നല്ല ആരോഗ്യമുള്ള കുഞ്ഞു വേണം എന്ന് ആഗ്രഹിക്കുന്നവർ ഇ മൂന്നു കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കുക

EDITOR

ആരോഗ്യമുള്ള ഒരു കുഞ്ഞിനു ജന്മം നൽകുക എന്നത് ഓരോ അമ്മയുടെയും സ്വപ്നമാണ്. ആരോഗ്യമുള്ള കുഞ്ഞ് ജനിക്കാനുളള തയ്യാറെടുപ്പുകൾ പെൺകുട്ടികൾ കൗമാരത്തിന്റെ തുടക്കത്തിൽ തന്നെ ആരംഭിക്കണം. കാരണം ആരോഗ്യമുള്ള കുഞ്ഞ് ജനിക്കാൻ അമ്മയ്ക്ക് ഏറ്റവും കുറഞ്ഞത് 140 സെന്റിമീറ്റർ പൊക്കവും, 40 കിലോഗ്രാം ഭാരവും വേണം. പെൺകുട്ടികൾ ഏറ്റവും കൂടുതൽ പൊക്കം വയ്ക്കുന്നത് മാസമുറ തുടങ്ങുന്നതിന് തൊട്ടുമുൻപുള്ള രണ്ടു വർഷക്കാലത്താണ്. ഈ സമയത്ത് പെൺകുട്ടികൾ പോഷക സമൃദ്ധമായ ആഹാരം കഴിച്ചാൽ മാത്രമേ നല്ല പൊക്കം വെയ്ക്കുകയുള്ളൂ. അത്പോലെ തന്നെ അമ്മയാകാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ പോഷക നിലവാരം തൃപ്തികരമാണെന്ന് ഉറപ്പാക്കുന്നത് നന്നായിരിക്കും.

ശരീരഭാരത്തില്‍ ശ്രദ്ധവേണം

തൂക്കക്കുറവും അമിതവണ്ണവും വിളർച്ചയുമൊന്നുമില്ല എന്ന് ഉറപ്പാക്കുന്നത് ഗർഭസ്ഥശിശുവിന്റെ ആരോഗ്യകരമായ വളർച്ചയ്ക്ക് സഹായകരമാകും. അമ്മയുടെ ഉദര ത്തിൽ ഭ്രൂണമായി രൂപം പ്രാപിക്കുന്നതു മുതൽ ജനിച്ച് ആറുമാസം വരെ കുഞ്ഞ് പൂർണ്ണമായും അമ്മയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ഗർഭകാലഘട്ടം മുഴുവനും കുഞ്ഞ് ജനിച്ച് ആറുമാസം വരെയും തന്റെ ഭക്ഷണകാര്യത്തിൽ ശരിയായ തീരുമാനമെടുക്കാൻ അമ്മയെ പ്രാപ്തയാക്കേണ്ടിയിരിക്കുന്നു.

ഇവിടെയാണ് ഹെൽത്ത്‌കെയർ കൗൺസിലിംഗിന്റെ പ്രസക്തി. കാരണം പോഷകക്കുറവുള്ള ഒരമ്മയ്ക്ക് ഭാരക്കുറവുള്ള ഒരു കുഞ്ഞു ജനിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഭാരക്കുറവുള്ള കുഞ്ഞുങ്ങൾക്ക് വളർ ച്ചയിലും ബുദ്ധിവികാസത്തിലും പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഗർഭകാലഘട്ടത്തിൽ അമിതവണ്ണമുണ്ടാകുന്നതും നന്നല്ല. അമിതവണ്ണമുള്ളവർക്കു ഗർഭാശയത്തിലേക്കുള്ള രക്തപ്രവാഹം കുറയാൻ സാധ്യതയുള്ളതുകൊണ്ട് കുഞ്ഞിന് ആവശ്യമുള്ള പോഷകങ്ങൾ പ്ലാസന്റ വഴി എത്തിച്ചേരാൻ ചിലർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാകാനിടയുണ്ട്. ഇതും കുഞ്ഞിന്റെ വളർ ച്ചയ്ക്ക് പ്രതികൂലസാഹചര്യം സൃഷ്ടിച്ചേക്കാം.

മാത്രമല്ല അമിതവണ്ണമുള്ളവർക്ക് പ്രമേഹമുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഇതും ഗർഭസ്ഥശിശുവിന് ബുദ്ധിമുട്ടുണ്ടാക്കാനിടയുണ്ട്. ചുരുക്കത്തിൽ ഗർഭിണിയാകുന്നതിനു മുൻപ് തന്നെ തന്റെ ശരീരഭാരം തികച്ചും സാധാരണമാണെന്ന് ഓരോ അമ്മയും ഉറപ്പാക്കണം.

വേണം ആഹാരകാര്യത്തില്‍ അറിവ്

ഭാരക്കുറവുള്ളവർ ആഹാരശീലങ്ങളിൽ മാറ്റം വരുത്തി പോഷകാഹാരം കഴിച്ചു തൂക്കം സാധാരണഗതിയിലാക്കാൻ ശ്രദ്ധിക്കണം. അമിതവണ്ണമുള്ളവർ ആരോഗ്യകരമായ ഭക്ഷണരീതി അവലംബിച്ചും ആവശ്യത്തിന് വ്യായാമം ചെയ്തും ശരീരഭാരം സാധാരണഗതിയിലാക്കണം. ഗർഭിണിയായിക്കഴിഞ്ഞാൽ അമ്മയുടെ ആഹാരത്തിൽ പ്രത്യേകം ശ്രദ്ധിക്കണമെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ആഹാരത്തിൽ എന്തെല്ലാം ഉൾപ്പെടുത്തണം, എത്ര അളവിൽ ഉൾപ്പെടുത്തണം എന്നൊക്കെയുള്ള കാര്യങ്ങളിൽ പലർക്കും സംശയങ്ങൾ ഉണ്ടാകാറുണ്ട്. ശരിയായി ആസൂത്രണം ചെയ്ത് ഭക്ഷണം കഴിച്ചാൽ ആരോഗ്യമുള്ള കുഞ്ഞു ജനിക്കുമെന്ന് മാത്രമല്ല പ്രസവശേഷം അമ്മയുടെ ശരീരസൗന്ദര്യം നിലനിർത്താനും സഹായകരമാകും. അതുകൊണ്ടുതന്നെ വിവാഹപൂർവ്വ കൗൺസിലിംഗിലിൽ ഈ വിഷയം ഉൾപ്പെടുത്തുന്നത് വളരെ പ്രയോജനം ചെയ്യും. ആരോഗ്യമുള്ള കുഞ്ഞു ജനിക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നതിനെക്കുറി ച്ചുള്ള അറിവുനൽകേണ്ടത് ഗർഭിണിയായതിനു ശേഷമല്ല എന്ന് സാരം.

ലേഖകൻ:ഡോ. എം. കെ. സി. നായര്‍