ഒരിക്കെലെങ്കിലും എക്സാം ഹാളിൽ നാം ചിന്തിച്ചു കാണും ഞങ്ങൾക്ക് തരാതെ ടീച്ചർ ചായ ഒറ്റക്ക് കുടിക്കുന്നത്

EDITOR

Updated on:

എന്റെ പിള്ളേരൊക്കെ എന്നാ കിടുവാന്നേ എക്സാം ഹോളിൽ ചായ കൊണ്ട് വരുമ്പോൾ എനിക്കാകെ വിഷമമാണ് കുട്ടികളുടെ മുന്നിൽ വച്ച് കുടിക്കാൻ. ചായ കുടിക്കാതിരിക്കാനും പറ്റില്ല.ഞാൻ അപ്പോൾ കുട്ടികളോട് ചോദിക്കും ആർക്കേലും ചായ വേണോ എന്ന്. രണ്ട് കാരണങ്ങൾ കൊണ്ടാണ് ചോദിക്കുക.

കഴിക്കാതെ വന്ന ആരേലുമുണ്ടെങ്കിലോ ,ചായ കിട്ടിയിരുന്നെങ്കിൽ എന്ന് തീവ്രമായി ആഗ്രഹിക്കുന്ന ആരേലുമുണ്ടെങ്കിലോ കൊടുക്കാം.കുട്ടികൾക്ക് കൊടുക്കാതെ കുടിക്കുന്നതിലുള്ള കുറ്റബോധം ഒഴിവാക്കാം.സാധാരണയായി കുട്ടികൾ വേണമെന്ന് പറയില്ല.എന്നാൽ കഴിഞ്ഞ ദിവസം ചായവേണോ എന്ന് ചോദിച്ചപ്പോൾ ടീച്ചറിന് വേണ്ടെങ്കിൽ തന്നേക്ക് എന്ന് ഒരു കുട്ടി. എനിക്ക് വേണ്ടാത്തത് കൊണ്ടല്ല നിങ്ങൾക്ക് വേണോ എന്ന് ചോദിച്ചത് എന്ന് പറഞ്ഞേപ്പോൾ അവൻ വേണമെന്ന് പറഞ്ഞു. അന്ന് ഞാൻ ശരിക്കും മടുത്ത് ക്ഷീണിച്ചിരിക്കുവായിരുന്നെങ്കിലും ചായ അവന് കൊടുത്തു.അടുത്തടുത്തിരുന്ന മൂന്നാല് പേർ ഓരോ സിപ്പെങ്കിലും കുടിച്ചു.

ചായ കുടിക്കാതെ തന്നെ എന്റെ ക്ഷീണം മാറുന്ന മാജിക് ഞാൻ അനുഭവിച്ചറിഞ്ഞു. (അല്ലെങ്കിലും ഒരു കപ്പ് കോഫിയിലെ സ്നേഹവും സ്നേഹ നിരാസവും എനിക്ക് പണ്ടേ അറിയാം.)പിറ്റേ ദിവസവും മറ്റൊരു ഹോളിൽ ചായ ഒരു കുട്ടി ആവശ്യപ്പെട്ടു. അത് കണ്ട് വന്ന ടീച്ചർ ആഹാ ഇവനാണോ ചായ കുടിച്ചത് എന്ന് ചോദിച്ചപോൾ മടുത്ത് പോയാരുന്നു ടീച്ചറേ എന്നവൻ മറുപടി പറഞ്ഞു. ഇതിന് മുൻപ് ഇതേപോലെ അനുഭവമുണ്ടായത് ഇടുക്കി മുരിക്കാട്ട് കുടി സ്ക്കൂളിൽ വച്ചാണ്. വളരെ ദൂരം ഭക്ഷണം പോലും കഴിക്കാതെ വന്ന അവന് ചായ അത്രക്ക് അത്യാവശ്യമായിരുന്നു. യാതൊരു സമ്മർദ്ദവും ഇല്ലാതെ, കോഫിയൊക്കെ കുടിച്ച് കുട്ടികൾ റിലാക്സായി പരീക്ഷയെഴുതുന്ന കിനാശ്ശേരിയാണ് ഞാൻ സ്വപ്നം കാണുന്നത്.

കടപ്പാട് : ഡിംപിൾ റോസ്