ശാരീരിക ബന്ധം എന്നു കേൾക്കുമ്പോ കുട്ടികളെ ജനിപ്പിക്കുവാന്‍ മാത്രമെന്നു വിചാരിക്കുന്നവർ അറിയാൻ

EDITOR

ശാരീരിക ബന്ധം എന്നു കേള്‍ക്കുമ്ബോള്‍ കുട്ടികളെ ജനിപ്പിക്കുവാന്‍ മാത്രമുള്ളയെന്തോ ഒരു പ്രക്രിയയായി മാത്രം കാണുന്നവര്‍ ഇന്നും നമുക്കിടയിലുണ്ട്.മധുവിധു നാളുകളില്‍ പോലും അവന്‍ അവളുടെ നഗ്‌നത ഇരുട്ടിലല്ലാതെ അനുഭവിച്ചിട്ടില്ല.നീണ്ട ഒരു മാസം അവന് കാത്തിരിക്കേണ്ടി വന്നു. അവളോടൊന്നാകുവാന്‍. അവള്‍ക്ക് ഭയമാണ്. എന്താണ് സെക്‌സ് എന്ന് അവള്‍ക്ക് അറിയില്ല. ആകെയറിയാവുന്നത് കുട്ടികളെ ഉണ്ടാക്കുവാന്‍ വേണ്ടി ഒരു പുരുഷനും സ്ത്രീയും കൂടി ചെയ്യുന്ന ഒരു ശാരീരിക പ്രക്രിയ എന്ന് മാത്രമാണ്.

രക്ഷകര്‍ത്താക്കള്‍ ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും സെക്‌സിനെ കുറിച്ചു പറഞ്ഞു കൊടുക്കണം.വേറെ ആരാണ് അവര്‍ക്ക് പറഞ്ഞു കൊടുക്കേണ്ടത്?തെറ്റായ അറിവുകള്‍ കൂട്ടുകാരില്‍ നിന്നും ലഭിക്കുന്നതില്‍ എത്രയോ നല്ലതാണ് രക്ഷകര്‍ത്താക്കളില്‍ നിന്നും ശരിയായ അറിവ് ലഭിക്കുന്നത്.ഇതുപോലെ വേറെയും സ്ത്രീകളുടെ അനുഭവങ്ങള്‍ കേട്ടിട്ടുണ്ട്. അവന് ആവശ്യം വരുമ്ബോള്‍ മാത്രം നിര്‍വികാരതയോടെ കിടന്നു കൊടുക്കുന്നവള്‍.

പുരുഷന് എന്ത് വേണമെന്ന് അവള്‍ക്ക് അറിയില്ല. അതുപോട്ടെ. അവള്‍ക്ക് എന്ത് വേണമെന്ന് അവനും അറിയില്ല.ഇതൊക്കെ പറയുമ്ബോള്‍ ഇപ്പോഴത്തെ പെണ്‍കുട്ടികളെ കുറിച്ചാണോ എന്ന് അതിശയം തോന്നാം.അതേ ഇപ്പോഴുമുണ്ട് ഇത്തരം പെണ്‍കുട്ടികളും ചില പുരുഷന്മാരും. കിടപ്പറയില്‍ അഞ്ചു മിനിറ്റ് മാത്രം ചെയ്യേണ്ട ഒന്നല്ല സെക്‌സ്.പുരുഷന് മാത്രം രതിമൂര്‍ച്ഛ വരുന്ന വരെ ചെയ്യേണ്ട ഒരു കാര്യമല്ലത്. സ്ത്രീയ്ക്കും അറിയാന്‍ അവകാശമുണ്ട്. അവളും രതിമൂര്‍ച്ഛ അറിയട്ടെ.

രതിമൂര്‍ച്ഛ അനുഭവിച്ച എത്ര മലയാളി സ്ത്രീകളുണ്ടാവും?ചില പുരുഷന്മാരുമുണ്ട്. അവരുടെ സുഖത്തെ കുറിച്ചു മാത്രം ചിന്തിക്കുന്നവര്‍. അവര്‍ക്ക് ശുക്ലസ്ഖലനം നടക്കുവാന്‍ വേണ്ടി അഞ്ചു മിനിറ്റ് മാത്രം സെക്‌സ് ചെയ്യുന്നവരുണ്ട്.ഭാര്യയ്ക്ക് എന്ത് വേണമെന്നോ, അവളുടെ ഇഷ്ടങ്ങള്‍ എന്തെന്നോ അറിയുവാന്‍ ശ്രമിക്കാത്ത പുരുഷന്മാരുണ്ട്.അവളുടെ ആവശ്യങ്ങള്‍ വാ തുറന്നു പറഞ്ഞൂടെ എന്നു ചോദിക്കുന്ന പുരുഷന്മാരോട്.

അവള്‍ അങ്ങനെയാണ്.എല്ലാം നിങ്ങളെപ്പോലെ വെട്ടിത്തുറന്ന് പറയണമെന്നില്ല. സ്‌നേഹിച്ചും, ചോദിച്ചും അറിയുവാന്‍ ശ്രമിക്കുക. അവള്‍ പറയും. തീര്‍ച്ച.അതുപോലെ കുട്ടികള്‍ ആയതിന് ശേഷം ഒരുമിച്ചു കിടക്കുകയോ, ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നത് വിരലില്‍ എണ്ണാവുന്ന തവണകളായി ചുരുങ്ങുന്നവരും ഉണ്ട്.ചിലരുടെ ചിന്ത അങ്ങനെയാണ്. അതുപോലെ ഒരു പ്രായം ആയാല്‍ 50, 60 വയസ്സിന് ശേഷം രണ്ടു കട്ടിലില്‍ അല്ലെങ്കില്‍ രണ്ടു മുറിയില്‍ ഉറങ്ങുന്ന ഭാര്യാഭര്‍ത്താക്കന്മാരെ കാണാം.

ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ പ്രായപരിധി എന്തിന്?ഒരുമിച്ചു കിടക്കുന്നതില്‍ തെറ്റ് എന്താണ്?എന്നും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ മാത്രമല്ല ഒരുമിച്ചു കിടക്കുന്നത്.ആ മാറിലൊന്നു തല ചായ്ച്ചു ഉറങ്ങുവാന്‍. അതുമല്ലെങ്കില്‍ കരങ്ങള്‍ ആ നെഞ്ചില്‍ അമര്‍ത്തി ഉറങ്ങുമ്ബോള്‍ കിട്ടുന്ന ആ ആശ്വാസമൊന്ന് അറിയുവാന്‍.തുറന്ന് പരസ്പരം സംസാരിക്കുക. ഇഷ്ടങ്ങളും അനിഷ്ട്ടങ്ങളും നാണിക്കാതെ പറയുക.

ഒരു ജീവിതകാലം മുഴുവന്‍ നിങ്ങള്‍ കൂടെ കഴിയേണ്ട വ്യക്തിയോട് തുറന്ന് സംസാരിക്കുവാന്‍ സാധിക്കുന്നില്ലെങ്കില്‍ ആ ബന്ധത്തിലെന്തോ കുഴപ്പമില്ലേ?ഒരു ജീവിതം മുഴുവന്‍ പങ്കു വെക്കേണ്ട വ്യക്തിയോട് എല്ലാം തുറന്ന് പറയുക. അതിലൂടെ ലഭിക്കുന്ന സന്തോഷം അനിവചനീയമാണ്.ശ്രമിച്ചു നോക്കൂ.കുട്ടികള്‍ ഉണ്ടായാല്‍ മാറ്റി നിര്‍ത്തേണ്ട ഒന്നല്ല ശാരീരികബന്ധം.

അങ്ങനെ മനോഭാവമുള്ള സ്ത്രീകളെയും പുരുഷന്മാരെയും കണ്ടിട്ടുണ്ട്.സ്ത്രീകള്‍ക്ക് ഒരുപക്ഷേ കുട്ടികള്‍ ഉണ്ടായതിന് ശേഷം പല മാനസിക പിരിമുറുക്കങ്ങളിലൂടെ കടന്ന് പോകുമ്ബോള്‍ സെക്‌സ് എന്നത് ചിന്തകള്‍ക്കും അപ്പുറമാവാം.എന്നാലും സ്ത്രീകളെ, പുരുഷന്മാര്‍ക്ക് അപ്പോഴും സെക്‌സ് ആവശ്യമാണ്.നിങ്ങളുടെ മനസ്സും ശരീരവും സമ്മതിക്കുമ്ബോള്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുക.കുട്ടികളായി എന്നത് സെക്‌സ് അസ്വദിക്കുവാതിരിക്കുവാനുള്ള ഒരു കാരണമല്ല.

ഗര്‍ഭിണിയായിരിക്കുമ്ബോള്‍ ചില സ്ത്രീകള്‍ അവരുടെ ശരീരത്തില്‍ തൊടാനോ, ശാരീരിക ബന്ധത്തിലേര്‍പ്പെടുവാനോ സമ്മതിക്കാറില്ല.വിരക്തി ചിലര്‍ക്ക് തോന്നാം. പക്ഷെ അതോന്നുമല്ലാതെ ഗര്‍ഭിണി ആയിരിക്കുമ്ബോള്‍ സെക്‌സ് പാടില്ല എന്നു പറഞ്ഞു ഭര്‍ത്താക്കന്മാരെ അടുപ്പിക്കാത്ത സ്ത്രീകളുമുണ്ട്.പല തെറ്റിദ്ധാരണകളും അതിന് കാരണമാണ്.ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെടാം.മറുപിള്ള താഴ്ന്ന ചില ഗര്‍ഭാവസ്ഥയില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാതെയിരിക്കുക. കാണിക്കുന്ന ഡോക്ടറോട് ഈ കാര്യങ്ങള്‍ ചോദിക്കുവാന്‍ മടിക്കേണ്ടതില്ല. സ്‌നേഹത്തോടെ ഒരു തലോടലോ, സംസാരമോ മതി വാക്കുകളുടെ പരിഭവങ്ങള്‍ക്ക് മേലെ പറക്കുവാന്‍. ശ്രമിച്ചു നോക്കൂ.കുഞ്ഞു കുഞ്ഞു കാര്യങ്ങളില്‍ വിവാഹബന്ധങ്ങളില്‍ മാറ്റം വരുത്തുവാന്‍ ശ്രമിക്കുക.

വളരെ വ്യത്യാസം ഉണ്ടാകും.ആരെങ്കിലും ഒരാള്‍ താഴ്ന്നു കൊടുക്കുക.
അത് എല്ലായ്‌പ്പോഴും ഒരാള്‍ ആകണമെന്നില്ല. രണ്ടു പേര്‍ക്കുമാവാം.പരസ്പരം സഹരിച്ചും, ക്ഷമിച്ചും, സ്‌നേഹിച്ചും ജീവിക്കുക.കഴിയുവോളം. ഇല്ലെങ്കില്‍ പരസ്പരം സംസാരിച്ചു തീരുമാനിക്കുക.സംസാരിച്ചാല്‍ തീരാവുന്ന പ്രശനങ്ങളാണ് ഒട്ടുമിക്ക കുടുംബങ്ങളിലും.പക്ഷെ പലരും സംസാരിക്കില്ല. ഉള്ളില്‍ കിടന്ന് നീറി നീറി സ്വയമുരുകി അവസാനം അതൊരു പൊട്ടിത്തെറിയിലൊടുങ്ങും.അപ്പോഴേയ്ക്കും വൈകി പോകാതെയിരിക്കട്ടെ.

Dr. ഷിനു ശ്യാമളൻ..