ഡിവോഴ്സ് അശ്വതി കരഞ്ഞുകലങ്ങിയ കണ്ണുകളോടെ ഭര്‍ത്താവിനെ നോക്കി.“എന്തോന്നാടീ നോക്കുന്നത്? ചോദിച്ചത് കേട്ടില്ലേ? നിന്നെ ഞാന്‍ ഡിവോഴ്സ് ചെയ്യാതിരിക്കാന്‍ ഒരൊറ്റ കാരണമെങ്കിലും ഉണ്ടെങ്കില്‍ പറയാനാണ് പറഞ്ഞത്. ഒരു കാരണമെങ്കിലും നിനക്ക് നല്‍കാന്‍ സാധിച്ചാല്‍, ഞാനെന്റെ തീരുമാനത്തില്‍ നിന്നും പിന്മാറാം” അനന്തന്‍ അമര്‍ഷത്തോടെ പറഞ്ഞു.
അശ്വതി ഏങ്ങലടിച്ചു കരഞ്ഞുകൊണ്ട് മുഖം കുനിച്ചു നിന്നതല്ലാതെ മറുപടി കൊടുത്തില്ല.“സ്ത്രീധനമായി നിന്റെ തന്തപ്പടി തരാമെന്ന് പറഞ്ഞ തുക അയാള്‍ തന്നില്ല; ഈ നൂറ്റാണ്ടില്‍ അത് കിട്ടുമെന്നു തോന്നുന്നുമില്ല. ഞാന്‍ അങ്ങോട്ട് ചോദിക്കാതെ ഇങ്ങോട്ട് തരാം എന്ന് നിന്റെ തന്തയല്ലേ ചാടിക്കേറി പറഞ്ഞത്? തരാനല്ലായിരുന്നു എങ്കില്‍ എന്തിനയാളത് പറഞ്ഞു?അനന്തന്റെ ചോദ്യത്തിന് അശ്വതിയുടെ പക്കല്‍ മറുപടി ഉണ്ടായിരുന്നില്ല. സത്യമാണ് അനന്തേട്ടന്‍ പറയുന്നത് എന്നവള്‍ക്കറിയാമായിരുന്നു.
“എനിക്കറിയാം നിനക്ക മറുപടി ഉണ്ടാകില്ലെന്ന്. അടുത്തതായി ആദ്യരാത്രി നിന്നോട് ഞാന്‍ പറഞ്ഞിരുന്നു, എന്റെ അച്ഛനോ അമ്മയ്ക്കോ നീ പ്രശ്നം ഉണ്ടാക്കാന്‍ പാടില്ലെന്ന്. പക്ഷെ നീയതനുസരിച്ചോ? വന്ന ദിനം മുതല്‍ നീ എന്റെ അച്ഛനോടും അമ്മയോടും ബന്ധുക്കളോടും ഇടപെടുന്നത് എങ്ങനെയെന്ന് ഞാന്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. നിന്റെ വീട്ടുകാരോട് നീ കാണിക്കുന്ന സ്നേഹത്തിന്റെയും വിധേയത്വത്തിന്റെയും നാലിലൊന്ന്, നീ എന്റെ മാതാപിതാക്കളോട് കാണിച്ചിട്ടുണ്ടോടീ? എന്നാല്‍ ഞാന്‍ നിന്റെ അച്ഛനോടും അമ്മയോടും ഇടപെടുന്ന രീതി നീ കണ്ടിട്ടുണ്ടല്ലോ? അവര്‍ നിന്റെ മാതാപിതാക്കളാണ് എന്ന വല്ല വ്യത്യാസവും എന്റെ പെരുമാറ്റത്തില്‍ ഞാന്‍ കാണിച്ചിട്ടുണ്ടോ? അതും നിന്റെ തന്ത വാക്ക് പാലിക്കാഞ്ഞിട്ടു കൂടി?”
അതിനും അശ്വതിയുടെ പക്കല്‍ മറുപടി ഉണ്ടായിരുന്നില്ല. അവളുടെ വിതുമ്പല്‍ നിശബ്ദതയെ ഭജ്ഞിച്ചു.പോട്ടെ ആഹാരം പാചകം ചെയ്യാന്‍ നിനക്കറിയാമോ? നീയുണ്ടാക്കുന്ന ഒരു ചായ സ്വയം കുടിക്കാന്‍ നിനക്ക് ധൈര്യമുണ്ടോ? ഉണ്ടോടീ?”എന്തിനാടാ നീ അവളെ ഇങ്ങനെ ചോദ്യം ചെയ്യുന്നത്? നിനക്ക് വേറെ പണി ഒന്നുമില്ലേ?” എല്ലാം കേട്ടുകൊണ്ടിരിക്കുകയായിരുന്ന അവന്റെ അമ്മ വെളിയിലേക്ക് വന്നു കോപത്തോടെ ചോദിച്ചു.അമ്മ ഇതിലിടപെടണ്ട. പോ; പോയി കഞ്ഞീം കറീം വയ്ക്ക്. അവള്‍ പറയട്ടെ”ഹും” അവനെ നോക്കി ഇരുത്തിയൊന്ന് മൂളിയിട്ട് അമ്മ ഉള്ളിലേക്ക് പോയി.
എന്താടീ, അതിനും മറുപടി ഇല്ലേ നിനക്ക്?അശ്വതി നൈറ്റിയുടെ അഗ്രം കൊണ്ട് മൂക്ക് ചീറ്റിത്തുടച്ച് ഏങ്ങലടി തുടര്‍ന്നതല്ലാതെ അവന് മറുപടി നല്‍കിയില്ല. അവള്‍ക്ക് മറുപടി ഉണ്ടായിരുന്നില്ല.പോട്ടെ, നിന്നെ പി ജി വരെ നിന്റെ തന്ത പഠിപ്പിച്ചു. നാളിതുവരെ നീയൊരു ജോലിക്ക് ശ്രമിച്ചിട്ടുണ്ടോ? വീട്ടുജോലിയോ നിനക്കറിയില്ല; ചെയ്യാന്‍ മനസുമില്ല. എന്നാല്‍ സ്വന്തം യോഗ്യതയ്ക്കനുസരിച്ച് കിട്ടുന്ന ഒരു ജോലിക്ക് ശ്രമിക്കാന്‍ നീയിവിടെ എത്തിയ അന്നുമുതല്‍ ഞാന്‍ പറഞ്ഞിട്ട്, നീയത് ചെയ്തോ?”അശ്വതിയുടെ കരച്ചിലിന്റെ ശക്തി കൂടി വന്നതല്ലാതെ അവള്‍ക്കതിനും മറുപടി ഉണ്ടായിരുന്നില്ല.
അതും പോട്ടേന്ന് വയ്ക്കാം; പുറത്ത് എവിടെങ്കിലും പോയാല്‍, നിനക്ക് മറ്റു പെണ്ണുങ്ങളെപ്പോലെ അണിഞ്ഞൊരുങ്ങാന്‍ അറിയാമോ? പത്തുപേരുടെ മുന്‍പില്‍ വച്ച് ഇതെന്റെ ഭാര്യയാണ് എന്ന് പറയാന്‍ എനിക്ക് രണ്ടുവട്ടം ആലോചിക്കേണ്ടി വന്നിട്ടില്ലേടീ നിന്റെ കാര്യത്തില്‍? ഒരുമാതിരി പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അമ്മച്ചിമാരുടെ ലുക്കില്‍ അവളുടെ ഒരു ഒരുക്കമുണ്ട്; ഒരൊറ്റ തൊഴി തരാനാണ് അന്നെരമോക്കെ എനിക്ക് തോന്നിയിട്ടുള്ളത്. എത്ര തവണ ഞാന്‍ നിന്നോട് പറഞ്ഞിട്ടുണ്ടെടീ ഒരു ബ്യൂട്ടി പാര്‍ലറില്‍ പോയി അതൊക്കെ ഒന്ന് പഠിക്കാന്‍? നീ അതിനു പുല്ലുവില കൊടുത്തോ?അശ്വതി ഭിത്തിയിലൂടെ ചാരി തളര്‍ന്ന മട്ടില്‍ നിലത്തേക്കിരുന്നു.
നീ ഇവിടെ വന്നിട്ട് വര്‍ഷം രണ്ടായി. ഈ അയല്‍പ്പക്കത്ത് ജീവിക്കുന്ന മനുഷ്യര്‍ ആരാണ്, അവരുടെയൊക്കെ പേരുകളെന്താ എന്ന് നിനക്കറിയാമോ? ഒരൊറ്റ സുഹൃത്ത് നിനക്കുണ്ടോടീ?അതിനും അവള്‍ക്ക് മറുപടി ഉണ്ടായിരുന്നില്ല. അനന്തന്‍ എന്തോ തീരുമാനിച്ച മട്ടില്‍ തലയാട്ടിക്കൊണ്ട് കസേരയിലേക്ക് ചാരി.അതാണ് ഞാന്‍ ചോദിച്ചത്, നിന്നെ ഡിവോഴ്സ് ചെയ്യാതിരിക്കാന്‍ നീയെനിക്ക് ഒരൊറ്റ കാരണം നല്‍കാമോ എന്ന്? ഇല്ലെങ്കില്‍, നിന്നെ നിന്റെ വഴിക്ക് വിടാന്‍ തന്നെയാണ് എന്റെ തീരുമാനം.അവന്‍ പറഞ്ഞത് കേട്ട് അവള്‍ ഞെട്ടലോടെ തലയുയര്‍ത്തി.
ഞാനിങ്ങനെയൊക്കെ ആയിപ്പോയി; എനിക്കൊന്നും അറിയില്ല അനന്തേട്ടാ. എന്നോട് ക്ഷമിക്ക്..” അവള്‍ കൈകൂപ്പി യാചിച്ചു.വീട്ടുജോലി അറിയില്ല, പുറം ജോലിക്ക് ശ്രമിക്കാന്‍ വയ്യ, തനിയെ അടുത്തുള്ള കടവരെ പോലും പോകാന്‍ വയ്യ, ആരോടും സംസാരിക്കാന്‍ വയ്യ, എന്റെ മാതാപിതാക്കളെ ബഹുമാനിക്കാന്‍ വയ്യ, അയല്‍ക്കാരോട് സഹകരിക്കാന്‍ വയ്യ, നേരാംവണ്ണം ഒരുങ്ങാന്‍ വയ്യ, ഒന്നും വയ്യ ഒന്നും അറിയില്ല. ആകെ അറിയാവുന്നത് സ്വന്തം വീട്ടുകാര് വരുമ്പോള്‍ മതിമറന്ന് അവരെ സന്തോഷിപ്പിക്കാന്‍ വേണ്ടതൊക്കെ ചെയ്യാന്‍ മാത്രം. അത് നല്ല ഭംഗിയായിത്തന്നെ ചെയ്യുകയും ചെയ്യും.
അതുകൊണ്ടാണ് ഞാന്‍ തീരുമാനിച്ചത് നീ നിന്റെ വീട്ടില്‍ നിനക്കിഷ്ടമുള്ളവരുടെ കൂടെ ഇനിയുള്ള കാലം സന്തോഷത്തോടെ ജീവിച്ചോട്ടെ എന്ന്. റെഡി ആയിക്കോ, നിന്നെ ഞാന്‍ കൊണ്ടുവിടാം. പുറകാലെ വക്കീല്‍ നോട്ടീസും അയയ്ക്കാം. എന്റെ കാരണം കാണിക്കല്‍ നോട്ടീസിനു മറുപടി ഇല്ല എന്ന് നീ തന്നെ സമ്മതിച്ച സ്ഥിതിക്ക്, ഇനി ഇക്കാര്യത്തിലൊരു സംസാരത്തിന്റെ ആവശ്യമില്ല”അശ്വതി കണ്ണുകള്‍ തുടച്ച് കടുത്ത ദുഖത്തോടെ അവനെ നോക്കി. അവളുടെ ദൈന്യത പക്ഷെ അവന്റെ മനസ്സലിയിച്ചില്ല.അനന്തേട്ടാ എനിക്കെന്റെ വീട്ടില്‍ ഒരു സന്തോഷോം കിട്ടത്തില്ല; എന്നെ അവിടെ കൊണ്ടുപോയി ആക്കല്ലേ, പ്ലീസ്” അവള്‍ വീണ്ടും പറഞ്ഞു.
“ഇല്ല; ഞാന്‍ തീരുമാനിച്ചുകഴിഞ്ഞു. നീ വെറും വേസ്റ്റ് ആണ്. ഒരു ഭാര്യയാകാനുള്ള യോഗ്യത ഇല്ലാത്ത നിന്നെ കെട്ടിയത് എനിക്ക് പറ്റിയ അബദ്ധം. പഴമക്കാര് പറയുന്നതുപോലെ, ഒന്നുകില്‍ മാനം, അല്ലെങ്കില്‍ ലാഭം, ഏതു കാര്യത്തിലും രണ്ടില്‍ ഒന്നെങ്കിലും ഉണ്ടായിരിക്കണം. നിന്റെ കാര്യത്തിലെനിക്കുള്ളത് നഷ്ടങ്ങള്‍ മാത്രം”
അശ്വതി നിരാശയും ദുഖവും കലര്‍ന്ന ഭാവത്തോടെ അവനെ നോക്കിയിട്ട് വീണ്ടും തലകുനിച്ചു; ഇതികര്‍ത്തവ്യഥാമൂഢയായി. അവന്‍ പറഞ്ഞതിനൊന്നും അവള്‍ക്ക് മറുപടി ഉണ്ടായിരുന്നില്ല. ഒരു നിര്‍വാഹവും ഇല്ലാഞ്ഞിട്ടും അച്ഛന്‍ ആഗ്രഹത്തിന്റെ പേരില്‍ അനന്തേട്ടനോട് ഇങ്ങോട്ട് പറഞ്ഞതാണ് കല്യാണം കഴിഞ്ഞ് ആറുമാസങ്ങള്‍ക്കകം ഒരുലക്ഷം രൂപ കൊടുക്കാമെന്ന്. പക്ഷെ കൊല്ലം രണ്ടായിട്ടും പതിനായിരം രൂപ പോലും നല്‍കാന്‍ അച്ഛന് കഴിഞ്ഞിട്ടില്ല. ബാക്കിയൊക്കെ, അനന്തേട്ടന്‍ പറഞ്ഞതെല്ലാം ശരി തന്നെയാണ്. എങ്കിലും.. അവള്‍ കണ്ണുകള്‍ തുടച്ചിട്ട് വീണ്ടും അവനെ നോക്കി. ആ മുഖത്ത് നിന്നും ദുഖഭാവം മാറി പകരം ഒരുതരം മരവിപ്പ് പടര്‍ന്നുപിടിച്ചിരിക്കുന്നത് അനന്തന്‍ കണ്ടു. അവളെന്തോ പറയാന്‍ ശ്രമിക്കുന്നുണ്ട് എന്നറിയാമയിരുന്ന അവന്‍, അത് കേള്‍ക്കാനായി കാത്തിരിക്കുകയായിരുന്നു.
“ശരി, എന്നെ കൊണ്ട് വിട്ടോളൂ. പക്ഷെ അനന്തേട്ടന്‍ എനിക്കൊരു കാര്യം ചെയ്തുതരണം; ഒരേയൊരു കാര്യം മാത്രം; എന്നാല്‍ ഞാന്‍ സ്വയം പൊയ്ക്കോളാം” മൌനം ഭജ്ഞിച്ചുകൊണ്ട് അവള്‍ പറഞ്ഞു.ഒന്നല്ല എന്ത് പണ്ടാരം വേണേലും ചെയ്യാം. നിന്നെ ഒഴിവാക്കി എനിക്ക് ശിഷ്ടകാലം സമാധാനത്തോടെ ജീവിക്കണം.അശ്വതി തീരുമാനം എടുത്തതുപോലെ തലയാട്ടി; എന്നിട്ടിങ്ങനെ പറഞ്ഞു:എനിക്ക് വേണ്ടത് മറ്റൊന്നുമല്ല; ഈ വീട്ടിലേക്ക് വരുമ്പോള്‍ ഞാനൊരു കന്യകയായിരുന്നു. അത് അനന്തേട്ടന്‍ നഷ്ടമാക്കി. എനിക്കെന്റെ കന്യാകത്വം തിരികെ വേണം. അത് തന്നാലുടന്‍ തന്നെ ഞാന്‍ പൊയ്ക്കോളാം”
അവളുടെ ആവശ്യം കേട്ട അനന്തന്‍ വാ പൊളിച്ച് അവളെ ഒരു അന്യഗ്രഹജീവിയെന്നപോലെ കുറേനേരം നോക്കിയിരുന്നു. എത്ര തല പുകച്ചിട്ടും അതിനൊരു മറുപടി അവനുണ്ടയിരുന്നില്ല. അതുകൊണ്ട് അവന്‍ മെല്ലെ എഴുന്നേറ്റ് മുണ്ട് മടക്കിക്കുത്തി.ഞാന്‍ മാര്‍ക്കറ്റിലോട്ട് പോവ്വാ; നിനക്ക് വല്ലതും മേടിക്കണോ?” ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ അവന്‍ ചോദിച്ചു.അമ്മയോട് ചോദിച്ചിട്ട് പറയാം”പറഞ്ഞിട്ട് അവള്‍ എഴുന്നേറ്റ് ഉള്ളിലേക്ക് പോയി.ഉള്ളില്‍ നിന്നും അമ്മയുടെ ചിരി അവന്‍ കേട്ടു. പിന്നാലെ അമ്മ അവളെയും കൂട്ടി പുറത്തേക്കെത്തി അവനെ നോക്കി ഇങ്ങനെ പറഞ്ഞു.
“വല്യ വക്കീല് കളിച്ചപ്പം ഇത് നീ ഓര്‍ത്തില്ല അല്ലെ? ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം ഇല്ലാതാകാന്‍ നീ പറഞ്ഞതൊന്നും ഒരു കാരണമല്ല. നിന്നെ മാത്രം സ്നേഹിക്കുന്ന ഈ പെണ്ണ്, നിന്റെയൊപ്പം വിശ്വസിച്ച് അച്ഛനെയും അമ്മയെയും സ്വന്തമായ സകലതും വിട്ടിട്ടു വന്ന ഇവള്‍, അവളെത്ര വലിയ പൊട്ടി ആയാലും നിന്റെ ശരീരമാണ് അവളെന്നത് നീ മറന്നു. വല്യ അറിവുണ്ടെന്ന് നടിക്കുകയും ഇത്ര ചെറിയ കാര്യം പോലും അറിയുകയും ചെയ്യാതെ പോയ നീ ഒരു വലിയ പൊട്ടനായിപ്പോയല്ലോടാ മോനെ.
അമ്മയുടെ വാക്കുകള്‍ കേട്ട അശ്വതി കുപ്പിവളകള്‍ കിലുങ്ങുന്നത് പോലെ, ദുഖമെല്ലാം മറന്നു കൊച്ചു കുട്ടിയെപ്പോലെ ചിരിക്കുന്നത് കണ്ട അനന്തന്‍, അവളെ ഇരുത്തിയൊന്ന് നോക്കിയിട്ട് പുറത്തേക്കിറങ്ങി.അനന്തേട്ടാ പായസം വയ്ക്കാനുള്ള സാധനങ്ങള്‍ വാങ്ങാന്‍ അമ്മ പറഞ്ഞു കേട്ടോ” അവള്‍ പെട്ടെന്ന് വിളിച്ചു പറഞ്ഞു.പായസം; ഉണ്ടയാ ഞാന്‍ മേടിക്കാന്‍ പോകുന്നത്. വേണേല്‍ നീയും അമ്മേം കൂടി പോ. ഞാന്‍ മനപ്രയാസം മാറ്റാന്‍ വല്ല വെഷോം കിട്ടുമോന്നു നോക്കട്ടെ”നില്‍ക്കടാ അവിടെ; നീ രണ്ടും മേടിച്ചോ. മനപ്രയാസം മാറ്റാനല്ല, സന്തോഷിക്കാന്‍; പക്ഷെ നിന്റെ വക്കീല്‍ നോട്ടീസിന് നല്‍കാന്‍ അവള്‍ക്കൊരു മറുപടി കൂടിയുണ്ട്. ചെല്ലടി മോളെ ചെന്ന് ആ പോത്തിനോട് പറഞ്ഞുകൊടുക്ക്” അമ്മ അശ്വതിയെ മുന്‍പോട്ടു തള്ളിക്കൊണ്ട് പറഞ്ഞു. അനന്തന്‍ കൌതുകത്തോടെ തിരിഞ്ഞു നോക്കി.
അശ്വതി അവനെ അടുത്തെത്തി ചുണ്ടുകള്‍ ചെവിയില്‍ മുട്ടിച്ച് ഇങ്ങനെ മന്ത്രിച്ചു.ഇയാളുടെ കുഞ്ഞ് എന്റെ വയറ്റില്‍ വളരുന്നുണ്ട്; അറ്യോ?”അനന്തന്റെ കണ്ണുകള്‍ വിടര്‍ന്നു.നേരാണോടീ.അശ്വതി ലജ്ജയോടെ തലയാട്ടി. അവന്റെ മനസ്സും ശരീരവും ഒരേപോലെ പൂത്തുലഞ്ഞു. അതിയായ സന്തോഷത്തോടെ, അമ്മ നില്‍ക്കുന്നത് പോലും ഗൌനിക്കാതെ അവനവളെ അരക്കെട്ടില്‍ ചുറ്റിപ്പിടിച്ച് പൊക്കിയെടുത്തു.ഈ ഒരൊറ്റ കാരണം പോരെടി നിന്നെ ഡിവോഴ്സ് ചെയ്യാതിരിക്കാന്‍? എന്തുകൊണ്ട് നീയിത് തുടക്കത്തിലെ പറഞ്ഞില്ലടീ ബുദ്ദൂസേ?”
അവന്റെ സ്നേഹപ്രകടനം കണ്ടു ചിരിയടക്കി അമ്മ ഉള്ളിലേക്ക് പൊയ്ക്കളഞ്ഞു.അത് പറയാന്‍ വല്യ സന്തോഷത്തോടെ വന്നപ്പോഴല്ലേ എന്നെ പിടിച്ചു നിര്‍ത്തി വിസ്തരിച്ചത്. ഇത്രേം നല്ലൊരു വാര്‍ത്തയുമായി വന്ന എന്നെ എന്തോരം കരേപ്പിച്ചു ദുഷ്ടന്‍” അവളവന്റെ കവിളില്‍ പരിഭവത്തോടെ നുള്ളി.ഞാനൊരു മണ്ടനാ അല്ലേടീ?” അവളെ മെല്ലെ താഴെ നിര്‍ത്തിയിട്ട് അവന്‍ ചോദിച്ചു.ഏയ് ഒരിക്കലുമല്ല, അനന്തേട്ടന്‍ പറഞ്ഞതെല്ലാം ശരിയാണ്. മാറാന്‍ ഞാന്‍ ശ്രമിക്കാം; സത്യമായും. പക്ഷെ കാശിന്റെ കാര്യം മാത്രം എന്റെ കൈയിലല്ല”നീ ബാക്കി കാര്യങ്ങള്‍ ഏറ്റാല്‍, കാശ് ആര്‍ക്ക് വേണമെടി; നമ്പരുകള്‍ കൂട്ടാന്‍ അതുംകൂടി പറഞ്ഞെന്നല്ലേ ഉള്ളൂ. എങ്കില്‍ ഞാന്‍ പോയിട്ട് വരാം. അധികം ശരീരം അനങ്ങാതെ നോക്കണേ. നമ്മുടെ കുഞ്ഞിനൊന്നും പറ്റരുത്.ഞാന്‍ സൂക്ഷിച്ചോളാം; പക്ഷെ രാത്രീല്‍ കുഞ്ഞിന്റെ കാര്യം മറന്നു വൃത്തികേട് കാണിക്കാന്‍ വരാതിരുന്നാല്‍ മതി” കള്ളച്ചിരിയോടെ അവള്‍ പറഞ്ഞതിന് മറുപടിയായി അവന്‍ അവളുടെ ചന്തിക്ക് തന്നെ ഒരു പെട പെടച്ചു.
രചന : സാമുവേൽ ജോർജ്