വികാരങ്ങൾക്ക് അത്രവേഗം അടിമപ്പെടാത്തവരും, ദുർഘടനിമിഷങ്ങളിൽ ഉലഞ്ഞു പോകാത്തവരുമാണത്രേ ആണുങ്ങൾ. അണമുറിയാതൊഴുകുന്ന കണ്ണുനീരിൽ സകല ദുഖങ്ങളേയും സ്ത്രീകൾ ഒടുക്കുമ്പോൾ ആണുങ്ങൾ കരളുറപ്പോടെ നിൽക്കുമെന്നതാണ് പൊതുവിചാരം. പക്ഷേ ചിരിച്ചും ഉറച്ചും നിൽക്കുന്ന ആണിന്റെയുള്ളിൽ ഇരമ്പുന്ന സങ്കടക്കടൽ ആരും പലപ്പോഴും കണ്ടുവെന്നു വരില്ല. പക്ഷേ ഉറ്റവർരെ നഷ്ടപ്പെടുമ്പോൾ, അവരെ വിധി വേദനയും രോഗങ്ങളും കൊണ്ട് പരീക്ഷിക്കുമ്പോൾ ആ സങ്കടക്കടൽ കണ്ണുനീരായ് അണപൊട്ടും. ഭാര്യക്ക് കാൻസറാണെന്ന് തിരിച്ചറിഞ്ഞ നിമിഷം കണ്ണുനീർ വാർത്ത ഒരു ഭർത്താവിന്റെ അനുഭവവും ഇതേ രീതിയിൽ ചേർത്തുവായിക്കാവുന്നതാണ്.
മരവിച്ച മനസുമായി ഭാര്യ അടുത്തിരിക്കുമ്പോൾ ഭർത്താവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകുകയാണ്. ഡോക്ടർ ഷിനു ശ്യാമളനാണ് ആ ഉള്ളുലയ്ക്കുന്ന അനുഭവം പങ്കുവച്ചിരിക്കുന്നത്. കരയാത്ത പുരുഷന്മാർ കരയുമ്പോൾ ഒരു കടൽ തന്നെ ഉണ്ടാകും. ആ കടലിനെ തടുക്കുവാൻ ആർക്കും സാധിക്കില്ലെന്നും ഡോക്ടർ ഫെയ്സ്ബുക്കിൽ കുറിക്കുന്നു.കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ
ആണുങ്ങളെ അധികം കരഞ്ഞു കാണാറില്ല അല്ലെ? പക്ഷെ അവർ കരയുമ്പോൾ അവരുടെ നെഞ്ചിൽ എത്ര മാത്രം തീ പുകയുന്നുണ്ടാകും?ഒ.പി യിൽ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്. തോളിലെ തോർത്തിൽ കണ്ണുകൾ ഇടയ്ക്കിടയ്ക്ക് ഒപ്പുന്നുണ്ട്. ഭാര്യയുടെ കൈയ്യിലുള്ള വെളുത്ത തോർത്തു കൊണ്ട് അവർ മുഖം മൂടിയിട്ടുണ്ട്.തൃശൂർ മെഡിക്കൽ കോളേജിലെ പേപ്പറുകളാണ് കൈയ്യിൽ. അവ എനിക്ക് നേരെ നീട്ടി. ഈ. എസ്.ഐ ആശുപത്രിയിൽ മെഡിക്കൽ ലീവ് എടുക്കാൻ വന്നതാണവർ. മെഡിക്കൽ റിപ്പോർട്ടിൽ “adenocarcinoma colon” എന്ന് എഴുതിയിട്ടുണ്ട്. ഭാര്യയുടെ വൻകുടലിൽ ക്യാന്സറാണ്.
“വീട്ടിൽ ആരൊക്കെ ഉണ്ട്” ഞാൻ ചോദിച്ചു”ഞാനും ഭാര്യയും മാഡം””മക്കൾ എന്ത് ചെയ്യുന്നു?””മക്കളില്ല “.വീണ്ടും വിധിയുടെ ക്രൂരത. വാർധക്യത്തിലും.. ഏകാന്തതയുടെ തീച്ചൂളയിൽ എരിയുന്ന തീയിലേയ്ക്ക് വീണ്ടും തീനാളം പതിച്ചു കൊണ്ടേയിരുന്നു.ഭാര്യ കരയുന്നേയില്ല. മരവിച്ച മനസ്സുമായി അവർ എന്റെ അടുത്തു ഇരിപ്പുണ്ട്. പക്ഷെ ഭർത്താവിന്റെ കണ്ണുകളിൽ നിന്ന് നിറഞ്ഞു ഒഴുകുന്ന ചാലിനെ എനിക്ക് അടയ്ക്കുവാൻ സാധിച്ചില്ല.
“കരയേണ്ട, അസുഖം ഒക്കെ മാറില്ലേ? എല്ലാം ശെരിയാകും”എന്നു പറഞ്ഞു ലീവ് എഴുതി കൊടുത്തപ്പോൾ ഭാര്യ ഡോർ തുറന്ന് പുറത്തേയ്ക്ക് പോയി. അദ്ദേഹം ആരും കാണാതെയിരിക്കുവാൻ എന്റെ മുന്നിൽ ആ കണ്ണുകൾ തുടച്ചതിന് ശേഷം ചിരിച്ചു കൊണ്ട് പുറത്തേയ്ക്ക് ഇറങ്ങി. മറ്റുള്ളവരുടെ മുൻപിൽ ആണുങ്ങൾ ചിരിക്കും. ഉള്ളിൽ കരഞ്ഞുകൊണ്ട് അവർ ചിരിക്കും.
ഇത്രയും ഭാര്യയെ സ്നേഹമുള്ള ഭർത്താവിനെ അവർക്ക് ലഭിച്ചില്ലേ. കരയാത്ത പുരുഷന്മാർ കരയുമ്പോൾ ഒരു കടൽ തന്നെ അവിടെ ഒഴുകും. ആ കടലിനെ തടുക്കുവാൻ ആർക്കും സാധിക്കില്ല.അവർ വേഗം സുഖം പ്രാപിക്കട്ടെ.ഡോ. ഷിനു ശ്യാമളൻ