കുറച്ചു കറുത്ത് പോയതുകൊണ്ട് വീട്ട് ജോലി മുതൽ ഏട്ടന്റെയും ഏട്ടത്തിയുടെയും വസ്ത്രം വരെ അലക്കണ്ട ഗതികേടു

EDITOR

കെട്ടാൻ പോകുന്ന പെണ്ണ് കറുത്തിട്ടാണ് എന്നറിഞ്ഞതു മുതൽ ഏട്ടന്റെയും ഏട്ടത്തിയുടെയും മുഖം കടന്നൽ കുത്തിയത് പോലെ വീർത്തിരുന്നു..വെളുത്തു തുടുത്ത നമ്മുടെ ഹരി കുട്ടന് അവളെ പോലെ ഒരു കറുത്തവൾ ചേരില്ല അച്ഛാ എന്നുള്ള ഏട്ടന്റെ വാക്കുകൾ കേൾക്കുമ്പോൾ എന്നിലെ ദേഷ്യം ഞാൻ പലപ്പോഴും നിയന്ത്രിച്ചു.അവളെ കെട്ടിയാൽ പിന്നെ നമ്മുടെ കുടുംബത്തിന്റെ മാനം പോയത് തന്നെ എന്ന് ഏട്ടത്തി പറയുമ്പോൾ പലപ്പോഴും അവരുടെ മുഖത്തേക്ക് നോക്കി ഞാൻ ചിരിക്കുകയാണ് ചെയ്തത്….

ഉയർന്ന സ്ത്രീധനം മേടിച്ചു അതി സുന്ദരിയായ പെണ്ണിനെ കല്യാണം കഴിച്ച ഏട്ടന്റെ പിന്നീട് ഉള്ള സ്ഥാനം അവളുടെ കാൽ കീഴിൽ ആയിരുന്നു പ്രായമായ അച്ഛനെ പരിചരിക്കാതെ ഏട്ടത്തി ബ്യൂട്ടിപാർലറുകൾ തോറും കയറി ഇറങ്ങുമ്പോഴും… പലപ്പോഴും ഏട്ടന് സ്വന്തം ഭർത്താവാണെന്നു പോലുമുള്ള തിരിച്ചറിവ് നഷ്ട്ടപ്പെട്ടു അവർ ഏട്ടനോട് ദേഷ്യപ്പെടുകയും.. മറുത്തൊന്നും പറയാതെ ഏട്ടൻ അവരുടെ മുന്നിൽ തല താഴ്ത്തി നിൽക്കുകയും ചെയ്യുന്നത് പതിവ് കാഴ്ച ആയതോടെ അന്നേ ഞാൻ മനസ്സിൽ കുറിച്ചിട്ടതാണ് കെട്ടുന്നെങ്കിൽ അടക്കവും ഒതുക്കവും ഉള്ള ഒരുത്തിയെ ആയിരിക്കും എന്ന്.

ഫോട്ടോ കണ്ടു ഇഷ്ടം തോന്നിയ ലെച്ചുവിനെ ഞാൻ പെണ്ണ് കാണാൻ പോകുമ്പോൾ എന്റെ കൂടെ ഉണ്ടായത് പ്രായമായി വല്ലാതെ കിടക്കുന്ന അച്ഛനും… പിന്നെ ഏടത്തിയും ഏട്ടനും പല തവണ ദേഷ്യപ്പെട്ടു വീട്ടിൽ നിന്നു ഇറക്കി വിട്ട ജോലിയും കൂലിയും ഇല്ലാത്ത എന്റെ കുറച്ചു ഫ്രണ്ട്‌സും മാത്രം ആയിരുന്നു പെണ്ണ് കാണൽ ചടങ്ങിനിടെ ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടോ എന്ന പെണ്ണിന്റെ അമ്മാവന്റെ ചോദ്യത്തിന് എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ടെന്നു ആദ്യം ചാടി പറഞ്ഞത് ലെച്ചു ആയിരുന്നു.

ഹരിയേട്ടൻ നല്ല വെളുത്തിട്ടല്ലേ.. ഞാൻ ആണെങ്കിൽ കറുത്തതും… ഒന്നുടെ ആലോചിച്ചിട്ടു പോരെ എന്നെ കെട്ടുന്നത് എന്നുള്ള ലെച്ചുവിന്റെ ചോദ്യത്തിന്… ചെറുക്കന് പെണ്ണിനെ ഇഷ്ടമായി.. ഏറ്റവും അടുത്ത മുഹൂർത്തത്തിൽ തന്നെ കല്യാണം നടത്താം എന്ന് അച്ഛനെ കൊണ്ട് ഫോൺ ചെയ്തു പറയിപ്പിച്ചാണ് ഞാൻ അതിനുള്ള മറുപടി കൊടുത്തത്.ലെച്ചുവിനെ കെട്ടി വീട്ടിലേക്കു കയറി വരുമ്പോൾ ദൈവത്തിന്റെ സ്ഥാനത്തു നിന്നു ഞങ്ങളെ സ്വീകരിക്കേണ്ട ഏട്ടനും ഏട്ടത്തിയും എന്റെ കല്യാണത്തിൽ നിന്നു വിട്ടു നിന്നെന്നു അറിഞ്ഞത് മുതൽ എന്റെ ചങ്ക് പിടഞ്ഞിരുന്നു.

ഒടുവിൽ അച്ഛൻ നില വിളക്ക് എടുത്തു ലെച്ചുവിന്റെ കൈയിൽ കൊടുക്കുമ്പോൾ എന്റെ മനസ്സ് അറിയുന്ന ഒരാൾ എങ്കിലും കൂടെ ഉണ്ടല്ലോ എന്നാലോചിച്ചു എന്റെ കണ്ണു നിറഞ്ഞിരുന്നു സ്വന്തം അനിയന്റെ ഭാര്യ ആണെന്ന് പോലും ഓർക്കാതെ ഏട്ടനും ഏട്ടത്തിയും അവൾക്കു വേലക്കാരിയുടെ സ്ഥാനം വീട്ടിൽ കൊടുത്തപ്പോൾ അവരോടു വഴക്കിനു ചെല്ലാൻ പോയ എന്നോട്.. ഞാൻ കാരണം നിങ്ങൾ തമ്മിൽ പിണങ്ങരുത്.. അത് മാത്രം ഹരിയേട്ടന്റെ ലെച്ചുവിന് സഹിക്കാൻ പറ്റില്ല എന്നവൾ പറയുമ്പോഴും അവളെ പോലെ ഒരു പെണ്ണിനെ കിട്ടിയ ഞാൻ ആണ് ഭാഗ്യവാൻ എന്ന് എനിക്ക് പലപ്പോഴും തോന്നിയിരുന്നു.

ഏട്ടനും ഏട്ടത്തിയും ഡൈനിങ്ങു ടേബിളിൽ ഇരുന്നു ഭക്ഷണം കഴിക്കുമ്പോഴും ആരോടും ഒരു പരിഭവമില്ലാതെ അടുക്കളയുടെ ഒരു മൂലയിൽ ഇരുന്നു സന്തോഷത്തോടെ ഭക്ഷണം കഴിക്കുന്ന ലെച്ചുവിന് അപ്പുറത്തായി അവൾ വാരി തരുന്ന ചോറുണ്ണാൻ കൊതിയോടെ നോക്കി നിക്കാൻ അവളുടെ ഹരിയേട്ടനും ഉണ്ടായിരുന്നു.

വീട്ടിലെ ജോലി മുതൽ ഏട്ടന്റെയും ഏട്ടത്തിയുടെയും അടി വസ്ത്രം വരെ അലക്കി കൊടുക്കേണ്ട ഗതികേട് എന്റെ ലെച്ചുവിന് വന്നിട്ടും…അതേക്കുറിച്ചു അവളോട്‌ ചോദിക്കുമ്പോൾ എന്റെ കണ്ണു നിറയുന്നത് കണ്ടു സഹിക്ക വയ്യാതെ എന്നെ കെട്ടിപ്പിടിച്ചു നെറ്റിയിൽ മുത്തം തന്നിട്ട് അവൾ പറയുമായിരുന്നു… എന്തൊക്കെ ചെയ്താൽ എന്താ.. ഹരിയേട്ടന്റെ ഭാര്യ ആകാൻ സാധിച്ചതാണ് അവൾ ചെയ്ത ഏറ്റവും വലിയ പുണ്യം എന്ന്.

ഒടുവിൽ ഒരുനാൾ… പണക്കാരിയായ കൂട്ടുകാരികളുടെ മുൻപിൽ വെച്ചു ലെച്ചുവിന്റെ കരണം നോക്കി ഏട്ടത്തി അടിക്കുന്നത് കണ്ടു കൊണ്ടു വന്ന ഞാൻ അന്ന് തന്നെ ലെച്ചുവിന്റെ കൈയ്യും പിടിച്ചു വയ്യാതെ കിടക്കുന്ന അച്ഛനും ആയി ആ വീട് വിട്ടിറങ്ങി 2 നില വീട്ടിലെക്കാൾ സ്വസ്ഥതയും സമാധാനവും..മഴ വരുമ്പോൾ ചോർന്നൊലിക്കുന്ന ഈ ഓടിട്ട വീട്ടിൽ എനിക്ക് കിട്ടുന്നുണ്ടെന്നു ആലോചിച്ചു എന്റെ മനസ്സ് നിറഞ്ഞിരുന്നു.തനിക്കിനി ഒരിക്കലും അച്ഛനാകാൻ കഴിയില്ല..കുഴപ്പം നിങ്ങൾക്കാണ് ഗിരി എന്ന് ഡോക്ടർ പറഞ്ഞത് മുതൽ എന്റെ ഏട്ടൻ ആകെ തളർന്നു പോയിരുന്നു.

ഇയാളോടൊപ്പം ജീവിതം നശിപ്പിച്ചു കളയാൻ തനിക്കു വട്ടില്ലെന്നു പറഞ്ഞു ഏട്ടത്തി പുതിയ കാമുകന്റെ കൂടെ പോകുമ്പോഴേക്കും എന്റെ ഏട്ടൻ ഒരു മുഴു കുടിയൻ ആയി ജീവിതം നശിപ്പിക്കാൻ തുടങ്ങി കഴിഞ്ഞിരുന്നു.ഇങ്ങനെ പോയാൽ ഏട്ടനെ നമുക്ക് നഷ്ടപ്പെടും.. ഹരിയേട്ടൻ ചെന്നു ഏട്ടനെ ഇങ്ങോട്ട് വിളിച്ചു കൊണ്ടു വരാൻ പറഞ്ഞു ലേബർ റൂമിലേക്ക് കയറുന്നതിനിടെ എന്റെ കൈയിൽ പിടിച്ചു നിറ കണ്ണുകളോടെ പറഞ്ഞ ലെച്ചുവിന്റെ വാക്കുകൾ തള്ളി കളയാൻ എനിക്ക് കഴിഞ്ഞില്ല.

വർഷങ്ങൾ കഴിഞ്ഞു വീണ്ടും ആ വീടിന്റെ പടി കടന്നു ഞാൻ ചെല്ലുമ്പോൾ ബന്ധങ്ങളും കൂടപ്പിറപ്പുകളും നഷ്ട്ടപ്പെട്ടതോർത്തു ഒരു മുഴം കയറിൽ തന്റെ ജീവിതം അവസാനിപ്പിക്കാൻ ഒരുങ്ങുകയായിരുന്ന ഏട്ടനെ കണ്ടു ഞാൻ ഞെട്ടിയിരുന്നു ഒടുവിൽ ഹരിയുടെ കുട്ടിയെ ഏട്ടനു കാണണ്ടേ എന്നുള്ള എന്റെ ചോദ്യത്തിന് ലേബർ റൂമിൽ നിന്നും നഴ്സുമാർ കൊണ്ടു വന്നു തന്ന ആ മാലാഖ കുഞ്ഞിനെ നിറ കണ്ണുകളോടെ ഏറ്റു വാങ്ങിയത് എന്റെ ഏട്ടൻ ആയിരുന്നു..

ചെയ്തു പോയ തെറ്റുകൾ ഓർത്തു ലെച്ചുവിന്റെ കാലിൽ വീണു മാപ്പ് ചോദിക്കുന്ന ഏട്ടനെ കാണാൻ വയ്യാതെ ഞാൻ മാറി നിന്നു കരയുമ്പോഴും… എനിക്ക് ആരോടും ദേഷ്യം ഇല്ല ഗിരിയേട്ടാ.. സ്നേഹമേ ഉള്ളു.. ഇനി എങ്കിലും ഒരു പെങ്ങൾക്ക് കൊടുക്കുന്ന സ്നേഹം ഗിരിയേട്ടൻ എനിക്ക് തന്നാൽ മതിയെന്നുള്ള ലെച്ചുവിന്റെ വാക്കുകൾ ഏട്ടനെ ആകപ്പാടെ ഒരു പുതിയ മനുഷ്യൻ ആക്കി മാറ്റിയിരുന്നു..

എനിക്ക് എന്നോ നഷ്ട്ടമായ എന്റെ ആ പഴയ ഏട്ടനെ എനിക്ക് തിരിച്ചു കിട്ടിയതിലുള്ള സന്തോഷം കൊണ്ടു… കുറേ വർഷങ്ങൾക്കു ശേഷം ആ മനുഷ്യനെ മനസ്സ് നിറഞ്ഞു ഞാൻ ഏട്ടാ എന്ന് വിളിച്ചു അനിയന്റെ കുഞ്ഞിനെ സ്വന്തം മോനെ പോലെ സ്നേഹിക്കുകയും പെങ്ങൾ ഇല്ലാത്തതിന്റെ കുറവ് ഇവളിലുടെ മാറി എന്ന ഏട്ടന്റെ വാക്കുകൾ കേട്ടതോടെ മനസ്സിൽ ആരാധിച്ചിരുന്ന ദൈവങ്ങളുടെ കൂടെ ആയി ഏട്ടനെ സ്ഥാനം…

ഞങ്ങളുടെ നിർബന്ധപ്രകാരം രണ്ടാമതൊരു കല്യാണത്തിന് സമ്മതിച്ച ഏട്ടൻ ബ്രോക്കർ നിരത്തി വെച്ച ഫോട്ടോയിൽ നിന്നു കണ്ടു പിടിച്ചത് ഒരു കറുത്ത കുട്ടിയെ ആയിരുന്നു അത്ഭുതത്തോടെ ഏട്ടനെ നോക്കിയ എന്നെ കെട്ടിപിടിച്ചു കൊണ്ടു ഏട്ടൻ പറഞ്ഞു…. പലരുടെയും പുറമെ കാണുന്ന സൗന്ദര്യം അവരുടെ മനസ്സിൽ ഉണ്ടാവില്ലെന്ന്.

#ശ്രീജിത്ത്‌