തന്നെയാണ്. അങ്ങനെ ഒരാളുടെ മലാംശം മറ്റാളുകളിലേയ്ക്ക് വളരെ പെട്ടെന്ന് എത്തുന്നു. എത്ര വൃത്തിയായി വെട്ടിയാലും നഖത്തിന്റെ ഉള്ളിൽ രോഗാണുക്കൾ ഉണ്ടാകും എന്നത് തീർച്ച.ഇനി അണ്ടർ ഗാര്മെന്റ്സ് ഇടാത്തവരുടെ കാര്യമാണെകിൽ പറയുകയും വേണ്ട!

മുംബൈയിലെ ചേരികളിലും മറ്റും താമസിയ്ക്കുന്നവരുടെ കാര്യമാണ് കഷ്ട്ടം! ഒരു സോഡാ കുപ്പിയിൽ വെള്ളവും കൊണ്ട് റെയിൽവേ ട്രാക്കിൽ പോയി കാര്യം സാധിച്ചിട്ട്, ചന്ദനം ചാലിച്ചിട്ട് തിരിച്ചു വന്ന് കാലുകഴുകാൻ കൂടി വെള്ളം ആ കുപ്പിയിൽ ഉണ്ടായിരിയ്ക്കും. ആ കൈ കൊണ്ടൊക്കെ തന്നെയാണ്, ചൂണ്ടാണി വിരൽ കൊണ്ട് പൂരി കുത്തി പൊട്ടിച്ച് കുടത്തിലെ വെള്ളത്തിൽ മുക്കി സ്വാദിഷ്ടമായ പാനിപൂരി യൊക്കെ വിളമ്പുന്നത്. ഇത്രയും പറഞ്ഞത് സ്വന്തം മാലിന്യം എങ്ങനെ മറ്റുള്ളവരിൽ എത്തുന്നു എന്ന് കാണിയ്ക്കാനാണ്.

ചില സ്ഥലങ്ങളിൽ നനഞ്ഞ ടോയ്‌ലെറ്റ് സീറ്റ് തുടയ്ക്കാൻ ഒരു തുണി തൂക്കിയിട്ടിരിയ്ക്കുന്നതു കാണാം. അതിലൊക്കെ രോഗാണുക്കളുടെ ഒരു സമൂഹം തന്നെയുണ്ടാകും.ഒരു കാര്യം കൂടെ പറയട്ടെ. നമ്മുടെ നാട്ടിൽ മിയ്ക്കവരും ഇടയ്ക്ക് മെഡിക്കൽ ഷോപ്പിൽ ചെന്ന് വിരശല്യത്തിനുള്ള മരുന്ന് വാങ്ങി കഴിയ്ക്കുന്നവരാണ്. എന്നാൽ വികസിത രാജ്യങ്ങളിൽ നിങ്ങൾക്ക് വിരശല്യം ഉണ്ടെന്ന് ടെസ്റ്റ് ചെയ്യാതെ നിങ്ങൾക്ക് ഡോക്ടർ മരുന്നെഴുതുകയില്ല. ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ മരുന്നൊട്ടു കിട്ടുകയും ഇല്ല. വിരശല്യം വളരെ പ്രാധാന്യമര്ഹിയ്ക്കുന്ന ഒരു രോഗമാണ് അവർക്ക്. ടോയ്‌ലെറ്റ് പേപ്പർ സംസ്കാരം വലിയൊരു പരിധി വരെ വിരശല്യം ചെറുക്കുന്നു.

ആദ്യം പ്ലാസ്റ്റിക് മഗ് ഉപയോഗിച്ചാണ് വെള്ളം എടുത്തിരുന്നതെങ്കിൽ വാട്ടർ ജെറ്റിന്റെ വരവോടെ അതിനു മാറ്റം വന്നു. എന്നാലും കൈ ഉപയോഗിയ്ക്കാതെ വൃത്തിയാക്കാനുള്ള പ്രഷർ ഒന്നും അതിനില്ല. ജെറ്റ്, ബീഡെയുടെ ഒരു ഭാഗം മാത്രമാണ്.ശൗച്യം കഴിഞ്ഞതിനുശേഷം വെള്ളം കൊണ്ട് കഴുകാനായി മറ്റൊരു സംവിധാനമാണ് ബീഡെ (BIDET). അത് വേറൊരു ക്ലോസെറ്റ് ആണ്. പിരി യഡിൽ സ്ത്രീകൾക്ക് ഉപയോഗിയ്ക്കാനാണ് ആദ്യമൊക്കെ ഉപയോഗിച്ചിരുന്നത്. പിന്നീട് അത് പരിഷ്കൃത ടോയ്‌ലെറ്റിന്റെ ഭാഗമായി മാറി. അതിൽ ഇരുന്ന് ചൂടുവെള്ളവും തണുത്തവെള്ളവും ആവശ്യത്തിന് ഉപയോഗിച്ചു, കൈ തൊടാതെ, ഹോട്ട് എയറിൽ ആസനം ഉണക്കിയെടുക്കുന്ന സംവിധാനമാണ് ബീഡെ. പക്ഷെ നമ്മൾ അത് പൂർണ്ണമായി ഉൾക്കൊള്ളാതെ അതിലെ ജെറ്റ് സ്പ്രേ മാത്രം ഏറ്റെടുത്തു.

സംഗതി ഇതൊക്കെയാണെങ്കിലും നമ്മൾ ഇന്ത്യക്കാർ ടോയ്‌ലെറ്റിൽ വെള്ളം തന്നെ ഉപയോഗിച്ചാൽ മതി എന്ന് വാദിയ്ക്കുന്ന ആളാണ് ഞാൻ. കാരണം ഒരു ടോയ്‌ലെറ്റ് റോൾ ഉണ്ടാക്കാൻ ഒരാൾപൊക്കം ഉള്ള ഒരു ചെറുമരം മുറിയ്ക്കണം. പരിസ്ഥിതിയോടു യാതൊരു പ്രതിബദ്ധതയുമില്ലാത്ത നമ്മളെല്ലാവരും ടോയ്‌ലെറ്റിൽ പേപ്പർ ഉപയോഗിച്ച് തുടങ്ങിയാൽ ഇന്ത്യ മൊട്ടക്കുന്നാകും.അളിഞ്ഞാലും പുളിഞ്ഞാലും സാരമില്ല. കുറച്ചു നാൾ കൂടതൽ ജീവിയ്ക്കാമല്ലോ.എന്നാലും, എപ്പോഴെങ്കിലും “ചേരേ തിന്നണ നാട്ടിൽ ചെന്നാൽ ചേരേടെ നടുമുറി തിന്നാൻ” അമാന്തിയ്ക്കേണ്ട.
കടപ്പാട് : സത്യൻ