പ്രസവ വേദനയെ പേടിക്കാത്തവര്‍ നന്നേ ചുരുക്കും. മരണവേദനയ്ക്ക് തുല്യമെന്ന് പോലും പറയപ്പെടാറുണ്ട്. പ്രസവവേദന പേടിച്ച് കല്യാണം തന്നെ വേണ്ടെന്ന് ചിന്തിക്കുന്നവരും കുറവല്ല. കുഞ്ഞിന്റെ മുഖം കാണുന്നതോടെ പ്രസവ വേദന മറക്കുമെന്ന പതിവ് ചൊല്ലിലൂടെയാണ് മിക്ക സ്ത്രീകളെയും അടുപ്പമുള്ളവര്‍ ആശ്വസിപ്പിക്കാറ്.പ്രസവത്തെ കുറിച്ചും പ്രസവ വേദനയെ കുറിച്ചും വീണ എഴുതിയ കുറിപ്പ് ഇതിനകം തന്നെ വൈറലായിട്ടുണ്ട്.
വൈറലായ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ:MBBS പഠനകാലത്തെ ലേബർ റൂം പോസ്റ്റിങ്ങ്. ആദ്യപ്രസവം കണ്ടു കഴിഞ്ഞ് ആദ്യം ചെയ്തത് ഇതാണ്.കീശയിൽ നിന്നും ഫോൺ എടുത്ത് വീട്ടിലോട്ട് ഒറ്റ വിളി. അച്ഛനാണ് ഫോൺ എടുത്തത്.“കൊടുക്ക് ഫോൺ അമ്മക്ക്”പുലിയുടെ ഗർജ്ജനം ആയിത്തോന്നിയതുകൊണ്ടാവും അച്ഛൻ നൈസ് ആയി സ്കൂട്ടായി. അമ്മ ഫോൺ എടുത്തു. “എന്താ മോളേ” എന്ന് തികക്കും മുന്നെ ഞാൻ അലറിവിളിച്ചു. “നിങ്ങൾ ഷീജേച്ചിയെ പറ്റിച്ചില്ലേ ദുഷ്ട്ടകളേ ! വലിയ വേദനയൊന്നും ഇണ്ടാവൂലെന്നും പറഞ്ഞല്ലേ കല്യാണം ഇഷ്ട്ടല്ലെന്നു പറഞ്ഞ ആ പാവത്തിനെ പിടിച്ച് കെട്ടിച്ചത് !”
പ്രസവിക്കാൻ പേടിയായതുകൊണ്ട് കല്യാണം വേണ്ടെന്നു വെച്ച് നടന്ന ചേച്ചിയെ പൂച്ച പ്രസവിക്കുന്നത് കാട്ടി “ഇത്രേ ഉള്ളൂ. ശ് ന് തീരും.” എന്ന് പറഞ്ഞ് പറ്റിച്ചാണ് കല്യാണം നടത്തിയത്. സെക്സ്/ഹെൽത്ത് എജുക്കേഷൻ നിലവാരം അത്രമേൽ കൂടുതൽ ആയതുകൊണ്ട് ചേച്ചി ഇതൊക്കെ വിശ്വസിച്ചു. ലേബർ റൂമിൽ പോസ്റ്റിങ്ങ് സമയത്ത് ചേച്ചിക്ക് ഗർഭകാലം മാസം നാല്. തൊട്ടടുത്ത ആഴ്ച തന്നെ ചേച്ചിയെ കാണാൻ ഞാൻ എന്നെ അങ്ങോട്ട് കെട്ടിയെടുത്തു.
ഇത്രേം വിവരിച്ചു.വിചാരിക്കും പോലെയല്ല കാര്യങ്ങൾ. കുറച്ച് സഹിക്കേണ്ടി വരും. പക്ഷേ സഹിക്കാൻ പറ്റും. വേദന ഭീകരമാണ്. ഓരോ നിമിഷവും വേദന കൂടി വരും. മണിക്കൂറുകൾ വേദനയിൽ പിടയേണ്ടി വരും. പക്ഷേ, ഓരോ വേദനക്കിടയിലും കുറച്ച് മിനിട്ടുകൾ വേദന ഇല്ലാതെ വരും. അപ്പോൾ നന്നായി ശ്വാസംവലിച്ചു വിടുക. വേദനയുള്ളപ്പോളും നന്നായി ശ്വസിക്കാൻ ശ്രമിക്കുക. ഇടയ്ക്കിടെ യോനി പരിശോധിക്കും. Relax ചെയ്ത് കിടന്നാൽ മാത്രം ബുദ്ധിമുട്ട് കുറയും. കുഞ്ഞ് വരുന്നതിനു കുറച്ച് മുന്നെ യോനിയുടെ ഉള്ളിൽ നിന്നും പുറത്തേക്ക് കത്രിക ഉപയോഗിച്ച് കീറും. മലദ്വാരം ഉൾപ്പെടെയുള്ള ഭാഗങ്ങൾ അനിയന്ത്രിതമായി കീറിപ്പോകാതിരിക്കാൻ വേണ്ടിയാണിത്. ചിലപ്പോൾ വേദന മരവിപ്പിക്കാൻ സമയം കിട്ടില്ല.
പക്ഷേ, അങ്ങനെയാണേലും സാരമില്ല. പ്രസവവേദനക്കിടയിൽ അതൊന്നും മനസിലാവില്ല. പിന്നീട് തുന്നുമ്പോൾ മരവിപ്പിച്ചോളും. മറ്റൊന്ന്, ഇത്രയൊക്കെ ആയാലും ചിലപ്പോൾ ഓപ്പറേഷൻ ഇനിയും വേണ്ടി വന്നേക്കാം. ഫോർസെപ്സ് ഉപയോഗിച്ചെടുക്കാനും ശ്രമം നടക്കാം. കുഞ്ഞ് പുറത്തുവന്ന് ഇരുപതു മിനിറ്റുകൾക്കുള്ളിൽ മറുപിള്ള പുറത്തുവരും. വന്നില്ലെങ്കിൽ അനസ്തേഷ്യ തന്നു മയക്കിയോ അല്ലാതെയോ ഉള്ളിൽ കയ്യിട്ടു പുറത്തെടുക്കും. പ്രസവശേഷം ബ്ലീഡിങ് കൂടുതലാണെങ്കിൽ രക്തം കയറ്റേണ്ടതായി വരാം. ഗുരുതരമായി മാറുമെങ്കിൽ ചിലപ്പോൾ ഗർഭപാത്രം വരെ നീക്കം ചെയ്യേണ്ടതായി വരാം.ഈ വേദന പ്രസവിച്ചശേഷം പെട്ടെന്ന് മറക്കും എന്നൊക്കെ പറയുന്നത് വിശ്വസിക്കാൻ ബോധമുള്ളോർക്കു വെല്യ പാടാണ് !”
ഇതൊക്കെ പറഞ്ഞപ്പോഴേക്കും കഥകളിയിലെ നവരസങ്ങൾക്കു പുറമേ ഉള്ള രസങ്ങൾ കൂടെ ചേച്ചിയുടെ മുഖത്തു തെളിഞ്ഞുകണ്ടു. പിന്നേ കാണുന്നത് സ്വന്തം ഫോണിൽ നമ്പർ തിരയുന്ന ചേച്ചിയെയാണ് ! അതെന്റെ അമ്മയുടെ നമ്പർ അവരുതേ എന്ന് മാത്രം ഞാൻ പ്രാർത്ഥിച്ചു !തുടരും !
NB . ഇത്രയൊക്കെ നടക്കുന്ന സ്ഥിതിക്ക്, ഇതെല്ലാം സ്ത്രീ അറിയേണ്ടതല്ലേ ? ഒന്നും അറിയാതെ പോകുന്നപക്ഷം എന്തൊരു violation ആണ് നടക്കുന്നത്. പ്രസവിക്കാതിരിക്കാനുള്ള ചോയ്സ് ഉണ്ടെന്നും സ്ത്രീ അറിയേണ്ടതാണ് പ്രസവശേഷം കുഞ്ഞിനു കൊടുക്കുന്ന ഉമ്മയിൽ ഒരെണ്ണം ചേച്ചി എനിക്ക് തന്നു. ഇതൊന്നും അറിയാതെ പോയിരുന്നെങ്കിൽ സമനില വീണ്ടെടുക്കാൻ പറ്റുകയില്ലായിരുന്നു എന്നും പറഞ്ഞോണ്ട് കെട്ടിപ്പിടിച്ചു.