പ്രെഗ്നൻസി കാർഡിലെ രണ്ടു ചുവന്ന വര കണ്ടതും എന്റെ സ്വപ്നങ്ങളെല്ലാം ഒരു നിമിഷം കൊണ്ടു തകർന്നു വീഴുന്ന പോലെ തോന്നി.റിസൾട്ടുമായി ബെഡിൽ പബ്ജി കളിച്ചോണ്ടിരിക്കുന്ന ഉണ്ണിയേട്ടനു മുൻപിൽ ഞാൻ എത്തി.കെട്ട്യോൾ ഭദ്രകാളിയെ പോലെ മുൻപിൽ നിൽക്കുന്നത് കണ്ടാവണം ഏട്ടൻ കളി തൽകാലത്തേക്ക് മതിയാക്കി എന്നെ നോക്കിയത്.”ദേ ഇങ്ങോട്ട് നോക്ക്.. ഇതെങ്ങനെ സംഭവിച്ചു..? “കാർഡിൽ നോക്കിയ ഉണ്ണിയേട്ടന്റെ മുഖത്ത് പൂർണചന്ദ്രന്റെ വെട്ടം ആയിരുന്നു.. ചാടി എഴുന്നേറ്റ് എന്റെ വയറിൽ ഉമ്മ വെച്ചതും എന്റെ കലിപ്പ് ഇരട്ടിയായി.
“ഓഹോ.. അപ്പൊ എന്നെ പറ്റിക്കായിരുന്നല്ലെ..? ഐ ഹേറ്റ് യു.. ” ന്നും പറഞ്ഞ് ദേഷ്യത്തിൽ നടന്നകന്ന എന്നെ ഏട്ടൻ പിറകിൽ നിന്നും വിളിക്കുന്നുണ്ടായിരുന്നു..മുറിയിൽ കേറി ഡോർ ശക്തിയിൽ അടച്ചു .സന്തോഷിക്കണ്ട നേരത്തും നീർതുള്ളികൾ ധാരയായി ഒഴുകി കൊണ്ടേയിരുന്നു.അതിന് കാരണം ഉണ്ട്.ഒന്നാമത് എന്റെ പഠനം പാതി വഴിയിൽ മുടങ്ങി പോകുമോ എന്ന ഭയം..കോഴ്സ് തീരാൻ അഞ്ചു മാസം കൂടെയുണ്ട്.അത് കഴിഞ്ഞു മതി ഒരു കുഞ്ഞെന്ന തീരുമാനത്തിൽ ആയിരുന്നു ഞങ്ങൾ.
രണ്ടാമത് എന്റെ ഏട്ടന്റെ കല്യാണമാണ് ഇരുപതു ദിവസം കഴിഞ്ഞാൽ.. ഞാനാണേലോ ആകെയുള്ള കുഞ്ഞു പെങ്ങളും.കല്യാണത്തിന് പത്തു ദിവസം മുൻപേ പോയി അടിച്ച് പൊളിക്കാനുള്ള പ്ലാനിങ്ങിൽ ആയിരുന്നു.അമ്മയാണെൽ ഗർഭപാത്രം എടുത്തു മാറ്റിയ ഓപ്പറേഷൻ കഴിഞ്ഞു റെസ്റ്റിൽ ആണ്.അമ്മയുടെ കുറവ് അറിയിക്കരുത് എന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു.ഇനി ഒന്നും നടക്കില്ലല്ലോ എന്ന സങ്കടം ആയിരുന്നു എനിക്ക്.വാതിലിൽ ഒരുപാട് നേരമായി തട്ടി വിളിക്കുന്ന ഏട്ടന്റെ “അനൂ.നീയൊന്ന് വാതിൽ തുറക്ക്.എന്ന വിളിയാണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്.
വാതിൽ തുറന്ന എന്റെ മുഖത്തെ സങ്കടം കണ്ടിട്ടാവും എന്നോട് ഏട്ടൻ ഇങ്ങനെ പറഞ്ഞത്.”അനൂ.. നിനക്ക് ഇഷ്ടമല്ലേൽ നമുക്കീ കുഞ്ഞിനെ വേണ്ടെന്നു വെക്കാം.. “അത് കേട്ടതും ഞാനാ വായ പൊത്തി പിടിച്ചു.”വേണ്ട ഉണ്ണിയേട്ടാ.അത് ഒട്ടും പ്രതീക്ഷിക്കാതെ കണ്ടപ്പോൾ എനിക്ക് സങ്കടായതാ.സാരല്ല എല്ലാം അതിന്റെ വഴിയേ നടക്കും.എന്നു പറഞ്ഞതും ഏട്ടൻ എന്നെ കെട്ടിപിടിച്ചു.. എങ്കിലും ഉള്ളിൽ ചെറിയൊരു സങ്കടം ഉണ്ടായിരുന്നു.. അടുത്ത ദിവസം മുതൽ ഞാൻ ക്ലാസിൽ പോവുന്നത് നിർത്തി.. സദാ സമയവും ഏട്ടൻ എനിക്ക് കൂട്ടായി ഉണ്ടായിരുന്നു.
എനിക്ക് ഇഷ്ട്ടപെട്ട ഭക്ഷണം കഴിപ്പിക്കുന്ന ഡ്യൂട്ടിയിൽ ആയിരുന്നു ഏട്ടൻ.. എന്റെ വീട്ടിൽ അറിഞ്ഞപ്പോൾ അവരൊക്കെ അന്ന് തന്നെ എനിക്കുള്ള പലഹാരവുമായി എത്തി.. അച്ചപ്പം, നുറുക്ക്, ലഡ്ഡു തുടങ്ങി എനിക്കിഷ്ട്ടപെട്ട എല്ലാം ഉണ്ട്.രണ്ടു ദിവസം കഴിഞ്ഞു ഡോക്ടറെ കണ്ടപ്പൊഴാണ് എന്റെ ബോഡി വീക്ക് ആയോണ്ട് റസ്റ്റ് പറഞ്ഞത്.. യാത്ര ചെയ്യാൻ പാടില്ലെന്ന് കർശനമായി പറഞ്ഞു.. ഇതൊന്നും പോരാഞ്ഞു എല്ലാ ബുധനാഴ്ചയും ഇൻജെക്ഷനും.എന്തിനു പറയുന്നു കല്യാണത്തിന്റെ അന്ന് വരെയുണ്ട്.
ഹോസ്പിറ്റലിൽ നിന്നും തിരിച്ചുള്ള യാത്ര എന്റെ വീട്ടിലേക്കു ആയിരുന്നു.. ചെറിയ ശർദ്ദിയും, തലകറക്കവുമായി ഒരാഴ്ച പോയത് പെട്ടന്നായിരുന്നു.. ബുധനാഴ്ച ഇൻജെക്ഷൻ വെക്കേണ്ട ദിവസം ആയിരുന്നു കോഴിക്കോട് നിന്നും കല്യാണഡ്രസ്സ് എടുക്കാൻ തീരുമാനിച്ചത്.എനിക്ക് ഉള്ളിൽ നല്ല സങ്കടം ഉണ്ടായിരുന്നു.. ആകെയുള്ള അനിയത്തി എന്ന അവകാശം വെച്ചു ഡ്രസ്സ് എടുക്കാൻ പോവുന്നതും, എല്ലാവർക്കും സെലക്ട് ചെയ്യുന്നതും എല്ലാം ഒരുപാട് ആഗ്രഹിച്ചിരുന്നു.. എങ്കിലും എന്റെ സങ്കടം പുറത്തു കാണിച്ചില്ല.എനിക്ക് യാത്ര ചെയ്യാൻ പറ്റാത്തത് കൊണ്ട് രാവിലെ തന്നെ അച്ഛനും, അമ്മയും , ചേട്ടനും, ഭാവി നാത്തൂനും ഡ്രസ്സ് എടുക്കാൻ പോയി.. പത്തു മണിയോടെ ഉണ്ണിയേട്ടൻ ഇൻജെക്ഷൻ വെക്കാൻ ഹോസ്പിറ്റലിൽ പോവാനായി എത്തി..
കാർ നിർത്തിയത് ഹോസ്പിറ്റലിനു അടുത്തുള്ള വലിയ ടെക്സ്റ്റയിൽ ഷോപ്പിനു മുൻപിൽ ആയിരുന്നു.. ഒന്നും മനസിലാവാതെ ഞാൻ ഉണ്ണിയേട്ടനെ നോക്കിയപ്പോൾ എന്നെ ചേർത്ത് പിടിച്ച് ഏട്ടൻ അതിനകത്തേക്കു കേറി.അപ്പോഴാണ് സാരി സെക്ഷനിൽ നിക്കുന്ന എന്റെ ഫാമിലിയെ ഞാൻ കണ്ടത്.. ഞാൻ അത്ഭുതത്തോടെ ഏട്ടനെ നോക്കിയപ്പോൾ ഏട്ടൻ എന്നോട് പറഞ്ഞു.”നീ ഒരുപാട് ആഗ്രഹിച്ചതല്ലേ എല്ലാവർക്കുമുള്ള ഡ്രസ്സ് നിനക്ക് സെലക്ട് ചെയ്യണംന്ന്.. പെട്ടന്നു ചെല്ല് അവരെല്ലാം നിനക്ക് വേണ്ടി കാത്തു നിക്കാ.. കോഴിക്കോട് നിന്നുള്ള പർച്ചേസ് ഞങ്ങൾ നിനക്ക് വേണ്ടി ഇങ്ങോട്ട് മാറ്റി.എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.. എല്ലാവർക്കും ഉള്ള ഡ്രസ്സ് എടുത്തപ്പോഴേക്കും വൈകുന്നേരം ആയി.. ഇതിനിടയിൽ എനിക്കുള്ള ജൂസും മറ്റും ഉണ്ണിയേട്ടൻ എത്തിച്ചു തന്നു.. തിരിച്ചു വരുമ്പോൾ ഞാൻ ഒരുപാട് സന്തോഷത്തിൽ ആയിരുന്നു.
അടുത്ത ദിവസം തന്നെ വീട്ടിൽ പെയിന്റിങ് തുടങ്ങി.. അവരിൽ ഒരാളായി കള്ളി മുണ്ട് ഒക്കെ ഉടുത്തു ഉണ്ണിയേട്ടനും കൂടി. കല്യാണത്തിന് നാലു ദിവസം മുൻപേ ഏട്ടൻ വീട്ടിൽ എത്തി.. എന്റച്ഛനു മൂത്ത മകനായി എല്ലാം ചെയ്തു.കല്യാണ തലേന്ന് ജോലിക്കായി രണ്ടു സ്ത്രീകളെ ഏട്ടൻ തന്നെ ഏർപ്പാട് ചെയ്തു. എന്റമ്മക്കെന്നല്ല വന്ന ബന്ധുക്കൾക്കാർക്കും ഒരു ജോലിയും ഇല്ലായിരുന്നു.കല്യാണ ദിവസം പെണ്ണിനെ ഒരുക്കാനായി പോവാൻ ഒരുപാട് ആഗ്രഹം ഉണ്ടേലും യാത്ര ഓർത്ത് സങ്കടത്തോടെ മാറി നിന്നു. അവിടെയും ഞാൻ പ്രതീക്ഷിക്കാതെ ഏട്ടൻ വന്ന് കാറിൽ പതിയെ കൊണ്ടു പോയി.
മണ്ഡപത്തിൽ ഞാൻ ആഗ്രഹിച്ച പോലെ എല്ലാം നടന്നു.. താലി കേട്ടെല്ലാം കഴിഞ്ഞു ഞാൻ ഉണ്ണിയേട്ടനെ നോക്കുമ്പോൾ എന്റെ അടുത്തേക്ക് വന്ന് “നീ ആഗ്രഹിച്ച പോലെല്ലാം നടന്നില്ലേ അനൂ..”ന്ന് ചോദിക്കുമ്പോൾ ഞാനാ നെഞ്ചിലോട്ട് വീഴുകയായിരുന്നു.തിരക്കെല്ലാം കഴിഞ്ഞ് അന്ന് വൈകീട്ട് ഏട്ടൻ റൂമിൽ തളർന്നു ഉറങ്ങുമ്പോൾ എന്റച്ഛൻ പറയുന്നത് കേട്ടു.. “ഉണ്ണി നമ്മുടെ മൂത്ത മോനാണ്. മരുമോൻ അല്ലെന്ന്.മൂന്നു മാസം കഴിഞ്ഞതും വീണ്ടും അടുത്ത അത്ഭുതവുമായി ഏട്ടൻ വീണ്ടും വന്നത്.. “മൂന്നു മാസം കഴിഞ്ഞില്ലേ അനൂ.. നാളെ മുതൽ നിനക്ക് ക്ലാസിൽ പോവാം.. ഞാൻ നിനക്ക് രണ്ടു മാസത്തെ ലീവ് പറഞ്ഞിരുന്നു.
എങ്കിലും എനിക്ക് ധൈര്യകുറവ് ഉണ്ടായിരുന്നു.പൂർണ സപ്പോർട്ട് നൽകി അടുത്ത ദിവസം മുതൽ ഏട്ടൻ എന്നെ ക്ലാസിലോട്ട് വിട്ടു.പറ്റുന്ന സമയത്ത് എല്ലാം എന്നെ കൊണ്ടു വിടാനും, തിരിച്ചു കൊണ്ടു വരാനും ഏട്ടൻ വന്നു.ഒൻപതു മാസം ആയപ്പോഴേക്കും എന്റെ എക്സാം തീർന്നു.. ഡേറ്റിനു മുൻപേ ലേബർ പെയിൻ വന്നപ്പോൾ കരഞ്ഞു തളർന്ന എനിക്ക് ധൈര്യം തന്നത് ഏട്ടൻ ആയിരുന്നു.ഒരുപാട് വേദനകൾക്ക് ശേഷം എന്റെ കുഞ്ഞിനെ കണ്ടപ്പോൾ അത് വരെ അനുഭവിച്ച വേദനയെല്ലാം ഞാൻ മറന്നു.. എന്റെ മഹാദേവൻ ഞങ്ങൾക്കായി ഒരു ഉണ്ണികണ്ണനെ തന്നു.എനിക്കും കുഞ്ഞിനും മുത്തം തരുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു.
നമ്മുടെ ഒരു നിമിഷത്തെ സന്തോഷത്തിനായി ഒരിക്കലും അബോർട്ട് ചെയ്യരുത്. ദൈവം നമുക്ക് തരുന്ന വരദാനമാണ് കുഞ്ഞുങ്ങൾ.. കുഞ്ഞിനെ വേണ്ടെന്നു വെക്കുമ്പോൾ ഒരു നിമിഷം ഓർക്കുക കുട്ടികൾ ഇല്ലാതെ വിഷമിച്ചു കഴിയുന്ന ഒരുപാട് പേരുണ്ട്.അവരുടെ സ്വപ്നത്തെയാണ് നിങ്ങൾ കൊന്നു കളയുന്നത്.
രചന : അനുപമ അമ്മു