പ്രവാസി ആയി പോയാൽ വീട്ടിൽ നടക്കുന്നത് ഇങ്ങനെ ഒക്കെ തന്നെയാണ് അനുഭവം

EDITOR

പ്രവാസി നാട്ടിലേക്ക് തിരിക്കുന്നതിന് മുൻപ് വീട്ടുകാരോട് ചോദിച്ചു നിങ്ങൾക്കൊക്കെ എന്താണ് കൊണ്ടു വരേണ്ടത്?? ഉമ്മ പറഞ്ഞു എനിക്കൊരു ഫോൺ മതി, ഇപ്പോൾ ഉപയോഗിക്കുന്ന ഫോൺ വിളിച്ചാൽ കേൾക്കുന്നില്ല ഉപ്പ പറഞ്ഞു എന്റെ വാച്ച് ഒന്ന് മാറ്റണം, നീ നല്ലതൊന്ന് വാങ്ങിക്കൊണ്ടു വാ മാസം അറുപതിനായിരം രൂപ ശമ്പളമുള്ള അനിയൻ പറഞ്ഞു “ഇങ്ങള് വരുമ്പോൾ റെയ്ബാൻറെ നല്ലൊരു ഗ്ലാസ്‌ കൊണ്ടുവരണം, എനിക്ക് അടുത്ത മാസം ഒരു ഫ്രണ്ട്സിന്റെ കൂടെ ഒരു ടൂർ പോകാനുള്ളതാ പ്രവാസി വേഗം സൂപ്പർ മാർക്കറ്റിലേക്ക് നടന്നു, കയ്യിലുള്ള പണം കൊടുത്ത് അവർ പറഞ്ഞതെല്ലാം വാങ്ങിച്ചു.മാസങ്ങൾക്ക് മുൻപേ കട്ടിലിനടിയിൽ പലപ്പോഴായി സ്വരുക്കൂട്ടി വെച്ച സാധനങ്ങളെല്ലാം ഒരു കാർഡ് ബോക്സിൽ കൂട്ടി കെട്ടി അഭിമാനത്തോടെ നാട്ടിലേക്ക് തിരിച്ചു.

നാട്ടിലെത്തിയതും ഗള്ഫുകാരനെ കാണാൻ നാട്ടുകാരും ബന്ധുക്കളുമെല്ലാം പാഞ്ഞെത്തി. പെട്ടിപൊട്ടിച്ചതും സാധനങ്ങൾ ഓരോരുത്തർക്കും വീതിച്ചു നൽകി. കിട്ടിയ വസ്തുക്കൾ ഓരോന്നും തലങ്ങും വിലങ്ങും പരിശോധിച്ചു പലരും സന്തോഷം അഭിനയിച്ചു.ഉമ്മ ഫോൺ നോക്കി പറഞ്ഞു “നല്ല ഫോൺ, ഞാൻ പ്രതീക്ഷിച്ചത് കുഞ്ഞിമാളെ കയ്യിലുള്ള പോലെത്തെ ഒന്നായിരുന്നു, എന്നാലും ഇത് കൊള്ളാം ഉപ്പ വാച്ച് നോക്കി പറഞ്ഞു “ഈ വാച്ചാണോ, നന്നായിട്ടുണ്ട്, എനിക്ക് കൂടുതൽ ഇഷ്ടം ടൈറ്റാൻ ന്റെ വാച്ചാണ്, എന്നാലും ഇത് കൊള്ളാം റെയ്ബാൻ ഗ്ലാസ്‌ വാങ്ങിച്ച അനിയൻ പറഞ്ഞു “ഈ മോഡൽ ഇവിടെ കിട്ടുമല്ലോ, ഇതിന് നല്ല വിലയൊന്നുമില്ല ഇവിടെ, എന്നാലും താങ്ക്സ് ബ്രോ സ്പ്രേ വാങ്ങിച്ച അനിയത്തി പറഞ്ഞു ഇതേത് കമ്പനീടെ സ്‌പ്രേയാ, ഇവിടൊന്നും കേട്ടിട്ടില്ലല്ലോ, എന്നാലും നല്ല മണമുണ്ട്

ആരും മോശാഭിപ്രായം പറഞ്ഞില്ല, പക്ഷേ അവർ പ്രതീക്ഷിച്ചത് മറ്റൊന്നായിരുന്നെന്ന് അവരുടെ പെരുമാറ്റത്തിൽ നിന്ന് വ്യകതമായിരുന്നു. പ്രവാസിയുടെ മനസ്സിലെ സന്തോഷം പെട്ടന്നണഞ്ഞുപോയി. അവൻ സംതൃപ്തിയില്ലാതെ വീടിനകം തലങ്ങും വിലങ്ങും നടന്നു. അവന്റെ മനസ്സ് നിറയെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളായിരുന്നു.ഗൾഫിൽ ഹൗസ് ഡ്രൈവറായ എന്റെ ശമ്പളം 1700 റിയാൽ, അതായത് നാട്ടിലെ 31,000 രൂപ, ഈ സാധനങ്ങളെല്ലാം കൂടെ 1500 റിയാലോളം വരും, അതായത് എന്റെ ഒരു മാസത്തെ ശമ്പളത്തിന്റെ മുക്കാൽ ഭാഗം, 5 റിയാലിന്റെ ഒരു പേന വാങ്ങിയാൽ വീട്ടുകാർ കാണുന്നത് 5 എന്ന അക്കം മാത്രം, അത് നാട്ടിലെ നൂറു രൂപയ്ക്കടുത്തുണ്ടെന്ന് അവർ മനസ്സിലാക്കുന്നില്ല.ഒരു കിലോ അണ്ടിപ്പരിപ്പിന് വില 40 റിയാലിന് മുകളിൽ, അതായത് നാട്ടിലെ 720 രൂപയ്ക്കും കൂടുതൽ, നാട്ടിലാണെ ഈ സാധനം 500 രൂപയ്ക്ക് താഴെ വിലക്ക് കിട്ടും, ഒരു വിലപേശലും കൂടാതെ, എന്നിട്ടെന്താ 60,000 രൂപ ശമ്പളം വാങ്ങുന്ന അനിയനോട് അത് വാങ്ങിക്കാൻ പറയാതെ ഉമ്മ എന്നോട് വാങ്ങിക്കാൻ പറഞ്ഞത്.

അനിയന്റെ റെയ്ബാൻ ഗ്ലാസിന് വില 75 റിയാൽ, നാട്ടിലെ 1300 രൂപയ്ക്കടുത്ത്, ഈ കാശിനു ഇതിനേക്കാൾ നല്ലത് ഗ്ലാസ്‌ നാട്ടിൽ കിട്ടുമെന്നിരിക്കെ പിന്നെന്തിനാണ് അവൻ എന്നോട് വാങ്ങിക്കാൻ പറഞ്ഞത്, 400 രൂപയ്ക്ക് നല്ല സ്പ്രേ നാട്ടിൽ കിട്ടുമെന്നിരിക്കെ 25 റിയാലിന് അതിനേക്കാൾ ക്വാളിറ്റി കുറഞ്ഞ സ്പ്രേ പെങ്ങൾക്ക് വാങ്ങിക്കേണ്ട ആവശ്യമുണ്ടായിരുന്നോ,?? ഓരോ പ്രവാസിയും മനസ്സിൽ പല ആവർത്തി ചോദിച്ച ചോദ്യങ്ങളിൽ ചിലതാണ് ഇതൊക്കെ, എന്നിട്ടും അവർ നാട്ടിൽ നിന്നും വന്നെത്തിയാൽ ഉടനെ സ്വന്തം കട്ടിലിന് കീഴെ ഉറുമ്പ് അരിമണി ശേഖരിച്ചു കൂട്ടുന്നത്പോലെ പലതും ശേഖരിച്ചു വെക്കാൻ തുടങ്ങും,അതുകൊണ്ട് തന്നെ പ്രൈസ് ടാഗിൽ കാണിക്കുന്ന വിലയ്ക്കുമപ്പുറം അതിനെല്ലാം ചില മൂല്യങ്ങളുണ്ട്, സ്നേഹത്തിനും കരുതലിനും വിലയിടാൻ പറ്റിയ മെഷീൻ ലോകത്തിൽ ഇതുവരെ കണ്ടുപിടിച്ചിട്ടില്ലല്ലോ അല്ലേ???.