ഞാൻ കണ്ട ആദ്യത്തെ പ്രവാസിയുടെ ഭാര്യയിലൂടെ ഞാൻ അനുഭവിച്ചത്

EDITOR

പ്രവാസിയുടെ ഭാര്യ ഞാൻ കണ്ട ആദ്യത്തെ പ്രവാസിയുടെ ഭാര്യ എന്റെ അമ്മയായിരുന്നു. പത്തൊൻപത് വയസ്സിൽ തന്നെ ഭാര്യയായി. 29 വയസ്സിനുള്ളിൽ മൂന്ന് പെണ്കുട്ടികളുടെ അമ്മയായി. രണ്ടാമത്തെ കുഞ്ഞായപ്പോൾ മുതൽ കുടുംബം നോക്കലും എല്ലാം അമ്മയുടെ ചുമലിൽ ആയി. മാസം പൈസ അയക്കുന്നതിൽ നിന്നും എത്ര എവിടെ എങ്ങനെ ചിലവാക്കണം എന്നു ഒരു പെന്നും പേപ്പറും എടുത്തു അമ്മ കണക്കു കൂട്ടുന്നുണ്ടാവും. അന്ന് അതൊരു കൗതുകം ആയിരുന്നു.

അച്ഛൻ വീട് വാങ്ങിച്ചപ്പോൾ മൂന്ന് മക്കളെയും കൊണ്ടു അവിടേക്ക് ആയി അമ്മ. രണ്ടു വർഷം കൂടിയായിരുന്നു അച്ഛന്റെ വരവ്. ജീവിതത്തിലെ ചിലവേറിയപ്പോഴും അച്ഛനെ ചിലവിന്റെ കാര്യം പറഞ്ഞു അമ്മ ബുദ്ധിമുട്ടിച്ചില്ല. ആവശ്യങ്ങൾ അറിയിച്ചുമില്ല. മൂന്നാളുടെ ആവശ്യങ്ങൾ എന്തെന്ന് അച്ഛനും അറിയാതായി. അതു കൊണ്ടു തന്നെ ബാക്കി ഉള്ളത് അച്ഛൻ അവിടെ സൂക്ഷിച്ചു.

കണ്ടിട്ടുണ്ട് അച്ഛൻ ചെക്ക് അയച്ചു കൊടുത്താൽ (അന്ന് atm ഇല്ലാലോ), ആ ചെക്കും കയ്യിൽ വെച്ചു ഈശ്വരാ ഞാൻ ഈ മാസം എന്തു ചെയ്യും എന്ന് കണ്ണിൽ വെള്ളം നിറച്ച് അമ്മ പറയുന്നത്. അച്ഛനോട് പറയ് എന്നു പറഞ്ഞാൽ വേണ്ട അച്ഛനെ ബുദ്ധിമുട്ടിക്കേണ്ട, അവിടെ പണിയൊക്കെ കുറവാണ് അതിനിടയിൽ നമ്മളായിട്ടു അച്ഛനെ ഓരോന്ന് പറഞ്ഞു ബുദ്ധിമുട്ടിക്കരുത് എന്നു പറയും. അയക്കുന്ന പണം കൊണ്ട് ജീവിക്കണം, സമ്പാദിച്ചും കാണിക്കണം.പ്രവാസിയുടെ ഭാര്യയുടെ ഏറ്റവും വലിയ വെല്ലുവിളി.

ഇതൊക്കെ കണ്ടു മടുത്തു ഗൾഫ്കാരനെ വേണ്ട എന്നു പറഞ്ഞു നടന്ന എനിക്കും കിട്ടിയത് ഗൾഫ്കാരനെ തന്നെ. പ്രവാസിയുടെ ദുഃഖങ്ങൾ ചർച്ച ചെയ്യുമ്പോഴും പ്രവാസി ആയതിനെ ഓരോരുത്തർ ശപിക്കുമ്പോഴും ആരും സ്വന്തം ഭാര്യമാരുടെ വിഷമങ്ങൾ കാണാറില്ല. അവളവിടെ സുഖിച്ചു കഴിയുകയല്ലേ എന്ന പല്ലവി എത്രയോ പേർ പറയാറുണ്ട്.

ഉത്തരവാദിത്തങ്ങൾ മുഴുവൻ ഒറ്റയടിക്ക് ചുമലിലേക്ക് വീഴുകയാണ് ഒരു പെണ്ണിന്. മാസം എത്തുന്ന പൈസ കാത്തിരിക്കുന്നതിൽ തുടങ്ങുന്നു ജീവിതം. സേവിങ്‌സ് നിർബന്ധമായും ഉണ്ടാവണം.വീട്ടിലെ എല്ലാരുടെയും ആവശ്യങ്ങൾ ചെയ്തു കൊടുക്കണം.കുടുംബത്തിലെ കല്യാണം, കുഞ്ഞിനെ കാണൽ, തുടങ്ങി സകല ആവശ്യവും ഇതിൽ തന്നെ, ചിലവ് വേറെയും. ആദ്യത്തെ 15 ദിവസം മനസ്സിൽ ടെന്ഷന് ആവും.കടവും, വീട്ടു ചിലവും കുറിയും എല്ലാം കഴിഞ്ഞാൽ ഒന്നു തലവേദനയക്ക് മരുന്ന് വാങ്ങാൻ മിച്ചം കിട്ടില്ല.

പൈസ തികഞ്ഞില്ല എന്നെങ്ങാനും വിളിച്ചു പറഞ്ഞാൽ പൈസ എല്ലാം കലക്കി കുടിച്ചോ എന്ന ചോദ്യവും. എത്ര സങ്കടം വന്നാലും മക്കള് കാണാതെ തീർക്കാൻ പാട് പെടുന്ന കുറെ ജന്മങ്ങൾ ഉണ്ട് ഓരോ വീടിന്റെയും നാലു ചുമരുകൾക്കുള്ളിൽ. അയച്ചു തരുന്നത് കൊണ്ടു രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാട് പെട്ടും, ജീവിതത്തിൽ ഒറ്റപ്പെട്ടും എത്രയോ ഭാര്യമാർ.. അതിലും ഭയങ്കരം മറ്റൊന്നാണ്… ഗൾഫ്കാരന്റെ ഭാര്യയല്ലേ, ഇവൾ എന്തായാലും ഇന്നല്ലെങ്കിൽ നാളെ വഴി തെറ്റും എന്നൊരു ധാരണയാണ് ചില മീശ വെച്ച ആൺകോലങ്ങൾക്ക്..

മക്കളുടെ ആവശ്യത്തിനും വീട്ടിലെ ആവശ്യത്തിനും രണ്ടു ദിവസം അടുപ്പിച്ചു പുറത്തിറങ്ങിയാൽ മതി മൂന്നാം ദിവസം അവൾ കറങ്ങുന്നവളും മറ്റും ആവാൻ. സമൂഹത്തെ പേടിച്ചേ ഓരോ പ്രവാസിയുടെ ഭാര്യക്കും ജീവിക്കാൻ പറ്റൂ ഇന്നീ സമൂഹത്തിൽ അവളുടെ പിന്നാലെയുണ്ട് കഴുകൻ കണ്ണുകളുമായി ചില ഭ്രാന്തന്മാർ..കൊത്തി വലിക്കാൻ..

ഇതൊക്കെ സഹിക്കുമ്പോഴും എന്നിട്ടും ഭർത്താക്കന്മാർ ചോദിക്കും നിനക്ക് എന്തിന്റെ കുറവാണ്.. മാസം പൈസ അയക്കുന്നില്ലേ ഞാൻ എന്നു. നല്ല വാക്ക് പറയാൻ മറന്ന് പോവുന്ന എത്രയോ ഭർത്താക്കന്മാർ ഉണ്ട്… പ്രവാസി ആയതിനെ ശപിക്കും മുൻപ് , നിങ്ങൾക്ക് വേണ്ടി ഒരു കുടുംബത്തിനെ നിങ്ങളുടെ സ്ഥാനത്ത് നിന്ന് നടത്തി കൊണ്ടു പോവുന്ന , മക്കളെ നല്ലവരായി വളർത്തി നിങ്ങളുടെ കൈകളിലേക്ക് തരുന്ന നിങ്ങളെ മാത്രം പ്രതീക്ഷിച്ചു ആ വരവും കാത്തു ഇരിക്കുന്ന സ്നേഹം മാത്രം പകരം പ്രതീക്ഷിച്ചു ഇരിക്കുന്ന ഒരു പെണ്മനസ്സും ഉണ്ട് ദൂരെ എന്നു ഒരു നിമിഷം ഓർക്കൂ.
കടപ്പാട്.