കൊറോണയുടെ വഴിയെ സഞ്ചരിച്ച് ഇ ഡോക്ടര്‍ ദമ്പതികൾ വൈറസ് നിയന്ത്രിക്കാൻ ഇവർ ചെയ്തത് പത്തനംതിട്ട കളക്ടറുടെ കുറിപ്പ്

EDITOR

കൊറോണയുടെ വഴിയെ സഞ്ചരിച്ച് ഡോക്ടര്‍ ദമ്പതികൾ പത്തനംതിട്ട ജില്ലയില്‍ കൊറോണ വൈറസിന്റെ വ്യാപനത്തിന് തടയിടാന്‍ നിയോഗിക്കപ്പെട്ടവരില്‍ ശ്രദ്ധനേടുകയാണ് മീഡിയ സര്‍വെലന്‍സ് ടീമില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ ദമ്പതികളായ ഡോ.അംജിത്തും ഡോ. സേതുലക്ഷമിയും.ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിന് വൈറസ് സ്ഥിരീകരിച്ച് ജില്ലയിലാകെ പരിഭ്രാന്തിനിറഞ്ഞ ഈ മാസം എട്ടിന് (മാര്‍ച്ച് എട്ട് മുതല്‍) ജില്ലാ ഭരണകൂടത്തിനു വേണ്ടി രോഗികളുടെ കോണ്ടാക്ട് ട്രെയ്‌സിംഗിനായി ആരെ നിയോഗിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറിന് തെല്ലും സംശയമില്ലായിരുന്നു. അതിന് കാരണം മറ്റൊന്നുമല്ല, വുഹാനില്‍ നിന്ന് കൊറോണ വൈറസ് സ്ഥിരീകരിച്ച് സംസ്ഥാനത്ത് എത്തിയ ആദ്യ മൂന്നുപേരുടേയും കോണ്ടാക്ട് ട്രെയ്‌സിംഗ് സംസ്ഥാനതലത്തില്‍ ചെയ്തത് ഡോ.അംജിത് രാജീവന്‍ ആയിരുന്നു.

കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇറ്റലിയില്‍ നിന്നുള്ള കുടുംബാംഗങ്ങളെ ഐസലേഷന്‍ റൂമിലെത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ ഫോണില്‍ ബന്ധപ്പെട്ടും വിവരങ്ങള്‍ മനസിലാക്കി. ആദ്യസംസാരത്തില്‍ അനവധി മിസ്സിംഗ് ലിങ്കുകള്‍ ഡോക്ടറിന്റെ ശ്രദ്ധയില്‍പെട്ടു. ഇവ കണ്ടുപിടിക്കുവാനും കോണ്ടാക്ട് ട്രെയ്‌സിംഗ് വിപുലപ്പെടുത്തുവാനും ആരോഗ്യവകുപ്പ് അഞ്ച് ടീമുകളെ ഫീല്‍ഡുകളില്‍ നിയോഗിച്ചു. കുടുംബം സഞ്ചരിച്ചിരുന്ന സ്ഥലങ്ങള്‍, പ്രദേശങ്ങള്‍, ആളുകള്‍ എന്നിവ കണ്ടെത്തുകയായിരുന്നു ടീം ചെയ്തത്.

ഈ ഫീല്‍ഡിംഗ് ടീമില്‍ അംഗമായിരുന്നു ഡോ.അംജിത്തിന്റെ ഭാര്യയായ ഡോ.സേതുലക്ഷ്മി. രോഗം സ്ഥിരീകരിച്ചവര്‍ സഞ്ചരിച്ച സ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍, രോഗികളുമായി നേരിട്ടും അല്ലാതെയും ഇടപഴകിയവര്‍ ഉള്‍പ്പെട്ടവരെ കണ്ടെത്തല്‍ രേഖപ്പെടുത്തല്‍ എന്നിവ ശ്രമകരം തന്നെയായിരുന്നു. ഓരോ ദിവസവും ഫീല്‍ഡില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഐസലേഷനില്‍ കഴിയുന്നവരോടും ഇടപഴകിയവരോടും സംസാരിക്കും. അങ്ങനെവിട്ടുപോയ കണ്ണികള്‍ ചേര്‍ത്തുവച്ചു. നാല് ദിവസത്തെ പ്രയത്‌നത്തിനൊടുവിലാണ് ഇവരുടെ കോണ്‍ടാക്ട് ട്രെയ്‌സിംഗ് പൂര്‍ണമായത്.

ഇവര്‍ കൂട്ടായ നല്‍കിയ വിവരങ്ങള്‍ വച്ചു കൊണ്ടാണ് ജില്ലാ ഭരണകൂടം ജിയോ ടാഗിംഗ് സംവിധാനം രൂപപ്പെടുത്തിയതും. കൊറോണ വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രവര്‍ത്തനം ആരംഭിച്ച മീഡിയ സര്‍വൈലന്‍സ് ടീമിലും ഡോക്ടര്‍ ദമ്പതികള്‍ സജീവമാണ്.

നിലവില്‍ നിലയ്ക്കല്‍ പി.എച്ച്.സിയിലെ അസി. സര്‍ജനും, എപ്പിഡമോളജിക്കല്‍ ഇന്റലിജന്‍സ് ഓഫീസറുമാണ് ഡോ.അംജിത് രാജീവന്‍. ഡോ.എസ്.സേതുലക്ഷ്മി പന്തളം കുളനട പി.എച്ച്.സി യിലെ ഡോക്ടറാണ്.