ഞാൻ നിങ്ങളുടെ ഭാര്യ ആണ് മനസ്സ് കൊണ്ടും ശരീരം കൊണ്ടും നിങ്ങളുടേതാകാൻ ആഗ്രഹിക്കുന്ന പെണ്ണ് പക്ഷെ ഞാൻ ഇന്ന്

  0
  13382

  ഞാൻ നിങ്ങളുടെ ഭാര്യ ആണ്.മനസ്സ് കൊണ്ടും ശരീരം കൊണ്ടും നിങ്ങളുടേതാകാൻ ആഗ്രഹിക്കുന്ന പെണ്ണ്.ഇനിയും എന്നെ അവഗണിക്കരുത്.അവസാന വാചകം പറയുമ്പോൾ അറിയാതെ എങ്കിലും ശബ്ദം ഇടറിയിരുന്നത് ഗൗരി അറിഞ്ഞു.നിറഞ്ഞ കണ്ണുകൾ തുടച്ചു ശരത്തിനെ നോക്കുമ്പോഴും നിർവികാരമായ ഭാവത്തിൽ എല്ലാം കേട്ടിരുന്നതിന് ശേഷം മുറിവിട്ട് പോയ അയാളുടെ നിസ്സംഗഭാവം ആണ് മറ്റെന്തിനേക്കാളും തന്നെ വേദനിപ്പിക്കുന്നതെന്ന് അവൾക്ക് തോന്നി.

  ഏറെ സന്തോഷത്തോടെയും പ്രതീക്ഷയോടെയും ആയിരുന്നു താൻ വിവാഹമണ്ഡപത്തിൽ പ്രവേശിച്ചത്.വീട്ടുകാർ ചൂണ്ടിയ ആളെ വിവാഹം കഴിക്കാൻ മറ്റേതിർപ്പുകൾ ഒന്നും തന്നെ ഇല്ലായിരുന്നു.സുന്ദരനും സുമുഖനും ആയ ചെറുപ്പക്കാരൻ.വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ തികച്ചും മാന്യനായ വ്യക്തി.ജോലി.കുടുംബം.എല്ലാം യോജിച്ചത്.സ്നേഹനിധികളായ ഭർത്താവിന്റെ മാതാപിതാക്കൾ.എല്ലാം കൊണ്ടും താൻ ഭാഗ്യവതി ആണെന്ന് മനസ്സിൽ കരുതിയാണ് ആദ്യരാത്രി ഈ മുറിയിലേയ്ക്ക് കടന്ന് വന്നത്.പക്ഷെ ഒരു സ്ത്രീയെന്നോ ഭാര്യ എന്നോ ഉള്ള തരത്തിൽ ആ മനുഷ്യൻ ഒരിക്കലും തന്നെ കണ്ടിട്ടില്ല.ദിവസങ്ങളും ആഴ്ചകളും കാത്തിരുന്നു ഈ അവസ്ഥ മാറും എന്നുള്ള വിശ്വാസത്തിൽ.പക്ഷെ ഒരു മുറിയിൽ കട്ടിലിന്റെ രണ്ട് അറ്റങ്ങളിലായി ജീവിതം തീർക്കുകയായിരുന്നു ഞങ്ങൾ ഇരുവരും.

  ഭാര്യ ആയി എന്ത് കൊണ്ട് തന്നെ കാണാൻ കഴിയുന്നില്ല എന്നുള്ള ചോദ്യത്തിന് മുന്നിൽ ആ മനുഷ്യൻ ഒരിക്കലും ഉത്തരം തന്നിരുന്നില്ല..ഇനിയും വയ്യ ഇങ്ങനെ തുടരാൻ…മുഖം അമർത്തി തുടച്ചു ഗൗരി എഴുന്നേറ്റു.തന്റേതായി ആ മുറിയിൽ ഉണ്ടായിരുന്നതെല്ലാം വലിച്ചു വാരി പാക്ക് ചെയ്യുമ്പോഴും നിർത്താതെ പെയ്യുന്ന മിഴികളെ അവൾ മനഃപൂർവം അവഗണിച്ചു.വാങ്ങിയും ലോൺ എടുത്തും തന്റെ കല്യാണം നടത്തിയ അച്ഛന്റെയും അമ്മയുടെയും മുഖം ഉള്ളിൽ ഒരു വിങ്ങലായി നിന്നു..ഇതല്ലാതെ മറ്റൊരു വഴിയും തന്റെ മുന്നിൽ ഇല്ലെന്ന് തോന്നൽ അവൾ എടുത്ത തീരുമാനത്തെ ശരി വെച്ചു.മുറിയിൽ നിന്നും പുറത്ത് ഇറങ്ങും നേരം ആയിരുന്നു വാതിൽക്കൽ കരഞ്ഞ മുഖവുമായി നിൽക്കുന്ന ഭർത്താവിന്റെ അമ്മയെ കണ്ടത്..ഒരു പൊട്ടിക്കരച്ചിലോടെ അവരുടെ നെഞ്ചിലേക്ക് വീണു കരയുമ്പോൾ എവിടെയൊക്കെയോ ഒരു ആശ്വാസം അവൾ അനുഭവിക്കുണ്ടായിരുന്നു.

  “മോളെ.ഞാൻ കാരണം ആണ് ഇങ്ങനെ ഒക്കെ ഉണ്ടായത്.മോൾ ഞങ്ങളോട് ക്ഷമിക്കണം.ആ വെളിപ്പെടുത്തൽ എന്നിൽ ഉണ്ടാക്കിയ ഞെട്ടലിൽ ഞാൻ അവരിൽ നിന്നും അകന്ന് മാറി അവരുടെ മുഖത്തേയ്ക്ക് അമ്പരപ്പിൽ നോക്കിയിരുന്നു.”എല്ലാ അച്ഛനമ്മമാരെ പോലെ ഞങ്ങളും ചിന്തിച്ചിരുന്നത് കൊണ്ടാണ് മോളെ ഇങ്ങനെ ഒക്കെ ഉണ്ടായത്.എല്ലാ ആൺകുട്ടികളെ പോലെ അവനും വിവാഹപ്രായത്തിൽ ഞങ്ങൾ ആലോചനകൾ നോക്കാൻ തുടങ്ങിയപ്പോൾ അവൻ ശക്തമായി എതിർത്തു.

  താൻ മറ്റ് ആൺകുട്ടികളെ പോലെ അല്ലെന്നും അവന്റെ ഉറ്റ സുഹൃത്തായ വിനോദും ആയി അവൻ ഇഷ്ടത്തിലാണെന്നുള്ള അവന്റെ വെളിപ്പെടുത്തൽ യാഥാസ്ഥിതികരായ ഞങ്ങൾക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ല.ഹോസ്റ്റലും ജോലിയും ആയി ഒരുപാട് വർഷം ഞങ്ങളിൽ നിന്നും അകന്നിരുന്ന അവന്റെ മാറ്റങ്ങൾ അറിയാൻ മാതാപിതാക്കളായ ഞങ്ങൾക്ക് സാധിച്ചില്ല മോളെ.മരിച്ചുകളയും എന്ന് അവനെയും വിനോദിനെയും ഭീഷണി പെടുത്തിയതിന്റെ ഫലമായാണ് നിന്റെ കഴുത്തിൽ അവൻ താലി ചാർത്തിയത്.എല്ലാം പതിയെ ശരിയാകും എന്ന് ഞങ്ങൾ കരുതി.പക്ഷെ.

  അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവർ പൊട്ടിക്കരഞ്ഞിരുന്നു.തൊട്ട് പുറകിൽ നിന്നിരുന്ന ശരത്തിന്റെ അച്ഛൻ അവരെ ചേർത്തു പിടിച്ചു എന്റെ നേരെ കയ്യ് കൂപ്പുമ്പോഴും ആ ആഘാതത്തിൽ നിന്നും ഞാൻ കരകയറിയിരുന്നില്ല.തന്റെ കഴുത്തിൽ താലികെട്ടിയ പുരുഷൻ ഒരു സ്വർഗാനുരാഗി ആണെന്ന യാഥാർഥ്യം ഉൾകൊള്ളാൻ അവൾക്ക് ആകുമായിരുന്നില്ല.”മോൾ ഞങ്ങളോട് ക്ഷമിക്കണം”മുറിവിട്ട് അവർ പോയ ശേഷവും അതെ നിൽപ്പ് തുടരുകയായിരുന്നു ഗൗരി.ഏറെ നേരത്തിനു ശേഷം പാക്ക് ചെയ്ത ബാഗുമായി മുറിവിട്ട് പുറത്ത് വരുമ്പോൾ ആ അച്ഛനും അമ്മയും അവളുടെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കി.

  “നിങ്ങൾ തകർത്തത് എന്റെ മാത്രം ജീവിതം അല്ല.ആ മനുഷ്യന്റെ കൂടിയാണ്.ഇങ്ങനെ ഉണ്ടാകുന്നത് ഒരിക്കലും ഒരു പാപമോ തെറ്റോ അല്ല.സാമൂഹികവും മാനസികവും ശാരീരികവും ആയ മനുഷ്യന്റെ മാറ്റങ്ങളാണ് ഇതിനെല്ലാം അടിസ്ഥാന കാരണം.ഒരു ആണിനും പെണ്ണിനും പരസ്പര തോന്നാവുന്നതെല്ലാം തിരിച്ചു ഒരു ആണിന് ആണിനോടും തോന്നാം.നമ്മുടെ ഭരണഘടന പോലും അത് അംഗീകരിച്ചു കഴിഞ്ഞെങ്കിലും നമ്മുടെ മനസ്സുകളിൽ അത് മാറാൻ സമയം എടുക്കും.ഇത്തരം ആളുകളെ വിവാഹത്തിലൂടെ മാറ്റം എന്ന തെറ്റിദ്ധാരണയിൽ മാതാപിതാക്കൾ വിചാരിക്കുമ്പോൾ ഇല്ലാതാകുന്നത് മറ്റൊരു കുടുംബത്തിന്റെ പ്രതീക്ഷ കൂടിയാണെന്ന് നമ്മൾ മറന്നു പോകരുത്.നമ്മുടെ സ്വാർത്ഥത കാരണം ഇല്ലാതാകുന്നത് ഒരുപാട് മനുഷ്യരുടെ സ്വപ്‌നങ്ങൾ ആണ്…നാട്ടുകാർ എന്ത് പറയും എന്നതിനെ മറന്നു മകന്റെ സന്തോഷം അംഗീകരിക്കാൻ തയാറായാൽ തീരാവുന്ന പ്രശ്നം മാത്രമേ ഉള്ളൂ ഇത്.

  ശാന്തമായ സ്വരത്തിൽ എല്ലാം പറഞ്ഞു അവരുടെ മറുപടിയ്ക്ക് കാക്കാതെ തിരിഞ്ഞു നടക്കാൻ ഒരുങ്ങുമ്പോൾ ആണ് പുറകിൽ എല്ലാം കേട്ടു വിനോദിനൊപ്പം സത്യങ്ങൾ എല്ലാം ഗൗരിയെ അറിയിക്കാൻ എത്തിയ ശരത്തിനെ കണ്ടത്…ഗൗരി ശരത്തിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.തിരിച്ചു ശരത്തും.വീട്ടിലേയ്ക്ക് തിരിച്ചു ഗൗരിയെ കൊണ്ടാക്കാൻ ശരത്തും വിനോദും തയ്യാറായപ്പോൾ ഗൗരി തടഞ്ഞില്ല…യാത്രയിൽ മൂന്നു പേരും നിശബ്ദതരായിരുന്നു.വീടിന് മുന്നിൽ കാർ നിർത്തിയ ശേഷം ഇറങ്ങാൻ തുടങ്ങിയ ശരത്തിനെയും വിനോദിനെയും ഗൗരി തടഞ്ഞു.പെട്ടെന്ന് ഇതെല്ലാം കേട്ടാൽ എന്റെ വീട്ടുകാർ അംഗീകരിച്ചെന്ന് വരില്ല.ഞാൻ അവരെ പറഞ്ഞു മനസ്സിലാക്കിക്കോളാം.

  തിരിഞ്ഞു നടക്കാൻ തുടങ്ങിയ ഗൗരി ഒരു നിമിഷം നിന്നു.ശേഷം ശരത്തിന്റെ മുഖം കയ്യിൽ എടുത്ത് നെറുകയിൽ ചുംബിച്ചു.പിന്നെ ഒന്നും മിണ്ടാതെ തിരിച്ചു നടന്നു…ശരത്തിന്റെ കണ്ണുകളും എന്തുകൊണ്ടോ അറിയാതെ നിറഞ്ഞു.കാലുകൾ വലിച്ചു വെച്ച് ശരത്തിനെ വിട്ടു തിരികെ നടക്കുമ്പോൾ ഉള്ളിൽ ഉണ്ടായ മുറിവുകളെ ഉണക്കാൻ താൻ ചെയ്ത ശരി അവൾക്ക് ധൈര്യം പകർന്നു.

  നാളുകൾക്കിപ്പുറം ഗൗരിയെ അവളെ സ്നേഹിച്ചിരുന്ന അവൾ അറിയാതെ പോയ രാജീവിന്റെ കയ്യിൽ ഏൽപ്പിക്കുമ്പോൾ തന്റെ മനസ്സ് പറയാതെ മനസ്സിലാക്കിയ.തനിക്കായി തന്റെ മാതാപിതാക്കളോട് വാദിച്ച അവളോട്‌ ഉള്ള സ്നേഹം അവനും തിരിച്ചു കൊടുക്കുകയായിരുന്നു.ഒപ്പം ഗൗരി കാണിച്ചു കൊടുത്ത ശരി സമൂഹവും അംഗീകരിക്കുകയായിരുന്നു.(ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം എഴുതിയ ചെറുകഥ ആണ്.എല്ലാവരും സേഫ് ആണെന്ന് വിശ്വസിക്കുന്നു.ഒരു വാർത്ത വായിച്ചപ്പോൾ തോന്നിയ ത്രെഡ് ആണ്.തെറ്റുകൾ ക്ഷമിക്കും എന്ന് വിശ്വസിക്കുന്നു.

  രചന :തനൂജ

  LEAVE A REPLY