നിങ്ങൾ ഒന്ന് മനസ്സുവെച്ചാൽ എനിക്ക് ആ സ്ത്രീയെ കണ്ടെത്താം ഇ KSRTC കണ്ടക്ടർ പറയുന്നു

EDITOR

കെഎസ്ആർടിസി ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ ബാലൻസ് തുക തരാൻ കണ്ടക്ടറുടെ പക്കൽ ഇല്ലെങ്കിൽ ടിക്കറ്റിനൊപ്പം അത് രേഖപ്പെടുത്തി തരാറാണ്‌ പതിവ്. യാത്രക്കാർ പ്രസ്തുത ഡിപ്പോയിൽ ചെന്ന് ബാലൻസ് തുക കൈപ്പറ്റണം. ചില യാത്രക്കാർ ഈ ബാലൻസ് തുക വാങ്ങാൻ മറന്ന് ഇറങ്ങിപ്പോകുന്നവരുമുണ്ട്. കണ്ടക്ടർമാർ ഈ തുക ഡിപ്പോയിൽ ഏൽപ്പിക്കുന്നതോടെ അവരുടെ ഉത്തരവാദിത്തം തീരുകയും ചെയ്യും.

എന്നാൽ ഇത്തരത്തിൽ വലിയൊരു തുക ബാലൻസ് വാങ്ങാതെ പോയ പ്രായമായ യാത്രക്കാരിയെ കാത്തിരിക്കുകയാണ് ഒരു കണ്ടക്ടർ. കൊട്ടാരക്കര ഡിപ്പോയിലെ കണ്ടക്ടറായ ലിവിൻ ഫ്രാൻസിസ് ബാലൻസ് വന്ന തുക ഡിപ്പോയിൽ ഏൽപ്പിച്ചെങ്കിലും അത് ആരും വാങ്ങാൻ വന്നില്ല. ഇതോടെ ഈ കാര്യം കാണിച്ച് ഫേസ്‌ബുക്കിൽ ലിവിൻ ഒരു പോസ്റ്റ് ഇടുകയാണുണ്ടായത്. പോസ്റ്റ് കണ്ടിട്ട് ആരെങ്കിലും പറഞ്ഞറിഞ്ഞു ആ യാത്രക്കാരി ബാലൻസ് വാങ്ങാൻ എത്തുമെന്നാണ് ലിവിന്റെ പ്രതീക്ഷ. ലിവിങ് ഫേസ്‌ബുക്കിൽ കുറിച്ച ആ പോസ്റ്റ് താഴെ കൊടുക്കുന്നു.

“ഈ കഴിഞ്ഞ 06-03-2019-തീയതി രാവിലെ 06.10 ന് കൊട്ടാരക്കരയിൽ നിന്നും നാഗർകോവിലേക്ക് സർവീസ് നടത്തവേ കൊട്ടാരക്കര ബസ്സ്റ്റാൻഡിൽ നിന്നും കയറിയ ഒരു പ്രായമായ സ്ത്രീയും അവരോടൊപ്പം മറ്റൊരു സ്ത്രീയും മുൻവശം ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു. ഇവർ തിരുവനന്തപുരത്തേക്ക് ടിക്കറ്റ് ചോദിച്ചപ്പോൾ രണ്ടുപേരുടെയും ടിക്കറ്റ് നിരക്കായ 132 രൂപ ടിക്കറ്റ് ഞാൻ നൽകുകയും അവരുടെ കൈവശം ചില്ലറ ഇല്ലാത്തതിനാൽ 2000 രൂപ നോട്ട് എനിക്ക് നൽകുകയും സർവീസ് തുടങ്ങിയതിനാൽ എന്റെ കൈവശം ബാലൻസ് കൊടുക്കാൻ ഇല്ലാത്തതിനാൽ ടിക്കറ്റിന്റെ മറുവശം ബാലൻസ് തുക എഴുതി കൊടുക്കുകയും ചെയ്‌തു.

സാധാരണ ഉള്ളതിനേക്കാൾ അന്ന് ബസ്സിൽ നല്ല തിരക്കുണ്ടായിരുന്നു. നിർഭാഗ്യവശാൽ യാത്രക്കാർ മിക്കവരും വല്ല്യ നോട്ടുകളാണ് തന്ന് കൊണ്ടിരുന്നത്. കൈവശം ബാലൻസ് ഇല്ലാത്തത് കൊണ്ട് ടിക്കറ്റിന്റെ മറുഭാഗത്തു ബാലൻസ് തുക എഴുതി കൊടുത്ത് കൊണ്ടിരുന്നു. ഭൂരിഭാഗം യാത്രക്കാരും കേശവദാസപുരത്തും പാളയത്തും ഇറങ്ങേണ്ടതിനാൽ തമ്പാനൂർ സ്റ്റാൻഡിൽ ചെന്ന് ചില്ലറ മാറി കൊടുത്തു അസൗകര്യം ഒഴിവാക്കി വിടേണ്ടതിനാൽ വെഞ്ഞാറമൂട് ksrtc ഡിപ്പോയിൽ ചെന്നപ്പോൾ ക്യാഷ് കൗണ്ടറിൽ പോയി ചില്ലറ മാറാൻ ശ്രെമിച്ചു. ദൗർഭാഗ്യകരമെന്നു പറയട്ടെ അവിടെ ചില്ലറ കൊടുക്കാൻ ഇല്ലെന്ന് പറഞ്ഞ് എന്നെ ഒഴിവാക്കി വിടുകയായിരുന്നു.

അവിടെ വച്ച് സർവീസ് നടത്തി കൊണ്ടിരുന്ന ചില കണ്ടക്ടർമാരെ സമീപിച്ചു 2000 രൂപയ്ക്ക് ചില്ലറ മാറി. വീണ്ടും സർവീസ് തുടർന്നു. തിരക്കും കൂടിക്കൊണ്ടിരുന്നു. കൊടുക്കാനുള്ള ബാലൻസ് തുകയും കൂടിക്കൊണ്ടിരുന്നു. മണ്ണന്തല കഴിഞ്ഞപ്പോൾ തന്നെ ബാലൻസ് കിട്ടാനുള്ളവരെ സമീപിച്ചു ബാലൻസ് തുക കൊടുത്തു കൊണ്ടിരുന്നു. ഇതിനിടയിൽ കേശവദാസപുരത്തു എത്തിയപ്പോൾ തന്നെ കയ്യിലുള്ള ചില്ലറ മുഴുവൻ കാലിയായി. മെഡിക്കൽ കോളേജിൽ പോകാൻ കേശവദാസപുരത്തു ഇറങ്ങേണ്ട ഒരു സ്ത്രീക്കും അവരുടെ മകനും ബാക്കി തുക കൊടുക്കാൻ കഴിയാതെ തമ്പാനൂർ സ്റ്റാൻഡിൽ വരെ യാത്ര ചെയ്യിപ്പിക്കേണ്ട അവസ്ഥ വന്നു.

തമ്പാനൂർ സ്റ്റാൻഡിൽ എത്തിയപ്പോൾ തന്നെ അവിടെയുള്ള പല കണ്ടക്ടർ മാരെയും സമീപിച്ചു ചില്ലറ മാറി ബാക്കിയുള്ളവക്ക് കൊടുക്കാനുള്ള ബാലൻസ് കൊടുത്തു തീർത്തു. പിന്നീട് ഞാൻ ബാഗ് കളക്ഷൻ നോക്കിയപ്പോൾ മെഷീനിൽ ഉള്ള കളക്ഷനേക്കാൾ 1868 രൂപ കൂടുതൽ ഉള്ളതായി കാണപ്പെട്ടു. ഈ ബാലൻസ് തുക മുൻവശം ഇരുന്ന സ്ത്രീക്ക് കൊടുക്കാനുള്ളതാണെന്നു എനിക്ക് ബോധ്യപ്പെടുകയും എന്നാൽ അവരെ അവിടെയെല്ലാം അന്വേഷിച്ചപ്പോൾ കണ്ടെത്താൻ കഴിഞ്ഞില്ല.

ഡ്യൂട്ടി കഴിഞ്ഞ് അന്ന് രാത്രി ഈ ബാലൻസ് തുക URB ആയി കൊട്ടാരക്കര ഡിപ്പോയിൽ അടച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ ഈ തുക അന്വേഷിച്ചു ആരും ഒരു ഡിപ്പോയിലും വന്നിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. ഇനി ടിക്കറ്റ് നഷ്ടപ്പെട്ടാൽ പോലും അന്വേഷിച്ചു വന്നാൽ ആളെ മനസ്സിലാക്കി കഴിഞ്ഞാൽ ബാലൻസ് തുക കൈപറ്റാവുന്നതാണ്.

NB – 1. ബാഗിൽ ഒരു രൂപ പോലും കൊണ്ട് പോകാതെ സർവീസ് തുടങ്ങണമെന്നാണ് ksrtc rule. ഇനി അഥവാ കൊണ്ട് പോകണമെങ്കിൽ controlling inspector അനുമതിയോടെ വേബില്ലിൽ ടി തുക കാണിച്ച് ഇനിഷ്യൽ ചെയ്യണം. 2. തുക വീട്ടിൽ നിന്നും കൊണ്ട് വരാൻ കഴിയാത്തത് കൊണ്ട് ഡിപ്പോയിൽ ചോദിച്ചാൽ ചില്ലറ മാറിത്തരാനുള്ള അനുമതി എങ്കിലും ഉണ്ടാകണമെന്ന് അപേക്ഷിച്ചു കൊള്ളുകയാണ്.”