ഞാനല്ലാതെ ഒരാൾ കാണരുതെന്ന് ഞാൻ ആഗ്രഹിക്കുന്ന ഒരു കാഴ്ച്ചയുണ്ട്.ഒരു സ്ത്രീ ഒരിക്കലും കാണാൻ ഇഷ്ടപ്പെടാത്ത കാഴ്ച്ച

EDITOR

സ്വന്തം കൺമുന്നിൽ ഞാനല്ലാതെ ഇനി മറ്റൊരാൾ കൂടി കാണാൻ ഇടവരരുതെന്ന് ഞാൻ ആത്മാർത്ഥമായും ആഗ്രഹിക്കുന്ന ഒരു കാഴ്ച്ചയുണ്ട് എന്നെ പോലെ ഒരു സ്ത്രീ ഒരിക്കലും കാണാൻ ഇഷ്ടപ്പെടാത്ത കാഴ്ച്ച.

വിവരിക്കാനാവാത്ത വിധം ദു:ഖകരമായ കാഴ്ച്ച…” ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ഭയാനകമായ കാഴ്ച്ചയും, എന്റെ ജീവിതം തന്നെ മാറ്റിമറിച്ച കാഴ്ച്ചയും അതു തന്നെയാണ്…” പതിനെട്ട് വർഷം മുന്നേ, ഒരു ക്രിസ്തുമസ്സിന്റെ തലേ ദിവസം.., ഞാൻ നാട്ടിലെക്ക് പോകാൻ വേണ്ടി റെയിൽവേ സ്റ്റേഷനിൽ എത്തിയതാണ് അവിടാണെങ്കിൽ ഒരു ത്രിശ്ശൂർപ്പൂരത്തിനുള്ള ആളുണ്ട്, ട്രെയിൻ വരാൻ ഇനിയും മുക്കാൽ മണിക്കൂർ കൂടി കഴിയണം എന്നു മനസിലായതോടെയാണ് ഞാൻ ബസ്സിൽ പോകാൻ തീരുമാനിച്ചത്, ക്രിസ്മസ്സ് അവധി ആയതു കൊണ്ട് ട്രെയിനും ബസ്സും ഒക്കെ നല്ല തിരക്കാണ്.

സംഗതി തിരുവനന്തപുരത്തു നിന്ന് ത്രിശ്ശൂർക്ക് ട്രെയിനിലാണെങ്കിൽ തന്നെ ആറു മണിക്കൂറെങ്കിലും വേണം ബസ്സിലാണെങ്കിൽ രണ്ടു മൂന്നു മണിക്കൂർ പിന്നെയും കൂടും പക്ഷെ വേറെ നിവൃർത്തിയില്ല, രണ്ടു ദിവസം മുന്നേ പോകണം എന്നൊക്കെ കരുതിയതായിരുന്നു പക്ഷെ ഒാഫീസിലെ തിരക്ക് കാരണം ഒന്നും വിചാരിച്ച പോലെ നടന്നില്ല.., ഒരു ക്രിസ്ത്യാനി ആയിട്ടും, നല്ലൊരു ക്രിസ്മസ്സായിട്ടും നാട്ടിൽ പോകാതെങ്ങനാ…??

അപ്പനും അമ്മയും അനിയനും കാത്തിരിക്കുന്നുണ്ടാകും അവരെ പിണക്കുന്നതെങ്ങനെ….? അല്ലെങ്കിലും എന്തു വന്നാലും ക്രിസ്മസ്സിനു വീട്ടിലെത്തും, ക്രിസ്മസ്സിന്റെ അന്ന് വീട്ടുക്കാരുമൊത്തുള്ള പള്ളിപ്പോക്ക് മുടക്കാറില്ല, അതൊരു വലിയ സുഖവും, സന്തോഷവും, എനർജിയുമാണ്. ഈ ക്രിസ്മസിനെങ്കിലും രണ്ടു ദിവസം മുന്നേ വീട്ടിലെത്തണമെന്നു വിചാരിച്ചതായിരുന്നു അതും നടന്നില്ല, ബസ്സിലും നല്ല തിരക്കുണ്ടായിരുന്നു ഒന്നു രണ്ടു ബസ്സ് ഒഴിവാക്കിയ ശേഷമാണ് സീറ്റുള്ള വണ്ടി കിട്ടിയത്.., ടിക്കറ്റെടുത്ത് കുറച്ചു കഴിഞ്ഞു, സമയം ഒരുപാടുണ്ട്, ജോലി ഭാരം കഴിഞ്ഞ കുറച്ചു ദിവസമായി കൂടുതലായിരുന്നതു കൊണ്ട് ഒന്നു മയങ്ങാൻ തന്നെ തീരുമാനിച്ചു, നല്ല ക്ഷീണമുണ്ടായിരുന്നതു കൊണ്ട് പെട്ടന്നു തന്നെ ഞാൻ ഉറങ്ങാൻ തുടങ്ങി.

കുറച്ചു കഴിഞ്ഞതും ഒരു കുലുക്കത്തോടെ ബസ്സ് പെട്ടന്നു ഒന്നു നിന്നതും ഞാനും ഉണർന്നു നോക്കുമ്പോൾ ബസ്സ് ഹരിപ്പാട് എത്തിയിരുന്നു., അല്ലെങ്കിലും ഒരു ഉറക്കം കൊണ്ടൊന്നും നമ്മൾ നാടെത്തില്ല, മൂന്നു ഉറക്കമെങ്കിലും വേണ്ടി വരും, വളരെ അത്യാവശ്യമുള്ളപ്പോൾ പ്രത്യേകിച്ചും പിന്നെയും കുറെ മണിക്കൂറുകൾ സഞ്ചരിക്കേണ്ടതുള്ളതു കൊണ്ട് ബസ്സ് പിന്നെയും നീങ്ങാൻ തുടങ്ങിയതോടെ ഉറക്കത്തെ തന്നെ കൂട്ടു പിടിക്കാൻ ഞാൻ തീരുമാനിച്ചു, എറണാകുളം വരെ എത്തി കിട്ടിയാൽ ഒരു ധൈര്യമാണ്, അവിടം വരെ എത്തിയാൽ പിന്നെ പെട്ടന്നു നാടെത്തും എന്ന ഒരു തോന്നൽ., ക്ഷീണം പിന്നെയും എന്നെ ഗാഢമായ ഉറക്കത്തിലെക്ക് നയിച്ചു, അതോടൊപ്പം ഏതോ ഒരു സ്വപ്നവും എന്റെ ഉറക്കത്തിൽ തെളിഞ്ഞു, ആ സ്വപ്നത്തിന്റെ നിറച്ചാർത്തിൽ മറ്റെല്ലാം മറന്നുറങ്ങുകയായിരുന്നു.,

പെട്ടന്നാണ് വലിയൊരു ശബ്ദത്തിൽ ബസ്സൊന്നു ആടിയുലഞ്ഞത്, ബസ്സ് പെട്ടന്ന് നിൽക്കുകയും ചെയ്തു, ബസ്സ് നിന്നപ്പോഴുള്ള കുലുക്കത്തിൽ ഞാനും ഉണർന്നു, എന്താണ് സംഭവിച്ചതെന്ന് എനിക്ക് പെട്ടന്നു മനസിലായില്ല, സ്വപ്നത്തിൽ എന്തോ സംഭവിച്ചെന്നാണ് ഞാൻ കരുതിയത്., എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു ആർക്കും പെട്ടന്നൊന്നും മനസിലായില്ല, നോക്കുമ്പോൾ പുറത്ത് എന്തോ ബഹളം നടക്കുന്നുണ്ട്, പറക്കം പായുന്ന കാലൊച്ചകൾ, അടക്കിപ്പിടിച്ച സംസാരം, എല്ലാവരും പിരിമുറുക്കത്തിലാണ്, എന്തോ കുഴപ്പമുണ്ട്, അതെ സമയം ഒരാൾ പറഞ്ഞു ആക്സിഡന്റാണ്, ദൈവമേ യാത്ര മുടങ്ങിയല്ലോ..?

ആ സ്ഥലം ഏതാണെന്നു പോലും എനിക്കു മനസിലാകുന്നില്ല, എനിക്കാണെങ്കിൽ ദേഷ്യവും പരിഭവവും ഒക്കെ വരുന്നുണ്ട് ഇനിയും അടുത്ത ബസ്സ് മാറി കേറി പോകുക എന്നു വെച്ചാൽ സീറ്റും കിട്ടില്ല കഷ്ടപ്പാടുമായിരിക്കും, ഈ ക്രിസ്മസ്സ് അത്ര സുഖകരമായിരിക്കില്ല എന്നതിന്റെ എല്ലാ ലക്ഷണങ്ങളും കണ്ടു തുടങ്ങിയിരിക്കുന്നു, ഞാൻ ജനലിലൂടെ പുറത്തേക്ക് തലയിട്ടു നോക്കി, സംഭവം ശരിയാണ് ” ഒരു അപകടം നടന്നതിന്റെ ലക്ഷണങ്ങൾ എല്ലാം റോഡു നിറയെ കാണുന്നുണ്ട്, റോഡു നിറയെ ഒാടി കൂടിയ ആളുകളെ കൊണ്ടു നിറഞ്ഞിരിക്കുന്നു, ഇടിയെറ്റ ജീപ്പ് മേൽ ഭാഗം മൊത്തം തകർന്ന് നിലയിൽ എതിർവശത്തു കിടക്കുന്നുണ്ട്, ഇടിച്ച ലോറിയും റോഡിനു വിലങ്ങനെ യാത്രക്ക് തടസമായി കിടക്കുന്നു, ഞാൻ സീറ്റിൽ തന്നെയിരുന്നു,

വിചാരിച്ച സമയത്തൊന്നും വീട്ടിലെത്തിലെന്ന് ഉറപ്പായതോടെ എനിക്ക് ഇച്ഛാഭംഗത്തോടൊപ്പം കടുത്ത നിരാശയും തോന്നി, എല്ലാവരും ഇറങ്ങാൻ തുടങ്ങിയതോടെ ഞാനും ഇറങ്ങി, എല്ലാവരേയും പോലെ ലോറി കിടക്കുന്നതിനു അപ്പുറത്തു പോയി വന്നു മടങ്ങുന്ന ഏതെങ്കിലും ഒരു വണ്ടി എന്നതു തന്നെയായിരുന്നു എന്റെയും മനസ്സു നിറയേ, ക്രിസ്മസ്സാണ് എങ്ങിനേയും നാട്ടിലെത്തിയേ പറ്റൂ., അതെ സമയം അന്നേരം എനിക്കു ചുറ്റുമുണ്ടായിരുന്നവരുടെ സംസാരത്തിൽ നിന്നാണ് അവിടെ നടന്ന ആ ആക്സിഡന്റിന്റെ ഭീകരതയേ കുറിച്ച് എനിക്ക് മനസിലായത്, അപകടം നടന്നയുടൻ ലോറി ഡ്രൈവർ ഇറങ്ങി ഒടിയത്രെ.., അപ്പോഴാണ് ശ്വാസം നിലച്ചു പോയേക്കാവുന്ന ആ കാഴ്ച്ച ഞാൻ കണ്ടത്.

എന്റെ രക്തം തണുത്തുറഞ്ഞു വറ്റി വരളുന്ന നെഞ്ചിടിപ്പോടെ ഞാനതു കണ്ടു, റോഡിനു സൈഡിലായി പിരിക്കേറ്റ് ചോരയിൽ കുളിച്ച നിലയിൽ പൂർണ്ണഗർഭിണിയായ ഒരു സ്ത്രീയേ കിടത്തിയിരിക്കുന്നു, അവരെ ആരും ശ്രദ്ധിക്കുന്നില്ല, ആരും അവരുടെ അടുത്ത് ചെല്ലുന്നില്ല, ആ കാഴ്ച്ച എന്നെ വല്ലാതാക്കി, എന്തൊരു പരീക്ഷണമാണു കർത്താവേ ? ആ കാഴ്ച്ചയുടെ ഭീകരത, എല്ലാം മറന്ന് ഞാൻ അങ്ങോട്ടെക്കു ചെന്നു അവിടെ നിന്നിരുന്ന ആളോട് ആ സ്ത്രീയേ ചൂണ്ടി കാട്ടി ഞാൻ ചോദിച്ചു, അവരെ ആരും എന്താ ശ്രദ്ധിക്കാത്തത്…? അവരെ പെട്ടന്ന് ഹോസ്പ്പിറ്റലിൽ എത്തിക്കു അവരുടെ ബോധം മറഞ്ഞിരിക്കുവാണ്, ഒന്ന് സഹായിക്കൂ..” അവർ പൂർണ്ണഗർഭിണിയാണ്….!” അതു കേട്ടതും അയാൾ പറഞ്ഞു, അതു കൊണ്ട് കാര്യമില്ല…!” കാര്യമില്ലെ..? എന്നു വെച്ചാൽ…? അപകടം നടന്നയുടൻ അവർ മരിച്ചിരിക്കുന്നു….” ആമ്പുലൻസ് വരാൻ കാത്തിരിക്കുവാണ്, മരിച്ചെന്നോ….? അമ്പരപ്പോടെ ഞാൻ ചോദിച്ചു…,

അതറിഞ്ഞതും എന്റെ മനസ്സ് മരവിച്ചു, എന്റെ കരങ്ങൾ വിറ കൊണ്ടു, ഞാനാകെ വിറങ്ങലിച്ചു പോയി, എനിക്കതു വിശ്വസിക്കാനായില്ല, വിശ്വാസം വരാത്ത വണ്ണം ഞാനാ സ്ത്രീയിലെക്ക് ഒന്നു കൂടി നോക്കി, ആദ്യമായാണ് ഒരു പൂർണ്ണഗർഭിണിയായ സ്ത്രീ അപകടത്തിൽ പെട്ടു മരിച്ചു കിടക്കുന്നത് കാണുന്നത്…” ആ മുഖം കണ്ടതും ഞാൻ ഒാർത്തു, എത്ര ഹതഭാഗ്യയാണവർ..? സ്വന്തം കുഞ്ഞിന്റെ മുഖമൊന്നു കാണാനാവാതെ, തന്റെ കുഞ്ഞിന്റെ മുഖമൊന്നു കാണണമെന്ന് അവർ എത്രമാത്രം ആഗ്രഹിച്ചിട്ടുണ്ടാവും.

പരസ്പരം കാണാനാവാതെ അവർ തമ്മിൽ പിരിയുന്നു.., പെട്ടന്നാണ് എന്റെയുള്ളിൽ ഇടിമിന്നൽ പോലെ ഒരു തോന്നലുണ്ടായത്, മാതാവേ അപ്പോൾ അവരുടെ കുഞ്ഞ്…? അതിനും മരണം സംഭവിച്ചിരിക്കുമോ…? പെട്ടന്നു തന്നെ എന്റെ അടുത്തു നിന്നിരുന്ന ആളോട് ഞാൻ പറഞ്ഞു, ചേട്ടാ അവരുടെ വയറ്റിലൊരു കുഞ്ഞുണ്ട്, അതിനെയെങ്കിലും രക്ഷിക്കണം…! അയാൾ പറഞ്ഞു, എല്ലാം കഴിഞ്ഞ് കുറച്ചു നേരമായി റോഡ് ബ്ലോക്കാണ്, ആമ്പുലൻസ് കാത്തു നിൽക്കുവാണ്…, ഞാനയാളോടു പറഞ്ഞു ആമ്പുലൻസിനു കാത്തു നിൽക്കാതെ ഏതെങ്കിലും ഒരു വണ്ടിയിൽ അവരെ ഒന്ന് ആശുപത്രിയിലെത്തിക്കോ ? ആ കുഞ്ഞെങ്കിലും.

അതു പറയുമ്പോൾ അറിയാതെ എന്റെ കണ്ണു നിറഞ്ഞു പോയിരുന്നു അയാൾ അതു കണ്ടതും, അതു വരെയും വണ്ടിയെടുക്കാൻ മടിച്ചു കാഴ്ച്ച കണ്ടു നിന്നിരുന്ന ആരുടെയോ വണ്ടിയുടെ ചാവി അയാളിൽ നിന്നു ബലമായി പിടിച്ചു വാങ്ങി അയാൾ തന്നെ അവിടെ കൂടി നിന്നവരെ വിളിച്ച് ആ സ്ത്രീയേ ഒരു ജീപ്പിലെക്ക് കയറ്റി, അതിനു ശേഷം അയാൾ എന്നെ ഒന്നു നോക്കിയതും ഞാനും ആ വണ്ടിയിൽ കയറി, ചിലപ്പോൾ അയാളും പേടി കൊണ്ടോ മറ്റോ മാറി നിന്നതാവാം, ഞാനെന്ന ധൈര്യമാവാം ഇപ്പോൾ അയാളതിനു തയ്യാറായത്, എന്തായാലും അയാൾ അതിനു തയ്യാറായതോടെ മറ്റൊരാൾ കൂടി ബാക്കി പരിക്കേറ്റവരെ സ്വന്തം വണ്ടിയിൽ കയറ്റാൻ തയ്യാറായി വന്നു അതോടെ അവരുടെ കൂടെ അപകടത്തിൽ പെട്ട ജീപ്പ് ഡ്രൈവറേയും കൂടെയുണ്ടായിരുന്ന പരിക്കേറ്റ മറ്റൊരു കന്യസ്ത്രീയേയും ആ വണ്ടിയിൽ കയറ്റി .

അവരും പെട്ടന്നു തന്നെ തിരിച്ചു, വളരെ വേഗത്തിലാണ് അയാൾ വണ്ടിയോടിച്ചത് ഹോസ്പ്പിറ്റലിലെക്ക് കുറച്ചധികം ദൂരമുണ്ടായിരുന്നു, ഹോസ്പ്പിറ്റലിലെത്തിയതും അവരെ പെട്ടന്നു തന്നെ ഒാപ്പറേഷൻ തിയ്യറ്ററിലെക്കു കയറ്റി, എന്താവും സംഭവിക്കുക….” ഒരു ഭയപ്പാടോടെ ഞാൻ ആ ഒാപ്പറേഷൻ തിയ്യറ്ററിനു മുന്നിൽ തന്നെ നെഞ്ചിടിപ്പോടെ കർത്താവിനെ വിളിച്ചു പ്രാർത്ഥിച്ച് നിന്നു, കുറച്ചു കഴിഞ്ഞതും ഒാപ്പറേഷൻ തിയ്യറ്ററിന്റെ വാതിൽ തുറന്ന് കൈകളിൽ ഒാരോ മാലാഖകുഞ്ഞുങ്ങളുമായി മൂന്നു സിസ്റ്റർമാർ പുറത്തു വന്നു, ” ഈശ്വരാ മൂന്നു കുഞ്ഞുങ്ങളോ..? ” ഞാൻ ശരിക്കും അന്താളിച്ചു പോയി, എങ്ങാനും കുറച്ചു വൈകിയിരുന്നെങ്കിൽ നാലു ജീവൻ ? ? ?

അയാളും അതു കണ്ട് അന്താളിച്ചു നിൽക്കുവാണ്, അയാളുടെ മുഖവും അതു വിളിച്ചു പറയുന്നുണ്ട് ഒരൽപ്പം വൈകിയിരുന്നെങ്കിൽ ? ? അവർ രണ്ടു കുഞ്ഞിനെ എന്റെ കൈകളിലും ഒന്നിനെ അയാളുടെ കൈകളിലും കൊടുത്തു, വിറയാർന്ന കൈകളോടെ ഞാനാ കുഞ്ഞുങ്ങളെ വാങ്ങി, മൂന്നു കുഞ്ഞു ജീവനുകൾ ഞങ്ങളുടെ കൈകളിൽ പിറന്നിരിക്കുന്നു..” തുടർന്ന് ഒാപ്പറേഷൻ തിയ്യറ്ററിൽ നിന്നു പുറത്തു വന്ന ഡോക്ടർ പറഞ്ഞു കുഞ്ഞുങ്ങളെയേ രക്ഷിക്കാനായുള്ളൂ, കുറച്ചു കൂടി കഴിഞ്ഞിരുന്നെങ്കിൽ നാലു ജീവനും കൈവിട്ടു പോകുമായിരുന്നുയെന്ന്…” അതു കേട്ടതും കൂടെ വന്ന അയാൾ എന്നെയും ഞാനയാളെയും ഒന്നു നോക്കി, ഇരു ഹൃദയങ്ങളിലും സമാധാനം നിറച്ചത് ആ നോട്ടമായിരുന്നു, തുടർന്ന് എന്റെയും അവരുടെയും കൈകളിലെ കുഞ്ഞുങ്ങളെയൊന്നു നോക്കിയതും ആ കുഞ്ഞുങ്ങളുടെ മുഖം ഉണ്ണിയേശുവിനെ പോലെ തോന്നിയെനിക്ക്

കുറച്ചു കഴിഞ്ഞതും നാലഞ്ചു കന്യാസ്ത്രീകൾ കൂടി അങ്ങോട്ടെത്തി, അന്നേരമാണ് അവർ പറഞ്ഞ് വിവരങ്ങളെല്ലാം ഞാനറിയുന്നത്., മരിച്ച സ്ത്രീ അവരുടെ മഠത്തിലെ ഒരു ജോലിക്കാരിയായിരുന്നെന്നും, ഗർഭിണിയായിരിക്കേ അവരുടെ ഭർത്താവ് മരണപ്പെട്ടെന്നും, പ്രസവവേദന ആരംഭിച്ചതോടെ ഒരു കന്യാസ്ത്രീയോടൊപ്പം മഠത്തിന്റെ തന്നെ ജീപ്പിൽ അവരെയും കൊണ്ട് ആശുപത്രിയിലെക്ക് വരുന്ന വഴിയാണ് ഈ അപകടം നടന്നതെന്നും മറ്റും…, ആ കന്യാസ്ത്രീകൾ ഞങ്ങളോടു നന്ദി പറയുകയും, അവർ തന്നെ ആ കുഞ്ഞുങ്ങളെ കൊണ്ടു പോകുകയും ചെയ്തു…! മടക്കയാത്രയിൽ ഞാൻ ഒാർക്കുകയായിരുന്നു…, എനിക്കു തന്നെ നിശ്ചയമില്ലാത്ത എന്തോക്കെ കാര്യങ്ങളാണു സംഭവിച്ചതെന്ന്.

എന്തിനാണ് ഒരു പരിചയവും ഇല്ലാത്ത അവരോടൊപ്പം ഞാൻ ആ ജീപ്പിൽ കയറി പോയത്..? ഞാൻ പറഞ്ഞപ്പോൾ തന്നെ അയാൾ എന്തിനാണ് അവരെ ഹോസ്പ്പിറ്റലിലെത്തിക്കാൻ തയ്യാറായത്….? നാട്ടിലെത്താൻ ധൃതി പിടിച്ചു വന്നിരുന്ന ഞാൻ എന്തു കൊണ്ടാണ് അതെല്ലാം മറന്നു കൊണ്ട് ഇതിനെല്ലാം കൂട്ടു നിന്നത്….? ചോര കണ്ടാൽ തന്നെ തല കറങ്ങുന്ന ഞാൻ എന്തു കൊണ്ടാണ് അവരോടൊപ്പം യാത്ര ചെയ്യാൻ തയ്യാറായത്…? അതിനൊക്കെ ഒറ്റ വിശദ്ധീകരണമേ ഉള്ളൂ., എല്ലാ കണ്ണുകളിലും ഒരേ പോലെ ഒരേ കാഴ്ച്ച തെളിയണമെന്നില്ല..” എല്ലാ ചിന്തകളും അനുയോജ്യമായ സമയത്ത് അനുയോജ്യമായ രീതിയിൽ തന്നെ പ്രവർത്തിക്കണമെന്നില്ല…” എല്ലാ തോന്നലുകളും എല്ലാവരിലും ശരിയായ സമയത്തു തന്നെ തോന്നണമെന്നില്ല..” അവിടെയാണ് ദൈവം നമ്മളെ പോലെ ഒരാളെ ചിലത് ചൂണ്ടിക്കാണിക്കാനായി എത്തിക്കുക.

ചിലപ്പോൾ എന്റെ യാത്ര വൈകിച്ചതു തന്നെ ദൈവം ആ കുഞ്ഞുങ്ങളുടെ ജനനം എന്നിലൂടെ സംഭവിക്കാൻ വേണ്ടിയായിരിക്കാം..” എന്തായാലും എന്നിലൂടെ ഒരു നന്മ കടന്നു പോയിരിക്കുന്നു, ഒരു പക്ഷെ എന്റെ ഈ വർഷത്തെ ക്രിസ്മസ്സ് നിയോഗം ഇതായിരിക്കാം…” അല്ലെങ്കിലും ഒരോ ആഘോഷങ്ങളും ഒരോ ഒാർമ്മപ്പെടുത്തലുകളാണ്…! നിങ്ങളുടെ ഹൃദയം തുറന്നു വെക്കണമെന്നും…, മടി കൂടാതെ സഹായം ചെയ്യണമെന്നും…, പരസ്പരം സ്നേഹിക്കണമെന്നുംദൈവത്തിങ്കൽ സർവ്വരും തുല്യരാണെന്നും. ഉള്ള ഒാർമ്മപ്പെടുത്തൽ.